കാനറിപ്പക്ഷികള്‍ ഫുട്‌ബോള്‍ കവിതയുമായി റഷ്യയില്‍
ചരിത്രത്തിലെ എല്ലാ ലോകകപ്പുകളിലും കളിച്ച ഏക ടീം, അഞ്ച് തവണ കപ്പുയര്‍ത്തിയ ഏക ടീം, അസൂയാവഹമായ ഈ ബഹുമതികള്‍ സ്വന്തമായുള്ള ബ്രസീല്‍ ഇക്കുറി തെക്കെ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വലിയ ഭീഷണിയൊന്നും നേരിടാതെ ഒന്നാം സ്ഥാനത്തോടെയാണ് റഷ്യയിലേക്ക് യോഗ്യത നേടിയത്. ചരിത്രത്തിലാദ്യമായി പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലാദ്യമായി ആതിഥേയത്വം വഹിക്കുന്ന 2018ലെ ലോകകപ്പ് ഫുട്‌ബോളിലും ആരാധകസഹസ്രങ്ങളുടെ സിരകളില്‍ ആവേശാഗ്നി ജ്വലിപ്പിക്കാന്‍ ബ്രസീല്‍ പുറപ്പെടുകയായി. പക്ഷെ സാധ്യതകളുടെ പടവുകളിലൊന്നും മഞ്ഞപ്പടക്ക് സ്ഥാനം നല്‍കാന്‍ ഫുട്‌ബോള്‍ പണ്ഡിതരിലെ ഭൂരിഭാഗവും തയ്യാറായിട്ടില്ല. കാരണം 2014ലെ ലോകകപ്പില്‍ ആതിഥേയരായിട്ടും നെയ്മറമടക്കമുള്ള പ്രതിഭകള്‍ ടീമിലുണ്ടായിട്ടും ചാമ്പ്യന്‍മാരായ ജര്‍മ്മനിയോട് സെമിയില്‍ തകരുകയായിരുന്നു. അങ്ങനെ അനുഭവമുള്ള ഒരു ടീമിന് എവിടെവരെ പോകാനൊക്കുമെന്നാണ് അവരുടെ ചോദ്യം. എങ്കിലും കഴിഞ്ഞ യോഗ്യതാ റൗണ്ട് മികച്ച പ്രകടനമെന്നാണ് നിരൂപകര്‍ വിധിയെഴുതിയത്.
കാല്‍പ്പന്ത് കളിയില്‍ ബ്രസീല്‍ എന്ന മൂന്നക്ഷരം നക്ഷത്രങ്ങളെ പ്രതിനിധീകരിക്കുന്നു. ഫുട്‌ബോളിലെ വശ്യമാന്ത്രികതയും ഉന്മാദ ഭാവത്തേയും പ്രണയിക്കുന്നവര്‍ക്ക് ബ്രസീല്‍ എക്കാലവും ഒളിച്ചുവെയ്ക്കാനാവാത്ത ഒരു വികാരമാണ്. റഷ്യന്‍ ലോകകപ്പിന്റെ ലഹരി കത്തിപ്പടരുമ്പോള്‍ അത് ചിറകെട്ടി നിര്‍ത്താനാവാത്ത മഴക്കാലത്തെ മഴവെള്ളപ്പാച്ചിലായിത്തീരുന്നു. ലോകത്തിന്റെ എല്ലാ കോണുകളിലും മഞ്ഞപ്പടയുടെ തനത് ശൈലിക്ക് ആരാധകരുണ്ട്. റിയോഡി ജനീറോയിലെ പടുകൂറ്റന്‍ സ്റ്റേഡിയത്തിലെ ഗാലറിപ്പടികളിലും മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളില്‍ വര്‍ഷാവര്‍ഷം സെവന്‍സിനായി കെട്ടിയുയര്‍ത്തിയ ചൂളമരപ്പടവുകളിലും സാംബാ താളമേളത്തോടുള്ള അഭിനിവേശം ഒരേ രീതിയിലാണ് പടരുന്നത്.
