ഒരു കളിഭ്രാന്തന്റെ പുലരാത്ത പ്രവചനങ്ങള്‍
മൂന്നു പ്രഗത്ഭ താരങ്ങളുടെ അവസാന ലോക കപ്പാണിത്. മെസ്സി, റൊണാള്‍ഡോ, നെയ്മര്‍. താരപ്പൊലിമയുടെ നിഴലില്‍ മെസ്സിയുടെ അര്‍ജന്റീനയോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലോ നെയ്മറുടെ ബ്രസീലോ കപ്പ് കൊണ്ട് പോകുമെന്ന് ഈയുള്ളവന്‍ സ്വപ്‌നത്തില്‍ പോലും നിനക്കുന്നില്ല. 86 തൊട്ടു കളി വീക്ഷിക്കുന്ന ആളെന്ന നിലയില്‍ എന്റെ ഒരു ചെറിയ പ്രവചനം അനുവാചകരുമായി പങ്കു വെക്കുകയാണ്. ഒന്നുണ്ട്, എല്ലാ പ്രവചനങ്ങള്‍ക്കുമപ്പുറമാണ് ഫുട്‌ബോള്‍. വന്മരങ്ങള്‍ കാറ്റില്‍ കടപുഴകി വീഴുന്നേടത്ത് ചെറുവള്ളികള്‍ പിടിച്ചു നിന്ന ഉദാഹരണങ്ങള്‍ ഫുട്‌ബോളില്‍ ഏറെ.
ഗ്രൂപ്പ് എ.യില്‍ കളിക്കുന്നത് സൗദി അറേബ്യ, റഷ്യ, ഈജിപ്ത്, ജര്‍മ്മനി. മിക്കവാറും റഷ്യ, സൗദി അറേബ്യ മത്സരം ഡ്രോയില്‍ കലാശിക്കും. ഈജിപ്തു ഉറുഗ്വേ മത്സരത്തില്‍ ഉറുഗ്വേ ജയിക്കും. റഷ്യയോടൊപ്പം സൗദിയും നിലം പതിക്കും. ഉറുഗ്വേ ഗ്രൂപ്പ് ചാമ്പ്യനാകും. ഈജിപ്ത് രണ്ടാം സ്ഥാനത്തെത്തും.
ഗ്രൂപ്പ് ബി പോര്‍ച്ചുഗല്‍, സ്‌പെയിന്‍, മൊറോക്കോ, ഇറാന്‍.
പോര്‍ച്ചുഗല്‍ സ്‌പെയിനിനെ കവച്ചു വെക്കും. മൊറോക്കോ ഇറാനെ പിടിച്ചു കെട്ടും. സ്‌പെയിന്‍ മൊറോക്കോയെ കടിഞ്ഞാണിടും. സ്‌പെയിന്‍ രണ്ടാം സ്ഥാനത്തെത്തും. പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാമ്പ്യനാകും.
ഗ്രൂപ്പ് സി ഫ്രാന്‍സ്, ഓസ്‌ട്രേലിയ, പെറു, ഡെന്‍മാര്‍ക്ക്
ആദ്യത്തെ കളിയില്‍ ഫ്രാന്‍സ് ഓസ്‌ട്രേലിയയുടെ മേല്‍ ആധിപത്യം സ്ഥാപിക്കും. പെറു ഡെന്‍മാര്‍ക്ക് മത്സരത്തില്‍ ഡെന്മാര്‍ക്ക് മുന്നിലെത്തും. ഓസ്‌ട്രേലിയയ്ക്കും പെറുവിനും പുറത്തു പോകേണ്ടി വരും. ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യനാകും. ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്തെത്തും. ഗ്രൂപ്പ് ഡി അര്‍ജന്റീന, ഐസ്ലാന്റ്, ക്രൊയേഷ്യ, നൈജീരിയ ഗ്രൂപ്പ് ചാമ്പ്യന്‍ അര്‍ജന്റീന നൈജീരിയ രണ്ടാം സ്ഥാനത്ത്.
ഗ്രൂപ്പ് ഇ ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്റ്, കോസ്റ്റാറിക്ക, സെര്‍ബിയ... ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യനാകും. സ്വിസ് രണ്ടാം സ്ഥാനം അലങ്കരിക്കും. ഗ്രൂപ്പ് എഫ് ജര്‍മ്മനി, മെക്‌സിക്കോ, സ്വീഡന്‍, സൗത്ത് കൊറിയ.
