ഇടതും വലതും പോര്‍ വിളിക്കുന്ന തിരഞ്ഞെടുപ്പ്
ഇന്ത്യയിലെ നൂറുകോടിയിലധികം വരുന്ന ജനങ്ങള്‍ വളരെ ആകാംക്ഷയോടെ നോക്കിക്കാണുന്ന പൊതു തിരഞ്ഞെടുപ്പാണ് പടിവാതില്‍ക്കല്‍. ഇന്നേവരെ ഇന്ത്യന്‍ ചരിത്രത്തില്‍ ഇത്രയേറെ പ്രാധാന്യത്തോടെ ഒരു പൊതു തിരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായത് ഒരു പക്ഷെ അടിയന്തിരാവസ്ഥക്കു ശേഷമായിരിക്കും. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സവര്‍ണ്ണ ഹിന്ദുത്വവും കോണ്‍ഗ്രസ്സും മറ്റു പ്രാദേശിക കക്ഷികളും നേതൃത്വം നല്‍കുന്ന ന്യൂനപക്ഷ, ദളിത്. മതേതര മുന്നണികളും ഇരുപക്ഷത്തായി ഭൂരിപക്ഷ പ്രീണനവും ന്യൂനപക്ഷ പ്രീണനവും പരസ്പരം മുഖാമുഖം മാറ്റുരക്കുന്ന തിരഞ്ഞെടുപ്പ്. മതം പറഞ്ഞും മതേതരത്വം പറഞ്ഞും പരസ്പരം പോരാടുന്ന തിരഞ്ഞെടുപ്പ്. ഭരണഘടനയെ നെഞ്ചോടു ചേര്‍ക്കുന്നവരും ഭരണഘടനയുടെ പൊളിച്ചെഴുത്തു ആവശ്യപ്പെടുന്നവരും നേര്‍ക്കുനേര്‍ പോരാടുന്ന തിരഞ്ഞെടുപ്പ്. എന്നിങ്ങനെ ആശയ സംഘര്‍ഷങ്ങള്‍ കൊണ്ട് മുഖരിതമാകുന്ന തിരഞ്ഞെടുപ്പ്.
അത്‌കൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റത്തിന് വഴിവെച്ചേക്കാവുന്ന അതിപ്രധാനമുള്ള പൊതു തിരഞ്ഞെടുപ്പായി വേണം ഇതിനെ കാണാന്‍. 2014 ബി.ജെ.പി നേടിയ മൃഗീയ ഭൂരിപക്ഷത്തെ മറികടക്കാന്‍ പ്രതിപക്ഷ കക്ഷികളും, ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ച് ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ യും ആവനാഴിയിലെ സര്‍വ്വ അസ്ത്രങ്ങളും പ്രയോഗിക്കുന്ന സംഭവ ബഹുലമായ മുന്നൊരുക്കങ്ങള്‍. തീവ്ര ഹിന്ദുത്വ വാദത്തിലൂടെ ഭൂരിപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം അവകാശപ്പെട്ടു തന്നെയാണ് ബി.ജെ.പി കളത്തിലിറങ്ങിയിരിക്കുന്നത്. പീഡിതരുടെയും ന്യൂനപക്ഷങ്ങളുടെയും കര്‍ഷകരുടെയും സംരക്ഷകരായി പ്രതിപക്ഷവും.