കളിക്കളത്തില്‍ ഇതിഹാസകാവ്യങ്ങള്‍ക്കൊപ്പം കവിതയും ലോകത്തിന് മുമ്പില്‍ കാഴ്ച വെച്ച പെലയും ഗരിഞ്ചെയും റൊമാരിയോയും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞയും ഫല്‍ക്കാവോയും റിവാള്‍ഡോയും പോലുള്ള ഡസന്‍കണക്കിന് ഇതിഹാസതാരങ്ങള്‍ പിന്നെ ടീമിന് എവിടെയാണ് കഴിഞ്ഞ ലോകകപ്പിലെ സെമി മത്സരത്തില്‍ പിഴച്ചത്. യോഗ്യതാ റൗണ്ടില്‍ 20 കളികളില്‍ നാല്‍പതോളം കളിക്കാരെയാണ് അവര്‍ മാറിമാറി പരീക്ഷിച്ചത്. കഴിഞ്ഞ ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ ആതിഥേയരായിട്ടും പരക്കെ ആശയകുഴപ്പമായിരുന്നു. ഇത് കൊണ്ട് മാത്രം ഒന്നാം പരിശീലകനെപ്പോലും മാറ്റി അസിസ്റ്റന്റ് കോച്ചിന് രംഗത്തിറങ്ങേണ്ടിവന്നു. പക്ഷേ ബ്രസീല്‍ എന്നും ബ്രസീല്‍ തന്നെയാണ്. ചാരത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍പ്പിന്റെ വഴി തേടുന്ന ചരിത്രമാണ് അവരുടേത്. ബ്രസീലിനെ പോലെ ഒന്നാം കിട പ്രതിഭകളാല്‍ സമ്പന്നമായ മറ്റൊരു ടീമിനെ ഇപ്പോഴും ലോക ഫുട്‌ബോളില്‍ ചൂണ്ടിക്കാട്ടാന്‍ വിഷമമാണ്. പ്രതിഭാ ദാരിദ്ര്യം ഒരു കാലത്ത് അവരെ അലട്ടിയിരുന്നില്ല. താരപ്പിറവിയെന്നത് അവിടെ എന്നും സ്വാഭാവികമായ പ്രക്രിയയും അന്ത്യപരിണാമവുമായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ പത്രമാധ്യമങ്ങള്‍ ഏറ്റവുമേറെ പാടിപ്പുകഴ്ത്തിയ താരമാണ് വാലന്റിയന്‍ അവാര്‍ഡിന് രണ്ട് വര്‍ഷവും പരിഗണിച്ചിരുന്ന സാക്ഷാല്‍ നെയ്മര്‍. അനിതര സാധാരണമായ പന്തടക്കവും വിസ്മയിപ്പിക്കുന്ന സ്‌കോറിങ്ങ് മികവുമാണ് മെസ്സിയുടെ ബാഴ്‌സയിലും മറ്റ് ക്ലബ്ബ് ഫുട്‌ബോളിലും നെയ്മര്‍ പ്രദര്‍ശിപ്പിച്ചത്. പക്ഷേ തുടക്കം മുതലേ എതിരാളികളുടെ നോട്ടപ്പുള്ളിയായിപ്പോയി. സെമിയില്‍ ജര്‍മ്മനിക്കെതിരെ ചീറ്റിപ്പോയ ഒരു മാലപ്പടക്കം പോലെ വലിയൊരു പൂജ്യമായി തീരുകയും ചെയ്തു. പരിക്കിനിടയിലാണെങ്കിലും കപ്പ് സാധ്യത കല്‍പ്പിക്കുന്ന ബ്രസീല്‍ ടീമിന്റെ തുറുപ്പ് ചീട്ട് നെയ്മര്‍ തന്നെയാണ്. അത് സന്നാഹ മത്സരത്തില്‍ ക്രോയേഷ്യക്കെതിരെ ഗോളടിച്ച് തെളിയിക്കുകയും ചെയ്തു. സ്വന്തം നാട് ആതിഥേയത്വം വഹിച്ച 2014 ലെ ലോകകപ്പില്‍ ചാമ്പ്യന്മാരായ ജര്‍മ്മനിയോട് ഫൈനലിന് മുമ്പ് തരിപ്പണമായ ബ്രസീലല്ല ഇന്നത്തെ ബ്രസീല്‍. ലോകത്തെ മികച്ച കളിക്കാരെ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ഇന്ന് ബ്രസീല്‍ എന്ന രാജ്യം.
994ല്‍ കാനറികള്‍ ചാമ്പ്യന്മാരായ ലോകകപ്പിലെ ഹീറോയായിരുന്ന റൊമാരിയോ എന്ന പ്രതിഭാധനനായ സ്‌ട്രൈക്കര്‍ക്ക് 1998 ലോകകപ്പില്‍ സ്ഥാനമുണ്ടായിരുന്നില്ല. റൊമാരിയയെ വിളിക്കൂ എന്ന ആരാധക മുറവിളിയില്‍ കോച്ച് സ്‌കോളാരി ഉലഞ്ഞില്ല. 35കാരനായ റൊമാരിയോ കരഞ്ഞപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ആ കണ്ണീര്‍ച്ചാലുകള്‍ മുമ്പും കണ്ടതാണ്. റൊമാരിയോയെപ്പോലെ ഒരു കളിക്കാരന് ഇടം ലഭിക്കാത്ത വിധം മികച്ച യുവ പ്രതിഭകള്‍ക്കാണ് എന്നും ബ്രസീല്‍ ടീമില്‍ സ്ഥാനം. ഒരൊറ്റ കളിക്കാരനെമാത്രം ആശ്രയിച്ച് ലോകകപ്പു പോലുള്ള ലോകോത്തര മേളയില്‍ വിജയിക്കാനാവില്ലെന്ന് ബ്രസീല്‍ കോച്ചും മാനേജ്‌മെന്റും ലോകത്തിലെ മറ്റ് ടീമുകള്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു. എതിരാളികള്‍ ദുര്‍ബലരാകുമ്പോള്‍ കളി മറന്ന്‌പോവുന്നത് ബ്രസീലിന്റെ സ്ഥിരം ഏര്‍പ്പാടാണ്. ആദ്യഘട്ടത്തിലെ എതിരാളികള്‍ അത്രയ്ക്കും കരുത്തരല്ലെന്നത് ബ്രസീലിയന്‍ ടീം മാനേജ്‌മെന്റിന് ആശ്വാസം പകരുന്നു. അത് കൊണ്ട് തന്നെ സൗഹൃദ മത്സരത്തിന്റെ മട്ടിലാവില്ല ബ്രസീല്‍ ആദ്യ റൗണ്ടില്‍ ഇറങ്ങുക എന്ന് വ്യക്തം.
പ്രവാചകന്മാരുടെ മഹദ്‌വചനങ്ങളെ വിശ്വസിക്കേണ്ടതില്ലെന്നാണ് മുന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞത്. ബ്രസീല്‍ പ്രതിസന്ധിയിലാണ് എന്നൊക്കെ പറയുമെങ്കിലും അവസാനം ഞങ്ങള്‍ ഫൈനലിലെത്തുകയും ലോകകപ്പ് ബ്രസീലിലേക്ക് കൊത്തിക്കൊണ്ട് പറക്കുകയും ചെയ്യും. ഫുട്‌ബോള്‍ കഴിഞ്ഞിട്ട് മാത്രം നമുക്ക് യുദ്ധത്തെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്ന് പറഞ്ഞ ഭരണാധികാരികളുടെ നാടാണത്. ലോകകപ്പിന് യോഗ്യത നേടാനായില്ലെങ്കില്‍ ബ്രസീലില്‍ കലാപം പൊട്ടിപ്പുറപ്പെടുമെന്ന് സോക്കര്‍ രാജാവ് പെലെ പറഞ്ഞതിന്റെ അര്‍ത്ഥവും മറ്റൊന്നല്ല. തകര്‍ച്ചയുടെ കാണാക്കയങ്ങളില്‍ നിന്ന് പോലും മഞ്ഞപ്പട ജീവവായു കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
എങ്കിലും പഴയപോലുള്ള പ്രതീക്ഷയുടെ ഭാരം ഇക്കുറി ബ്രസീലിന്റെ ശിരസിലില്ല. കോച്ചിന്റെ ആശ്വാസവും അത് തന്നെയാണ്. ഏറ്റവും പിന്നില്‍ നിന്നാണ് എന്നും മികച്ച ടീം കുതിപ്പ് തുടങ്ങുക. പിന്‍ നിരയില്‍ നിന്നു കൊടുക്കാറ്റുയര്‍ത്താന്‍ ഇക്കുറി കാനറികള്‍ക്ക് കഴിയുമോ? മലയാളികളടക്കം ലോകത്തിലെ കോടിക്കണക്കിന് വരുന്ന ആരാധകര്‍ കാത്തിരിക്കുന്നതും ഈ ചോദ്യത്തിന്റെ ഉത്തരമറിയാനാണ്.

അബു കാസര്‍കോട്‌

Other Articles

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം

  റമദാന്‍ വിമോചനത്തിന്റെ മാസം

  റമദാന്‍ പകരുന്ന അനുഭൂതി