ബഷീറിന്‍റെ വിശ്വവിഖ്യാതമായ കൃതി
വൈക്കം മുഹമ്മദ് ബഷീര്‍ തീവ്രമായ ജീവിതാനുഭവങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുകയും വായനക്കാരനെ ചിരിപ്പിക്കുകയും ചെയ്ത സാഹിത്യകാരനായിരുന്നു. ബഷീര്‍ പലതും പറയുന്ന കൂട്ടത്തില്‍ ജീവിതം ഒരു തമാശയാണെന്നും പറഞ്ഞിട്ടുണ്ട്. ബഷീര്‍ കൃതികളിലെ ചിരി പക്ഷെ വേദനയുടെ നനവുള്ളതായിരുന്നു. 'ബാല്യകാല സഖി'യുടെ അവതാരികയില്‍ അതുകൊണ്ടാണ് ഇത് ജീവിതത്തില്‍ നിന്നും കീറിയെടുത്ത ഏടാണെന്നും ഇതിന്‍റെ വക്കില്‍ ചോരപൊടിഞ്ഞിട്ടുണ്ടെന്നും പറഞ്ഞത്.
മലയാള സാഹിത്യത്തിലെ ഒരു കാലഘട്ടം ചുറ്റിത്തിരിഞ്ഞതും വായിച്ചതും സംസാരിച്ചതും ബഷീര്‍ സാഹിത്യത്തെക്കുറിച്ചായിരുന്നു. അന്നുവരെ കേട്ടിട്ടില്ലാത്ത, അന്നുവരെ കണ്ടിട്ടില്ലാത്ത, അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ജീവിതം അന്നുവരെ ആരും പറഞ്ഞിട്ടില്ലാത്ത ഭാഷയില്‍ പറഞ്ഞുവെന്നതാണ് ബഷീറിനെ മറ്റ് സാഹിത്യകാരന്മാരില്‍ നിന്ന് വേറിട്ടുനിര്‍ത്തിയത്. ബഷീര്‍ മറ്റൊരെഴുത്തുകാരന്‍റെയും ശൈലി കടംവാങ്ങാതെ തനിക്ക് പറയാനുള്ളത് പറയാന്‍ സ്വന്തമായൊരു ശൈലി പണിതെടുക്കുകയായിരുന്നു.
ബേപ്പൂരിലെ വൈലേലില്‍ വീട്ടില്‍ മാംഗോസ്റ്റൈന്‍ മരത്തിന്‍റെ ചുവട്ടിലിരുന്ന് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ഇതിഹാസം അണ്ഡകടാഹത്തെക്കുറിച്ചും അതിന്‍റെ ഒരു കോണിലിരിക്കുന്ന ബഷീറിനെക്കുറിച്ചും സ്വയം പറയുന്പോള്‍ ഞാന്‍ ഗുരുമുഖത്തേക്ക് സൂക്ഷിച്ചുനോക്കിയിട്ടുണ്ട്. ഇതിലേത് സത്യം ഏത് ഭാവന എന്നറിയാതെ അന്തം വിട്ടിരുന്നുപോയിട്ടുണ്ട്. അതുപോലെത്തന്നെയായിരുന്നു ഫലിതവും. ചിലപ്പോള്‍ സുല്‍ത്താന്‍ പറഞ്ഞത് ചിരിയാണോ, ചിന്തയാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഇതിന്‍റെ ഒരു കാരണം ബഷീര്‍ ഫലിതം പറയുന്പോള്‍ ഒട്ടും ചിരിക്കാറില്ല എന്നതായിരുന്നു.
ബഷീറിന്‍റെ വലിയ പറന്പില്‍ മനുഷ്യര്‍ക്ക് മാത്രമല്ല, പടച്ചോന്‍ പടച്ച സമസ്ത ജന്തുജാലങ്ങള്‍ക്കും പക്ഷികള്‍ക്കും പാന്പുകള്‍ക്കും വിഹരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാത്രികാലങ്ങളില്‍ മാത്രം ഓരിയിടുകയും ഇറങ്ങി സഞ്ചരിക്കുകയും ചെയ്തിരുന്ന കുറുക്കന്മാര്‍ ആ പറന്പില്‍ പകലും തലയുയര്‍ത്തി നടന്നു. ബഷീറിന് താമ്രപത്രം ലഭിച്ച കാലത്ത് അദ്ദേഹം തന്നെ പറഞ്ഞുണ്ടാക്കിയ ഒരു ഫലിതം ഞാന്‍ താമ്രപത്രം കൊണ്ട് കുറുക്കനെ എറിഞ്ഞിട്ടുണ്ട് എന്നാണ്. ഈ പ്രസ്താവത്തിന് സാമാന്യമായ അര്‍ത്ഥത്തിനപ്പുറം വേറെയും ചില വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു.
