ബി.എസ്.എന്‍.എല്‍ വസ്തുതയും യാഥാര്‍ത്ഥ്യങ്ങളും
വാര്‍ത്താവിനിമയ രംഗം ആധുനിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ മേഖലയെ നവംനവങ്ങളായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലൂന്നിയ ആശയ വിനിമയ മേഖല മാത്രമേ നിലനില്‍ക്കൂ എന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ വാര്‍ത്താ വിനിമയ മേഖലക്ക് ഒന്നര നൂറ്റാണ്ടിലധികം കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ആദ്യഘട്ടത്തില്‍ തപാല്‍-ടെലിഗ്രാഫ് രംഗമായിരുന്നുവെങ്കില്‍ പിന്നീട് ടെലഫോണ്‍ പ്രധാന മേഖലയാകുന്നു. കമ്പനി ആവശ്യങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ പ്രയോജനപ്പെടുത്തിയ ഈ മേഖലയെ സ്വാതന്ത്ര്യകാലത്ത് ഇന്ത്യന്‍ ജനതയുടെ വാര്‍ത്ത വിനിമയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന വിധത്തില്‍ രൂപാന്തരപ്പെടുത്താന്‍ ഇന്ത്യന്‍ തപാല്‍ ടെലിഗ്രാഫ്(ജ&ഠ) ഡിപ്പാര്‍ട്ട്‌മെന്റിനെ പര്യാപ്തമാക്കുകയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍. 1984ല്‍ പി.ആന്റ്.ടി വിഭജിക്കപ്പെട്ട് തപാല്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ടാവുന്നു. തുടര്‍ന്ന് ടെലികോം വിഭജിക്കപ്പെട്ട് വി.എസ്.എന്‍.എല്‍. എം.ടി.എന്‍.എല്‍ എന്നീ കമ്പനികളുണ്ടാവുന്നു. ഡി.ഒ.ടി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം) ജനങ്ങളുടെ ഏത് ടെലികോം (വാര്‍ത്താവിനിമയ ആവശ്യങ്ങളും) നിറവേറ്റാന്‍ പര്യാപ്തമായ രീതിയില്‍ വികസിച്ചു വന്നു. എസ്.ടി.ഡി ബൂത്തുകളുടെ ശൃംഖലകളുണ്ടാവുന്നു. 1994ല്‍ പുതിയ ടെലികോം നയം പ്രഖ്യാപിക്കപ്പെടുന്നു. വാര്‍ത്താവിനിമയ മേഖലയില്‍ ആദ്യമായി സ്വകാര്യ സംരംഭകരുടെ രംഗപ്രവേശം ഇതുവഴി സാധ്യമാക്കുന്നു. മൊബൈല്‍ ഉള്‍പ്പെടെ ആധുനിക സേവന മേഖലയില്‍ മുഴുവന്‍ സ്വകാര്യ കമ്പനികള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന് പ്രഖ്യാപനമുണ്ടാവുന്നു. എന്നാല്‍ ഇന്ന് വി.എസ്.എന്‍.എല്‍ (വിദേശ സഞ്ചാര്‍ നിഗം ലിമിറ്റത്) ഭൂമുഖത്തില്ല. യാതൊരു മുതല്‍ മുടക്കുമില്ലാതെ അത് ടാറ്റക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ചിറകുകള്‍ അരിയപ്പെട്ട പക്ഷിയെപ്പോലെ എം.ടി.എന്‍.എല്‍ ഉണ്ടെങ്കിലും ചത്തതിനൊക്കുമോ ജീവിച്ചിരിപ്പിലും എന്ന അവസ്ഥയിലാണ്. ഈ അനുഭവ യാഥാര്‍ത്ഥ്യങ്ങളറിയുന്ന ടെലികോം തൊഴിലാളികള്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിനെ കമ്പനിയാക്കുന്നതിനെ എതിര്‍ക്കുകയും ഡി.ഒ.ടി.യെ ബി.എസ്.എന്‍.എല്‍ എന്ന കമ്പനിയാക്കുന്നത് സ്വകാര്യ വല്‍ക്കരണത്തിന്റെ ആദ്യപടിയാണെന്ന് ഒന്നര വ്യാഴവെട്ടം മുമ്പെ തന്നെ പ്രവചിക്കാനും കഴിഞ്ഞു. ജീവനക്കാരുടെ പ്രതിഷേധത്തെ വകവെക്കാതെ ഏക പക്ഷീയമായ തീരുമാനവുമായി സര്‍ക്കാര്‍ മുമ്പോട്ട് പോവുകയാണുണ്ടായത്. വാര്‍ത്താവിനിമയ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആവശ്യമാണെന്നും ഇന്ന് സര്‍ക്കാര്‍ സംവിധാനത്തില്‍ തുടര്‍ന്നാല്‍ സാധ്യമല്ലെന്നും കമ്പനി രൂപീകരണത്തിലൂടെ ഇത് നിര്‍വ്വഹിക്കപ്പെടാന്‍ സാധിക്കുമെന്നാണ് ഇതിന് ന്യായീകരണമായി അന്ന് ചൂണ്ടിക്കാണിച്ചത്. ഇന്ത്യന്‍ ജനതക്ക് ലോക നിലവാരത്തിലുള്ള ടെലികോം സേവനങ്ങള്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് ബി.എസ്.എന്‍.എല്ലിന്റെ പിറവി എന്നായിരുന്നു 2000 ഒക്‌ടോബര്‍ 1ന് കമ്പനി പ്രഖ്യാപനവുമായി ഗവണ്‍മെന്റിന്റെ നിലപാട്. 1996ല്‍ ആദ്യമായി മൊബൈല്‍ സേവനം ആരംഭിച്ചപ്പോള്‍ എല്ലാവിധ പശ്ചാത്തല സംവിധാനം ഉണ്ടായിട്ടും ബി.എസ്.എന്‍.എല്ലിന് അത് നിഷേധിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ 2002ല്‍ സമരങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയുമാണ് ഗവണ്‍മെന്റ് സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് കിട്ടുന്നത്. പിന്നീടുള്ള ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുവരെ ഒരു മിനിട്ട് സംസാരിക്കാന്‍ 25 രൂപ വരെ മുടക്കേണ്ടി വന്ന ജനത്തിന് പൊതുമേഖലാ സ്ഥാപനം പ്രവര്‍ത്തിക്കേണ്ട അനിവാര്യത ബോധ്യപ്പെട്ടത് ബി.എസ്.എന്‍.എല്ലിന്റെ രംഗപ്രവേശനത്തോടെയാണ്. താരിഫുകള്‍ കുത്തനെ കുറക്കാന്‍ സ്വകാര്യ സംരംഭകര്‍ നിര്‍ബന്ധിതരായി. അങ്ങനെ ശരാശരി ഇന്ത്യന്‍ ജനതയുടെ വാര്‍ത്താ വിനിമയ ഉപാധിയായി മൊബൈല്‍ കമ്മ്യൂണിക്കേഷനെ മാറ്റാനായി. തുടര്‍ന്നങ്ങോട്ട് ബി.എസ്.എന്‍.എല്ലിന്റെ വളര്‍ച്ചയുടെ ഗ്രാഫ് ഉയര്‍ന്നു തന്നെ നിന്നു. 2002ല്‍ മൊബൈല്‍ ആരംഭിച്ചു. ബി.എസ്.എന്‍.എല്‍ 2006-2007 വര്‍ഷമായപ്പോഴേക്കും സ്വകാര്യ സംരംഭകരെ പിന്നിലാക്കി രണ്ടാമത്തെ സേവനദാതാവായി മാറി. ഇതേ രീതിയില്‍ പോയാല്‍ അടുത്ത വര്‍ഷത്തോടെ ഒന്നാം സ്ഥാനത്തെത്തുമെന്നും മറ്റു കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും ബോധ്യപ്പെട്ട സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളുടെ കണ്‍സേര്‍ഷ്യം സര്‍ക്കാറുമായി ഒത്തുകളിച്ച് ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനത്തെ നിര്‍വീര്യമാക്കുകയായിരുന്നു. ആദ്യം നാലരക്കോടിയുടെ മൊബൈല്‍ വികസനത്തിന്റെയും 2009-10 വര്‍ഷത്തില്‍ ഒമ്പതരക്കോടിയുടെയും സ്ഥാപിത ശേഷിയുടെ സാധ്യതയെ ഇല്ലായ്മ ചെയ്തു. കയ്യും കാലും കെട്ടിയിടപ്പെട്ട ബി.എസ്.എന്‍.എല്‍ നോക്കുകുത്തിയായി മാറേണ്ടി വന്ന സാഹചര്യം-ഒരു വര്‍ഷം പതിനായിരം കോടിയലധികം ലാഭം കൈവരിച്ച് ഗവണ്‍മെന്റിന്റെ വികസന പദ്ധതികള്‍ക്ക് പണം കൈമാറിയ ഈ മേഖല ആദ്യമായി നഷ്ടത്തിലേക്ക് നീങ്ങുന്നു. എല്ലാ വികസനങ്ങളും അട്ടിമറിക്കപ്പെട്ടു. ഫോണില്ല, വയറില്ല, കേബിളില്ല, ഒന്നുമില്ല. ലാന്റ് ലൈന്‍ രംഗവും മൊബൈല്‍ രംഗത്തും ഒന്നും ചെയ്യാനാവാത്ത അവസ്ഥ. 2012-14 വരെ ഇതേ അവസ്ഥ തുടര്‍ന്നു. ഈ ഘട്ടത്തിലാണ് ഇവിടെ ഇന്റര്‍നെറ്റ് സേവന മേഖല തുറന്നു വന്നത്. ജീവനക്കാരുടെ നിരന്തരമായ ഇടപെടലിലൂടെ 14-15, 15-16, 16-17 വര്‍ഷങ്ങളില്‍ ബി.എസ്.എന്‍.എല്‍ പ്രവര്‍ത്തന ലാഭത്തിലെത്തിച്ചു. നഷ്ടത്തില്‍ നിന്നും കരകയറി എന്ന് സൂചന. 2016ല്‍ റിലൈന്‍സിന്റെ രംഗപ്രവേശനം സ്ഥിതികള്‍ ആകെ മാറ്റി മറിച്ചു. ഒരു കൊല്ലത്തെ നിര്‍ബാധ സൗജന്യ മറ്റു ടെലകോം കമ്പനികളെയാകെ പ്രതിസന്ധിയിലാക്കി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ സംരംഭകര്‍ ആദ്യമായി നഷ്ടത്തിന്റെ കയ്പുനീരിന്റെ രുചിയറിഞ്ഞു. ബി.എസ്.എന്‍.എല്‍ എന്നിട്ടും പിടിച്ചു നിന്നു. 1684 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കി.