മരണ ഗ്രൂപ്പാണിത്. ജര്‍മ്മനി ഗ്രൂപ്പ് ചാമ്പ്യന്മാരാകും. മെക്‌സിക്കോ രണ്ടാം സ്ഥാനത്തേക്കെത്തും. ഗ്രൂപ്പ് ജി ബെല്‍ജിയം, പനാമ, ടുണീഷ്യ, ഇംഗ്ലണ്ട്... ഗ്രൂപ്പ് ചാമ്പ്യന്‍ ബെല്‍ജിയം. ഇംഗ്ലണ്ട് രണ്ടാമതാകും. ഗ്രൂപ്പ് എച്ച് പോളണ്ട്, സെനഗല്‍, കൊളംബിയ, ജപ്പാന്‍. പോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരാകുമ്പോള്‍ രണ്ടാം സ്ഥാനത്തെത്തുന്നത് കൊളംബിയ.
പ്രീക്വാര്‍ട്ടര്‍ അഥവാ റൗണ്ട് ഓഫ് സിക്സ്റ്റീന്‍.
ഉറുഗ്വേ സ്‌പെയിന്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളും. രണ്ടു തവണ ലോക കപ്പ് നിലനിര്‍ത്തിയ ഉറുഗ്വേ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും.
ഫ്രാന്‍സ് നൈജീരിയ മത്സരത്തില്‍ ഫ്രാന്‍സിനെ തറപറ്റിക്കുക എന്നത് സൂപ്പര്‍ ഈഗിളിനു എളുപ്പമല്ല. ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് പാട്ടും പാടി നടക്കും. ബ്രസീല്‍ മെക്‌സിക്കോ മത്സരത്തില്‍ ബ്രസീല്‍ ജയിക്കും. ബെല്‍ജിയം കൊളംബിയ മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കു പ്രവേശിക്കും. ബെല്‍ജിയം ജയിക്കും.
പോര്‍ച്ചുഗല്‍ ഈജിപ്ത് മത്സരത്തില്‍ പോര്‍ച്ചുഗല്‍ ജയിക്കും. ഈജിപ്ത് പുറത്താകും. ജര്‍മ്മനി സ്വിറ്റ്‌സര്‍ലാന്റ് മത്സരത്തില്‍, നാല് തവണ ജേതാക്കളായ ജര്‍മ്മനി നിഷ്പ്രയാസം സ്വിസ്സിനെ തറപറ്റിക്കും.
അര്‍ജന്റീന ഡെന്മാര്‍ക്ക് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളും. ഡെന്മാര്‍ക്ക് നിരാശപ്പെടും. അര്‍ജന്റീന ജയിച്ചു കേറും.
പോളണ്ടും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തില്‍ പോളണ്ടിനാണ് സാധ്യത. ഇംഗ്ലണ്ട് ആദ്യം കളിയുടെ രൗദ്രഭാവം മുഴുവന്‍ പുറത്തെടുക്കും രണ്ടാം പാദത്തില്‍ പോളണ്ടിന്റെ മുറിവേറ്റ സിംഹങ്ങള്‍ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടും. 36 വര്‍ഷത്തെ ഇടവേളക്ക് ശേഷം പോളണ്ട് ക്വാര്‍ട്ടറിലേക്ക് കടക്കും.
ക്വാര്‍ട്ടര്‍ ഫൈനല്‍
ഉറുഗ്വേയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറും. വിവാദം കൊടികുത്തും. ഉറുഗ്വേക്കു ചുവടുകള്‍ പിഴക്കും. ഫ്രാന്‍സ് അജയ്യാരാകും.
പോര്‍ച്ചുഗലും അര്‍ജന്റീനയും തമ്മില്‍ ഇഞ്ചോടിഞ്ചു പൊരുതും. തങ്ങളില്‍ ആരാണ് കേമന്‍ എന്ന് തെളിയിക്കേണ്ടത് മെസ്സിയുടെയും റൊണാള്‍ഡോയുടെയും കടമയാകും. കളി പെനാല്‍റ്റി കിക്ക് ഔട്ടിലേക്കു നീളും. അര്‍ജന്റീനയുടെ കണക്കു കൂട്ടലുകള്‍ തെറ്റും. പോര്‍ച്ചുഗല്‍ ജയിച്ചു കേറും.
ബ്രസീലും ബെല്‍ജിയവും തമ്മില്‍ തീ പാറുന്ന പോരാട്ടം നടക്കും. ഈ വേള്‍ഡ് കപ്പ് സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഏറ്റവും അപകടകരമായ ഈ മത്സരത്തില്‍ ബ്രസീല്‍ ക്വാര്‍ട്ടറിലെത്തും. ബെല്‍ജിയും ഞെട്ടറ്റു താഴെ വീഴും.
ജര്‍മ്മനിയും പോളണ്ടും തമ്മിലുള്ള മത്സരത്തില്‍ പോളണ്ടിന് ജര്‍മനിക്ക് മേല്‍ ഒരാധിപത്യം സ്വപ്‌നങ്ങള്‍ക്കുമപ്പുറത്താണ്. പോളണ്ട് പരാജയത്തിന്റെ കയ്പുനീര്‍ ഏറ്റുവാങ്ങും.
സെമി ഫൈനല്‍
ഫ്രാന്‍സും ബ്രസീലും ഏറ്റുമുട്ടുന്ന അത്യന്തം ഉദ്വേഗ ഭരിതമാകുന്ന യുദ്ധം എക്‌സ്ട്രാ ടൈമിലേക്കു നീളും. കിരീടവും ചെങ്കോലും ഫ്രാന്‍സിനാണ്. ബ്രസീല്‍ നിലം പൊത്തും.
പോര്‍ച്ചുഗല്‍ ജര്‍മ്മനി മത്സരത്തില്‍, എല്ലാ സാധ്യതകളുമെടുത്ത് പോര്‍ച്ചുഗല്‍ കളിച്ചാലും വിജയം ജര്‍മ്മനിക്കായിരിക്കും. റൊണാള്‍ഡോ കരഞ്ഞു കൊണ്ട് കളം വിടും.
മൂന്നാം സ്ഥാനക്കാര്‍ ബ്രസീലും പോര്‍ച്ചുഗലും തമ്മിലാണ് മത്സരം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇരുടീമുകളും ഇഞ്ചോടിഞ്ചു പൊരുതും. മൂന്നാം സ്ഥാനം ബ്രസീല്‍ അലങ്കരിക്കും.
ഫൈനല്‍ മത്സരം
ഫ്രാന്‍സും ജര്‍മ്മനിയുമാണ് രണാങ്കണത്തില്‍... ഇവിടെയാണ് നിങ്ങളെപ്പോലെ ഞാനും വിയര്‍ക്കുന്നത്. പ്രവചനം അത്യന്തം ദുഷ്‌കരം... ഒരു കുലുക്കിക്കുത്തല്ല ഇവിടെ ആവശ്യം... കിളിയന്‍മ്പാപ്പെയ്ക്കുമുന്നില്‍, അന്റോണിയോ ഗ്രീസ്മാന്റെ മുന്നില്‍, ഉസ്മാന്‍ ഡംബെലെയുടെ മുന്നില്‍, മാഞ്ചസ്റ്ററിന്റെ കറുത്ത മുത്ത് പോള്‍ പോഗ്‌ബെയ്ക്കു മുന്നില്‍, ചെല്‍സിയുടെ കാന്റെയ്ക്ക് മുന്നില്‍, റയല്‍ മാഡ്രിഡിന്റെ വറാന്നു മുന്നില്‍, ബാഴ്‌സലോണയുടെ ഉംറ്റീറ്റിക്കു മുന്നില്‍, യൂറോ കപ്പിലെ മാന്ത്രിക ഗോള്‍ കീപ്പര്‍ ലോറിസ്‌നു മുന്നില്‍...മുള്ളേര്‍ക്കൊ വേര്‍നെര്‍ക്കോ ഒസീലിനോ, ക്രൂസിനോ ഡ്രാക്‌സ്ലെര്‍ക്കോ ഹമ്മല്‍സിനോ, കിമ്മിച്ചിനോ ജെറോമിനോ ലിപിക പ്രശസ്ത ഗോള്‍ കീപ്പറായ മാനുവല്‍ ന്യൂഏറിനോ പിടിച്ചു നില്‍ക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.
കളി എക്‌സ്ട്രാ ടൈമിലേക്കു നീങ്ങും... പെനാല്‍റ്റിക്ക് മുമ്പേ കളിക്കളത്തില്‍ കളിദേവതകള്‍ ഇറങ്ങും. അവര്‍ ഫ്രാന്‍സിനെ ഒരു പുഷ്പം പോലെ എടുത്തു കൊണ്ട് പോയി കപ്പില്‍ മുത്തമിടീക്കും. ഗോള്‍ഡന്‍ ബോള്‍ നെയ്മര്‍ സ്വന്തമാക്കും. ഗോള്‍ഡന്‍ ബൂട്ട് റൊമേലു ലുകാകു കൊണ്ട് പോകും.
മധുസൂദനന്‍ നായരെ അല്‍പം മാറ്റി പറയട്ടെ... ഒക്കെ ഒരു വെറും കളി ഭ്രാന്തന്റെ സ്വപ്‌നം/നേര് നേരുന്ന താന്‍ തന്റെ സ്വപ്‌നം.

സ്‌കാനിയ ബെദിര

Other Articles

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം

  റമദാന്‍ വിമോചനത്തിന്റെ മാസം

  റമദാന്‍ പകരുന്ന അനുഭൂതി