പി. സീതിക്കുഞ്ഞി കവിയും കലാകാരനും
കാസര്‍കോട് മാപ്പിളപ്പാട്ടിന്റെ പുണ്യഭൂമിയാണ്. മോയിന്‍ കുട്ടി വൈദ്യരും പുലിക്കോട്ടില്‍ ഹൈദരും കാസര്‍കോട്ടുകാരല്ല. പക്ഷെ അവരുടെ ഇശലുകള്‍ക്ക് ചിറകുകള്‍ മുളച്ചത് ചന്ദ്രഗിരിയുടെ കരകളിലാണ്.
കാസര്‍കോട്ട് തമ്പടിച്ച നാളുകളില്‍ ബദ്‌രിയ റസ്റ്റോറന്റ് കൗണ്ടറിനരികില്‍ ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജിയോടും ടി.എ ഇബ്രാഹിം സാഹിബിനോടും കുശലം പറയുന്ന ടി.ഉബൈദിനെ ഞാന്‍ അടുത്തറിയാന്‍ ശ്രമിച്ചു. മാപ്പിളപ്പാട്ടിന് ലേബലുണ്ടാക്കാന്‍ മറ്റൊന്നും കൊതിക്കാതെ ഇറങ്ങിത്തിരിച്ച ഉബൈദ് മാസ്റ്ററെ തിരൂരങ്ങാടിയില്‍ ചേര്‍ന്ന മാപ്പിള സെമിനാര്‍ ആദരിച്ചത് പത്രങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. കെ.പി കേശവമേനോന്‍ പ്രിയ സുഹൃത്തിന് പൊന്നാടയണിയിച്ചു. സ്വതേ നിഷ്‌കളങ്ക ഹൃദയമാണ് ഉബൈദിന്റേത്. പൊന്നാടക്കായി ശിരസ് കുനിച്ച ആ പ്രതിഭയുടെ കണ്ണുകള്‍ സജലങ്ങളായി. നീര്‍മുത്തുകള്‍ ഉരുണ്ടു വീണു. ആ സമ്മേളനത്തിന്റെ മുഖ്യ ശില്‍പി പി.എ സെയ്തു മുഹമ്മദായിരുന്നു. ഉബൈദിനെ പൊന്നാടയണിയിച്ച് ആദരിക്കണമെന്ന ആശയം സമ്മേളനത്തില്‍ മുന്നോട്ടുവെച്ചത് അഭിവന്ദ്യനായ സി.എച്ച് മുഹമ്മദ് കോയ സാഹിബാണ്.
തിരൂരില്‍ നിന്ന് കാസര്‍കോട്ട് തീവണ്ടി ഇറങ്ങിയ ഉബൈദ് മാസ്റ്ററെ നൂറിലധികം കാറുകളുടെ അകമ്പടിയോടെ നഗരം ചുറ്റി തളങ്കരയില്‍ സമാപിക്കുമ്പോള്‍ ആ വിശുദ്ധ ഹൃദയം എത്ര തരളിതമാണെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നു. രാവേറെ ചെല്ലുവോളം കലാപരിപാടികള്‍, മുശായിറ, പ്രഗത്ഭരുടെ പ്രഭാഷണങ്ങള്‍...
മാപ്പിളപ്പാട്ട് അതിന്റെ ശുദ്ധ സങ്കല്‍പ്പത്തില്‍ ചില ഗാനങ്ങള്‍ ബാല്യത്തില്‍ ആലപ്പുഴ റംല ബീഗം ആലപിച്ചത് ശ്രവിച്ചിട്ടുണ്ടെങ്കിലും ഉബൈദ്ച്ച താളമിട്ട് കൊടുക്കുന്നതും എസ്.എം മുഹമ്മദ് കോയ പാടുന്നതും ഞാന്‍ സാകൂതം വീക്ഷിച്ചു. കെ.എസ് സുലൈമാന്‍ ഹാജിയുടെ മകളുടെ നിക്കാഹിന്. നാലോ അഞ്ചോ ദിവസത്തെ വിപുലമായ ആഘോഷമായിരുന്നു ആ കല്ല്യാണം. പുതിയാപ്ല അമീര്‍ എന്റെ ശിഷ്യ ഗണത്തില്‍ ഒരാളും ചില നാടകങ്ങളില്‍ അമീര്‍ തല കാണിച്ചതായാണ് ഓര്‍മ്മ. അതോ റിഹേഴ്‌സലില്‍ വരെ വന്നു.
ടി.എ മഹ്മൂദിന്റെ കലഹം സഹിക്കാതെ ഇട്ടിട്ടു പോയതോ? ഒരു ഹാര്‍മോണിയപ്പെട്ടിയും ഉസ്മാന്‍ സാഹിബിന്റെ വിദഗ്ധ തബലയും ഗഞ്ചിറയും മാത്രം. വൈദ്യരുടെ ഇശലുകള്‍ കോയ ആലപിക്കുന്നത് തനി നാടന്‍ തേന്‍ കോരിത്തരും മട്ടിലാണ്. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നത്തെ റിയാലിറ്റി ഷോകളിലെ മാപ്പിളപ്പാട്ടുകള്‍ സൃഷ്ടിക്കുന്ന ആരവം ചെവികളില്‍ പുണ്ണ് സൃഷ്ടിക്കുന്നു.