ഇത്രമാത്രം ദേശീയ പ്രാധാന്യമുള്ള ഒരു പൊതുതിരഞ്ഞെടുപ്പ് രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ കൂടി വേറൊരു ദിശയിലേക്ക് നീങ്ങുന്ന അവസ്ഥാവിശേഷമാണ് കേരളത്തില്‍. വിശാല പ്രതിപക്ഷ ഐക്യത്തിലൂടെ ബി.ജെ.പി.യെ തുരത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം വഴിമാറിപ്പോകുന്ന കാഴ്ച്ച. കര്‍ണ്ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞയുടെ ഭാഗമായി കൈകോര്‍ത്ത പ്രതിപക്ഷ കക്ഷികള്‍ ഓരോന്നായി കൈ വലിക്കുന്ന കാഴ്ച്ച. എസ്.പി.യും ബി.എസ്.പി.യും കോണ്‍ഗ്രസിനെ ഒഴിവാക്കി അവരുടെ വഴിക്കും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കെജ്‌രിവാളിനെ ഒഴിവാക്കി അവരുടെ വഴിക്കും സ്വതന്ത്രമായി നീങ്ങി. എന്നാലും എല്ലാവരുടെയും പ്രഖ്യാപിത ശത്രു ബി.ജെ.പി തന്നെയാണ്. പ്രാദേശിക തലങ്ങളില്‍ പരസ്പരം പടവീട്ടിയാണെങ്കിലും ഇന്ദ്ര പ്രസ്ഥത്തില്‍ നമ്മളൊന്നാണ് എന്ന മനോഭാവമാണ് എല്ലാവര്‍ക്കും. എന്നാല്‍ കേരളത്തില്‍ കലാകാലങ്ങളിലെന്നപോലെ ഇടതും വലതും തന്നെയാണ് പോരാട്ടം. അതില്‍ അസ്വാഭാവികതയൊന്നുമില്ലെങ്കിലും ബി.ജെ.പി യെ ദൂരത്താക്കന്‍ ഏതു രീതിയിലുള്ള അടവ് നയങ്ങള്‍ക്കും ഇടതുപക്ഷം തയ്യാറുമാണ്. എന്നാല്‍ അതെ ഇടതുപക്ഷത്തോട് പോരാടാന്‍ രാഹുല്‍ഗാന്ധിയെ ഇറക്കുക വഴി വലിയൊരു ചോദ്യമാണ് ഉയര്‍ന്നു വരുന്നത്, രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ്സും ഉയര്‍ത്തുന്ന പൊതു ശത്രു ആര്?
കേരളത്തില്‍ ഇടതും വലതും ശത്രുക്കളാണ് എന്നതില്‍ ശങ്കയില്ല. എന്നാല്‍ ഇതൊരു ദേശീയ പോരാട്ടമാണ്. ലക്ഷ്യം രണ്ടു പേര്‍ക്കും ഒന്ന് തന്നെ. ബി.ജെ.പി യെ തുരത്തുക. കേരളത്തിലെ പരസ്പര പോരാട്ടങ്ങളില്‍ എന്ത് വിധിയുണ്ടായാലും ദേശീയ തലത്തില്‍ ഒരേ രീതിയില്‍ പ്രതിഫലിക്കും. അങ്ങനെയിരിക്കുമ്പോള്‍ പ്രതിപക്ഷത്തെ മൊത്തത്തില്‍ പ്രതിനിധാനം ചെയ്യേണ്ടുന്ന രാഹുല്‍ഗാന്ധിയുടെ വരവ് ഒരു ചോദ്യം തന്നെയാണ്.
രാഹുല്‍ഗാന്ധിയുടെ വരവോടെ ഇരു മുന്നണികള്‍ക്കും വിഷയം പ്രാദേശികം മാത്രമാണ്. പൊതു ശത്രു വിഷയമേ ആകുന്നില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പര വാഗ്വാദങ്ങള്‍ തകര്‍ത്താടുകയാണ്. രാഹുല്‍ഗാന്ധിയുടെ വരവ് കോണ്‍ഗ്രസ്സിനും വിശിഷ്യാ യു.ഡി.എഫി.നും നല്‍കുന്ന ഊര്‍ജ്ജം ചെറുതൊന്നുമല്ല. ഒരര്‍ത്ഥത്തില്‍ പ്രവര്‍ത്തകരെ ഇളക്കി മറിക്കാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും അതിന്റെ പ്രതിധ്വനി കാണാവുന്നതുമാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം കേരളത്തിലെന്ന പോലെ അയല്‍ സംസ്ഥാനങ്ങളിലും ചെറിയ മട്ടിലെങ്കിലും കണ്ടേക്കാം. രാഹുല്‍ഗാന്ധിക്ക് വേണ്ടി വോട്ട് പിടിക്കുക എന്ന അഭിമാനകരമായ പ്രവര്‍ത്തനം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഹര്‍ഷപുളകിതരാക്കിയേക്കാം. ഇന്ത്യ ഒട്ടുക്കും പ്രചാരണത്തില്‍ ഭാഗധേയമാകാനുള്ള തിരക്കുകള്‍ക്കിടയില്‍ കൂടുതല്‍ സാന്നിധ്യം ആവശ്യമില്ലാത്ത സുരക്ഷിത മണ്ഡലം ഒരുക്കുക എന്ന കോണ്‍ഗ്രസ് അജണ്ടയായിരിക്കാം വയനാട് സ്ഥാനാര്‍ത്ഥിത്വം. അതൊക്കെ കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം നൂറു ശതമാനം ന്യായവുമാണ്. പാര്‍ട്ടി പ്രസിഡണ്ടിന്റെ, അതിനപ്പുറം പ്രധാനമന്ത്രി ആവാന്‍ സാധ്യതയുള്ള രാഹുല്‍ഗാന്ധിയെ പ്രധിനിധാനം ചെയ്യിപ്പിക്കുക എന്നത് സ്വപ്‌ന തുല്യമായ നേട്ടം തന്നെയാണ് പക്ഷെ അതുമൂലം ഉണ്ടായിരിക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ സംസ്ഥാന തെരെഞ്ഞെടുപ്പ് പോലെ കേരളത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു എന്നതാണ് വിഷയം.
