ആരോഗ്യരംഗത്ത് സ്‌ട്രോക്ക് വില്ലനാകുന്നുവോ?
ആഗോളതലത്തില്‍ ഹൃദ്രോഗത്തിന് ശേഷം ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന മറ്റൊരു രോഗമാണ് 'സ്‌ട്രോക്ക്', അഥവാ മസ്തിഷ്‌കാഘാതം. ഇതുണ്ടാകുന്ന 100 പേരില്‍ 30 പേര്‍ മരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതിനോടൊപ്പം കേരളത്തില്‍ 50 വയസ്സിനു താഴെയുള്ളവരില്‍ 20 ശതമാനം പേരുടെയും മരണത്തിന് കാരണം സ്‌ട്രോക്ക് ആണ് എന്നും കൂടി കൂട്ടി വായിക്കേണ്ടതുണ്ട്. അതത്ര നിസ്സാരമാക്കേണ്ട കാര്യമല്ലെന്നത് വസ്തുതയാണ്.
മനുഷ്യരിലുണ്ടാവുന്ന ഒരു വശം തളരല്‍, നടക്കാനോ (ഉശമെയശഹശ്യേ) മറ്റോ ഉള്ള ബുദ്ധിമുട്ട് തുടങ്ങിയവയുടെ ഏറ്റവും പ്രധാന കാരണവും സ്‌ട്രോക്ക് തന്നെയാണ്. രക്തസമ്മര്‍ദ്ദം (ആഹീീറ ുൃലൗൈൃല) കൂടിയിട്ടോ, രക്തം കട്ട (ഇഹീ)േ പിടിച്ചിട്ടോ തലച്ചോറിനകത്തേക്കുള്ള രക്തയോട്ടത്തില്‍ പ്രശ്‌നമുണ്ടാവുകയും തന്മൂലം തലച്ചോറിലെ കോശങ്ങള്‍ക്കുണ്ടാവുന്ന മരണവുമാണ് മനുഷ്യനെ മസ്തിഷ്‌കാഘാതം എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നത്.
പുരുഷന്‍മാരില്‍ അഞ്ചാമത്തെ ഏറ്റവും വലിയ മരണകാരണമാണ് സ്‌ട്രോക്ക് എന്നിരിക്കേ, സ്ത്രീകളുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണിത്. സ്‌ട്രോക്കുണ്ടാകുന്ന 100 സ്ത്രീകളില്‍ 40 പേര്‍ മരണത്തിനു കീഴടങ്ങുന്നു. അതായത് സ്തനാര്‍ബുദം മൂലം മരിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി കൂടുതലാണെന്നതാണ് സാരം.
ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍, അതായത് മധ്യവയസ്‌കകളിലാണ് സ്‌ട്രോക്ക് സാധ്യത കൂടുതലായി കണ്ടുവരുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തന്നെയാണ് മിക്കവരിലും രോഗകാരണം.
ഗര്‍ഭിണികളിലും ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നവരിലും ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി ചികിത്സ നടത്തിയവരിലും മൈഗ്രേയ്ന്‍ ഉള്ളവരിലും സ്‌ട്രോക്ക് സാധ്യത വളരെ കൂടുതലാണ്.
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും ജീവിതവും തന്നെ താളം തെറ്റിക്കാന്‍ സ്‌ട്രോക്കിനു കഴിയും. വ്യക്തമായ ആശയ വിനിമയം നടക്കാത്തതിനാലും വേണ്ട ശ്രദ്ധ നല്‍കാത്തതിനാലും മസ്തിഷ്‌കാഘാത മരണ നിരക്ക് ഉയര്‍ത്തുന്നു. എന്നാല്‍ ആതുര ശുശ്രൂഷാ രംഗത്ത് മെഡിക്കല്‍ സയന്‍സ് ഇത്രയും പുരോഗമിച്ച ഈ കാലത്ത് സ്‌ട്രോക്കിനെക്കുറിച്ചും അതിനെതിരെയുള്ള പ്രതിവിധികളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും പലര്‍ക്കും അറിയില്ലെന്നാണ് വാസ്തവം.
സ്‌ട്രോക്ക് സംഭവിച്ച് തലച്ചോറിനുള്ളില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനു മുമ്പ് തന്നെ അതിനെ തരണം ചെയ്യാനുള്ള മരുന്നുകളും ചികിത്സകളും ഇന്ന് ലഭ്യമാണ്. സ്‌ട്രോക്ക് ആണെന്നറിഞ്ഞാല്‍ എത്രയും പെട്ടെന്ന് അതായത് ഒന്നരമണിക്കൂറിനുള്ളില്‍ രോഗിയെ ഒരു സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ പൂര്‍ണ്ണമായും ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ സാധിക്കും. ഇനിയൊരു പക്ഷെ ആസ്പത്രിയിലെത്തിക്കാനുള്ള സമയം 3 മണിക്കൂറായാല്‍ രോഗി പഴയ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത 50 ശതമാനത്തില്‍ താഴെയായി കുറയും. ഈ സമയത്തിലും കൂടുതല്‍ താമസിച്ചാല്‍ പിന്നീട് മരുന്ന് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. കാരണം അപ്പോഴേക്കും തലച്ചോര്‍ പ്രവര്‍ത്തനരഹിതമായിക്കാണും.