പി. സീതിക്കുഞ്ഞി
സത്യം പറയാമല്ലോ; ഉബൈദ്ച്ചയേക്കാള്‍ ഞാന്‍ സ്‌നേഹിച്ചത് സീതിക്കുഞ്ഞിച്ചയെ ആണ്. ഉബൈദിച്ചക്ക് പെട്ടന്ന് ശുണ്ഠിവരും. സീതിക്കുഞ്ഞി നാം രണ്ടു കൊടുത്താലും നിശബ്ദം കൈകെട്ടി സഹിക്കും. മാണിക്യമലര്‍ എനിക്കിഷ്ടപ്പെട്ട ഒരു ബൈത്തായിരുന്നു.
നിരവധി കാതുകുത്തു കല്ല്യാണങ്ങളിലും മൈലാഞ്ചി രാവുകളിലും പി. സീതിക്കുഞ്ഞിയുടെ രചനകള്‍ ആസ്വദിക്കാന്‍ മാത്രം ഞാനും അഹ്മദും പോവും. അഹ്മദിനും സ്വന്തം പിതാവിനോടെന്ന വാത്സല്യവും ഭക്തിയും പി. സീതിക്കുഞ്ഞിയോടുണ്ടായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി ഓര്‍മ്മകള്‍ എനിക്കുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത് തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ ഉബൈദ് നഗറില്‍ സാഘോഷം കൊണ്ടാടുമ്പോള്‍ പ്രധാന വേദിയിലെ കവി സമ്മേളനത്തില്‍ പി. സീതിക്കുഞ്ഞിയും ഉണ്ടായിരിക്കണം. കെ.എം അഹ്മദ് സീതിച്ചയെ തിരയാത്ത സ്ഥലമില്ല. അഹ്മദിന്റെ പെട്ടന്നുള്ള ശുണ്ഠിയും പ്രശസ്തമാണ്.
നീയെന്ത്ടാ കളിക്ക്‌ന്നെ... സീതിച്ചാനെ തപ്പ്ടാ... അഹ്മദ് എന്നെ ശുണ്ഠി കേറ്റി തിരഞ്ഞ് തിരഞ്ഞ് ഒരു ക്ലാസ്‌റൂമിനുള്ളില്‍ അടക്ക ചവക്കുന്നതിനിടെ എന്റെ പ്രിയപ്പെട്ട കവിയെ ഞാന്‍ കണ്ടെത്തി.
ആ ഹൃദയം തുളുമ്പുന്ന നിഷ്‌കളങ്ക ചിരി നാലു ദശകങ്ങള്‍ക്കു ശേഷവും എന്നില്‍ പൂര്‍ണ്ണ നിലാവു പോലെ തെളിയുന്നു.
മോനെ നീ നിര്‍ബന്ധിക്കല്ല... കുഞ്ഞിരാമന്‍ നായരും ഇടശ്ശേരിയും ഇരിക്കുന്ന സ്റ്റേജില്‍ ഞാന്‍ ഇരിക്കില്ല. എനിക്കതിനുള്ള യോഗ്യതയില്ല കുഞ്ഞി...
ഹൊ ആ വിനയം എന്നെ അത്ഭുതപ്പെടുത്തി.
തളങ്കരയില്‍ ഉബൈദ് നഗറില്‍ ഈ കവി സമ്മേളനം വെച്ചത് സീതിച്ചാനെപ്പോലുള്ള കവികളെ പ്രധാനവേദിയില്‍ മഹാകവികള്‍ക്കൊപ്പം ഇരുത്താനാണ് വന്നേ തീരു. ജബ്ബാറാണ് വിളിക്കുന്നതെന്ന് നിരീക്കണം... കല്ലിനെ മറിച്ചിടാം കൊടുങ്കാറ്റിനെ തടുത്തു നിര്‍ത്താം. സീതിക്കുഞ്ഞി എന്ന മഹാനായ കവിയുടെ ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഞാനും കെ.എം അഹ്മദും തോറ്റു പോയി.
വടകര പി.ടി അബ്ദു റഹ്മാന് ശേഷമാണ് പി. സീതിക്കുഞ്ഞിയെ അധ്യക്ഷന്‍ അക്കിത്തം വിളിച്ചത്. മുറുക്കാന്‍ തുളുമ്പുന്ന ചുണ്ടുകള്‍ തുടച്ച് ശുഭ്ര തട്ടം കഴുത്തിലൂടെ ചുറ്റി സീതിച്ച മൈക്കിന് മുന്നില്‍ വന്നത് പതുങ്ങി പതുങ്ങിയാണ്.
