അഹ്മദ് അലി സഖാഫി; പൊലിഞ്ഞത് പാണ്ഡിത്യത്തിന്റെ നിറകുടം
ഒരു ഞെട്ടലോടെയാണ് മൊഗ്രാല്‍ ഇശല്‍ ഗ്രാമം ബലിപെരുന്നാള്‍ ആഘോഷത്തിനിടെ അഹ്മദ് അലി സഖാഫിയുടെ മരണ വാര്‍ത്ത കേള്‍ക്കുന്നത്. ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതും പെരുന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വിയോഗം. മാങ്ങാട് കുളിക്കുന്ന് ജുമാ മസ്ജിദില്‍ ഖത്തീബായി ജോലി ചെയ്തുവരുന്നതിനിടെയാണ് അഹ്മദ് അലി സഖാഫിയെ മരണം തട്ടിയെടുത്തത്. ബലിപെരുന്നാള്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീഴുന്നതും മംഗളുരു സ്വകാര്യ ആസ്പത്രിയില്‍ വെച്ച് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നതും. മരിക്കുമ്പോള്‍ 48 വയസ്സ് മാത്രമായിരുന്നു ആ മഹാ പണ്ഡിതന്റെ പ്രായം.
അഹ്മദ് അലി സഖാഫി പുത്തിഗെ മുഗു സ്വദേശി ആണെങ്കിലും മൊഗ്രാലില്‍ സ്ഥിര താമസമായിട്ട് 17 വര്‍ഷങ്ങളോളമായി. ഖുത്ബി നഗറിലെ പരേതനായ മൊയ്ദീന്‍ കുഞ്ഞിയുടെ മകള്‍ കദീജാബിയാണ് ഭാര്യ. വിവാഹ ശേഷം മൊഗ്രാലില്‍ സ്വന്തമായി സ്ഥലം വാങ്ങി വീട് പണിയുകയും സ്ഥിര താമസക്കാരനായി മാറുകയുമായിരുന്നു. ഇതു വഴി മൊഗ്രാല്‍ പ്രദേശവാസികളുമായി നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
ഒരു പണ്ഡിതനുണ്ടായിരിക്കേണ്ട എല്ലാ വിശേഷണങ്ങളും അദ്ദേഹത്തില്‍ തെളിഞ്ഞിരുന്നു. അത് അദ്ദേഹം പ്രവര്‍ത്തിയില്‍ തെളിയിച്ചിരുന്നു. സഖാഫി ബിരുദ പഠന സമയത്ത് തന്നെ പ്രമുഖ പണ്ഡിതന്മാരുടെ മുന്‍ നിരയില്‍ സ്ഥാനം പിടിക്കാന്‍ അഹ്മദ് സഖാഫിക്ക് കഴിഞ്ഞിരുന്നു. കുറഞ്ഞ സംസാരവും ചിട്ടയാര്‍ന്ന പുഞ്ചിരിയുമായി ഇടപെടുന്ന ഈ മഹാമനസ്‌കന്‍ ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല. ഒപ്പം സാമ്പത്തിക നേട്ടമോ, ഭൗതിക മോഹങ്ങളോ, ആ ജീവിതത്തെ തൊട്ടു തീണ്ടിയിട്ട് പോലുമില്ലായിരുന്നു.
മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ഖതീബായി 6 വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നു. ഈ കാലയളവില്‍ അദ്ദേഹം മഹല്ലുകാര്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മതിലുകള്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇതൊക്കെ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പാണ്ഡിത്യത്തിന്റെ ഉദാഹരണം മാത്രം. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ നിവാസികള്‍ക്ക് അദ്ദേഹം പകര്‍ന്നു നല്‍കിയ സ്‌നേഹം ഒരിക്കലും മായിച്ചു കളയാന്‍ സാധിക്കില്ല. അത് അത്ര മാത്രം വലുതായിരുന്നു.
ചെറു പ്രായത്തിലും ചെറു കാലയളവിലും തന്നെ ജില്ലയുടെയും കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലും അഹ്മദ് സഖാഫി ഖത്തീബായും മദ്രസ അദ്ധ്യാപകനുമായൊക്കെ (സദര്‍ മുഅല്ലിം) സേവനമനുഷ്ടിച്ചു. ബദിയടുക്ക, നക്കരെ, ചെട്ടുംകുഴി, കര്‍ണാടകയിലെ ഈശ്വരമംഗലം സഅദിയ്യ നെല്ലിക്കുന്ന്, മുഹിമ്മാത്ത് എന്നിവിടങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സേവനം ഉണ്ടായിരുന്നു. ആ മഹാനവര്‍കളെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മനസ്സുകളില്‍ എന്നും അദ്ദേഹം ജീവിച്ചിരിക്കുന്നതില്‍ സംശയമില്ല. തന്നെ സമീപിക്കുന്നവരെ സ്‌നേഹത്തോടെ, ലാളനയോടെ സ്വീകരിച്ചു. അവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹം കാണിച്ചിരുന്ന മഹാ മനസ്‌കത എടുത്തു പറയേണ്ടത് തന്നെയാണ്. അത് കൊണ്ടാണല്ലോ അദ്ദേഹത്തിന്റെ നന്മകള്‍ കണ്ടറിഞ്ഞു കൊണ്ട് മര്‍ഹൂം: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ തന്റെ അടുത്ത പ്രധാന ശിഷ്യനാക്കിയതും.
മൊഗ്രാലിലെ കുടുംബങ്ങള്‍ക്ക് അദ്ദേഹം എല്ലാമായിരുന്നു. ഒരു പിതാവിനു തുല്യനായിട്ടാണ് സഖാഫിയെ കണ്ടിരുന്നത്. എല്ലാ തലത്തിലും വഴിക്കാട്ടിയായിരുന്നു. പ്രതിസന്ധി ഘടകങ്ങളിലൊക്കെ കുടുംബത്തോടൊപ്പം നിന്ന് പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ അദ്ദേഹം ഏറെ പ്രയത്‌നിച്ചിരുന്നു. കാര്യങ്ങള്‍ മനസിലാക്കി സംസാരിക്കാനും പ്രതികരിക്കാനും ശീലിച്ച അദ്ദേഹം പാവപ്പെട്ടവരുടെ വേദന ഗ്രഹിക്കാനും പോംവഴി കണ്ടെത്താനും ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു.
ചെറു പ്രായത്തില്‍ തന്നെ പണ്ഡിത സദസ്സുകളിലെ നിറ സാന്നിധ്യമായി തിളങ്ങി നിന്നിരുന്ന അഹ്മദ് സഖാഫി കേരളക്കര ഒന്നടങ്കം പ്രളയത്താല്‍ മുങ്ങിത്താഴുമ്പോള്‍ ദുരിത ബാധിതര്‍ക്കായി ഓഗസ്റ്റ് 17-ാം തീയതി വെള്ളിയാഴ്ച മാങ്ങാട് കുളിക്കുന്ന് ജുമാ മസ്ജിദില്‍ കരഞ്ഞു കൊണ്ട് നടത്തിയ പ്രസംഗവും പ്രാര്‍ത്ഥനയും നിറ കണ്ണുകളോടെ ഇപ്പോഴും മഹല്ല് നിവാസികള്‍ ഓര്‍ക്കുന്നു. മരണവും ദുരന്തവും തന്നെയായിരുന്നു അന്നത്തെ വിഷയവും.
മഹാനവര്‍കളുടെ വിയോഗം പണ്ഡിത സമൂഹത്തിനും അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്തിനും തീരാ നഷ്ടം തന്നെയാണ്.
സര്‍വശക്തനായ അള്ളാഹു അദ്ദേഹത്തിന് മഖ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ... ആമീന്‍ എന്ന പ്രാര്‍ത്ഥനയോടെ......
എം.എ. മൂസ മൊഗ്രാല്‍
writterOther Articles