ഗള്‍ഫിലെ തദ്ദേശവല്‍ക്കരണം; നവകേരള പുനര്‍നിര്‍മ്മാണത്തിന് മങ്ങലേല്‍ക്കുന്നു?
നവകേരള നിര്‍മ്മാണത്തിന് ഭരണകൂടവും ജനങ്ങളും ആവേശപൂര്‍വ്വം തയ്യാറായിരിക്കുന്ന ഈ ഘട്ടത്തില്‍ അതിന്റെ സാധ്യതകളും പരിമിതികളും ഏത് വിധമെന്നു അന്വേഷിക്കുന്നത് ഉചിതമായിരിക്കും. ഈ വിഷയത്തില്‍ പ്രവാസികളില്‍ നിന്നു വിലപ്പെട്ട സഹായമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതെത്ര മാത്രം സാധ്യമാണ്? ഗള്‍ഫ് നാടുകളിലെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളും സ്വദേശിവല്‍ക്കരണവും കാരണം ഗള്‍ഫ് വസന്തം അസ്തമിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍- പ്രവാസി മലയാളികള്‍ക്ക് കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഇനി കൂടുതലൊന്നും സംഭാവന ചെയ്യാന്‍ സാധിക്കില്ല. യൂണിവേഴ്‌സല്‍ മീഡിയ റിസര്‍ച്ച് സെന്ററിന്റെ അഭിപ്രായവും നമുക്കൊരു മുന്നറിയിപ്പാണ്.
ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് എന്നിവയുടെ വിലയിരുത്തല്‍ പ്രകാരം കേരളത്തിന്റെ പ്രളയാനന്തര-പുനര്‍ നിര്‍മ്മാണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 25050 കോടി രൂപ ആവശ്യമാണ്. പ്രളയം വരുത്തി വെച്ച നാശനഷ്ടങ്ങള്‍ അതിജീവിക്കുന്നതിനാവശ്യമായ പണം സമാഹരിക്കുന്നതിന് ആശ്രയിക്കാവുന്ന വരുമാന സ്രോതസ്സുകളെ ആഭ്യന്തര സ്രോതസ്, വിദേശ സ്രോതസ് എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. പ്രവാസി മലയാളികളില്‍ നിന്നുള്ള സഹായം പരമാവധി തേടുക എന്നതാണ് ഈ പ്രതിസന്ധി നേരിടുന്നതിന് സര്‍ക്കാര്‍ പ്രതീക്ഷയോടെ കണ്ട ഒരു മാര്‍ഗം.
യൂണിവേഴ്‌സല്‍ മീഡിയ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു; പ്രളയ ദുരന്തം സംസ്ഥാനത്തിന്റെ കാര്‍ഷിക-വ്യവസായ-ആരോഗ്യ സേവന മേഖലകളെ തകര്‍ത്തെറിഞ്ഞു. ഇത് പരിഹരിക്കാനവശ്യമായ മുപ്പതിനായിരം കോടി രൂപയുടെ വലിയ ഭാഗം പ്രവാസി മലയാളികളില്‍ നിന്നും ശേഖരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഗള്‍ഫ് നാടുകളിലെ നിയമ -നയമാറ്റങ്ങളും ഗള്‍ഫ് മലയാളികളുടെ തിരിച്ചുവരവും ഈ പ്രതീക്ഷയും കണക്കുകൂട്ടലും തെറ്റിച്ചിരിക്കുന്നു.
