ധൂര്‍ത്തും സ്ത്രീധനവും: ചിന്തിക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍
ഭക്ഷണത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ പണ്ടുണ്ടായിരുന്ന ദാരിദ്ര്യം ഇന്നില്ല. എന്നിരുന്നാലും ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ച് നീക്കപ്പെട്ടുവെന്നും പറഞ്ഞുകൂട. രണ്ട് നേരം തീ പുകയാത്ത അടുപ്പുകള്‍ ഇന്നും കേരളത്തിലുണ്ട്. വിശപ്പ് മാറിയാലും മനുഷ്യന്‍ ഭക്ഷണം കഴിച്ച് കൊണ്ടേയിരിക്കുന്നു. നമ്മുടെ ജില്ലയിലുള്ളത്ര ഫാസ്റ്റ്ഫുഡ് ഭക്ഷണശാലകള്‍ കേരളത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയുകയില്ല. കൂണ് പോലെയാണിവ മുളച്ച് പൊന്തുന്നത്.
പശിയടക്കാന്‍ മുറവിളി കൂട്ടി നെട്ടോട്ടമോടിക്കൊണ്ടിരുന്ന കാലമായിരുന്നു എന്റെ കുട്ടിക്കാലം. മൂന്ന് നേരവും പട്ടിണിയായിരുന്നു അന്ന്. ഭക്ഷിക്കാന്‍ അരിയും ഗോതമ്പും കിട്ടാതായപ്പോള്‍ വാങ്ങിക്കാന്‍ നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ തകരയിലയും താളിയിലയും മുരിങ്ങയിലയും കാട്ടുചീരയും പച്ചപപ്പായയും ചക്കയും വേവിച്ച് വയറിന്റെ കത്തലടക്കിയിരുന്ന വറുതിയുടെ കാലം ഇന്നും ഓര്‍മ്മയിലുണ്ട്.
വിശന്നു വലയുന്ന തന്റെ കുരുന്നുമക്കളുടെ വയറ്റിലെ കാളിച്ച ഒന്നുമാറ്റാന്‍ ഉമ്മമാര്‍ പണച്ചാക്കിന്റെ വാതിലിന് മുട്ടിയപ്പോള്‍ നാഭിക്കിട്ട് ചവിട്ടിയതിന്റെ ധ്വനി ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു. അന്ന് നമ്മുടെ ഉമ്മമാര്‍ നമുക്ക് വേണ്ടി ചെയ്ത ത്യാഗം ഇന്നും മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഉള്ളത് കൊണ്ട് തങ്ങളുടെ മക്കളുടെ അരവയറ് നിറച്ച് വെറും പച്ചവെള്ളം മാത്രം കുടിച്ച് ഉറക്കം വരാതെ രാവിനെ ഹയാത്താക്കിയവരാണ് നമ്മുടെ ഉമ്മമാര്‍. ഇന്നത്തെ മോഡേണ്‍ ഉമ്മമാരെപോലെ വിഭവസമൃദ്ധമായ ഭക്ഷണം ഒരു നേരം പോലും കഴിക്കാന്‍ അന്നത്തെ ഉമ്മമാര്‍ക്ക് ഭാഗ്യമുണ്ടായിരുന്നില്ല. ചക്കയും ഇലക്കറികളും തിന്നാന്‍ വിധിക്കപ്പെട്ടവര്‍... ചക്ക കിട്ടണമെങ്കില്‍ ജന്മിമാരുടെ വീട്ടുമുറ്റത്ത് ഓച്ഛാനിച്ച് നില്‍ക്കണം. പോരാത്തതിന് വീട് വൃത്തിയാക്കിക്കൊടുക്കുകയോ അടുക്കളയില്‍ കുന്നുകൂടിക്കിടക്കുന്ന എച്ചില്‍പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി കൊടുക്കുകയോ ചെയ്യണം. ജനിച്ച് പോയില്ലേ. വിഷം