പ്രായമാണ് മനുഷ്യന്റെ മുഖ്യശത്രു
തീവണ്ടിയില്‍ എന്റെ എതിര്‍സീറ്റിലിരിക്കുന്ന അമ്മാവനെ ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. ഒറ്റനോട്ടത്തില്‍ ഒരു എണ്‍പത് വയസ്സ് പ്രായം വരും. എന്നാല്‍ അറുപതുകാരന്റെ ആരോഗ്യമുണ്ട്. വലിയ പെട്ടിയെടുത്ത് ബര്‍ത്തില്‍ വയ്ക്കുന്നു. അല്‍പ്പം വേഗതയിലാണ് നടത്തം. ആരോഗ്യപരമായി അമ്പത്-അറുപത്. അതിനപ്പുറം വരില്ല. ഞാന്‍ അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം അന്വേഷിച്ചു. അമ്മാവന്റെ ദിനചര്യകള്‍ തിരക്കി. ഞാന്‍ ദിവസം ഒരു ഫുള്‍ ബോട്ടില്‍ മദ്യം കഴിക്കും. യാത്രയിലും അത് നിര്‍ബന്ധമാ. പത്തു വയസ്സുമുതല്‍ തുടങ്ങിയതാ. സിഗരറ്റാണെങ്കില്‍ ഒന്നു തീരുമ്പോള്‍ അതില്‍ നിന്നുതന്നെ അടുത്തത് കത്തിക്കും. അതും പത്തുവയസ്സുമുതല്‍ തുടങ്ങിയതാ. പിന്നെ കഞ്ചാവ്, ഡ്രഗ്‌സ്... വ്യായാമം എന്നുപറയുന്നത് ചെയ്യാറേയില്ല. കൃത്യനിഷ്ഠ തീരെയില്ല. കാലത്താണ് ഉറങ്ങുന്നത്. ഉണരുന്നത് രാത്രിയിലും. പലപ്പോഴും അങ്ങനെയാ പത്രപ്രവര്‍ത്തകനായ ഞാന്‍ രോമാഞ്ചം കൊണ്ടു. ഉഗ്രന്‍ വാര്‍ത്തയാണ് കിട്ടിയിരിക്കുന്നത്.
അമ്മാവന്റെ ജീവിതം ഞാനൊരു കഥയാക്കാന്‍ പോവുകയാണ്. സത്യം പറഞ്ഞാല്‍ അമ്മാവന്റെ നരയും ചുളിവുമൊക്കെ വെച്ച് ഒരു എണ്‍പത് വയസ്സ് തോന്നുമെങ്കിലും ആരോഗ്യം അമ്പതുകാരന്റേതാണ്. കൃത്യനിഷ്ഠയില്ലാതെ അരാജക രീതിയില്‍ ജീവിക്കുന്ന ആള്‍ എണ്‍പതിലും അമ്പതുകാരന്‍. അമ്മാവന്റെ യഥാര്‍ത്ഥ വയസ്സ് എത്രയാണ്?
'വരുന്ന ഡിസംബറില്‍ മുപ്പത്തിനാല്! ഞാനൊന്ന് കിടക്കട്ടെ.. വല്ലാത്ത ക്ഷീണം..
ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി എഴുതിയ ഒരു മിനിക്കഥയാണ് ലഘൂകരിച്ചത്. ചില മുപ്പതുകാരെകണ്ടാല്‍ അറുപത് കാരനെന്ന് തോന്നും. അമ്പതുകാരനെ കണ്ടാല്‍ നാല്‍പ്പതു കാരനെന്നും. ശരാശരി മനുഷ്യന്‍ പേടിക്കുന്നത് വിലക്കയറ്റത്തെയും സാമ്പത്തിക പ്രശ്‌നങ്ങളുമൊന്നുമല്ല. പ്രായമാണ് അവന്റെ മുഖ്യശത്രു.