ഒരിക്കല്‍ ഒരു നെടുങ്കന്‍ പെരുന്പാന്പ് പറന്പില്‍ നുഴഞ്ഞുകയറി ഫാബിത്ത വളര്‍ത്തിയിരുന്ന മുട്ടയിടുന്ന രണ്ട് കോഴികളെ അകത്താക്കിക്കളഞ്ഞു. അയല്‍ക്കാരൊക്കെ ഓടിക്കൂടി പാന്പിനെ കൊല്ലാന്‍ വടിയെടുത്തപ്പോള്‍ ബഷീര്‍ സമ്മതിച്ചില്ല. പാവം അതിന് വിശന്നിട്ടല്ലേ എന്നാണ് അദ്ദേഹം അവരോട് ചോദിച്ചത്. അവസാനം ഒരു കൂട്ടര്‍ ചാക്കുമായി വന്ന് ഞങ്ങള്‍ ഇതിനെ പിടിച്ച് കാട്ടില്‍ വിട്ടോളാം എന്ന് ഉറപ്പുകൊടുത്തപ്പോഴാണ് ബഷീര്‍ പാന്പിനെ വിട്ടുകൊടുത്തത്. ബഷീറിന്‍റെ ഒരു കൃതിയുടെ പേര് ഭൂമിയുടെ അവകാശികളെന്നാണ്. ഈ ഭൂമി മനുഷ്യനുവേണ്ടിയാണ് സൃഷ്ടിച്ചത് എന്ന വിശ്വാസത്തെ അദ്ദേഹം നിരന്തരം നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്തിരുന്നു. ആ കൃതി ചര്‍ച്ചചെയ്തതും ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള ഉദാത്തമായ ചില നിരീക്ഷണങ്ങളെയാണ്. പാത്തുമ്മയുടെ ആട് എന്ന കൃതിയില്‍ ആട് ദിവസവും ഇല കടിച്ചുപറിച്ച് തിന്നാറുണ്ടായിരുന്ന ചാന്പക്ക മരത്തിന്‍റെ ചുവട്ടില്‍ നിന്നും ഇത് ആരാണ് ഉയര്‍ത്തിക്കെട്ടിയത് എന്നുചോദിക്കുന്നുണ്ട്. ആ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്ന അവകാശബോധവും ഈ ആവാസവ്യവസ്ഥയുടെ ഉല്‍പന്നം തന്നെയാണ്.
ചെറുപ്പത്തില്‍ മഹാവികൃതിയായിരുന്നു ബഷീര്‍. രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് കിണറ്റിന്‍ കരയിലായിരുന്നു കുളി. ഒരിക്കല്‍ വെള്ളം കോരുന്പോള്‍ കയര്‍പൊട്ടി ബക്കറ്റ് കിണറ്റില്‍ വീണു. ബഷീര്‍ കിണറ്റിലിറങ്ങി അതിനകത്തുനിന്നുതന്നെ വിസ്തരിച്ച് തേച്ചുകുളിച്ചു. അതുകഴിഞ്ഞ് തൊട്ടിയുമായി മുകളില്‍ വന്നപ്പോള്‍ കിട്ടിയ ചുട്ട അടിയുടെ ഓര്‍മ്മ ഒരിക്കല്‍ അന്നത്തെ 'മലയാള നാട്' പത്രാധിപരായിരുന്ന പി.ബി.സി. നായരുമായി പങ്കുവെച്ചിട്ടുണ്ട്.
ഇതദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തേക്ക് തുറക്കുന്ന ചെറിയൊരു കിളിവാതില്‍ മാത്രമാണ്. വൈക്കം മുഹമ്മദ് ബഷീറിനോളം തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്‍റെ ഫലിതങ്ങള്‍. എഴുതിയത് പോലെയോ അതിലധികമോ അത് ആസ്വദിക്കപ്പെട്ടു. തിരക്കിനിടയിലായിരുന്ന ഒ.എന്‍.വിയോട് വളരെ തിടുക്കപ്പെട്ടാണ് ബഷീര്‍ വിശ്വപ്രശസ്ത ചിത്രകാരനായിരുന്ന പിക്കാസോവിന്‍റെ അഡ്രസ് തരപ്പെടുത്തിത്തരുമോ എന്ന് ചോദിച്ചത്. ഒ.എന്‍.വി. ആകാശത്തേക്ക് നോക്കി എന്നിട്ട് ചോദിച്ചു: എന്താ ഇത്ര അത്യാവശ്യം.
