അപ്രതീക്ഷിത പ്രഖ്യാപനങ്ങളില്ല: ഇത്തവണയും അവാര്‍ഡ് 'ജനപ്രിയം'
സാധാരണ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ ചില അപ്രതീക്ഷിത സിനിമകള്‍ക്കും ആളുകള്‍ക്കും അവാര്‍ഡുകള്‍ കിട്ടാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു അപ്രതീക്ഷിത അവാര്‍ഡ് പോലും ഉണ്ടായില്ല എന്നുള്ളതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രത്യേകത. ആദ്യം മുതല്‍ ചര്‍ച്ചകളിലുണ്ടായിരുന്ന പേരുകളിലേക്കു തന്നെ ജൂറി അവസാനം എത്തിച്ചേര്‍ന്നു. തീയേറ്ററില്‍ മികച്ച വിജയം നേടിയ സിനിമകള്‍ക്കാണ് കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചതെന്നത് മറ്റൊരു കൗതുകം.
മികച്ച നടന്മാരുടെ പട്ടികയില്‍ ആദ്യം മുതല്‍ തന്നെ ഉണ്ടായിരുന്ന പേരുകളാണ് ജയസൂര്യ, സൗബിന്‍, ജോജു എന്നിവരുടേത്. അതില്‍ ജയസൂര്യയും സൗബിനും മികച്ച നടന്മാരായി. ജോജു മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും സ്വന്തമാക്കി. മികച്ച നടിമാരായി ആദ്യം മുതല്‍ പരിഗണിക്കപ്പെട്ടിരുന്നത് മഞ്ജു വാര്യര്‍, നിമിഷ സജയന്‍, ഐശ്വര്യ ലക്ഷ്മി, ഉര്‍വശി എന്നിവരായിരുന്നു. എന്നാല്‍ രണ്ടു സിനിമകളിലെ മികച്ച പ്രകടനമാണ് നിമിഷയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച സ്വഭാവ നടിമാരായി തിരഞ്ഞെടുക്കപ്പെട്ട സാവിത്രി ശ്രീധരനും സരസ്സ ബാലുശ്ശേരിക്കും ലഭിച്ച പുരസ്‌കാരങ്ങള്‍ പ്രതീക്ഷിച്ചതാണെങ്കിലും രണ്ടുപേര്‍ക്കും ഒരുമിച്ച് ലഭിച്ചത് കൗതുകമായി.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ കാന്തന്‍ ദ ലവര്‍ ഓഫ് കളറിന്റെ നേട്ടമായിരുന്നു കൂട്ടത്തില്‍ കുറച്ചെങ്കിലും അപ്രതീക്ഷിതം. ജൂറിക്കുള്ളില്‍ നേരത്തെ മുതല്‍ ഈ ചിത്രം ചര്‍ച്ചയായിരുന്നെങ്കിലും ഈ സിനിമയെക്കുറിച്ച് പുറത്തുള്ള പലരും ആദ്യമായി കേള്‍ക്കുന്നത് ഇന്നാണ്. മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച എന്ന ചിത്രത്തിന്റെ പുരസ്‌കാരലബ്ധിയും പലരും പ്രതീക്ഷിച്ചതാണ്. മികച്ച സംവിധായകനായി ഒരിക്കല്‍ കൂടി ശ്യാമപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നവാഗത സംവിധായകനായി സക്കറിയ തിരഞ്ഞെടുക്കപ്പെടുമെന്ന് പുരസ്‌കാരം പ്രഖ്യാപിക്കും മുമ്പ് തന്നെ എല്ലാവരും പ്രതീക്ഷിച്ചതാണ്.
കാര്‍ബണ്‍ എന്ന സിനിമയുടെ ഫ്രെയിമുകള്‍ ഒരുക്കിയ ബോളിവുഡ് ഛായാഗ്രാഹകനും മലയാളിയുമായ കെ.യു മോഹനന്റെ നേട്ടവും സുഡാനി ഫ്രം നൈജീരിയയുടെ ജനപ്രിയ ചിത്രമെന്ന നേട്ടവും സിനിമാസ്‌നേഹികള്‍ പ്രതീക്ഷിച്ചതു തന്നെ. എന്നാല്‍ മികച്ച സംഗീത സംവിധായകനുള്ള നേട്ടം വിശാല്‍ ഭരദ്വാജ് സ്വന്തമാക്കുമെന്ന് ആരും കരുതിയില്ല. അപ്പോഴും മലയാളികള്‍ കഴിഞ്ഞ വര്‍ഷം രണ്ടു കയ്യും നീട്ടി സ്വീകരിച്ച 'ജീവാംശമായി താനെ' എന്ന ഗാനത്തിനും 'പൂമുത്തോളെ' എന്ന പാട്ടിനും ഓരോ പുരസ്‌കാരങ്ങള്‍ ലഭിച്ചെന്നതും രസകരമായ സംഗതിയാണ്.
'അവാര്‍ഡ് ചിത്രങ്ങളെന്ന്' പൊതുവെ വിളിക്കപ്പെടുന്ന കലാമൂല്യമുള്ള ചിത്രങ്ങളെക്കാള്‍ തീയറ്ററുകളില്‍ നിറഞ്ഞോടിയ സിനിമകള്‍ക്ക് ഇത്തവണ അംഗീകാരം കൂടുതല്‍ കിട്ടിയെന്നത് ശ്രദ്ധേയമായി. ഏവരും പ്രതീക്ഷിച്ചതു പോലെ സുഡാനി ഫ്രം നൈജീരിയ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ ജോസഫ്, കാര്‍ബണ്‍ തുടങ്ങിയ ചിത്രങ്ങളും ഒന്നിലേറെ തവണ പട്ടികയില്‍ ഇടം പിടിച്ചു. അവാര്‍ഡ് ചിത്രങ്ങളും കൊമേഷ്‌യല്‍ സിനിമകളും തമ്മിലുള്ള അന്തരം കുറയുന്ന ട്രെന്‍ഡ് ഇക്കൊല്ലത്തെ സംസ്ഥാന പുരസ്‌കാരങ്ങളിലും വ്യക്തമാക്കപ്പെട്ടു. കലാമൂല്യവും ജനപ്രീതിയും ഒന്നിച്ച് ഒത്തിണക്കി വളരെ ചെറിയ ബജറ്റില്‍ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം തീയേറ്ററില്‍ നേടിയ വിജയവും ഇപ്പോള്‍ നേടിയ അവാര്‍ഡുകളുടെ പട്ടികയും നോക്കിയാല്‍ മലയാള സിനിമയുടെ ഭാവി ഏങ്ങോട്ടാണെന്ന് മനസ്സിലാക്കാവുന്നതാണ്.

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം