മറക്കാന്‍ പറ്റുമോ ആ മധുര ഗാനങ്ങള്‍...
മുഹമ്മദ് അസീസ്; 1980 കളില്‍ ഹിന്ദി സിനിമാസ്വാദകരെ ത്രസിപ്പിച്ച ആ ശബ്ദം നിലച്ചിരിക്കുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള ആ മധുരഗാനങ്ങള്‍ ആസ്വാദക മനസ്സില്‍ തേന്‍മഴയായി ഇപ്പോഴും പെയ്തിറങ്ങുകയാണ്. മെലഡികളായും ശോകഗാനങ്ങളായും. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ 'മൈസേ മിന ദേന ബാഖി സെ'' എന്ന ഗാനം തന്നെ ഉദാഹരണം. അതുപോലെ ഒരുപാട് വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങള്‍ ഹിന്ദി സിനിമാ സംഗീത ലോകത്തിന് സമ്മാനിച്ചാണ് ആ മധുരം ശബ്ദം നിലച്ചിരിക്കുന്നത്. മുഹമ്മദ് അസീസ് എന്നാല്‍ ഒരു കാലഘട്ടത്തില്‍ കേള്‍ക്കാന്‍ മാത്രം കാത്തിരുന്ന ശബ്ദമായിരുന്നു.
1980ല്‍ മുഹമ്മദ് റഫിയുടെ വിയോഗത്തോടെ ശൂന്യമായിപ്പോയ ഹിന്ദി സിനിമാ ലോകം പകരക്കാരന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. സംഗീത സംവിധായകര്‍ പലരേയും പരീക്ഷിച്ചു. റഫി സാബിന്റെ മകന്‍ ഷാഹിദ് റാഫി, ശബ്ബീര്‍ കുമാര്‍ തുടങ്ങിയവര്‍ അങ്ങിനെ ഹിന്ദി സിനിമാ ഗാനരംഗത്തേക്കെത്തിയവരായിരുന്നു. അതില്‍ ശബ്ബീര്‍ കുമാറായിരുന്നു ഒരുവിധം മുന്നിട്ടു നിന്നത്. കിഷോര്‍ കുമാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയുമായി ഗാനരംഗത്ത് സജീവമായിരുന്നു.
അതിനിടയിലേക്ക് തന്റെ പ്രത്യേകതയായ ശബ്ദവും ആലാപന രീതിയുമായ് കടന്നു വന്ന ഗായകനായിരുന്നു സയ്യിദ് മുഹമ്മദ് അസീസുന്നബി എന്ന മുന്ന. റഫി സാബിനെയും അദ്ദേഹത്തിന്റെ ഗാനങ്ങളെയും പ്രാണനായി കണ്ട ഗായകന്‍. കൊല്‍ക്കത്തയിലെ ഗാലിബ് റസ്റ്റോറന്റിലെ സ്ഥിരം ഗായകനായിരുന്ന അദ്ദേഹം റഫി സാബിന്റെ ഗാനങ്ങള്‍ പാടി ശ്രോതാക്കളുടെ മനം കവര്‍ന്നു. അവിടെവെച്ച് പരിചയപ്പെട്ട ഒരു സിനിമാപ്രവര്‍ത്തകനാണ് മുഹമ്മദ് അസീസിനെ മുംബൈയിലേക്ക് ക്ഷണിക്കുന്നത്. അതുവരെ ബംഗാളി, ഒറിയ ഭാഷകളില്‍ ഭജന്‍, ആല്‍ബം ഗാനങ്ങള്‍ മാത്രം പാടിയിരുന്ന മുഹമ്മദ് അസീസിന് അതൊരു സ്വപ്ന സാക്ഷാത്കരമായിരുന്നു.