ബഷീര്‍ ഉടനെ കാര്യമറിയിച്ചു -ഞാനൊരു പുതിയ ബുക്ക് ഷെല്‍ഫ് പണിയിച്ചിട്ടുണ്ട്. അതൊന്ന് പെയിന്‍റ് ചെയ്യിക്കാനാ.
ബഷീറിനെ നന്നായി അറിയാവുന്നതുകൊണ്ട് ഒ.എന്‍.വിക്ക് അത്ഭുതമൊന്നും തോന്നിയില്ല.
എറണാകുളം ബോട്ടുജെട്ടിക്കടുത്ത് ബഷീര്‍ ഒരു ചെറുകിട ബുക്ക് സ്റ്റാള്‍ നടത്തിയിരുന്ന കാലമായിരുന്നുവത്.
അന്ന് ഉറക്കെ പുസ്തകങ്ങള്‍ വായിക്കുകയും പുസ്തകം വാങ്ങാന്‍ വരുന്നവരോട് സരസമായി അതിന്‍റെ കഥ പറയുകയും ചെയ്തിരുന്ന ബഷീറിന്‍റെ ചിത്രം പ്രൊഫ. എം.എന്‍. വിജയന്‍ മാഷ് വരച്ചുവെച്ചിട്ടുണ്ട്. ബഷീര്‍ ബുക്ക് സ്റ്റാളിന് അല്‍പം അകലെ ഒരു തോര്‍ത്ത് വിരിച്ച് പ്രാചീന കാലത്തെ പുസ്തകങ്ങള്‍ വിറ്റിരുന്ന ഒരു ബ്രാഹ്മണനെക്കുറിച്ച് വിജയന്‍ മാഷ് പറയുന്നുണ്ട്. സീതാദുഃഖം, യക്ഷഗാനം, ഉണ്ണിയാര്‍ച്ച പോലുള്ളവയായിരുന്നു അയാള്‍ വിറ്റിരുന്ന പുസ്തകങ്ങള്‍. ബഷീര്‍ ഇടക്ക് ബ്രാഹ്മണനെ നോക്കി.
മുതലാളീ, സീതാ ദുഃഖമുണ്ടോ എന്ന് ചോദിക്കുമായിരുന്നുവത്രെ. അതിന് കിട്ടിയിരുന്ന മറുപടി നിന്‍റെ ഉമ്മാന്‍റെ ദുഃഖമുണ്ട് എന്നായിരുന്നുവെന്നും അത് ബഷീര്‍ നന്നായി ആസ്വദിക്കുകയും അയാളെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നുവെന്നുമാണ് പറയുന്നത്. ബഷീര്‍ ഏത് അവസ്ഥയിലാണെങ്കിലും സന്ദര്‍ശകര്‍ ആരാണെങ്കിലും അവരോട് നന്നായി സംസാരിച്ചിരുന്നു. ചായ വേണ്ടവര്‍ ചായപ്പൊടിയും പഞ്ചയാരയും കൊണ്ടുവരേണ്ടതാകുന്നു എന്നു പ്രഖ്യാപിക്കുമെങ്കിലും എല്ലാവര്‍ക്കും കട്ടന്‍ചായ നല്‍കിയിരുന്നു. ഒ രിക്കല്‍ അപരിചിതനായ ഒരാള്‍ ഗേറ്റില്‍ വന്നു നിന്നു അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ചു.
'ആരാണ്?'
ബഷീര്‍ തിരക്കി.
'ഒരാരാധകനാണ്' ആഗതന്‍റെ മറുപടി.
'എങ്കില്‍ അവിടെ നിന്ന് ആരാധിച്ചിട്ട് പോയ്ക്കോളു'
വയലേലിലെ മാംഗോസ്റ്റൈന്‍ മരച്ചുവട്ടില്‍ സമ്മേളിച്ചിരുന്നവരില്‍ ഹാസ്യ നടന്മാരായ കുഞ്ഞാവയും മാമുക്കോയയും പിന്നെ കുറേ നാടകക്കാരുമൊക്കെയുണ്ടായിരുന്നുവെങ്കിലും ബഷീറിന്‍റെ നാവിന്‍ തുന്പത്തെ വികടസരസ്വതിക്ക് മുന്നില്‍ മറ്റെല്ലാവരും കീഴടങ്ങിയിരുന്നു.
