വിട പറഞ്ഞത് അറബി അക്ഷരമാലകളും ഖുര്‍ആന്‍ ആയത്തുകളും പകര്‍ന്ന് നല്‍കിയ ഗുരുനാഥന്‍
തളങ്കര പള്ളിക്കാലിലെ മദ്രസയില്‍ പഠിച്ചവര്‍ക്കും ഉബൈദ് സാഹിബിന്റെ സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പള്ളിക്കാല്‍ മുഇസ്സുല്‍ ഇസ്ലാം എ.എല്‍.പി.സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു മുഹമ്മദ് എന്ന ഞങ്ങളുടെ അറബി മാഷ്. എപ്പോഴും പുഞ്ചിരിക്കുന്ന മുഖമാണ് അറബി മാഷിന്റെത്. ഒരിക്കല്‍ പോലും ദേഷ്യപ്പെട്ട് മാഷിനെ കണ്ടിട്ടില്ല. പഴയ തലമുറയില്‍പ്പെട്ടവരെ ഖുര്‍ആന്‍ നന്നായി ഓതാനും അറബി അക്ഷരമാല പഠിക്കാനും ശരിക്കൊന്ന് ഇരുത്തി പഠിപ്പിക്കാന്‍ മാഷിന് വളരെ ഉത്സാഹമായിരുന്നു. ഖുര്‍ആനിന്റെ ചെറിയ ആയത്തുകള്‍ പോലും മണിക്കൂറുകളോളം പഠിപ്പിക്കാനും അത് ഞങ്ങള്‍ ശരിക്ക് പഠിച്ചിട്ടുണ്ടോ എന്നറിയാനും മാഷിന് മാത്രമേ അന്ന് കഴിഞ്ഞിട്ടുള്ളു. പഠിപ്പിക്കാന്‍ മാത്രമല്ല, അച്ചടക്കത്തിന്റെ കാര്യത്തിലും അറബി മാഷ് ഒരു പടി മുന്നില്‍ തന്നെയാണ്. കൃത്യസമയത്ത് തന്നെ മദ്രസയില്‍ എത്തണമെന്ന അദ്ദേഹത്തിന്റെ ശാസന അക്ഷരംപ്രതി വിദ്യാര്‍ത്ഥികള്‍ അനുസരിച്ചിരുന്നു. ഖുര്‍ആന്‍ ഒരു തവണയല്ല പല തവണ കുട്ടികളെ കൊണ്ട് ഓതിപ്പിക്കും. അക്ഷരസ്ഫുടതക്കായി ഇങ്ങനെ ഓതിപ്പിച്ചതിനാല്‍ പലര്‍ക്കും ഖുര്‍ആന്‍ എളുപ്പത്തില്‍ പഠിക്കാനായി. മദ്രസയുടെ മേശവലിപ്പിന് മുകളില്‍ ചൂരല്‍വെച്ചിരിക്കും. പക്ഷേ പലപ്പോഴും അത് വിദ്യാര്‍ത്ഥികളുടെ മേല്‍ പ്രയോഗിച്ചില്ല. കാരണം മാഷിന് അത് വേണ്ടി വന്നില്ല. വെറും പഠനം മാത്രമായിരുന്നില്ല. വീട്ടിലെ പ്രശ്‌നങ്ങളൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. ചെറുപ്പത്തില്‍ ഉപ്പ മരിച്ചു പോയ കുട്ടികളെ മാഷ് പ്രത്യേകമായി ലാളിച്ചിരുന്നു. ആ ലാളന പലപ്പോഴും എനിക്ക് കിട്ടിയിരുന്നു. റമദാനിന് മദ്രസക്ക് അവധി നല്‍കുന്നത് പതിവാണല്ലോ. എന്നാല്‍ അന്നൊക്കെ മാഷ് റമദാന്‍ ഒന്ന് മുതല്‍ 25 വരെ രാവിലെ മദ്രസയില്‍ വരാനും ഖുര്‍ആന്‍ ഓതിപ്പിക്കാനും ഏറെ ഉത്സാഹം കാട്ടിയിരുന്നു. ഇടവേള സമയത്ത് മദ്രസ പരിസരം വൃത്തിയാക്കിയതൊക്കെ ഇന്നലെ നടന്നത് പോലെ മനസ്സിലേക്ക് ഓടിയെത്തുന്നു. അന്തരിച്ച കെ.എം ഹസ്സന്‍ച്ച (അസ്സു ച്ച)യടക്കമുള്ളവര്‍ക്കൊക്കെ ഏറെ പ്രിയങ്കരനായിരുന്നു. അവധി ദിനങ്ങളില്‍ പോലും നാട്ടിലേക്ക് പോകുന്നത് അപൂര്‍വ്വമായിരുന്നു. വെള്ള തുണിയും വെള്ള മുഴുക്കൈ ഷര്‍ട്ടും വെള്ളതൊപ്പിയും ധരിച്ച് പള്ളിക്കാലില്‍ കൂടി നടന്നു പോകുന്ന മാഷിന്റെ ഹൃദയവും വെള്ള പോലെ പരിശുദ്ധമായിരുന്നു. കളങ്കമില്ലാത്ത സ്‌നേഹവും പെരുമാറ്റവും കാരണം ഗുരുശിഷ്യബന്ധം അരക്കിട്ടുറപ്പിച്ചിരുന്നു. പള്ളിക്കാലിലെ ടി. ഉബൈദ് ലൈബ്രറിയില്‍ എത്തി പത്രങ്ങളും പുസ്തകങ്ങളും വായിക്കാനും ദില്‍റുബ ഹോട്ടലില്‍ ചായ കുടിച്ച് അവിടെ ഇരിക്കുന്നവര്‍ക്കൊപ്പം സമകാലിക പ്രശ്‌ന ചര്‍ച്ചയിലൊക്കെ നിറഞ്ഞ് നിന്നിരുന്നു. മദ്രസാപഠനം കഴിഞ്ഞവര്‍ മാഷിനെ മറന്നില്ല. മാഷും പലരും പഠനം കഴിഞ്ഞ് ജോലി തേടിപ്പോവുകയും തിരിച്ചെത്തിയപ്പോള്‍ സ്‌നേഹ സമ്മാനങ്ങളുമായി എത്തി നല്‍കിയപ്പോള്‍ 'നിങ്ങള്‍ നന്നായാല്‍ മതി: അതാണ് എനിക്കേറേ വിലപ്പെട്ട സമ്മാനം'- എന്നായിരുന്നു മറുപടി. മത-വിദ്യാഭ്യാസത്തിന് പുറമേ ഭൗതിക വിദ്യാഭ്യാസത്തിന്റെ ഗൗരവവും മാഷ് അറിയിച്ചിരുന്നു. നന്നായി പഠിച്ച് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഗുണകരമാവുക എന്നതായിരുന്നു മാഷിന്റെ ഉപദേശങ്ങളില്‍ ഒന്ന്. നാട്ടില്‍ നിന്ന് അകന്നെങ്കിലും മാഷിന്റെ മനസ് ഇവിടെയായിരുന്നു. ഒരു പ്രദേശത്തിലെ കുട്ടികള്‍ക്ക് അക്ഷരങ്ങളും അറിവുകളും അച്ചടക്കവും പകര്‍ന്ന് നല്‍കിയ വലിയ ഗുരുനാഥനയാണ് നഷ്ടപ്പെട്ടത്. അദ്ദേഹം പകര്‍ന്ന് തന്ന അക്ഷരവെളിച്ചം അദ്ദേഹത്തിന്റെ ഖബറില്‍ വെളിച്ചം പരത്തും. സ്‌നേഹത്തിന്റെ നിറകുടമായ ഞങ്ങളുടെ ഗുരുനാഥന്‍ യാത്രയായി. ഇനി ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും അറബി വായിക്കുമ്പോഴും തെളിയുക ഞങ്ങളുടെ പ്രിയപ്പെട്ട അറബ് മാഷാണ്. മഗ്ഫിറത്തിനായി പ്രാര്‍ത്ഥനയോടെ...
-ഷാഫി തെരുവത്ത്
Shafi Theruvath
writerOther Articles

  പാട്ട് നിര്‍ത്തി പറന്നകന്നു 'മിഹ്‌റാജ് രാവിലെ കാറ്റ്....'

  പതിവു തെറ്റിച്ച് മത്സരിച്ച് വോട്ട് ചെയ്ത് താരങ്ങള്‍

  പെരുവഴിയിലേക്ക് തള്ളിവിട്ട ഒരമ്മയുടെ കഥയുമായി 'നോവ്'

  5 ദിവസം കൊണ്ട് 10 കോടി; ബാലന്‍ വക്കീല്‍ ഹിറ്റിലേക്ക്...

  ഈ പുരസ്‌ക്കാരം എന്നെ സ്‌നേഹിച്ചവര്‍ക്ക്: പത്മഭൂഷണെക്കുറിച്ച് മോഹന്‍ലാല്‍

  നഷ്ടം നിര്‍മ്മാതാക്കള്‍ക്ക്: ബോക്‌സോഫീസില്‍ വീണത് 114 ചിത്രങ്ങള്‍

  ക്രിസ്തുമസ് നവവത്സരത്തിന് യുവതാര ചിത്രങ്ങള്‍

  ഒടിയന്‍ തീയേറ്ററുകളില്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍

  രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

  കട്ടപ്പനയില്‍ നായകന്‍ ആകേണ്ടിയിരുന്നത് മറ്റൊരു നടന്‍ വെള്ളിപ്പെടുത്തലുമായി വിഷ്ണു

  ഓട്ടര്‍ഷ വിശേഷവുമായി സുജിത് വാസുദേവ്...

  ഗോവ ചലച്ചിത്രമേളയില്‍ ആറ് മലയാളസിനിമകള്‍

  ജയന്‍ മറഞ്ഞു പോയിട്ട് 38 വര്‍ഷങ്ങള്‍...

  ഇന്ദ്രന്‍സിനെ അപമാനിച്ചു; പത്രിഷേധവുമായി ആളൊരുക്കം സംവിധായകന്‍

  ഉണ്ടയുമായി മമ്മുട്ടി കാസര്‍കോട്ട്