ആ കവിതാലാപനം എന്റെ കാതില്‍ മുഴങ്ങുന്നു. മാപ്പിളപ്പാട്ട് വൃത്തത്തില്‍ അതിമനോഹരമായി കവിത ചൊല്ലി സീതിച്ച ഇറങ്ങിയപ്പോള്‍ കെ.എ കൊടുങ്ങല്ലൂര്‍ ആള്‍ ഇന്ത്യ റേഡിയോ ഡെസ്‌കില്‍ നിന്നിറങ്ങി വന്ന് ആശ്ലേഷിച്ചു. പാവം സീതിക്കുഞ്ഞി ശിശുവിനെപ്പോല്‍ കരയുകയായിരുന്നു. ഒ.എന്‍.വി എന്നെ തൊട്ടുവിളിച്ചു.
ആരാണീക്കവി...
ഞങ്ങളുടെ കാസര്‍കോടന്‍ കവികുലത്തിലെ അഭിമാനമാണതെന്ന് മാത്രം ഞാന്‍ പറഞ്ഞു. എല്ലാ കവികളും സീതിച്ചാനെ വന്ദിച്ചു. തിരിച്ചദ്ദേഹം ലജ്ജാവിവശനായി തിക്കിലും തിരക്കിലും എന്നോടാവശ്യപ്പെട്ടു.
ലേസം നീര് തായോ...
ഞാന്‍ കാന്റീനിലേക്കോടി. പി.എം മുഹ്‌യുദ്ദീന്‍ മാഷായിരുന്നു കാന്റീന്‍ ചുമതല. ഞാന്‍ ആവശ്യം പറഞ്ഞു. ഒരു ഗ്ലാസ് ചൂടു വെള്ളവുമായി ഞാന്‍ ഓടിവന്നു. വാങ്ങിക്കുടിച്ചു.
അല്‍ഹംദുലില്ലാ...
എന്റെ കണ്ണു നനയുന്നു. കണ്ണീരില്‍ ചാലിച്ചല്ലാതെ അടുത്ത കുറിപ്പ് എനിക്കാവില്ല. കാരണം; ജബ്ബാര്‍ (സീതിച്ചായുടെ പുത്രന്‍) ഒരു നാള്‍ പറഞ്ഞു. ഉപ്പാക്ക് സുഖമില്ല. മാലിക്ദിനാറില്‍ അഡ്മിറ്റാണ്.
ഞാന്‍ അഹ്മദിനോടന്വേഷിച്ചു. അഹ്മദിന്റെ കണ്ണ് നിറഞ്ഞു. ആ രോഗത്തിന്റെ കാഠിന്യം ഞാന്‍ മനസ്സിലാക്കി. പി.എസ് ഹമീദ് കലാ രംഗത്തുണ്ടെങ്കിലും കൊച്ചു കുട്ടിയാണ്. ഞാന്‍ മാലിക് ദീനാര്‍ ആസ്പത്രിയില്‍ ചെല്ലുമ്പോള്‍ വിളറിയ മുഖത്തോടെ ഹമീദുണ്ട്. മുറിയില്‍ കയറി ഞാന്‍ എന്റെ പ്രിയപ്പെട്ട സീതിച്ചായെ കണ്ടു. മൂക്കിലും വായിലും കുഴലുകള്‍. വേദന സഹിയാതെ ആ നിഷ്‌കളങ്ക ഹൃദയം തേങ്ങിവലയുന്നു. എന്നെ കണ്ടില്ല. എനിക്ക് കരയാതിരിക്കാന്‍ നിയന്ത്രിക്കേണ്ടി വന്നു. മൂന്നാം നാള്‍ ഞാനറിഞ്ഞു. പി. സീതിക്കുഞ്ഞി മരണപ്പെട്ടു. എനിക്കും കെ.എം അഹമ്മദിനും ഉബൈദിന്റെ മരണശേഷം നേരിടേണ്ടി വന്ന വലിയൊരു ആഘാതമായിരുന്നു അത്. കാരണം സാഹിത്യ ലോകത്ത് അദ്ദേഹം അത്ര പ്രശസ്തനൊന്നും അല്ലായിരുന്നു. പക്ഷെ; ആ നിഷ്‌കളങ്കത, സ്‌നേഹം,വാത്സല്യം ഞങ്ങള്‍ക്ക് അമൃത നിധികുംഭങ്ങളായിരുന്നു.
ഇന്നും പി.എസ് ഹമീദിന്റെ ഹനീഫ്ച്ചാ എന്ന സ്‌നേഹ നിര്‍ഭരമായ വിളി കേള്‍ക്കുമ്പോള്‍ ഞാനോര്‍മ്മിക്കുന്നത് സീതിച്ചായുടെ നിര്‍മ്മല മുഖവും ആ ചിരിയുമാണ്.
അകാലത്തില്‍ എന്റെ പ്രിയ സുഹൃത്ത് പി.എസ് അബ്ദുല്‍ ജബ്ബാറും വേര്‍പെട്ടുവെന്നോര്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ വേദനിക്കുന്നു. ഓര്‍മ്മയുടെ അറകളില്‍ ഇത്ര വേദന ഈ അധ്യായത്തില്‍ ഞാന്‍ അനുഭവിച്ചു. കാരണം; നിഷ്‌കളങ്കര്‍ വേര്‍പെട്ട ദുഃഖഭാരത്താല്‍...
(തുടരും)
P.A.M Haneef
The author is a well known drama director and jornalist.Other Articles