എനിക്ക് വയസ് ഇരുന്നൂറ് കഴിഞ്ഞു. കാഴ്ചയൊക്കെ മങ്ങിത്തുടങ്ങി. എങ്കിലും എന്‍റെ മുന്പിലിരിക്കുന്ന സുന്ദരി ശിങ്കങ്ങളെയെല്ലാം എനിക്ക് നന്നായി കാണാന്‍ കഴിയും എന്ന ആമുഖത്തോടെയാണ് ഒരിക്കല്‍ ബഷീര്‍ ഒരു പ്രസംഗം ആരംഭിച്ചത്.
ബഷീറും എസ്.കെ പൊറ്റക്കാടും വി.കെ.എന്നും ഒരിക്കല്‍ കെ.പി കേശവമേനോനെകാണാന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു. ഊണ് കഴിച്ചിട്ട് പോകാമെന്ന് കേശവമേനോന്‍ നിര്‍ബന്ധിച്ചു. കൂടെ ഒരു ചോദ്യവും: 'ബഷീര്‍ മത്സ്യം കൂട്ടില്ലെ?' ഉടനെ മറുപടി വന്നു 'ഇന്ന് കൂട്ടിക്കളയാം'.
ബഷീര്‍ കൊല്ലം ജയിലില്‍ കിടക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ചന്ദ്രപ്പന്‍ ബഷീറിനെക്കാണാന്‍ പോയി. അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു.
'സഖാവെ കയ്യില്‍ എത്ര അണയുണ്ട്? ' എന്നായിരുന്നു ചോദ്യം.
സഖാവ് പറഞ്ഞു.
'നാലണ'
നാലണ എന്നു പറഞ്ഞാല്‍ ഇന്നത്തെ ഇരുപത്തഞ്ചുപൈസ. 16 അണയായിരുന്നു ഒരു രൂപ.
ബഷീര്‍ ചോദിച്ചു. രണ്ടുകെട്ട് ബീഡി, ഒരു തീപ്പെട്ടി, ഒരു പേന... ഇത്രയും വാങ്ങണം. എത്ര അണയാവും?
സഖാവ് ചന്ദ്രപ്പന്‍:
'രണ്ടണയാവും'
സാരമില്ല, ബാക്കി രണ്ടണ ചന്ദ്രപ്പന്‍ ടിപ്പായി എടുത്തോളൂ -ഇത് ബഷീര്‍
ഒരു ഭഗവദ്ഗീതയും കുറെ മുലകളും എന്ന വിവാദകൃതിയുടെ ഒരു കോപ്പി മലയാളത്തിലെ ഒരെഴുത്തുകാരന് കൊടുത്ത് ബഷീര്‍ പറഞ്ഞത് 'ഭഗവദ്ഗീത നീ എടുത്തോ, ബാക്കി അവിടെ വെച്ചേക്ക്... എന്നായിരുന്നു.
തോറ്റുകൊടുക്കാന്‍ മറ്റുള്ളവര്‍ക്ക് നമ്മുടെ ദുഃഖം മാറ്റി വെക്കരുത് എന്ന് പറഞ്ഞ വൈക്കം മുഹമ്മദ് ബഷീര്‍ ദുഃഖങ്ങളെ ചിരികൊണ്ട് മൂടുകയായിരുന്നു. പ്രബുദ്ധമായ ചിരി എന്നോ വിശ്വവിഖ്യാതമായ ചിരി എന്നോ വിളിക്കാവുന്നതായിരുന്നു ബഷീറിന്‍റെ ചിരി. അതില്‍ ചിലപ്പോള്‍ ചിന്തയുടെ മധുരമുണ്ടായിരുന്നു. ഉത്കൃഷ്ടമായ സൂഫിസത്തിന്‍റെ മുദ്രകള്‍ ഉണ്ടായിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ചിരികള്‍ ബാക്കിവെച്ചാണ് വൈക്കം മുഹമ്മദ് ബഷീര്‍ കടന്നുപോയത്. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം പിറക്കുന്ന അത്ഭുതമായിരുന്നു ബഷീര്‍.
Rahman Thayalangadi
Well known writer and journalist.Other Articles