പ്രിയപ്പെട്ട രാഹുല്‍ജീ...
പ്രിയപ്പെട്ട രാഹുല്‍ജീ...
വലിയ തിരക്കിലാണെന്നറിയാം. ജനാധിപത്യത്തിന്റെ ഉത്സവകാലമാണല്ലോ. പോരാത്തതിന് സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന വലിയ അലമ്പ് പിടിച്ച പണിയുമുണ്ടാവും. ഇവിടെ എല്‍.ഡി.എഫ് പണി തുടങ്ങി. യു.ഡി.എഫ് ഘടക കക്ഷികള്‍ക്ക് കൊടുത്ത 4സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു ഫീല്‍ഡിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യം കാലാവസ്ഥ പ്രവചനം പോലെയാണ് ഒരാഴ്ചയായി കേള്‍ക്കുന്നത് . മത്സരിക്കാനും മത്സരിക്കാതിരിക്കാനും സാധ്യതയെന്ന്! ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ ഇത് സാധാരണമാണ് എന്നൊക്കെ ഞായം പറയാം. എന്നാലും ഒരു പൊഞ്ഞാറ്.
പാര്‍ട്ടിക്കാര്‍ക്ക് തോന്നാതിരിക്കുമോ?
താങ്കളുടെ പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രധാന എതിരാളിയായ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. 100% പെര്‍ഫെക്റ്റ് എന്നല്ല പറയുന്നത്. മുതലാളിയും കോമാളിയും കൊലയാളിയും അടങ്ങിയ പട്ടികയാണെന്ന് ചില ട്രോളന്മാര്‍ കളിയാക്കുന്നുണ്ടെങ്കിലും ചില പ്ലസ് പോയിന്റുകള്‍ കാണാതിരിക്കാനാവില്ല. മൂന്നാല് ചെറുപ്പക്കാരുണ്ട്. രണ്ട് വനിതകളുണ്ട്. തടി സലാമത്താവില്ലെങ്കിലും മലപ്പുറത്തൊരു എസ്.എഫ്.ഐ.ക്കാരനുണ്ട്. അതായത് എരിവും മധുരവും പുളിയുമൊക്കെയുണ്ട്!
ബംഗാളിലെ ദീദി...ആ പഴയ കോണ്‍ഗ്രസ്സുകാരി സ്ഥാനാര്‍ത്ഥി ലിസ്റ്റ് കണ്ടു കാണുമല്ലോ? 10സിറ്റിങ് എം.പി മാര്‍ക്ക് സീറ്റില്ല. 17 വനിതകള്‍ക്കാണ് സീറ്റ് കൊടുത്തത്. ഇത് കാണുമ്പോള്‍ ആരും ഒരു ലൈക് കൊടുത്ത് പോവും. ഇങ്ങനെയൊക്കെ ചെയ്യണമെങ്കില്‍ ഒരു ചങ്കുറപ്പ് വേണം. പണ്ട് കരുണാകരന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് പോലെ!
ഇത് പറയാന്‍ കാരണം സാറെ...കേരളത്തിലെ കോണ്‍ഗ്രസിന് 16സീറ്റില്‍ ആളെ കണ്ടെത്താനാവാത്ത പാട് കണ്ടിട്ടാണ്. ഏപ്രിലിലോ മേയിലോ തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് ഏത് പൊട്ടക്കണ്ണനും അറിയാമായിരുന്നു. എങ്കില്‍ വിത്തെറിയാനായി നിലം പാകമാക്കണ്ടേ? അതിനായില്ല. ആയില്ല എന്ന് തീര്‍ത്തും പറയുന്നതിന് പകരം ഡി.സി.സി.കളില്‍ നിന്ന് ലിസ്റ്റ് വാങ്ങിയിരുന്നു. ഏതോ ഒരു ഡി.സി.സി 15 പേരെഴുതിയ ലിസ്റ്റ് കൊടുത്തത്രെ. വേറൊരു ഡി.സി.സി സിറ്റിംഗ് എം.പി യുടെ പേര് കൊടുക്കാത്തത് കെ.പി.സി .സി ക്ക് ദഹിച്ചില്ല. ഗ്രൂപ്പ് മാനേജര്‍ക്ക് അയാളെ വേണം. സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ വാശി പിടിച്ചതിന് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടം വഴി ഓടിക്കാന്‍ ഗ്രൂപ്പ് മറന്ന് പോരാടിയ ഒരു സംസ്ഥാനത്ത് ഇതൊക്കെ എന്ത് എന്ന് അത്ഭുതപ്പെടാനില്ല. പറഞ്ഞു പോവുന്നതാണ് സര്‍!
