ചരിത്രമുറങ്ങുന്ന യമന്‍
ഇസ്ലാമിക പൈതൃകത്തിന്‍റെ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന അനുഗൃഹീതമണ്ണ്. ആത്മവിശുദ്ധിയുടെയും ഇസ്ലാമിക ജാഗരണത്തിന്‍റെയും കേളികേട്ടയിടം. മുസ്ലിം സാംസ്കാരിക പുരോഗതിയുടെ പോറ്റില്ലം. വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്‍റെയും രചനാ വൈഭവത്തിന്‍റെയും ഐതിഹാസിക ഭൂമി. തനതായ അറിവും വിശ്വാസവും യമനിലാണെന്ന് തിരുനബി (സ) വിശേഷിപ്പിച്ച നാട്. അബൂമുസല്‍ അശ്അരി (റ)യുടെയും മുആദ് ബിന്‍ ജബല്‍ (റ)യുടെയും അബൂ മൂസല്‍ അശ്അരി (റ)വിന്‍റെയും ഭരണസാരഥ്യത്തില്‍ ധന്യമായ രാഷ്ട്രം.
അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തെക്കുകിഴക്ക് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന പുരാതന നാടാണ് യമന്‍. അറേബ്യയിലെ അതിപുരാതന സമൂഹമായ യഥാര്‍ത്ഥ അറബികള്‍ (ആരിബാ) യമനിലായിരുന്നു അധിവസിച്ചിരുന്നത്. ഖഹ്താനികള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗവുമായി ബന്ധപ്പെട്ടാണ് പഴയ അറേബ്യയുടെ ചരിത്രം ആരംഭിക്കുന്നത്. ഇസ്മായീല്‍ നബി (അ) സന്തതികളായ 'മുസ്ത ആരിബാ' (അറബി സ്വീകരിച്ചവര്‍) അറബികളും യമനുമായി ബന്ധപ്പെട്ട സമൂഹമാണ്.
അറേബ്യയിലെ ആദ്യകാല ഭരണവര്‍ഗങ്ങളെന്നറിയപ്പെടുന്ന 'സാബിയന്‍' (ബി.സി. 750-115)മാരുടെയും ഹിംയരി (ബി.സി. 115-എ.ഡി. 300) കളുടെയും കേന്ദ്രം യമാനായിരുന്നു. രണ്ടാം ഹിംയരികളുടെ കാലത്ത് യമന്‍ അബ്റാനിയക്കാരുടെ ആക്രമണത്തിനിരയായി. എ.ഡി. 525നും 575നുമിടയില്‍ അബ് സീനിയക്കാര്‍ യമനില്‍ കോളനികള്‍ സ്ഥാപിച്ചു. വിശുദ്ധ കഅ്ബയുടെ ധ്വംസനത്തിന് പുറപ്പെട്ട അബ്റഹത്ത് തന്‍റെ കേന്ദ്രം സ്ഥാപിച്ചത് യമനിലെ സന്‍ആയിലായിരുന്നു. ഡമസ്കസിന്‍റെ തെക്കുകിഴക്ക് ഭാഗത്ത് ഭരണം നടത്തിപ്പോന്നിരുന്ന 'ഗസാനി'കളും കൂഫയുടെ തെക്കുള്ള ഹീറ ആസ്ഥാനമായി അംറുബ്നു മുആദ് സ്ഥാപിച്ച ലക്മിയ രാജവംശജരും എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ യമനില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്.
എ.ഡി. ആറാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ഇസ്ലാമിന്‍റെ അരുണോദയം യമനിലെത്തുകയുണ്ടായി. ഖുറൈശികള്‍ യമനുമായി നടത്തിപ്പോന്നിരുന്ന വ്യാപാരബന്ധത്തിലൂടെയും വര്‍ത്തക സംഘത്തിലൂടെയുമാണ് കൂടുതല്‍ പ്രചരിക്കുന്നത്. പ്രവാചകര്‍ (സ)യുടെ അയല്‍ പ്രദേശവുമായുള്ള ഇടപഴകലും സഹവര്‍ത്തിത്വവും യമനികള്‍ യത്യോപ്യവഴി അറേബ്യയിലേക്കുള്ള ഒഴുക്കും ഇസ്ലാം ഏറെ ശക്തിപ്രാപിക്കാന്‍ നിമിത്തമായി.
ഹിജ്റ രണ്ടാം വര്‍ഷം ബദര്‍ യുദ്ധശേഷം യമനില്‍ ഇസ്ലാമിക പ്രബോധനമേഖല സജീവമാവുകയും മുസ്ലിം കേന്ദ്രങ്ങളില്‍ നിര്‍ണായക ഇടമായിതിരഞ്ഞെടുക്കുകയുമുണ്ടായി.
വിവിധ ഖബീലകള്‍ വഴി ഇസ്ലാം കടന്നുവന്നതിനാല്‍ അവരവര്‍ തന്നെ നേതൃത്വനിരയിലും സജീവമായി. ആശായിറിയിലുള്ള അബൂ മൂസല്‍ അശ്അരിയും ദൌസിലുള്ള ഥുഫൈല്‍ ഇബ്ന്‍ അംറും ഹംദാനിലുള്ള ഖൈസ് ബിന്‍ നമതും ഇസ്ലാം ആശ്ലേഷിച്ച് പ്രബോധന മണ്ഡലങ്ങളിലും വൈജ്ഞാനിക പ്രചാരണ രംഗത്തും മുന്നേറ്റം നടത്തി.
