മോട്ടോര്‍ വ്യവസായ സംരക്ഷണത്തിന് ഗതാഗത നയം വേണം...
രാജ്യത്തെ പ്രധാനപ്പെട്ട വ്യവസായ മേഖലയാണ് മോട്ടോര്‍ വ്യവസായം. രാജ്യത്തെ നിലനില്‍പ്പിനും തൊഴിലാളികളുടെയും ഉടമകളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വ്യവസായം നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ രാജ്യം ഭരിക്കുന്ന ഭരണാധികാരികളാവട്ടെ വിരലിലെണ്ണാവുന്ന കുത്തക മുതലാളിമാരെ സഹായിക്കുന്നതിനായി സ്വീകരിച്ച് വരുന്ന നയത്തിന്റെ ഫലമായി വ്യവസായം തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നു.
രാജ്യത്ത് നിലവിലുണ്ടായിരുന്ന മോട്ടോര്‍ വാഹന നിയമത്തില്‍ 1988ലാണ് അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് മാറ്റം വരുത്തിയത്. നിയമത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനമുണ്ടായപ്പോള്‍ തന്നെ സി.ഐ.ടി.യു സംഘടന വ്യക്തമായ നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനം നല്‍കിയതാണ്. എന്നാല്‍ ഗവണ്‍മെന്റാകട്ടെ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, അവര്‍ ഉദ്ദേശിച്ച രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. അന്ന് അതിനെതിരെ സംഘടന ശക്തമായ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് സംഘടനകളോ വാഹന ഉടമകളോ നിയമം നടപ്പായാല്‍ ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സമരത്തെ സഹായിക്കാന്‍ തയ്യാറായില്ല. നിയമം രാജ്യത്ത് നടപ്പായതിന്റെ ഫലമായി വാഹനനിര്‍മ്മാണ കമ്പനികള്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്ന ചെയ്‌സസുകള്‍ ഇഷ്ടം പോലെ വിറ്റഴിക്കാനും ലാഭം കുന്നുകൂട്ടാനും കഴിഞ്ഞു. വാഹനപ്പെരുപ്പം നാള്‍ക്കുനാള്‍ വര്‍ധിച്ചുവെന്നല്ലാതെ സാധാരണ ജനങ്ങള്‍ക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷങ്ങളാണ് ഉണ്ടായത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വ്യവസായം തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും ഒന്നിച്ചു കൊണ്ട് ആവശ്യമായ മാറ്റം വരുത്തണമെന്നും വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് സമരരംഗത്ത് വന്നത്.
എന്നാല്‍ അതിന് ശേഷം അധികാരത്തിലുണ്ടായിരുന്ന യു.പി.എ ഗവണ്‍മെന്റും നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ലെങ്കിലും നടപ്പാക്കുന്ന കാര്യത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. എന്നാല്‍ 2014ല്‍ അധികാരത്തില്‍ വന്ന ബി.ജെ.പി ഗവണ്‍മെന്റാകട്ടെ നിയമം മാറ്റുന്നതിന് പകരം കൂടുതല്‍ ദോഷകരമാകുന്ന രീതിയില്‍ രൂപത്തിലും ഭാവത്തിലും നിയമം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. റോഡ് സുരക്ഷാ ബില്ല് എന്ന പേരില്‍ പുതിയ ബില്ല് കൊണ്ടു വരാനാണ് ഗവണ്‍മെന്റ് ശ്രമിച്ചത്. അതിനെയും മറ്റ് സംഘടനകളുമായി യോജിച്ച് കൊണ്ട് സമരരംഗത്ത് വരാന്‍ സി.ഐ.ടി.യു തയ്യാറായി. പല ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ വന്നപ്പോള്‍ നിയമത്തിലെ പല ഭാഗങ്ങള്‍ ഘട്ടങ്ങളായി സര്‍ക്കുലര്‍ വഴി സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ നിര്‍ബന്ധിക്കുകയും പേരില്‍ വീണ്ടും മാറ്റം വരുത്തി മോട്ടോര്‍ വാഹന നിയമ ഭേദഗതി എന്നാക്കി മാറ്റുകയും ചെയ്തു എന്നല്ലാതെ മറ്റൊരു ഗുണവും അതിലില്ല. ഇതിന്റെയൊക്കെ ഫലമായി വ്യവസായം ഓരോ ദിവസവും തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പൊതുഗതാഗത മേഖല പാടെ തകര്‍ന്നു പോയി. ഇതിന്റെ ഫലമായി രാജ്യത്തെ നല്ല ശതമാനം വരുന്ന സാധാരണക്കാരായ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചെറുതല്ല. ഈ രംഗത്തുള്ള തൊഴിലാളികളും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളും വാഹന ഉടമകളും അനുബന്ധ തൊഴിലാളികളുമെല്ലാം വ്യവസായം നേരിടുന്ന തകര്‍ച്ചയുടെ ഫലമായി കഷ്ടപ്പെടുകയാണ്. പൊതുഗതാഗത മേഖല തകരുന്നതിന്റെ ഭാഗമായി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പലതും നിര്‍ത്തലാക്കുന്നു. ഇതിന്റെ ഫലമായി വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി. ടാക്‌സികളും ഓട്ടോ റിക്ഷകളും ചരക്ക് വാഹനങ്ങളും സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയിലായി. സ്വയം തൊഴിലായി കണ്ട് ഈ രംഗത്ത് വന്ന ഒട്ടേറെ തൊഴിലാളികള്‍ ടാക്‌സി രംഗത്തും ഓട്ടോ റിക്ഷ രംഗത്തും ജോലി ചെയ്ത് ഉപജീവനം നടത്തിയവര്‍ ഇന്ന് ജോലി ചെയ്ത് ജീവിക്കാനാവശ്യമായ സാഹചര്യമില്ലാതെ കഷ്ടപ്പെടുകയാണ്. അതു കൊണ്ട് തന്നെ നിലവിലുള്ള നിയമത്തിനനുസരിച്ച് സര്‍വ്വീസ് നടത്താതെ എങ്ങനെയെല്ലാം വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് നോക്കുന്നത്. നിയമത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒരു ഭാഗത്ത് നിലനില്‍ക്കുമ്പോള്‍ മറുഭാഗത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് ഒരു രീതിയിലും അംഗീകരിക്കാനാവാത്ത നില തുടരുകയാണ്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം വര്‍ധിപ്പിക്കാനുള്ള അധികാരം ഗവണ്‍മെന്റ് നല്‍കിയത് കൊണ്ട് ഓരോ വര്‍ഷവും പതിന്മടങ്ങാണ് തുക വര്‍ധിപ്പിക്കുന്നത്. ഇതെല്ലാം ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ വാഹന ഉടമകളും വ്യവസായം നേരിടുന്ന തകര്‍ച്ചയുടെ ഫലമായി ചെയ്യുന്ന ജോലിക്ക് അര്‍ഹതപ്പെട്ട വേതനം ലഭിക്കാതെയും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് കൊണ്ട് കുടുംബം പോറ്റാന്‍ കഴിയാതെ തൊഴിലാളികളും ദുരിതമനുഭവിക്കുമ്പോള്‍ നിലവിലുള്ള യാത്രാ സൗകര്യങ്ങള്‍ നാള്‍ക്കുനാള്‍ നഷ്ടപ്പെടുന്നത് കൊണ്ട് വിദ്യാര്‍ത്ഥികളടക്കമുള്ള സാധാരണക്കാരായ യാത്രക്കാര്‍ നേരിടുന്ന ദുരിതവും ചെറുതല്ല. വാഹന നിര്‍മ്മാണ കമ്പനികളാവട്ടെ ഇഷ്ടം പോലെ വാഹനം നിര്‍മ്മിക്കുകയും അത് വിറ്റഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ പുതിയ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി വാഹനപ്പെരുപ്പം കൂടിക്കൂടി വരികയാണ്. ഒരു മാനദണ്ഡവുമില്ലാതെയാണ് വാഹനങ്ങള്‍ പെരുകുന്നത്. ഇതിനെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദൂരഭാവിയില്‍ രാജ്യം വലിയ തോതിലുള്ള ദുരിതമനുഭവിക്കേണ്ടി വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാഹനങ്ങളോടാനാവശ്യമായ ഡീസലും പെട്രോളും നമ്മുടെ രാജ്യത്ത് ഇല്ലയെന്നതും അതിന് മറ്റ് രാജ്യത്തെയാണ് ആശ്രയിച്ചു കൊണ്ടിരിക്കുന്നത് എന്നതും കാണാതിരിക്കരുത്. ഈ സ്ഥിതി തുടര്‍ന്നാല്‍ എത്ര വില കൊടുത്താലും കിട്ടാത്ത ഒരു വസ്തുവായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മാറും. അങ്ങനെ വന്നാല്‍ ഇന്ത്യ പോലുള്ള രാജ്യത്തിന്റെ സ്ഥിതി എന്താകുമെന്ന് മനസ്സിലാക്കി ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ തയ്യാറാവണം. കുത്തക മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാന്‍ മാത്രം ഉപകരിക്കുന്ന നിലവിലുള്ള നിയമത്തിന് ആവശ്യമായ മാറ്റം വരുത്തിയേ മതിയാകു. എല്ലാ മേഖലകളിലും നയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗവണ്‍മെന്റ് പ്രധാനപ്പെട്ട വ്യവസായമായ മോട്ടോര്‍ വ്യവസായത്തെ രക്ഷിക്കാന്‍ ഗതാഗത നയം ഉടനെ നടപ്പിലാക്കിയെ തീരു. അതുകൊണ്ട് വ്യവസായം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന തകര്‍ച്ചയെ തടയാനും തൊഴിലാളികളെയും പൊതുജനങ്ങളെയും ദുരിതമകറ്റാനും ചെറുകിട വാഹന ഉടമകളെയും അനുബന്ധ തൊഴിലാളികളെയും വ്യവസായത്തെയും രക്ഷിക്കാനാവശ്യമായ ഗതാഗതനയം രൂപീകരിക്കാന്‍ രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് തയ്യാറാവണം.
(മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറിയും ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ് ലേഖകന്‍. ഫോണ്‍: 9447185650)
Girikrishnan
writterOther Articles