കിട്ടുന്നതെല്ലാം വാരിവലിച്ച് കഴിക്കും. പഴുത്ത ഇലകള്‍ കൊഴിയുന്നത് കണ്ട് പച്ചഇലകള്‍ ഒന്നിച്ച് ചിരിക്കും എന്നു കേട്ടിട്ടുണ്ട്.
അങ്ങനെയിരികെ തലമുടിക്കിടയില്‍ ഒന്നുരണ്ട് വെളുത്ത മുടി ഇടനെഞ്ചില്‍ ചെറിയൊരു വെപ്രാളമിടിപ്പ്. രണ്ടല്ലേ അത് സാരമില്ല. എന്നാലും എന്തോ ഒരിത്. ക്രമേണ രണ്ടു നരയന്മാര്‍ക്കും ഒരു രണ്ടു സ്‌നേഹിതന്മാരോ കൂടപ്പിറപ്പുകളോ ഉണ്ടാകുന്നു. കലണ്ടര്‍ രണ്ട് മാറുന്നതിനുമുമ്പു തന്നെ നര ആധിപത്യം ഉറപ്പിക്കുന്നു. 'തലമുടി നരച്ചുതുടങ്ങിയല്ലോ' ?എന്ന ആദ്യത്തെ ചോദ്യം വെള്ളിടി പോലെയാണ് തോന്നിയത്. 'ചേട്ടാ' വിളികള്‍ക്കിടയില്‍ എവിടെ നിന്നോ ആദ്യമായി 'അങ്കിള്‍' വിളിയും എത്തുന്നു. 'ഡൈ' ആണ് ഉത്തമം എന്നു തോന്നി. 'ഡൈ' എന്നാല്‍ മരണമല്ല. തലമുടി ഡൈ ചെയ്യല്‍.
ഒരു ഘട്ടം കഴിയുമ്പോള്‍ ചെറുപ്പം പിടിച്ചുനിര്‍ത്തേണ്ട ആവശ്യത്തെക്കുറിച്ച് പലരുടെയും തലച്ചോറില്‍ വെളിച്ചം മിന്നുന്നു. കൂടുതല്‍ മാംസം കഴിക്കാതെ ഭക്ഷണത്തിന് നിയന്ത്രണം കൊണ്ടുവരും. വറുത്തതും പൊരിച്ചതും കൊഴുത്തതും ഒക്കെ കുറയ്ക്കും. റിമോട്ടും കൈയ്യില്‍ പിടിച്ച് ഒരേ ഇരിപ്പ് ഇരിക്കാതെ, മൊബൈല്‍ കുറച്ചു നേരം ഓഫ് ചെയ്ത് പുറത്തിറങ്ങി യഥാര്‍ത്ഥ ലോകം കാണാന്‍ ശ്രമിക്കും. മതിലിന്നപ്പുറത്ത് കഴിയുന്നത് ആരാണെന്ന് അന്വേഷിക്കും. വിയര്‍ക്കേണ്ട സമയത്ത് വിയര്‍ത്തിരുന്നെങ്കില്‍ ഉറങ്ങേണ്ട സമയത്ത് കിതച്ച് നടന്ന് വിയര്‍ക്കേണ്ടിവരില്ലെന്ന് മനസിലാക്കുന്നു.
തലമുടിയും തൊഴിലുമല്ല മനസാണ് പ്രായത്തിന്റെ അളവ് അളക്കുന്ന ത്രാസ് എന്ന വാദഗതിയും ഉണ്ട്. കൊല്ലങ്ങള്‍ക്ക് മുമ്പ് ഏതോ ഒരാള്‍, ഇനി ക്രീം പുരട്ടിയാലും തൊലി ശരിയാവില്ലെന്ന് തീര്‍ച്ചപ്പെടുത്തിയതിനുശേഷം നടത്തിയ പ്രഖ്യാപനമായിരിക്കും മേലുദ്ധരിച്ചത്. പ്രായവും രൂപവും വച്ചുനോക്കുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ് നടന്‍ രജനികാന്ത്. മൂപ്പര്‍ക്ക് പ്രായം എഴുപതിനടുത്തായി. മനസ്സാണ് പ്രായത്തിന്റെ അളവുകോല്‍ എന്ന് തോന്നാന്‍ കാരണം ഇതുപോലുള്ള വ്യക്തികളെ കാണുമ്പോഴാണ്.