കഴിക്കാനോ കഴുത്തിന് കയറിടാനോ കഴിയില്ലല്ലോ. ഇസ്ലാമായി ജീവിച്ച് ചെകുത്താനായി മരിക്കുന്നതിനേക്കാള്‍ അവര്‍ക്ക് ഉത്തമം വിശന്ന് മരിക്കുകയെന്നതായിരുന്നു. വളരെയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറത്തുകാരനായ സൈതാലിക്കുട്ടി പ്രായപൂര്‍ത്തിയായ തന്റെ മകളെ കെട്ടിച്ചയക്കാന്‍ നിവൃത്തിയില്ലാതെ വീട്ടില്‍ കെട്ടിത്തൂങ്ങി മരിച്ച സംഭവം ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. സൈതാലിക്കുട്ടിയുടെ മകളെ കെട്ടിച്ചയക്കാന്‍ നിവൃത്തിയില്ലാതെ വീട്ടില്‍ കെട്ടിത്തൂങ്ങി മരിച്ച സംഭവം ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. സൈതാലിക്കുട്ടിയുടെ മകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വൈരൂപ്യമോ അംഗവൈകല്യമോ ചാരിത്ര്യത്തിന് കളങ്കമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പറത്തെ പോരായ്മകളുള്ള പെണ്‍കുട്ടികള്‍ക്ക് പോലും അനുരൂപരായ ഭര്‍ത്താക്കന്മാരെ കിട്ടുന്നുണ്ട്. അടക്കവും ഒതുക്കവും അതിലുപരി ദീനിയും സൗന്ദര്യവതിയുമായ സൈതാലിക്കുട്ടിയുടെ മകള്‍ക്ക് എന്ത് കൊണ്ട് മാംഗല്യ സ്വപ്നം പൂവണിഞ്ഞില്ല. ധൂര്‍ത്തടിക്കുന്ന വമ്പന്‍ പണച്ചാക്കുകളും പണ്ഡിതന്മാരും ഇരുത്തിച്ചിന്തിക്കേണ്ട വിഷയമാണിത്. ഇന്നും എത്രയോ പാവപ്പെട്ട പെണ്‍കുട്ടികള്‍ മാംഗല്യ സ്വപ്നം പൂവണിയാതെ പുര നിറഞ്ഞു നില്‍ക്കുന്നുണ്ടെന്ന കാര്യം ഇവരറിഞ്ഞിട്ടും അറിയാതെ പോകുന്നതെന്തുകൊണ്ട്? കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ, അഭിനന്ദനം...നിനക്കഭിനന്ദനം.. കെട്ടുപ്രായം കഴിഞ്ഞിട്ടും കെട്ടിക്കാന്‍ കഴിയാതെ പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ കണ്ണുനീര്‍ ഭൂമിയില്‍ ഇറ്റ് വീഴുമ്പോള്‍ അത് ശാപമായി അഗ്നി പര്‍വതത്തില്‍ നിന്നൊഴുകുന്ന ലാവയായി മാറുന്നു. മുസ്ലിംങ്ങളുടെയിടയില്‍ കാന്‍സര്‍ പോലെ വ്യാപിച്ചിരിക്കുന്ന സ്ത്രീധന സമ്പ്രദായം എത്രയെത്ര പെണ്‍ കുട്ടികളെയാണ് തീരാദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്. ഇസ്ലാമിലില്ലാത്ത ഈ അനാചാരം പെണ്‍കുട്ടികളെന്തിന് സഹിക്കുന്നു. സഹിക്കാവുന്നതില്‍ അപ്പുറമല്ലേ ഇത്. അനിസ്ലാമികമായ ഈ സ്ത്രീധന സമ്പ്രദായത്തെ എതിര്‍ത്ത് സംസാരിക്കാനുള്ള നട്ടെല്ല് അധികം പേര്‍ക്കില്ല.
