വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. ഖുര്‍ആന്‍ പാരായണം ഒരു ആരാധനയാണ്. മനസ്സിന് ഉന്മേഷം നല്‍കുന്ന പാവനമായ കര്‍മ്മം കൂടിയാണത്.അത് കൊണ്ട് തന്നെ ഖുര്‍ആന്‍ പാരായണം ചെയ്ത് പുണ്യം നേടാന്‍ വിശ്വാസികള്‍ റമദാനില്‍ സമയം കണ്ടെത്തുന്നു. ശാന്തിയിലേക്കും സമാധാനത്തിലേക്കും പരസ്പര സ്‌നേഹത്തിലേക്കും വഴി തുറക്കാന്‍ ഖുര്‍ആന്‍ പാരായണത്തിലൂടെ ഓരോ വിശ്വാസിയും പ്രത്യേകം ശ്രദ്ധിക്കണം.
മറ്റേതൊരു വേദഗ്രന്ഥത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഭാഷയാണ് ഖുര്‍ആന്റേത്. സൂക്ഷ്മമായി നോക്കിയാല്‍ ലോകത്തിന്റെ ഓരോ ചലനങ്ങളും ഖുര്‍ആനില്‍ സൂചിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ആശയം മനസ്സിലാക്കി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വിശ്വാസികള്‍ ശ്രമിക്കേണ്ടതുണ്ട്.
ലോകത്തിന്റെ എല്ലാ ഇരുട്ടുകളെയും കീറിമുറിച്ച് മുന്നേറാനും യഥാര്‍ത്ഥ ജീവിതത്തിന്റെ സത്ത എന്താണെന്ന് കാട്ടിത്തരാനും ഖുര്‍ആന്‍ വഴി തുറക്കുന്നു. ഖുര്‍ആന്‍ പാരായണം വിശ്വാസികള്‍ക്ക് പകരുന്ന മധുരത്തിനും ശക്തിക്കും പകരം വെക്കാന്‍ മറ്റൊന്നില്ല.
ഒരു വിശ്വാസി മുമ്പൊരിക്കലും കാണുകയോ വായിച്ചറിയുകയോ ചെയ്തിട്ടില്ലാത്ത ലോകങ്ങളാണ് ഓരോ തവണ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും ദര്‍ശനീയമാകുന്നത്. വിശുദ്ധ ഖുര്‍ആന്‍ കാട്ടിത്തരുന്ന പുതുലോകങ്ങള്‍ ഭാവി ജീവിതം ചിട്ടപ്പെടുത്താനും വിശ്വാസിയെ സഹായിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഖുര്‍ആനില്‍ മറുപടിയുണ്ട്. ഖുര്‍ആന്‍ അതിന്റെ അര്‍ത്ഥമറിഞ്ഞ് പാരായണം നടത്തുന്നവരില്‍ തീര്‍ച്ചയായും പുതിയ മാറ്റങ്ങളുണ്ടാവും. റമദാന്‍ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരമാണ് നല്‍കുന്നത്. ഈ രാപ്പകലുകളില്‍ വീടുകളില്‍ നിന്നും പള്ളികളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്ന ഖുര്‍ആന്‍ പാരായണത്തിന്റെ മധുരിമ ഏതൊരു മനസ്സിനെയും കുളിര്‍പ്പിക്കും. യാന്ത്രികമായി നിര്‍വഹിക്കപ്പെടേണ്ട ഒന്നല്ല ഖുര്‍ആന്‍ പാരായണം. കണ്ണും മനസ്സും മലര്‍ക്കെ തുറന്ന് വെച്ച് ചെയ്യേണ്ട ഒന്നാണത്. ഖുര്‍ആന്‍ ഒന്ന് കണ്ണോടിച്ച് നോക്കുന്നത് പോലും പ്രതിഫലം ലഭിക്കുന്ന കാര്യമാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഖുര്‍ആനിന്റെ അര്‍ത്ഥം മനസ്സിലാക്കി അതിലുള്ള ഓരോ വരികളും ജീവിതത്തില്‍ പകര്‍ത്താനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്.
ഖുര്‍ആന്‍ പാരായണത്തിലൂടെ മാത്രമെ ഇസ്ലാമിക സത്തയുടെ ചന്തവും പരിമളവും അനുഭവഭേദ്യമാവുകയുള്ളുവെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. ഖുര്‍ആന്‍ അനുശാസിക്കുന്ന ഇസ്ലാമിക വിശ്വാസധാരകള്‍ എന്തെന്ന് തിരിച്ചറിയുകയും അത് കര്‍മ്മത്തില്‍ കൊണ്ട് വരികയും ചെയ്യാന്‍ ഓരോ വിശ്വാസിയും തയ്യാറാവണം. എങ്കില്‍ മാത്രമെ സമൂഹം നേരിടുന്ന പ്രതിസന്ധികളില്‍ പലതിനെയും മറികടക്കാന്‍ സാധിക്കുകയുള്ളു.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