കെ.എം അഹ്മദ് എന്നോടു പിണങ്ങി...
ഹോട്ടല്‍ എയര്‍ലൈന്‍സ് നാലാം നമ്പര്‍ റൂമില്‍ സാഹിത്യവേദി മാസാന്ത യോഗം. അധ്യക്ഷ വേദിയില്‍ പ്രസിഡണ്ട് കോടോത്ത് നാരായണന്‍ നായര്‍, കോടോത്ത് ഗോവിന്ദന്‍ നായര്‍, ബാലകൃഷ്ണന്‍ മാങ്ങാട്, കെ.പി.വി തമ്പി തുടങ്ങി വേദിയുടെ ഏതാണ്ടെല്ലാ അംഗങ്ങളുമുണ്ട്. തമ്പിമാഷ് ഒരവധി പ്രമാണിച്ച് 'കമ്പനി' കൂടാന്‍ ബേപ്പൂരില്‍ നിന്നും വന്നതാണ്. പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ സ്ഥലം മാറി പയ്യന്നൂരിലേക്ക് പോയിരുന്നു. അന്ന് പകല്‍ ഞാനും കെ.എം അഹ്മദും തമ്മില്‍ നേരിയൊരു സംഭാഷണം ഉണ്ടായത് അത്ര രസത്തിലല്ല പിരിഞ്ഞത്. വിഷയം നാഷണല്‍ ബുക്ക് സ്റ്റാള്‍ നിര്‍ത്തലാക്കുന്നതിനെച്ചൊല്ലിയായിരുന്നു. വാടകക്കുടിശ്ശിക ഞാന്‍ ധാരാളം അടക്കാനുണ്ട്. ഇസ്ലാമിയ ടൈല്‍ കമ്പനിയില്‍ നിന്ന് ബസ്സ്റ്റാന്റ് ക്രോസ് റോഡ് വാടക പിരിപ്പിക്കുന്ന ആള്‍ അഹ്മദിനെ വിളിച്ച് പരാതി പറഞ്ഞു.
'നീ ആരോടെങ്കിലും കാശ് വാങ്ങി വാടക അടക്ക്... കഴീല്ലെങ്കി പുസ്തകക്കച്ചവടം പൂട്ട്...'
ഞാനെന്തു ചെയ്യും. ജീവിക്കണ്ടെ. 'നമുക്ക് പത്രമില്ലേ... അതു പോരെ...' എനിക്കതില്‍ പ്രതീക്ഷയില്ലായിരുന്നു. കാരണം; അതിയാമ്പൂരെ വി. കുഞ്ഞികൃഷ്ണന്റെ പേരിലായിരുന്നു പത്രത്തിന്റെ ഡിക്ലറേഷന്‍. അദ്ദേഹം അത് തിരിച്ച് ആവശ്യപ്പെടുന്നു. 'കാരവല്‍' മുബാറക് പ്രസ് ഉള്ളത് കൊണ്ട് അരിഷ്ടിച്ചു പോവുകയായിരുന്നു.
ഈ സംസാരങ്ങള്‍ക്കിടെയാണ് സന്ധ്യക്ക് സാഹിത്യ വേദി കൂടിയത്. കീര്യാട്ട് കുട്ടിരാമന്‍ മാസ്റ്റര്‍ കണ്ണടച്ച് നിന്ന് കവിത ആലപിക്കുന്നു. കീര്യാട്ട് കുട്ടിരാമന് കവിത ചൊല്ലാന്‍ തുടങ്ങിയാല്‍ യാതൊരു ലക്കും ലഗാനും ഉണ്ടാവില്ല.
'പണ്ഡിത പ്രകാണ്ഡമേ, ഉമ്പര്‍കോന്‍ സൂത പുത്രരേ...'
എന്നിങ്ങനെ അതൊരു ഒഴുക്കാണ്. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ക്ക് ഈ കാവ്യാലാപനം പച്ചമോരു കുടിക്കുന്നത് പോലെയാണ്. മാസ്റ്റര്‍ കവിത ചൊല്ലുമ്പോള്‍ ആദ്യമായി ഞാന്‍ ഇടപെടും.