സാങ്കേതിക രംഗത്തുണ്ടാകുന്ന ഓരോ ചെറിയ മാറ്റങ്ങളും ടെലികോം കമ്പോളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കും. എല്ലാ കമ്പനികളും 4ജിയില്‍ സേവനം നല്‍കുമ്പോള്‍ ബി.എസ്.എന്‍.എല്‍ ഇപ്പോഴും 2ജിയിലും 3ജിയിലുമാണ്. എന്നിട്ടും ബി.എസ്.എന്‍.എല്ലിന് ഇവിടെ രംഗത്ത് നിര്‍ക്കാന്‍ കഴിയുന്നത് പൊതുമേഖലാ സ്ഥാപനങ്ങളോട് ജനങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസ്യത ഒന്നു കൊണ്ടു മാത്രമാണ്. ബാങ്കുകളുടെ വികസനം വഴിയുണ്ടായ മൂലധനസമാഹരണത്തെ വലിയ തോതില്‍ പ്രയോജനപ്പെടുത്താന്‍ കുത്തക ടെലികോം കമ്പനികള്‍ക്കായി. റിലയന്‍സിന്റെ മലവെള്ളപ്പാച്ചിലില്‍ ഇവരുടെയൊക്കെ ബാധ്യത ആയിരക്കണക്കിന് കോടികളായി.
എയര്‍ടെല്‍ 95000 കോടിയുടെയും ലയിച്ച് ഒന്നായി തീര്‍ന്ന ഐഡിയയും വോഡാഫോണിനും കൂടി 12000 കോടിയുടെയും ബാധ്യതയുണ്ടായി. എന്നാല്‍ നാല് ലക്ഷത്തിലധികം കോടിയിലധികം ആസ്തിയുള്ള ബി.എസ്.എന്‍.എല്ലിന്റെ ബാധ്യത ആകെ നാലായിരം കോടിയില്‍ താഴെയാണ് എന്നത് വിജയകരമായ യാഥാര്‍ത്ഥ്യമാണ്. പെട്രോളിയം മേഖലയില്‍ കുത്തക സ്ഥാപിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് പോലെ ഡാറ്റാ സേവന മേഖലയില്‍ കുത്തക കൈവരിച്ച് തങ്ങള്‍ നിശ്ചയിക്കുന്ന താരിഫ് നിരക്കില്‍ ഡാറ്റ വില്‍ക്കാന്‍ കഴിയുന്ന ഒരു സാഹചര്യത്തെ സൃഷ്ടിക്കുകയാണവരുടെ ലക്ഷ്യം. ഇന്ത്യന്‍ ജനതക്ക് വാര്‍ത്താവിനിമയ മേഖല അപ്രാപ്യമാവുന്ന സാഹചര്യം സംജാതമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഘട്ടത്തിലാണ് ബി.എസ്.എന്‍.എല്ലിന് 4 ജി അനുവദിക്കുക, ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഓള്‍ യൂണിയന്‍സ് അസോസിയേഷന്‍സ് ഓഫ് ബി.എസ്.എന്‍.എല്ലിന്റെ നേതൃത്വത്തില്‍ 2018 ഡിസംബര്‍ 3 മുതല്‍ അനിശ്ചിതകാല പണിമുടക്കം നടത്തുന്നത്. കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ അധികാരം കയ്യാളുന്ന സമകാലീന സാഹചര്യത്തില്‍ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടവുമായി ഈ സമരത്തെ കണ്ണിചേര്‍ക്കാനാവുന്നു എന്നത് ഏറ്റവും പ്രസക്തമായ കാര്യമാണ്.
(ഓള്‍ യൂണിയന്‍ അസോസിയേഷന്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലാ കണ്‍വീനറാണ് ലേഖകന്‍)
Raveendran kodakkad
writterOther Articles