1984ല്‍ മുംബൈയിലെത്തി അംബര്‍ എന്ന സിനിമക്ക് വേണ്ടിയായിരുന്നു ആദ്യമായി പാടിയതെങ്കിലും മുഹമ്മദ് അസീസ് എന്ന ഗായകനെ ഹിന്ദി സിനിമാ ലോകം നെഞ്ചേറ്റിയത് 1984ല്‍ പുറത്തിറങ്ങിയ മര്‍ദ് എന്ന സിനിമയിലെ ഗാനത്തിലൂടെയായിരുന്നു. അമിതാഭ് ബച്ചന്‍ നായകനായ സിനിമയില്‍ അനുമാലികിന്റെ സംഗീത സംവിധാനത്തില്‍ പാടിയ 'മര്‍ദ് ടാങ്കെ വാല' എന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറി. ബച്ചന്റെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദവും ആലാപന രീതിയും ഹിന്ദി സിനിമാ ലോകത്ത് അദ്ദേഹത്തിന് പ്രത്യേകമായ ഇടം തന്നെ നല്‍കി. റഫി യുഗത്തിന് ശേഷം ഹിന്ദി സിനിമാ ഗാന രംഗം പുഷ്‌കലമായത് അസീസിന്റെ ശബ്ദത്തിലൂടെയായിരുന്നു. ഉച്ചസ്ഥായിലും പതിഞ്ഞ ശബ്ദത്തിലും ഒരുപോലെ ഗാനങ്ങളാലപിച്ച് 80 കളില്‍ മുഹമ്മദ് അസീസ് ഹിന്ദിഗാനരംഗം അടക്കിവാണു. 7-ാം സ്ഥായില്‍ പാടാന്‍ കഴിവുള്ള അപൂര്‍വ്വ ഗായകനായിരുന്നു. അതിനാല്‍ തന്നെ റഫി സാബിന് ശേഷം സംഗീത സംവിധായകരായ ലക്ഷ്മീകാന്ത് പ്യാരിലാലിന്റെ ഇഷ്ട ഗായകനായിരുന്നു മുഹമ്മദ് അസീസ്. ഹിന്ദി സിനിമാ സംഗീത സംവിധായകരായ അനുമാലിക്ക്, ബപ്പി ലഹിരി, ആര്‍.ഡി ബര്‍മന്‍, ആനന്ദ് ലക്ഷ്മണ്‍, നദീം ശ്രാവണ്‍, ഇളയരാജ, ആനന്ദ് മിലിന്ദ് തുടങ്ങി പ്രശസ്തരായവരുടെയും മറ്റുള്ളവരുടെയും സംഗീതസംവിധാനത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചതോടെ അന്നത്തെ മിക്ക സിനിമകളിലും മുഹമ്മദ് അസീസിന്റെ ഗാനങ്ങള്‍ നിറഞ്ഞു നിന്നു.
അമിതാഭ് ബച്ചന് വേണ്ടി പാടുമ്പോള്‍ ബച്ചന്റെ ശബ്ദ വിന്യാസത്തിലും, മിഥുന്‍ ചക്രബര്‍ത്തിക്കും, ഗോവിന്ദക്കും, അനില്‍ കപൂറിനും വേണ്ടി പാടുമ്പോള്‍ അവരുടെ ശബ്ദ സാമ്യവും പെട്ടെന്ന് തന്നെ ഹിന്ദി സിനിമാ ഗാനരംഗത്ത് അദ്ദേഹത്തെ തിരക്കുള്ള ഗായകനാക്കി മാറ്റി. ലതാ മങ്കേഷ്‌കറുമൊന്നിച്ച് ആലപിച്ച റാം അവതാറിലെ ''ഉംഗലി മെ അങ്കോട്ടി -അങ്കോട്ടി മെ നഗീന' സിന്ദൂര്‍' എന്ന ചിത്രത്തിലെ 'പത്ജര്‍ സാവന്‍, ബസന്ത് ബഹാര്‍' തുടങ്ങി ആശാ ബോസ്ലേ, അനുരാധാ പൗഡ്‌വാള്‍, സാധനാ സര്‍ഗ്ഗം, കവിതാ കൃഷ്ണ മൂര്‍ത്തി തുടങ്ങിയ ഗായികമാരുടെ കൂടെ ആലപിച്ച ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷമനസ്സുകളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും ശീലുകള്‍ തീര്‍ത്ത ഗാനങ്ങളായിരുന്നു. 80 കളിലെ മുംബൈ, ഗള്‍ഫ് കാലഘട്ടം ഓരോ പ്രവാസിയുടെയും ഹൃദയ നൊമ്പരം തണുപ്പിച്ചത് മുഹമ്മദ് അസീസിന്റെ ഗാനങ്ങളായിരുന്നു. അധികവും മെലഡികളായും ചിലത് ശോക ഗാനങ്ങളായും.
1988 ല്‍ പുറത്തിറങ്ങിയ ബീസ് സാല്‍ ബാദ് എന്ന സിനിമയിലെ 'ഹം തുമെ ഇത്‌നാ പ്യാര്‍ കരേംഗേ''എന്ന ഗാനം ഇന്ന് കേള്‍ക്കുമ്പോളും മനസ്സ് പ്രണയാതുരമാകുന്നത് ആലാപന മികവ് കൊണ്ട് മാത്രമാണ്. മിഥുന്‍ ചക്രബര്‍ത്തിയും ഡിമ്പിള്‍ കപാഡിയയും ജോഡികളായ ചിത്രം സൂപ്പര്‍ഹിറ്റാവാനുള്ള പ്രധാന കാരണം മുഹമ്മദ് അസീസിന്റെ ഗാനങ്ങളായിരുന്നു.
മുമ്പ് റഫിസാബിന്റെ ഗാനങ്ങളിലൂടെ സിനിമ ഹിറ്റായിരുന്നത് പോലെ 80കളിലെ പല സിനിമകളും വിജയിച്ചത് മുഹമ്മദ് അസീസിന്റെ ശബ്ദ സൗകുമാര്യത്തിലൂടെയായിരുന്നു. ഖുദ് ഗര്‍സ് എന്ന സിനിമയിലെ 'മെ വോഹ് കഹ്ത്താ ഹും സനം'' എന്ന ഗാനം തന്നെ ഉദാഹരണം. 80കളിലെ പലസിനിമകളുടെ വിജയകാരണം അദ്ദേഹത്തിന്റെ ഗാനങ്ങളായിരുന്നു.