ഒരു വരി രണ്ടാം വട്ടം
ആവര്‍ത്തിക്കരുത്...
അഡ്വ. ടി.പി ഹുസൈനും ഞാനുമാണ് കീര്യാട്ടിന്റെ കണ്ണില്‍ ശത്രുക്കള്‍. ഹുസൈന്‍ച്ചായുടെ കോമഡികള്‍ ഓര്‍മ്മയുടെ അറകളില്‍ എഴുതാന്‍ തുടങ്ങിയാല്‍ അന്ത്യമുണ്ടാവില്ല. എപ്പോള്‍ വന്നാലും ഒരു പുതിയ രസബിന്ദു ടി.പി ഹുസൈന്‍ ഉയര്‍ത്തും. ഉദാ: ഗീതാ ടാക്കീസിന്റെ ഭിത്തിയില്‍ അഡ്വ. ഹരിഹരറാവു ഒരു പോസ്റ്റര്‍ വായിച്ചതിങ്ങനെ. 'പനാമ പശാമ'. ഇതദ്ദേഹം ബാര്‍ അസോസിയേഷനില്‍ പറയും. എന്താണീ ജഅചഅങഅ ജഅടഒഅങഅ... വക്കീലന്മാര്‍ ആര്‍ത്തു ചിരിക്കും. കാരണം 'പണമാ പാശമാ' എന്ന തമിഴ് ചിത്രത്തിന്റെ പോസ്റ്ററാണ് പനാമ പശാമയാകുന്നത്. ഇനിയും നൂറു കണക്കിന് ഫലിതങ്ങളുണ്ട്. ചീഫ് എഞ്ചിനീയറായി വിരമിച്ച് ഈയിടെ അന്തരിച്ച ഇ. രാഘവന്‍ നായര്‍ ടി.പി ഹുസൈനെ തിരിച്ചും കളിയാക്കും. കാരണമുണ്ട്. എയര്‍ലൈന്‍സില്‍ എല്ലാ വൈകുന്നേരങ്ങളിലും എഞ്ചിനീയര്‍ രാഘവന്‍ നായരും ബാലകൃഷ്ണന്‍ മാങ്ങാടും ബള്ളുള്ളായ, ഹിന്ദുവിന്റെ അഡിഗ എന്നിവര്‍ ഒത്തുകൂടും. വൈദ്യുതി ഇടക്ക് നിലക്കും. രാഘവന്‍ നായര്‍ ഓഫീലേക്ക് ഫോണ്‍ ചെയ്യും. ലൈന്‍മാന്‍ ഇല്ലാത്തതിനാല്‍ രാഘവന്‍ നായര്‍ തന്നെ ഫ്യൂസ് കമ്പി കെട്ടും. അതോടെ കേരളത്തിലെ മുഴുവന്‍ വൈദ്യുതിയും ഓഫാകും.
രാഘവന്‍ എഞ്ചിനീയരുടെ മറു കൊട്ട് ഉണ്ടാകും ഉടന്‍. ടി.പി ഹുസൈന്‍ രാവിലെ വീട്ടില്‍ നിന്ന് പഴയ സ്റ്റാന്‍ഡേര്‍ഡ് കാറില്‍ കയറും. പിന്നീടാ കാര്‍ ടൗണ്‍ മുഴുവന്‍ കറക്കമാണ്. എവിടെയും നിര്‍ത്തില്ല. കാരണം ഡോര്‍ തുറക്കാന്‍ ഹുസൈന്‍ വക്കീലിന് അറിയില്ല... കൂട്ടച്ചിരി.. ഇത്തരം നൂറുനൂറു സംഭവങ്ങള്‍... അന്ന് കുട്ടിരാമന്‍ മാസ്റ്റര്‍ കവിത ചൊല്ലുമ്പോള്‍ കെ.എം അഹ്മദും സി. രാഘവന്‍ മാഷും അത് ഗൗനിക്കാതെ ഉച്ചത്തിലെന്തോ സംസാരിക്കുന്നു.