സ്‌ട്രോക്ക് എങ്ങനെ തിരിച്ചറിയാം?
മരണത്തിന്റെ 70 ശതമാനവും ഉണ്ടാകുന്നത് ആദ്യത്തെ സ്‌ട്രോക്കില്‍ തന്നെയാണെന്നതിനാല്‍, ഇതിന്റെ ലക്ഷണങ്ങള്‍ നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പെട്ടെന്നുണ്ടാവുന്ന തലവേദന, തലകറക്കം, കാഴ്ച്ചക്കുറവ്, കണ്ണുകളില്‍ ഇരുട്ട് കയറല്‍, നേരെ നോക്കാനുള്ള ബുദ്ധിമുട്ട്, നടക്കുമ്പോള്‍ വേച്ചു വേച്ച് പോവുക, ബോധം മറയുക, ഛര്‍ദ്ദി, ശ്വാസംമുട്ടല്‍, ഇക്കിള്‍, നെഞ്ചിന് ഭാരം തോന്നുക, ക്ഷീണം, അപസ്മാരം തുടങ്ങിയവ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ സ്‌ട്രോക്ക് ആണോ എന്ന് ഉറപ്പിക്കാനായി വീട്ടില്‍ വെച്ച് തന്നെ മൂന്ന് ടെസ്റ്റുകള്‍ ചെയ്ത് നോക്കാവുന്നതാണ്. ആദ്യത്തേത് അവരോട് ചിരിക്കാന്‍ പറയുക. സാധാരണ ഒരു മനുഷ്യന്‍ ചിരിക്കുമ്പോള്‍ മുഖത്തിലെ രണ്ട് ഭാഗത്തെ മസിലുകളും ഒരേപോലെ വികസിക്കും. എന്നാല്‍ സ്‌ട്രോക്ക് ഉണ്ടായാല്‍ സ്‌ട്രോക്ക് ഉണ്ടായ ഭാഗത്തിന്റെ എതിര്‍വശം കോടിപ്പോകുന്നതായി കാണാന്‍ സാധിക്കും. രണ്ടാമത്തേത് അവരോട് രണ്ട് കൈകളും ഒരേപോലെ ഉയര്‍ത്താന്‍ പറയുക, സ്‌ട്രോക്ക് ആണെങ്കില്‍ അതിന്റെ എതിര്‍ഭാഗത്തെ കൈകള്‍ താഴ്ന്നു പോവും. മൂന്നാമത്തേത് അവരോട് സംസാരിക്കാന്‍ പറയുക, സ്‌ട്രോക്ക് ഉള്ള രോഗിയാണെങ്കില്‍ വാക്കുകള്‍ കുഴഞ്ഞു പോകുന്നത് കാണാന്‍ പറ്റും.
ഈ മൂന്നു ടെസ്റ്റുകളും പോസിറ്റീവ് ആണെന്നറിഞ്ഞാല്‍ അതിവേഗം രോഗിയെ അടുത്തുള്ള സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ എത്തിക്കേണ്ടതാണ്. കാരണം ഒന്നര മണിക്കൂറിനുള്ളില്‍ രോഗിക്ക് വൈദ്യസഹായം ലഭ്യമായാല്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പറ്റുമെന്നുള്ളത് ഓര്‍ത്തു വെക്കുക. രോഗികള്‍ക്ക് ലഭിക്കേണ്ട ശ്രദ്ധയും പരിചരണവും കുറഞ്ഞുപോകുന്നതുകൊണ്ടും മിനി സ്‌ട്രോക്ക് പോലെയുള്ള സൂചനകള്‍ അവഗണിക്കുന്നതു കൊണ്ടുമാണ് ഇവരില്‍ മസ്തിഷ്‌കാഘാത മരണനിരക്ക് ഉയരുന്നത്.
മസ്തിഷ്‌കാഘാതം തടയാനുള്ള പ്രധിവിധികള്‍ ഇനി പറയുന്നവയാണ്. ഗര്‍ഭിണികള്‍ പതിവായി രക്തസമ്മര്‍ദം പരിശോധിക്കുക, രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുക, അന്‍പത് വയസിനു മുകളിലുള്ളവര്‍ സ്‌ട്രോക്കിന്റെ അപകടഘടകങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. പുകവലിശീലം ഒഴിവാക്കുക, പ്രത്യേകിച്ചു മൈഗ്രൈന്‍ ഉള്ള രോഗികള്‍.
സ്‌ട്രോക്ക് സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ കൃത്യമായി നടത്തുക.
ഇതോടൊപ്പം തന്നെ ചിട്ടയായ ഭക്ഷണശീലവും വ്യായാമവും അനുവര്‍ത്തിക്കുന്നത് മൂലവും സ്‌ട്രോക്ക് സാധ്യത കുറയ്ക്കാന്‍ കഴിയുകയും ഇതു മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും.
ശ്രദ്ധിക്കുക; സ്‌ട്രോക്ക് അത്ര നിസ്സാരക്കാരനല്ല.
Hasher Kodiyamma
writterOther Articles