പെണ്‍കുട്ടികളുള്ള വീട്ടിലെ പിതാവിനെകുറിച്ച് ഒന്നാലോചിച്ച് നോക്കു. ഒരാള്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കുന്നു. ചോര നീരാക്കി അധ്വാനിച്ച് കൊണ്ട് ആ പാവം പിതാവ് അവളെ പോറ്റി വളര്‍ത്തി അത്യാവശ്യം പഠിപ്പും പാഠവും അവള്‍ക്ക് നല്‍കി. അറിവും അനുസരണശീലവും വളര്‍ത്തി. സദാചാരത്തിന്റെ അനര്‍ഘസുന്ദരമായ പവിത്രത ആ പെണ്‍കുട്ടിയില്‍ വിളയാടി. തികഞ്ഞ തറവാടിത്വത്തിന്റെ മിന്നിത്തിളങ്ങുന്ന ഒരു കൊച്ച് പ്രതീകമായി അവള്‍ വളര്‍ന്നു. യൗവ്വനത്തിന്റെ മിനുക്ക് പണികള്‍ അവളില്‍ ഹൃദ്യമായ കവിത കുറിച്ചു. അന്തസ്സും ആഭിജാത്യവുമുള്ള ഒരുവന്റെ കരങ്ങളില്‍ ഏല്‍പിക്കാന്‍ എന്ത് കൊണ്ടും അര്‍ഹതയുള്ളവളായിരുന്നു അവള്‍, പക്ഷേ കെട്ട് നാറുന്ന മാമൂലുകളുടെ ചളിക്കുഴിയിലാണ് ആ കുട്ടി കിടന്ന് വീര്‍പ്പു മുട്ടുന്നത്. മാന്യനെങ്കിലും ഇടത്തരം കുടുംബത്തില്‍ പെട്ട ആ പിതാവ് അവളെ പൊതിഞ്ഞിരിക്കുന്ന നൂലാമാലകളെ നീക്കുന്ന കാര്യത്തില്‍ നിസ്സഹായനുമാണ്. ഇത്തരത്തിലുള്ള പിതാവിനെയും സൗന്ദര്യവതിയും സല്‍സ്വഭാവിയുമായ മകളെയും ഇന്നത്തെ യുവാക്കള്‍ക്ക് പുച്ഛമാണ്. ഇവരെ ആര്‍ക്കും വേണ്ട. വേണ്ടത് കിലോകണക്കിന് സ്വര്‍ണവും ഏക്കര്‍കണക്കിന് ഭൂസ്വത്തും ലക്ഷക്കണക്കിന് രൂപയും കാറും...
പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും സ്വര്‍ണവും പണവും സ്ത്രീധനമായി വാങ്ങിച്ച് പെണ്‍കുട്ടികളുടെ ചെലവില്‍ കഴിയുന്ന നാണം കെട്ട നട്ടെല്ലില്ലാത്ത യുവാക്കള്‍ക്ക് സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാന്‍ എങ്ങനെ സാധിക്കുന്നു. ചെക്കന്റെ വീട്ടുകാര്‍ക്ക് നോട്ടം പെണ്ണിന്റെ പൊന്നിലും മണ്ണിലുമാണ്. ചിലര്‍ക്ക് സ്ത്രീധനമായി സ്വര്‍ണം മാത്രം പോര കൂടെ ലക്ഷക്കണക്കിന് രൂപയും ഏക്കര്‍കണക്കിന് ഭൂമിയും വേണം. ഇതില്‍ വല്ല കുറവും വന്നിട്ടുണ്ടെങ്കില്‍ അവരുടെ മുഖം കാണണം. ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ വീര്‍ത്തിരിക്കും. കാലത്തിന്റെ കനത്ത വിളി കേള്‍ക്കാന്‍ കൂട്ടാക്കാത്തവരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാണം തോന്നുന്നു. സുഖഭോഗത്തിന്റെ ആക്രാന്തി വര്‍ധിക്കുകയും അതിന്റെ പിന്നാലെ കടിഞ്ഞാണില്ലാതെ സഞ്ചരിക്കുകയും ചെയ്യുമ്പോഴാണ് ജീവിതത്തിന്റെ താളം തെറ്റിപ്പോകുന്നത്. പഴയത് പോലെയല്ല ഇന്ന്. പാര്‍ക്കാന്‍ വീടുണ്ട്. ഉടുക്കാന്‍ വസ്ത്രങ്ങളുണ്ട്. വിശപ്പടക്കാന്‍ ഭക്ഷണമുണ്ട്. എല്ലാമുണ്ട്. എന്നാല്‍ പണം കുന്നോളം കുമിഞ്ഞ് കൂടിയാലും ഈ സൗകര്യങ്ങളൊന്നും പോര. മുന്തിയകാറും പഞ്ചനക്ഷത്രഹോട്ടലുകളില്‍ നിന്നും മുന്തിയ ഭക്ഷണവുമൊക്കെയാണ്.
എന്നാല്‍ സാധാരണക്കാരനായ ഗള്‍ഫുകാരന്‍ ശമ്പളം കിട്ടാതെ കടംവാങ്ങി ജീവിക്കേണ്ട ഗതികേടിലേക്കെത്തിയിരിക്കുന്നു. പണച്ചാക്കുകളുടെ മകളുടെ വിവാഹത്തിന് അനാവശ്യമായി ചെലവഴിച്ച് കത്തിച്ച് കളയുന്ന കാശിന് കണക്കും കൈയ്യുമില്ല. ലക്ഷക്കണക്കിന് സൈതാലിമാര്‍ തങ്ങളുടെ പുര നിറഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുമ്പോള്‍ പണച്ചാക്കുകള്‍ തങ്ങളുടെ പെണ്‍മക്കളെ നൂറു കോടിയും ഇരുന്നൂറു കോടിയും അഞ്ഞൂറു കോടിയും ചെലവഴിച്ച് കെട്ടിച്ചയക്കുന്നു. അരച്ചാണ്‍ വയറിന്റെ വിശപ്പടക്കാന്‍ ഗതിയില്ലാത്ത പാവപ്പെട്ട ഉപ്പമാര്‍ ഇതെല്ലാം കണ്ട് നെടുവീര്‍പ്പിടുന്നു.