ഞാന്‍ ഇടപെട്ടു. ഇടപെടാന്‍ കാരണമുണ്ട്. ഞാന്‍ കൃഷ്ണന്റെ ഓംലെറ്റ് കടയില്‍ നിന്ന് സ്‌പെഷ്യല്‍ പൊണ്ടം ഒന്നു കഴിച്ച് കിറുങ്ങിയാണ് ഇരിക്കുന്നത്.
'കുട്ടിരാമന്‍ മാഷേ, നിങ്ങള്‍ കവിത ചൊല്ലുന്നത് നിര്‍ത്തു. ഇവിടെ ചില മഹാന്മാര്‍ ഇരുന്ന് സംസാരിക്കുന്നത് കേട്ടുകൂടെ...'
പൊണ്ടത്തിന്റെ വീര്യത്തില്‍ ശബ്ദം ഉയര്‍ത്തിയാണ് ഞാന്‍ സംസാരിച്ചത്. ഹാള്‍ ആകെ നിശബ്ദം. അഹ്മദിനെ എല്ലാവരും ഉറ്റു നോക്കുന്നു. ഞാന്‍ അഹ്മദിനെ കുറ്റപ്പെടുത്തുകയോ... യോഗം സാധാരണ പോലെ പിരിഞ്ഞു. കോടോത്ത് നാരായണന്‍ നായര്‍ എന്നെ ഉപദേശിച്ചു.
നിങ്ങള്‍ പയ്യനല്ലേ. കുറച്ച് നിയന്ത്രണം വേണമായിരുന്നു. മിസ്റ്റര്‍ അഹ്മദിനതു വിഷമമായി. ഞാനാര്‍ക്കുവേണ്ടിയാണോ ഒച്ച ഉയര്‍ത്തിയത്. ആ കുട്ടിരാമന്‍ മാഷും എന്നെ ഗുണദോഷിച്ചു.
'എത്ര കരിക്കു കുടിച്ചെടോ' ബാലകൃഷ്ണന്‍ മാങ്ങാട് പരിഹസിച്ചു.
അതങ്ങിനെ തീര്‍ന്നു എന്നാണ് ഞാന്‍ കരുതിയത്. അഹ്മദ് പിന്നീട് എന്നോട് മിണ്ടാതായി. ഞാന്‍ മുബാറക് പ്രസില്‍ ചെന്നാല്‍ അഹ്മദ് വേഗം പുറത്തിറങ്ങും. ഒന്നു രണ്ടു ദിവസം ഇതാവര്‍ത്തിച്ചപ്പോള്‍ ഞാനും പ്രസില്‍ കയറാതെയായി. പത്രത്തിനുള്ള പ്രാദേശിക വാര്‍ത്തകള്‍ എഴുതി മുബാറക് പ്രസില്‍ ഏല്‍പ്പിക്കും.
നാളുകള്‍ കൊഴിഞ്ഞു. ഒരു ദിവസം രജിസ്റ്റര്‍ ലെറ്ററുമായി അഹ്മദ് നാഷണല്‍ ബുക്ക് സ്റ്റാളില്‍ വന്നു. വി. കുഞ്ഞികൃഷ്ണന്‍ രജിസ്റ്റര്‍ ലെറ്റര്‍ അയച്ചിരിക്കുന്നു. കാരവല്‍ അദ്ദേഹത്തിന് തിരികെ നല്‍കണം. 'മടക്കി കൊടുത്തേക്കു...'ഞാന്‍ പതിവു സ്‌നേഹമില്ലാതെ പറഞ്ഞു.
നമുക്ക് പത്രം വേണ്ടെ. പുതിയ ഡിക്ലറേഷന്‍ വാങ്ങാം. പത്രം നിര്‍ത്തി വെക്കുന്നതിനോട് കെ.എം അഹ്മദിന് യോജിപ്പില്ല. അഹ്മദ് മറ്റൊരു നിര്‍ദ്ദേശം പറഞ്ഞു. കാഞ്ഞങ്ങാട് വ്യാപാരി-വ്യവസായി നേതാവ് പൂക്കുഞ്ഞിന്റെ പേരില്‍ ഒരു ഡിക്ലറേഷന്‍ ഉണ്ട്. അത് നിര്‍ത്തിയിരിക്കുകയാണ്. അതു വാങ്ങാം.