രണ്ടുമൂന്നു തലമുറയ്ക്ക് മുമ്പ് ഉള്ളവര്‍ പ്രായത്തെ അതിന്റെ പാട്ടിനു വിട്ടിരുന്നു. മുഖം ചുളിയലും മുടികൊഴിയലും ഒക്കെ മനുഷ്യാനുഭവങ്ങളോ അവസ്ഥകളോ രസങ്ങളോ ഒക്കെയായിട്ട് കരുതിയിരുന്നു.
പക്ഷെ ഇന്ന് ഭൗതിക സാഹചര്യങ്ങള്‍ കൂടിയിരിക്കുന്നു. ലോകത്തിന് മൊത്തത്തില്‍ ഗ്ലാമര്‍ കൂടി. ഈ ഗ്ലാമര്‍ ലോകത്ത് മാക്‌സിമം കാലം നമ്മളും ഗ്ലാമറോടെ നില്‍ക്കുക തന്നെ ചെയ്യും. പെട്ടെന്ന് വിട്ടെറിഞ്ഞ് പോകാന്‍ പറ്റില്ല. എഴുപത് കഴിഞ്ഞാലും ഡൈ വേണം. അറുപത് കഴിഞ്ഞാലും ജീന്‍സും ടീ ഷര്‍ട്ടും വേണം. ചുളിവുകള്‍ ക്രീം കൊണ്ട് അടഞ്ഞില്ലെങ്കില്‍ സിമന്റ് കുഴച്ച് മേസ്തിരിയെ നിര്‍ത്തി ഫില്‍ ചെയ്‌തെടുക്കണം. പല്ലുകള്‍ റൂട്ട്കനാലും ഡ്രില്ലിങ്ങും പൈലിങ്ങും ഒക്കെ നടത്തി ബലിപ്പിച്ചു നിര്‍ത്തണം. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുകയേ ഇല്ലെന്ന് പറയുന്നത് കേട്ട് രോമാഞ്ചം കൊള്ളും.
ഭക്ഷണ കാര്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഒരു നിയന്ത്രണവും രീതികള്‍ക്ക് ഒരു ചിട്ടയും വരുത്തിയാല്‍ പ്രായമാകുന്നത് വൈകിപ്പിക്കുമെന്ന് പറയുന്നുണ്ട്. നമ്മളെന്തു നിയന്ത്രിക്കാന്‍? ഇപ്പോള്‍ ഭക്ഷിക്കാന്‍ വേണ്ടിയാണ് മനുഷ്യര്‍ ഭൂമിയില്‍ എത്തിയത് എന്ന മട്ടിലാണ് കാര്യങ്ങള്‍ നീക്കുന്നത്. പാര്‍ക്കിലും ബീച്ചിലും ബസ്സിലും തീവണ്ടിയിലും കറുമുറെ ശബ്ദങ്ങളാണ് കേള്‍ക്കാറുള്ളത്. കറുമുറുവും ഗുളുഗുളുവും. മീറ്റ്‌റോള്‍ ആമാശയത്തില്‍ എത്തുന്നില്ല. അതിനു പിറകെ ചിപ്‌സ് പാഞ്ഞുചെല്ലുന്നു. തൊട്ടുപിന്നാലെ കോള. അതിന്റെ പുറത്തുകൂടി നട്‌സ് എല്ലാം കൂടി കൊഴുപ്പിക്കും. തടിച്ചു വീര്‍ക്കും. അസുഖമിളകും. മുടി നരയ്ക്കും, കൊഴിയും, പിന്നെ അന്തം വിട്ട ഓട്ടം തുടങ്ങും...
P.V.K. Aramanganam
WriterOther Articles