രാഹുല്‍ജി 2014 ഓര്‍ക്കുന്നുണ്ടാവുമല്ലോ. പാര്‍ട്ടി 44 സീറ്റിലേക്ക് കൂപ്പു കുത്തിപ്പോയ തിരഞ്ഞെടുപ്പ്. അന്ന് 16 സീറ്റില്‍ 3 സീറ്റെങ്കിലും പാര്‍ട്ടിയുടെ ദൗര്‍ബല്യം കൊണ്ട് നഷ്ടമായി. കാസര്‍കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ഹണെ ബാറം' കൊണ്ട് നഷ്ടമായത് തൃശൂരും ചാലക്കുടിയും ഇടുക്കിയും. ഇത് തന്നെയായിരിക്കാം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലെയും അവസ്ഥ. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മോദി മുതലെടുത്തപ്പോഴാണ് അത് മോദി മാജിക് ആയി മാറിയത്. ആ മോദി മാജിക് 5 വര്‍ഷം പൂര്‍ത്തിയാവാനടുക്കുമ്പോള്‍ രാജ്യത്തെ എവിടെ കൊണ്ടെത്തിച്ചു എന്ന് ഞാനായിട്ട് പറയുന്നില്ല സര്‍ഫ് എക്‌സെലിന്റെ പരസ്യം പറഞ്ഞു തരും .അല്ലെങ്കില്‍ കോഴിക്കോടെ ഹോട്ടലിന്റെ പേര് മറച്ച ബോര്‍ഡ് പറഞ്ഞു തരും.
സര്‍ കുറേ കാട് കയറിപ്പോയോ ഞാന്‍?
പറഞ്ഞു വരുന്നതിതാണ്:
കെ.പി.സി.സി.യില്‍ വെച്ച് ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മറന്ന് 16 സ്ഥാനാര്‍ത്ഥികളെ കേരളത്തില്‍ തന്നെ തിരഞ്ഞെടുക്കാനുള്ള കാര്യത്തെയാണ് സ്റ്റിയറിങ് കമ്മിറ്റിയിലും തീരാതെ താങ്കള്‍ക്ക് മുമ്പില്‍ എത്തിയത്! ഈ ഘട്ടത്തില്‍ സ്വാധീനിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ ചുറ്റും കൂടിയെന്ന് വരില്ല. കണ്ടു മടുത്ത ഒന്നാം നിരനേതാക്കള്‍ക്കൊപ്പം രണ്ടും മൂന്നും നിരകളിലെ നാല് പുതുമുഖങ്ങളെയെങ്കിലും കണ്ടെത്തി അവസരം നല്‍കുക. കാരണം രാഷ്ട്രീയത്തോട് ഒരു തരം അലര്‍ജി ജനം പ്രകടിപ്പിക്കുന്ന. എന്തും തൊണ്ട തൊണ്ട തൊടാതെ വിഴുങ്ങാന്‍ കൂട്ടാക്കാത്ത നിഷ്പക്ഷ വോട്ടര്‍മാര്‍ ജയപരാജയം തീരുമാനിക്കുന്ന കാലമാണിത്.
മതവും ജാതിയും ഗ്രൂപ്പും സ്വാധീനിക്കുന്നുവെങ്കില്‍ കണ്ടു മടുത്ത മുഖത്തിന് എന്തെങ്കിലും മണമോ ഗുണമോ വേണം ശശി തരൂരിനെ പോലെ! അല്ലെങ്കില്‍ കാസര്‍കോട്ടെ സുബ്ബയ്യ റൈയെ പോലുള്ള പുതുമുഖങ്ങള്‍ വരട്ടെ!
വാല്‍കഷ്ണം:
മണ്ഡലത്തിന്റെ കൃത്യമായ സ്ഥിതിവിവരം, വോട്ടര്‍മാരുടെ മനശ്ശാസ്ത്രം ഇത് രണ്ടും ചേരുമ്പോഴുള്ള രസതന്ത്രത്തില്‍ നിന്നാണ് ഒരു സ്ഥാനാര്‍ത്ഥി പിറക്കുന്നത്. ആ സ്ഥാനാര്‍ത്ഥിയൊരു സ്ത്രീയാവാം ചെറുപ്പക്കാരനാവാം പുതുമുഖമാവാം മുന്‍ നിര നേതാവാവാം...
K.A.Shukoor
writerOther Articles