ഞാന്‍ ബുക്ക് സ്റ്റാളില്‍ നിന്ന് 15 ക എടുത്ത് കാഞ്ഞങ്ങാട് പോയി. പൂക്കുഞ്ഞ് സാഹിബ് പുതിയ പത്രത്തിന് ഡിക്ലറേഷന്‍ കിട്ടും വരെ ഉപയോഗിക്കാന്‍ പത്രം തന്നു. കണ്ണൂര്‍ കലക്ടറെ ബന്ധപ്പെട്ട് പത്രം താല്‍ക്കാലികമായി ആരംഭിച്ചു. ഉത്തരദേശം എന്നതടക്കം അഞ്ചു പേരുമായി പുതിയ ഡിക്ലറേഷന്‍ സമര്‍പ്പിച്ചു. ഡല്‍ഹിയില്‍ വി.കെ മാധവന്‍ കുട്ടിയെ ബന്ധപ്പെട്ട് ഉത്തരദേശം ലൈസന്‍സ് വേഗം സംഘടിപ്പിച്ചു.
ഞങ്ങള്‍ക്കിടയിലെ ഐസ് കട്ട അലിഞ്ഞു തീര്‍ന്നു. പക്ഷെ എന്നെയും അഹ്മദിനെയും അകറ്റാന്‍ ചില ശക്തികള്‍ ശ്രമിച്ചു. ഞാന്‍ നാഷണല്‍ ബുക്ക് സ്റ്റാള്‍ നിര്‍ത്തി. താഴിട്ടു. താക്കോല്‍ അഹ്മദിനെ ഏല്‍പ്പിച്ചു. പാറക്കട്ടയിലെ വാടകവീട്ടില്‍ ഞാന്‍ ഏകനായി. ചില ദിവസങ്ങളില്‍ അഹ്മദ് വരും. വരുമ്പോള്‍ തിന്നാനും കുടിക്കാനും എന്തെങ്കിലും കൊണ്ടു വരും. ജീവിതം പഴയതു പോലെ ഉത്സാഹഭരിതമായി. അതിനിടെ എനിക്ക് തൃശൂര്‍ നിന്ന് സിവിക് ചന്ദ്രന്റെ ടെലിഗ്രാം.
വേഗം തൃശൂര്‍ക്ക് വരിക. ഞാന്‍ ആരോടും പറയാതെ തൃശൂര്‍ക്ക് വണ്ടി കയറി. എന്റെ വീടും അതിനുള്ളിലെ പുസ്തകങ്ങളും ഫര്‍ണിച്ചറും അന്യാധീനമായി. അഡ്വ. പി. രാഘവന്‍ മുഖേന വീട്ടുടമ എന്റെ വീട് കുത്തിത്തുറക്കാന്‍ കോടതിയുടെ നോട്ടീസ് വാങ്ങി. കുത്തിത്തുറന്നു. എല്ലാം വീട്ടുടമ സ്വന്തമാക്കി. വാടക കുടിശ്ശിക ഇല്ലാതിരുന്നിട്ടും എന്നെ കാത്തുനില്‍ക്കാന്‍ തയ്യാറായില്ല. 13 വര്‍ഷം മുമ്പ് ഒന്നുമില്ലാതെയാണ് ഞാന്‍ കാസര്‍കോട് തീവണ്ടിയിറങ്ങിയത്. ഒന്നും കയ്യില്‍ എടുക്കാതെ ഒരു പേന പോലും കയ്യില്‍ ഇല്ലാതെ ഞാന്‍ മലബാര്‍ എക്‌സ്പ്രസില്‍ കയറി. കാസര്‍കോടും ഞാനുമായുള്ള ബന്ധം തല്‍ക്കാലം വിച്ഛേദിച്ചു.
(തുടരും)
P.A.M Haneef
The author is a well known drama director and jornalist.Other Articles