ആലപിച്ചതില്‍ വെച്ചേറ്റവും മികച്ച ഗാനങ്ങളേതെന്ന് ചോദിച്ചാല്‍ എല്ലാ ഗാനങ്ങളും മികച്ചതാണെന്നായിരിക്കും ഉത്തരം. രാം ലഖന്‍ എന്ന സിനിമയിലെ മൈ നെയിം ഈസ് ലഖന്‍ , സ്വര്‍ഗ് എന്ന സിനിമയിലെ ഏ മെരെ ദോസ്ത് ലൗട്ടാജാ, കബ് തക് ചുപ് രഹൂഗിയിലെ മിത്‌വാ ഭൂല്‍ ന ജാനാ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായി ഹിറ്റ്‌ലിസ്റ്റിലുണ്ട്.
ഹിനയിലെ മര്‍ഹബാ സയ്യദി മക്കാ മദനി എന്ന ഖവ്വാലി ഇന്നും മുംബൈയിലെ ഖവ്വാലി വേദികളിലെ ഒഴിച്ചു കൂടാനാവാത്ത ഗാനമാണ്. ആമിര്‍ ഖാന്‍ നായകനായ മേളയിലെ ദുര്‍ഗാ ഹെ മെരി മായും പൂജാ വേദികളില്‍ നിറഞ്ഞു കേള്‍ക്കുന്ന ഗാനമാണ്. ആ ശബ്ദത്തിന് എന്തോ ഒരു തരം മാസ്മരികതയുണ്ടെന്ന് പറഞ്ഞത് സാക്ഷാല്‍ അമിതാഭ് ബച്ചനാണ്. അദ്ദേഹം മാത്രമല്ല, ഒരു പ്രാവശ്യം മുഹമ്മദ് അസീസിന്റെ ഗാനങ്ങള്‍ കേട്ടാല്‍ ഏതോരാളും ആ ശബ്ദത്തിന്റെ മാസ്മരികതയില്‍ ലയിച്ചു പോകും.
വിവിധ ഭാഷകളിലായി ഏകദേശം 20000 ത്തോളം ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. 90കളിലെ ആദ്യത്തില്‍ ലക്ഷമികാന്ത് പ്യാരിലാല്‍ സംഗീത സംവിധാനരംഗത്ത് നിന്ന് പിന്‍വലിഞ്ഞതോടെ മുഹമ്മദ് അസിസ് എന്ന ഗായകനും പിന്‍ നിരയിലേക്ക് മാറി നില്‍ക്കേണ്ടി വന്നു. 2008 വരെ അദ്ദേഹം സിനിമാ പിന്നണിഗാനരംഗത്ത് സജീവമായിത്തന്നെയുണ്ടായിരുന്നു. മരിക്കുന്നതിന് കുറച്ചു മുമ്പ് വരെ സ്റ്റേജ്‌ഷേകളിലും സജീവമായിരുന്നു.
ഹിന്ദി സിനിമാ ഗാന രംഗത്തെ മൂന്നായി തിരിച്ചാല്‍ റഫി യുഗത്തിനും കുമാര്‍ ഷാനു, ഉദിത് നാരായണന്‍ യുഗത്തിനും മധ്യേ ഹിന്ദി സിനിമാ ഗാനശാഖയെ തന്റെ അവ്യാചമായ ആലാപന ശൈലി കൊണ്ട് ധന്യമാക്കിയ ഗായകനായിരുന്നു അദ്ദേഹം. മുഹമ്മദ് അസീസ് കാലഘട്ടമെന്ന് തന്നെ പറയാം. ടിക് ടോക്കിലെ ഏറ്റവും വലിയ ട്രെന്റിപ്പോള്‍ അദ്ദേഹത്തിന്റെ റൊമാന്റിക് ഗാനങ്ങള്‍ തന്നെയാണ്. ആ ഗാനങ്ങള്‍ക്കൊപ്പമാണിപ്പോള്‍ എല്ലാവരും ടിക് ടോക്കില്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
1954 ജൂലൈ 2ന് പശ്ചിമ ബംഗാളിലെ ഗുമയില്‍ ജനിച്ച സയ്യിദ് മുഹമ്മദ് അസീസുന്നബി എന്ന മുന്ന തന്റെ 64-ാം വയസ്സില്‍ പാട്ടവസാനിപ്പിച്ച് പറന്നകന്നെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇന്നും ഓരോ സംഗീതാവസ്വാദകരുടെ മനസ്സിലും പ്രണയമായും വിരഹമായും പെയ്തു കൊണ്ടിരിക്കുന്നു.
Shafi A. Nellikkunnu
writerOther Articles