മറുവശത്തു വിശാല പ്രതിപക്ഷ മുന്നണിയില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം ചോദ്യമായി നിലനില്‍ക്കുന്നു. ദേശീയ രാഷ്ട്രീയപാര്‍ട്ടി എന്ന നിലക്ക് തങ്ങളുടേതായ ശക്തി സീറ്റുകളില്‍ എന്ന പോലെ വോട്ടിംഗ് ശതമാനത്തിലും സി.പി.എമ്മിനു പ്രധാനമാണ്. ത്രിപുരയും ബംഗാളും കൈവിട്ട ഇടതിന് ആകെയുള്ള പ്രതീക്ഷയും കേരളമാണ്. അത് കൊണ്ട് തന്നെ രാഹുല്‍ഗാന്ധിക്ക് വേണ്ടി പിന്മാറണമെന്നുള്ള വാദം അബദ്ധജടിലമാണ്. ഒരു പക്ഷെ ഒറ്റ സംഖ്യാ സീറ്റുകളിലേക്ക് ഇടതു പക്ഷം ചുരുങ്ങിയേക്കാമെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുണ്ടാകാം. അങ്ങനെയെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരു പക്ഷെ ഇടതുപക്ഷത്തിന് കാര്യമായ റോളും ഉണ്ടാകാന്‍ സാധ്യതയില്ല എന്ന വിലയിരുത്തലും കോണ്‍ഗ്രസ്സിനുണ്ടാകാം.
എന്തായാലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ മോഡിയും ബി.ജെ.പി. യും പൊതു ശത്രുവായി കണ്ടു പ്രചാരണം ഏറ്റെടുത്തവര്‍ പരസ്പരം ശത്രുക്കളായി രംഗം കയ്യടക്കുമ്പോള്‍ കേരളത്തില്‍ മാത്രം രാഷ്ട്രീയ വിഷയങ്ങള്‍ ഒതുങ്ങുന്നു. ബി.ജെ.പി ക്കു എല്ലാം കണ്ടുകൊണ്ട് ഗാലറിയില്‍ ഇരിക്കാം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സാമൂഹ്യ മാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പരസ്പരം പോര്‍വിളികള്‍ നടത്താന്‍ രണ്ടു മുന്നണിയിലൂടെയും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ട്. ദേശീയ തലത്തില്‍ നിങ്ങള്‍ ആരെ വേണമെങ്കിലും ശത്രുക്കളാക്കിക്കോളു ഇവിടെ ഞങ്ങളാണ് ശത്രുക്കള്‍ എന്നതാണ് ഇടതു വലതു മുന്നണികള്‍ വിളിച്ചു പറയുന്ന മുദ്രാവാക്യം. ഇതില്‍ ഒരു കാര്യം സ്പഷ്ടമാണ്. സാധാരണ രീതിയില്‍ പറയുന്ന പഴമൊഴി ശത്രുവിന്റെ ശത്രു മിത്രം എന്നത് മാറ്റി ശത്രുവിന്റെ ശത്രു ശത്രു തന്നെ എന്ന് വായിക്കേണ്ടിയിരിക്കുന്നു.

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം