എന്താണ് കാപ്പ നിയമം
പൊതു സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ജയിലിലടക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കാപ്പ.
ഇത്തരം കുറ്റവാളികളില്‍ പെടുന്നവരാരാണെന്ന് നോക്കാം. കൊള്ളപ്പലിശക്ക് പണം നല്‍കുന്നവര്‍, റിസര്‍വ് ബാങ്കിന്റേയോ സഹകരണ നിയമത്തിന്റെയോ അംഗീകാരമില്ലാതെ പണമിടപാട് സ്ഥാപനം നടത്തുന്നവര്‍, സര്‍ക്കാറിന്റെയോ മറ്റു വ്യക്തികളുടെയോ വസ്തു വകകള്‍ അനധികൃതമായി തട്ടിയെടുക്കുന്നവര്‍, ഹവാല പണമിടപാട് നടത്തുന്നവര്‍, പണത്തിന് വേണ്ടി അക്രമവും ഭീഷണിയും നടത്തുന്നവര്‍, അനാശ്യാസ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം ഏര്‍പ്പെടുന്നവര്‍, കുപ്രസിദ്ധ ഗുണ്ടകള്‍, ബ്ലേഡ് മാഫിയകള്‍, മണല്‍ മാഫിയകള്‍, കള്ളനോട്ട് അടിക്കുന്നവര്‍, കള്ളനോട്ട് വിതരണം നടത്തുന്നവര്‍, വ്യാജ സി.ഡി നിര്‍മ്മിക്കുന്നവര്‍ വ്യാജ സി.ഡി വിതരണം ചെയ്യുന്നവര്‍, മയക്കുമരുന്ന് വില്‍പ്പനക്കാര്‍, വ്യാജമദ്യം ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ ഇവ കൂടാതെ മേല്‍പ്പറഞ്ഞ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരുടെ അടുത്ത ബന്ധുക്കള്‍.
കുപ്രസിദ്ധ ഗുണ്ടകളെ ഒരു വര്‍ഷം വരെ നാടുകടത്താനും ഒരു പ്രദേശം പ്രശ്‌നബാധിതമാണെന്ന് ഉത്തരവിടാനും കാപ്പ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുക, അപകടവും ഭീതിയും സൃഷ്ടിക്കുക തുടങ്ങിയവയാണ് സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളായി കണക്കാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരമുണ്ടാക്കുന്ന വ്യക്തികള്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ കലക്ടര്‍ക്ക് നല്‍കുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം. തൊട്ടുമുമ്പുള്ള ഏഴു വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പക്ക് പരിഗണിക്കുക. അതില്‍ അഞ്ചു വര്‍ഷമോ അതിന് മുകളിലോ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ് അതുമല്ലെങ്കില്‍ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്, അതുമല്ലെങ്കില്‍ മൂന്നു കേസുകളുടെ വിചാരണ നടന്നു കൊണ്ടിരിക്കുക.
ഗുണ്ടകള്‍, കള്ളനോട്ട് നിര്‍മ്മാതാക്കള്‍, മണല്‍മാഫിയ, കൊള്ളപ്പലിശക്ക് പണം കൊടുക്കുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെയൊക്കെയാണ് സാധാരണ കാപ്പ ചുമത്താറുള്ളത്. കാപ്പ ചുമത്തുന്നവരെ നാടുകടത്താം. ഗുണ്ടാലിസ്റ്റില്‍ ഉള്ളവര്‍ക്കെതിരെയാണ് സാധാരണ കാപ്പ ചുമത്തുന്നത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി ഇവര്‍ക്കെതിരെ ലോക്കല്‍ സ്റ്റേഷനുകളില്‍ ഗുണ്ടാ ഹിസ്റ്ററി ഫയല്‍ തുറക്കും. തുടര്‍ന്ന് ആര്‍.ഡി.ഒ നല്ല നടപ്പിനായി സി.ആര്‍.പി.സി 170-ാം വകുപ്പ് പ്രകാരം കേസെടുക്കും. എന്നിട്ടും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കാപ്പ ചുമത്തുക.
സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍...
സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസിന്റെ സാന്നിധ്യം തീര്‍ച്ചയായും വേണം. ജാമ്യം നല്‍കാവുന്ന കേസാണെങ്കില്‍ എത്രയും വേഗം സ്ത്രീകള്‍ക്ക് ജാമ്യം നല്‍കി വിട്ടയക്കണം. മേലുദ്ദ്യോഗസ്ഥന്മാരുടെ ഉത്തരവില്ലാതെ സ്ത്രീകളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പാടില്ല. ഒഴിച്ചു കൂടാന്‍ പറ്റാത്ത സാഹചര്യത്തിലല്ലാതെ രാത്രിയില്‍ വനിതകളെ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടില്ല. ഒരു വനിതയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ സ്റ്റേഷനില്‍ വനിതാ പൊലീസ് ഉണ്ടാകണം.
ഒരു സ്ത്രീയുടെ അറസ്റ്റിന് ശേഷം അവരുടെ പരിചരണത്തിലുള്ള കുട്ടിക്ക്/നേഴ്‌സിങ്ങ് ബേബി/ സ്ത്രീയോടൊപ്പം കഴിയാന്‍ അനുമതി നല്‍കേണ്ടതാണ്. അറസ്റ്റിന് ശേഷം മെഡിക്കല്‍ പരിശോധന വേണ്ടി വന്നാല്‍ അവരെ കോടതിയില്‍ ഹാജരാക്കി കോടതിയുടെ അനുമതിയും സ്ത്രീയുടെ സമ്മതവും വാങ്ങിയിരിക്കണം. മൈനറായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മെഡിക്കല്‍ പരിശോധന വേണ്ടി വരികയാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതമാണ് വേണ്ടത്.
1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ ക്വാളിഫിക്കേഷനുള്ള ലേഡി മെഡിക്കല്‍ ഓഫീസര്‍ക്ക് മാത്രമെ പ്രതികളായ സ്ത്രീകളെ പരിശോധിക്കാന്‍ അവകാശമുള്ളു. ക്രിമിനല്‍ നടപടി നിയമ സംഹിത ഭേദഗതി പ്രകാരം 56 എ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ ആരോഗ്യം, സുരക്ഷ എന്നിവ പൊലീസ് ഉറപ്പാക്കണം. മാത്രമല്ല 2010ല്‍ വരുത്തിയ ഭേദഗതി പ്രകാരം 60 എ വകുപ്പനുസരിച്ച് നിയമ പ്രകാരം ആരെയും അറസ്റ്റ് ചെയ്യാനും പാടില്ല.
ക്രിമിനല്‍ നടപടി ക്രമത്തിലെ 41, 42, 43, 44 വകുപ്പുകളനുസരിച്ച് പൊലീസ് ഓഫീസര്‍ക്കോ മജിസ്‌ട്രേറ്റിനോ സ്വകാര്യ വ്യക്തിക്കോ ഒരാളെ അറസ്റ്റ് ചെയ്യാം. ഒരാളുടെ എല്ലാ വിധ സ്വാതന്ത്ര്യവും തടയുന്ന വിധത്തില്‍ അയാളെ ബലം പ്രയോഗിച്ചോ നിര്‍ബന്ധിച്ചോ തടഞ്ഞു വെക്കുന്നതിനെയാണ് അറസ്റ്റ് എന്നു പറയുന്നത്. വാറണ്ടോടു കൂടിയും വാറണ്ട് ഇല്ലാതെയും പൊലീസിന് ഒരാളെ അറസ്റ്റ് ചെയ്യാം.
കടപ്പാട്
അഡ്വ. മിനി
P.V.K. Aramanganam
WriterOther Articles