ഇസ്ലാമിക സംസ്കാരവുമായി വളരെ പെട്ടെന്ന് ഇണങ്ങിച്ചേര്‍ന്ന പ്രദേശമാണ് യമന്‍. ഇസ്ലാമിക പ്രബോധനത്തിന് മുആദ് ബിന്‍ ജബല്‍ (റ) വിനെയും അബു മുസല്‍ അശ്രിഅരി (റ)യെയും പ്രവാചകന്‍ നിയോഗിക്കുകയും ഒടുവില്‍ മുആദ്ബിന്‍ ജലബല്‍ (റ) അബു സുഫ്യാനുബ്ന്‍ ഹര്‍ബും യമനിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗവര്‍ണരായി നിയുക്തരാവുകയുമുണ്ടായി.
ദാരിദ്ര്യത്തിലും പട്ടിണിയിലും പൊറുതിമുട്ടിയിരുന്ന യമന്‍ ഇസ്ലാമിക ഭരണത്തിന് കീഴില്‍ വിപ്ലവാത്മകമായ പുരോഗതി പ്രാപിച്ചു.
യമനിന്‍റെ കിഴക്കുഭാഗത്തെ തീരപ്രദേശമായ ഹളര്‍ മൌത്ത് ചരിത്രപ്രധാനനഗരമാണ്. ഇവിടന്ന് കണ്ടെടുത്ത നാഗരികാവശിഷ്ടങ്ങള്‍ ഉന്നത സംസ്കാരത്തിന്‍റെ ഉടമകളായ സമൂഹത്തിന്‍റെ ജീവിതകാലത്തേക്ക് വെളിച്ചം വീശുന്നുണ്ട്. ഇസ്ലാമിക ജാഗരണ മുന്നേറ്റത്തിന്‍റെ ചരിത്രങ്ങള്‍ക്ക് പുറമെ ആത്മീയ സംസ്കരണ മുന്നേറ്റത്തിന്‍റെയും ഗതകാല കഥകള്‍ ഹളര്‍മനത്തിന് സ്വന്തമാണ്. അനേകം ധീരാത്മാക്കളും പണ്ഡിത ശ്രേഷ്ഠരും ഔലിയാക്കളും സൂഫിയാക്കളും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ്. തിരുനബി കുടുംബത്തിലെ മഹത് കണ്ണികളായ സാദാത്തീങ്ങളുടെ ധാരാളം പരന്പരകളാണ് ഇവിടെയുള്ളത്. തരീമിലെ സന്‍ബല്‍ മഖ്ബറയില്‍ മാത്രം പതിനായിരക്കണക്കിന് സാദാത്തീങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നു. സയ്യിദ് ഫഖീഹുല്‍ മുഖദ്ദം മുഹമ്മദ് ബിന്‍ അലി ബാ അലവി റോ, ഖുഥുബുന്‍ മശ്ഹൂല്‍ സയ്യിദ് അബ്ദുല്ലാഹി ബിന്‍ അലവി അല്‍ ഹദ്ദാദ് (റ), ഉമര്‍ മുഹ്ളാര്‍ (റ), അബൂബക്കര്‍ സക്റാന്‍ (റ), അബ്ദുല്ലബിന്‍ അബൂബക്കര്‍ ഹൈദറൂസ് (റ) തുടങ്ങിയ വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച മഹത്തുക്കളെല്ലാം ഇവിടെയാണ് അന്തിയുറങ്ങുന്നത്.
കേരളത്തിന്‍റെ ഇസ്ലാമിക പുരോഗതിയില്‍ നിസ്സീമമായ പങ്കാണ് യമനിലെ സാദാത്തീങ്ങള്‍ക്കുള്ളത്. സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും നിലനില്‍പിനും അവരുടെ ത്യാഗവും മാതൃകാജീവിതവും വിലപ്പെട്ട സംഭാവനകളാണ്. ഇന്ന് കേരളത്തില്‍ വിവിധ കുടുംബപ്പേരിലറിയപ്പെടുന്ന സാദാത്തീങ്ങളുടെയെല്ലാം വേരുകള്‍ ഹളര്‍മനത്തിലാണ് എത്തിപ്പെടുന്നത്. ദീനി ദഅ്വത്തിന്‍റെ കെടാവെളിച്ചവുമായി കൈരളിയില്‍ കടന്നുവന്ന മാലിക് ദീനാറും സംഘവും യമന്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. സൈനുദ്ദീന്‍ മഅ്ബരി, മന്പുറം മൌലദുവീല സയ്യിദ് അലവി തങ്ങള്‍ തുടങ്ങിയവര്‍ യമനികളാണ്.
അല്ലാഹുവേ, യമനിലും ശാമിലും നീ അനുഗ്രഹം ചെയ്യണമേ എന്നായിരുന്നു പ്രവാചകന്‍റെ പ്രാര്‍ത്ഥന. ഇസ്ലാമിക പ്രഭാവം ജ്വലിച്ചുനില്‍ക്കുന്ന പുണ്യാത്മാക്കളുടെ പാദപതനമേറ്റ് പുളകിതമായ ഇസ്ലാമിന്‍റെ സുവര്‍ണകാലത്തിന്‍റെ, ഇന്നലെകളുടെ ചരിത്രമയവിറക്കുന്ന യമനില്‍ ഭീകരവാഴ്ചയുടെയും നിഷ്ഠൂര താണ്ഡവങ്ങളുടെയും കാലൊച്ചകളും വെടിയൊച്ചകളും കേട്ട് നേരം പുലരുന്പോള്‍ മുസ്ലിം ലോകം കണ്ണീര്‍ പൊഴിക്കുകയാണ്.
Aboobaker saathi nekraje
writerOther Articles