പ്രവാസത്തിന്റെ അസ്തമയം
കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റ ചരിത്രം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സെന്റര്‍ ഫോര്‍ ഡെവലെപ്‌മെന്റ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച 2018ലെ മൈ ഗ്രേഷന്‍ സര്‍വ്വെ റിപ്പോര്‍ട്ടിലെ വാചകങ്ങള്‍ ഇങ്ങനെ: 2013ല്‍ ഗള്‍ഫ് നാടുകളിലുള്ള മലയാളികളുടെ എണ്ണം 24 ലക്ഷമായിരുന്നു. 2013-18 കാലങ്ങള്‍ക്കിടയില്‍ 12.94 ലക്ഷം പേര്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തി. ഈ തിരിച്ചു വരവ് കൂടുതല്‍ ശക്തിപ്പെടുമെന്നും കേരളത്തില്‍ ഒരു പ്രളയത്തിന്റെ ഭീകരത സൃഷ്ടിക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ഈ തിരിച്ചു വരവിന് പ്രധാന കാരണങ്ങളായി വിദഗ്ധ സമിതി ചൂണ്ടിക്കാണിക്കുന്നവ ഇവയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഗള്‍ഫ് നാടുകളിലെ വേതനങ്ങളില്‍ വര്‍ധനവുണ്ടായില്ല. 2010ന് ശേഷം എണ്ണവിലയിലുണ്ടായ കുറവ് അറബ് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥക്ക് ശക്തമായ ആഘാതമുണ്ടാക്കി. ഗള്‍ഫ് നാടുകളിലെ സ്വദേശവല്‍ക്കരണം കാരണം കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു നയമാണ് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളിലെ ആഭ്യന്തര സുരക്ഷിതത്വം ശക്തിപ്പെടുത്തുന്നതിന് സ്വദേശികളെക്കാള്‍ വിദേശികളുടെ എണ്ണം വര്‍ധിക്കരുതെന്ന ഭരണകൂടങ്ങളുടെ തീരുമാനം വിദേശികളെ കുറക്കുന്നതിന് മറ്റൊരു കാരണമാണ്. ഗള്‍ഫ് നാടുകളില്‍ ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ പ്രൊഫഷണല്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഗള്‍ഫ് ഉപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്ന ശമ്പളത്തില്‍ കാനഡ, ആസ്‌ട്രേലിയ, ന്യൂസ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത വര്‍ധിച്ചു. അത് കാരണം ഇത്തരം പ്രൊഫഷണല്‍ തസ്തികകളില്‍ മലയാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ ആസ്പത്രി മേലധികാരികള്‍ വൈമുഖ്യം കാണിക്കുന്നു.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 6900 കോടി ഡോളറാണ് (495661 കോടി രൂപ) വിദേശത്തു നിന്ന് ഇന്ത്യയിലെത്തിയത്. ഇതില്‍ 19 ശതമാനം (94175 കോടി രൂപ) എത്തിയത് കേരളത്തിലാണ്. മൊത്തം പണത്തിന്റെ അമ്പത് ശതമാനവും വന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഗള്‍ഫ് പണത്തിന്റെ ഉറവ വറ്റിയാല്‍ കേരളത്തിന്റെ സമ്പദ്ഘടനയെയും വികസന പദ്ധതികളെയും എത്രത്തോളം ബാധിക്കുമെന്ന് സൂചിപ്പിക്കാനാണ് ഈ കണക്കുകള്‍ ഇവിടെ ഉദ്ധരിച്ചത്.
സെന്റര്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് സ്റ്റഡീസ്, യൂണിവേഴ്‌സല്‍ മീഡിയ റിസര്‍ച്ച് സെന്റര്‍ എന്നിവര്‍ നടത്തിയ പഠനങ്ങളില്‍ അടിവരയിട്ട് എഴുതിയ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുക: അടുത്ത വര്‍ഷത്തോടെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള മലയാളികളുടെ തിരിച്ചു വരവ് പതിന്മടങ്ങ് ശക്തമാവും. ഗള്‍ഫ് മലയാളികള്‍ക്ക് കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഇനി കൂടുതലൊന്നും സംഭാവന ചെയ്യാനാവില്ല. ഇതാകട്ടെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശക്തി കുറക്കും. ഗള്‍ഫ് നാടുകളിലെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളും അവിടങ്ങളിലെ സ്വദേശിവല്‍ക്കരണവും കാരണം ഗള്‍ഫ് വസന്തം അസ്തമിച്ചു കൊണ്ടിരിക്കുകയാണെന്നതും നാം ഗൗരവപൂര്‍വ്വം മനസ്സിലാക്കേണ്ടതുണ്ട്.
Aatakkoya Pallikkandi
WriterOther Articles