ഒരു വര്‍ഷംമുമ്പ് ഒരു ധനാഢ്യന്‍ മകളുടെ വിവാഹത്തിന് അഞ്ഞൂറ് കോടി രൂപയാണ് ചെലവഴിച്ചത്. ഒരു കോടി രൂപയുടെ മിച്ചം വന്ന വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഭക്ഷിക്കാനാളില്ലാതെ ചീഞ്ഞ് നാറി അവസാനം കുഴിച്ച് മൂടുകയാണ് ചെയ്തത്. മകളുടെ വിവാഹത്തിന് കൊഴുപ്പുകൂട്ടാന്‍ വേണ്ടി കൊണ്ടുവന്ന ഗാനമേളയിലെ ഗായികാ ഗായകന്മാരുടെ മുന്നിലേക്ക് രണ്ടായിരത്തിന്റെ നോട്ടുകള്‍ കടലാസിന്റെ വില പോലും കല്‍പിക്കാതെ നിരന്തരം എറിഞ്ഞ് കൊടുക്കുന്ന കാഴ്ച കണ്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ട്.
പണത്തിന്റെ ഹുങ്ക് കൊണ്ടും അഹങ്കാരം കൊണ്ടും അതിരു വിടുന്ന സല്‍ക്കാരങ്ങള്‍ അനിസ്ലാമികമായി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പാശ്ചാത്യര്‍ തുള്ളുന്നതിനനുസരിച്ച് നാം തുള്ളിയില്ലെങ്കില്‍ കല്ല്യാണത്തിന് കൊഴുപ്പ് കൂടില്ല എന്നൊരു അന്ധമായ വിശ്വാസം പരക്കെ എല്ലാവരിലും വേരൂന്നിയിട്ടുണ്ട്. പവിത്രമായ വിവാഹസല്‍ക്കാരത്തിന്റെ മറവില്‍ മദ്യം വിളമ്പിയും ആഭാസ നൃത്തം ചവിട്ടിപ്പിച്ചും പാട്ടുകച്ചേരി നടത്തിയും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്കൊക്കെ സാക്ഷ്യം വഹിക്കേണ്ടി വരുന്നത് ക്ഷണിക്കപ്പെട്ടെത്തിയ മാന്യരായ അതിഥികളാണ്. ഇന്ന് കല്ല്യാണ വീടുകളില്‍ വരനും വരന്റെ സുഹൃത്തുക്കളും കൂടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നില്ല, ലക്ഷ്യബോധമില്ലാത്ത ഇന്നത്തെ തലമുറയുടെ തോന്ന്യാസങ്ങളും വികൃതികളും സമൂഹത്തിന്നാകമാനം നാണക്കേട് വരുത്തിവെക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെക്കാന്‍ മാത്രമെ നമുക്ക് കഴിയുന്നുള്ളു.
ആദ്യരാത്രിയില്‍ വധുവിനോടൊത്ത് മണിയറ പങ്കിടേണ്ട വരനെ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ നേരം പുലരുവോളം വിടാതെ ഒളിപ്പിച്ചുവെക്കുന്ന ഫാഷനായി മാറിയിരിക്കുകയാണിന്ന്. മാത്രമല്ല, വരന്റെ വീട്ടില്‍ നിന്ന് വരനെ ചമയിച്ചൊരുക്കി ശവപ്പെട്ടിയില്‍ കിടത്തി ആനയിച്ച് കൊണ്ട് പോകുന്ന കാഴ്്ച കാണുമ്പോള്‍ തോന്നുന്നത് ഈ ഇരുപത്തൊന്നാം നൂറ്റാണ്ട് ജാഹിലിയാ കാലഘട്ടത്തിനുമപ്പുറത്തേക്ക് തിരിച്ച് പോവുകയാണെന്നാണ്.


കെ.കെ അബ്ദു കാവുഗോളി

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം