കഥ പറയുന്ന കടലാസുതോണി
കവിഞ്ഞു ചിന്തിക്കുന്നവനാണ് കവി. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വൈഷമ്യങ്ങളിലും ജീവിതോന്മേഷത്തിലും മനസിന്റെ മുറ്റത്ത് നിറയുന്നതൊക്കെ മനംനിറയ്ക്കുന്ന അവന്/ അവള്‍ക്ക് കൂട്ടായിമാറുന്നു. അവിടെ വസ്തുക്കളും ചിന്തുകളും രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, മതിപ്പിക്കുന്ന ബിംബങ്ങളായി മാറുന്നു. ഭാവനത്തോണിയിലേറി സ്വയംതുഴഞ്ഞ്, ഓര്‍മകളയവിറക്കി, സ്വപ്‌നങ്ങളില്‍ മതിമറന്ന്, ചുറ്റുപാടുകളോട് കിന്നരിച്ച് അങ്ങനെ മുന്നോട്ടുപോവുമ്പോള്‍ മനസിന്റെ ഏതോ ഒരുവക്കില്‍ അടിഞ്ഞുകൂടുന്ന രസമാണല്ലോ കവിതകള്‍... അതിലേക്കൊന്നു എത്തിനോക്കുന്നവര്‍ക്കെല്ലാം അവ കുളിരായി, ജീവനായി നിര്‍ഗളിക്കുന്നത് കാണാം. ചെറുവത്തൂരുകാരിയായ ഫാത്തിമത്തുല്‍ വഹീദയുടെ അടയാളപ്പെടുത്തലുകള്‍ അത്തരമൊരു രസം വായനക്കാരിലുണ്ടാക്കുന്നുണ്ടെന്ന് പറയാതെവയ്യ. മെനഞ്ഞെടുത്ത ഭാവനകള്‍കൊണ്ട് സങ്കീര്‍ണ്ണമാക്കുന്നവനല്ല കവി. സന്ദര്‍ഭങ്ങള്‍ക്ക് ഭാവനാരസം നല്‍കി സോഫ്റ്റാക്കുകയാണ് യഥാര്‍ത്ഥത്തില്‍ കവികള്‍...
അത്തരമൊരു പ്രയത്‌നത്തിന്റെ പകര്‍പ്പാണ് വഹീദയുടെ കാറ്റുകവര്‍ന്ന കടലാസു തോണി എന്ന കവിതാസമാഹാരം. വായിക്കുന്തോറും വെറും അക്ഷരക്കൂട്ടങ്ങളല്ല, ആശയങ്ങളുടെ പച്ചത്തുരുത്താണെന്ന് ഓരോ എഴുത്തുകളും പറഞ്ഞുതരുന്നുണ്ട്. തലക്കെട്ടിലെ നാലുപദങ്ങള്‍ തന്നെ ഒരുപാട് ചിന്തകളെ മനസിലേക്കിട്ടുതരുന്നുണ്ടെന്നതാണ് സത്യം. സ്വപ്‌നവും സങ്കടവും പ്രതീക്ഷയും നിരാശയും ദേഷ്യവും സഹതാപവും നിസഹായതയും എല്ലാം ആ ചതുര്‍പദം പകര്‍ന്നുതരുന്നുണ്ട്. എത്രപെട്ടെന്ന് വായിച്ചുപോയി എന്നിടത്ത് അത്രയും നീറ്റലുകള്‍ ബാക്കിയാവുന്നുവന്നതാണ് വഹീദയുടെ കവിതകളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന വായനക്കാരന്റെ അനുഭവം.
അനുഭവങ്ങളുടെയും ആശങ്കകളുടെയും അടയാളപ്പെടുത്തലുകളാണ് വഹീദയുടെ ഓരോ കവിതകളും. ഏതൊരാള്‍ക്കുമെന്ന പോലെ ബെസ്റ്റ് ആന്റ് ഫസ്റ്റ് ഇംപ്രഷന്‍ മഴ തന്നെയാണ്. അത് കൊണ്ടുതന്നെ വഹീദയുടെ കവിതകളില്‍ മഴ ഒരു ശക്തമായ ബിംബമായി കടന്നുവരുന്നത് കാണാം. മഴ പോലെ ജീവിതം എന്ന ആദ്യ കവിതാപുസ്തകം മഴ ജീവിതത്തോടുള്ള തുലനങ്ങളാകുന്നതും അതുകൊണ്ടാണ്. ഇരുണ്ടുകൂടുന്ന കാര്‍മേഘം പെയ്‌തൊഴിയുന്നതും കാറ്റ് വഴിമാറ്റുന്നതും ചിലരെ കരയിക്കുന്നതും മറ്റുചിലരെ ചിരിപ്പിക്കുന്നതും ഇടിമിന്നലും പേമാരിയുമൊക്കെ മഴ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. നനുത്ത ഓര്‍മകളുടെ പ്രഹേളിക തന്നെ പകര്‍ന്നുതരുന്നുണ്ട് മഴക്കവിതകള്‍...
'കാറ്റുകവര്‍ന്ന കടലാസു തോണി' ഒന്നുകൂടി കവിഞ്ഞുചിന്തിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. വായനക്കാരനെ സംബന്ധിച്ചിടത്തോളം ചോദ്യങ്ങളുടെ ഇടമാണിത് വിരിച്ചുതരുന്നത്. പോയകാലത്തെ നഷ്ടങ്ങളിലൂടെ, പ്രതീക്ഷകള്‍ക്ക് മീതെ നിരാശ പകര്‍ന്നുതന്ന നിസാഹയതയിലൂടെ ഒരാവര്‍ത്തി നമ്മെയും കൊണ്ട് ഭൂതത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോവുന്നുണ്ട് ഈ കവിത. പ്രായത്തിന്റെ അറിവുകേടോ നിരുത്തവാദത്തമോ ആയിരിക്കാം ആ നഷ്ടങ്ങള്‍ക്ക് മൂലകാരണമെന്ന് പര്യാലോചന നടത്തിക്കുകയാണിത്. അത്രമേല്‍ പ്രതീക്ഷയോടെ കുഞ്ഞുകൈകള്‍ കൊണ്ട് മടക്കിയും നിവര്‍ത്തിയും സമയമെടുത്ത് നിര്‍മിച്ചെടുത്ത കടലാസുതോണി... ഇന്നത് നിസാരമാണെങ്കിലും ഏറെ ശ്രമകരമായ ജോലികള്‍ അതിന് പിന്നിലുണ്ടായിരുന്നുവെന്നത് നേര്. സത്യത്തില്‍ മഴ തോര്‍ന്നൊഴിയുന്ന നേരം നോക്കി മുറ്റത്തെ മഴവെള്ളത്തില്‍ പതുക്കെ ശ്രദ്ധയോടെ, പ്രയാണത്തിന് തടസ്സങ്ങളാകുന്ന ചപ്പുചവറുകളെയൊക്കെ വകഞ്ഞുമാറ്റി തോണിയിറക്കുന്ന ഒരു കുഞ്ഞിളംപൈതലായി മാറുകയാണ് വഹീദയോടൊപ്പം ഓരോ വായനക്കാരനും. പിന്നീടുണ്ടാകുന്ന ദുരന്തങ്ങള്‍ (കടലാസ് തോണി മറിഞ്ഞപ്പോഴും വെള്ളത്തില്‍ ലയിച്ചില്ലാതായപ്പോഴും കാറ്റുകൊണ്ടുപോയപ്പോഴും) കുഞ്ഞുമനസിലുണ്ടാക്കിയ പൊട്ടലും ചീറ്റലും നീറ്റലുമൊക്കെ വായിച്ച് മുഴുമിപ്പിക്കുമ്പോഴേക്കും അതേപടി ആഴ്ന്നിറങ്ങുന്നുണ്ട് മനസില്‍.
കുട്ടിത്തം നിറഞ്ഞ കണ്ണുകള്‍ കാത്തുസൂക്ഷിക്കുന്ന കവിതകള്‍ എന്നതിനപ്പുറം പല നിലകളിലും കാര്യഗൗരവത്തോടെ വായച്ചെടുക്കേണ്ട രചനകളും വഹീയുടേതായുണ്ട്. പുസ്തത്തിന്റെ അവതാരികയില്‍ മാധവന്‍ പുറച്ചേരി പറയുന്നത് പോലെ 'സ്‌കൂള്‍ ജീവിതത്തിന്റെ നേര്‍പകര്‍പ്പ് എന്ന് ഒറ്റവാചകത്തിലിണക്കാം ഈ കവിതകളെ' എന്നത് ഓരോ കവിതകളും സാക്ഷ്യപ്പെടുത്തുന്നു. വിദ്യാലയം, ഒരു മഴക്കായ്, തുമ്പപ്പെണ്ണേ എന്നിവയില്‍ വിദ്യാലയ ഓര്‍മകളും ബാല്യകാല അനുഭവങ്ങളും മനസിലുണ്ടാക്കിയ ചിത്രങ്ങള്‍ വായനക്കാരിലേക്ക് ഒട്ടുംഭംഗി ചോരാതെ പകര്‍ന്നുനല്‍കുന്നുണ്ട്. മനുഷ്യന്റെ ആര്‍ത്തി പ്രകൃതിയോട് കാട്ടിയ ക്രൂരതയെ എട്ടുവരിക്കവിതയില്‍ ഭാവനകളേതുമില്ലാതെ 'പറഞ്ഞുതരു'ന്നുണ്ട് കവി. കുഞ്ഞുടുപ്പും ആയുധങ്ങളും ഫിനിക്‌സ് പക്ഷികളും ദാരുണമായ സമകാലിക യാഥാര്‍ത്ഥ്യങ്ങളെ വരച്ചുകാട്ടുന്നു. ആയുധങ്ങള്‍ കൊണ്ട് കീഴടക്കാനാവാത്ത ശക്തികളുണ്ട്/ അക്ഷരങ്ങളെ കൊന്നൊടുക്കാന്‍ നിങ്ങള്‍ക്കാവില്ല/ കാലങ്ങളിലൂടെ ആയുധങ്ങളെക്കാള്‍ മൂര്‍ച്ചയില്‍ ഞങ്ങള്‍ വീണ്ടും വീണ്ടും ജനിച്ചുകൊണ്ടേയിരിക്കും എന്നീ വരികള്‍ അക്ഷരങ്ങള്‍ക്ക് മേലുള്ള ഫാസിസ്റ്റ് കടന്നുകയറ്റുങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയായി വഹീദ പ്രകടിപ്പിക്കുന്നു.
ബാല്യം തൊട്ടേ അക്ഷരങ്ങളെ ചേര്‍ത്തുപിടിച്ച വഹീദയുടെ പുസ്തകത്തിലൂടനീളം ആശങ്കകളോടുള്ള ശീതയുദ്ധം കാണാം. 'മരണം', 'ഒടുവില്‍' 'മഴയോട്' എന്നീ കവിതകള്‍ ഒരുപക്ഷെ, അക്ഷരങ്ങളെ അഗാധമായി പ്രണയിച്ച കുഞ്ഞുകവിയുടെ നെടുവീര്‍പ്പുകളാകാം. 'അക്ഷരങ്ങള്‍ അനാഥമാക്കുമ്പോള്‍ എന്നെ ഖബറടക്കി മൂടിയേക്കുക/ വരികള്‍ പിണങ്ങി പോകുമ്പോള്‍ എന്റെ കേള്‍വിയും കാഴ്ചയും പിഴുതെടുത്തേക്കുക/ വാക്കുകളില്‍ കാലിടറി ഞാന്‍ വീണുപോകുമ്പോള്‍ വെള്ളത്തുണിയാല്‍ ശരീരമാകെ പുതപ്പിച്ചേക്കുക' എന്നീ വരികളില്‍ നിരാശയും ആശങ്കയും ആവോളം പ്രകടമാകുന്നുണ്ട്. നൊമ്പരങ്ങളുടെ അവശേഷിപ്പുകളായി വിശേഷിപ്പിച്ച 'മൗനം' കഴിഞ്ഞ് 'മരണവീട്ടിലെത്തുമ്പോള്‍ കവി ഒന്നുകൂടി സാഹര്യങ്ങളെ കടുപ്പിക്കുന്നുണ്ട്. 'ഒരു കനത്ത മൗനം' ആരും കാണാതെ ആ മരണവീടിന്റെ പിന്നാമ്പുറങ്ങളിലെവിടെയോ തളംകെട്ടി നില്‍ക്കുന്നതായി വായനക്കാരന് ഫീല്‍ ചെയ്യുന്നു.
'എന്റെ മരണദിവസവും നീ
ആര്‍ത്തലച്ചു പെയ്‌തേക്കുക...
അന്നേദിവസം
നീ പെയ്തു തോരരുത്..
എന്റെ ശരീരം മണ്ണിനെ
സ്പര്‍ശിക്കുമ്പോള്‍
എന്നെ ചേര്‍ത്ത് പുല്‍കുക' എന്ന മഴയോടുള്ള അഭ്യര്‍ത്ഥന വഹീദയുടെ മനസിലലിഞ്ഞുചേര്‍ന്ന ഉദാത്ത പ്രണയത്തെ വല്ലാതെ തുറന്നുകാട്ടുന്നുണ്ട്. അക്ഷരങ്ങളെ പെറുക്കിവെച്ചുള്ള വാചകങ്ങളുടെ നിര്‍മിതിക്കപ്പുറം മനസില്‍ നിന്നും നിര്‍ഗളിക്കുന്നതായി മാത്രമേ ഈ വരികളെ വായിക്കാനാവൂ. വായിക്കുന്നുന്തോറും ആശയങ്ങളുടെ ആഴങ്ങളിലേക്ക് കൊണ്ടുപോവുകയാണ് മതില്‍ എന്ന നാലുവരികവിത. 'പനി പിടിക്കാന്‍ വല്ലാത്ത ഇഷ്ടമായിരുന്നു/ കഞ്ഞിയോടൊപ്പം വാത്സല്യം കോരിത്തരാന്‍ ഉമ്മ അരികിലുണ്ടെങ്കില്‍' എന്ന വരികളിലേക്കെത്തുമ്പോള്‍ ഉമ്മത്തലോടലിന്റെ മൃദുസ്പര്‍ശം രൂപാന്തരപ്പെടുന്നു. വീടില്ലാത്തവനെപ്പറ്റി എന്ന ഭാഗത്തെത്തുമ്പോള്‍ കവി കുറച്ചുകൂടി മുതിര്‍ന്നു ചിന്തിക്കുന്ന പോലെ അനുഭവപ്പെടുന്നുണ്ട്.
കാറ്റുകവര്‍ന്ന കടലാസുതോണികള്‍ എന്ന പുസ്തകത്തിലെ മുപ്പത്തിയേഴ് കവിതകളിലൂടെ കടന്നുപോകുമ്പോള്‍ കേവലം കാല്‍പ്പനികതയുടെ സാങ്കല്‍പ്പിക ലോകങ്ങളില്‍ മാത്രം കാലുറച്ച് നില്‍ക്കുകയല്ല, നിറഞ്ഞ ആശങ്കകളിലൂടെയുള്ള ഓട്ടപ്പാച്ചിലുകള്‍ തീര്‍ക്കുകയാണ് വഹീദ. ബാല്യംവിട്ട് മുന്നേറുന്ന ഓരോ ആളിലും ഉണ്ടാകുന്ന ഭാവഭേദങ്ങള്‍, ഭൂതകാല ഓര്‍മരസങ്ങള്‍, തിരിച്ചറിവുകള്‍ എന്നിവയുടെ ഒരുതരം തുളുമ്പലുകളാണ് വഹീദയുടെ കവിതകള്‍ എന്ന് പറയുന്നതിലും അതിശയോക്തിയില്ല. വഹീദയുടെ എഴുത്തിലുള്ള ലാളിത്യത്തെ മാറ്റിവെച്ചുള്ള നിരൂപണം ഒരിക്കലും നീതിയാകില്ല. വായനാസുഖം പകര്‍ന്ന എഴുത്താണ് വഹീദയുടേത്. കവിതകളിലൂടെ കടന്നുപോകുമ്പോള്‍ ആശയങ്ങളുടെ ആരോഹണാവരോഹണം വായനക്കാരന് അനുഭവപ്പെടുന്നതായും കാണാം. കവിതയുടെ ഉത്തരാധുനിക ശൈലി സ്വീകരിച്ച വഹീദ ആ ശൈലിയോട് ഏറ്റവും മികച്ച രീതിയില്‍ പൊരുത്തപ്പെട്ടിരിക്കുന്നു.
കവിതയുടെ വഴിയില്‍ വഹീദ പുതുമുഖമല്ല. ചെറുതിലേ തുടങ്ങിയ പ്രതീക്ഷയുള്ള എഴുത്തുകാരിയാണ്. പ്ലസ് വണിലായിരുന്നപ്പോള്‍ നാല്‍പത് കവിതകളടങ്ങിയ 'മഴ ജീവിതം പോലെ' എന്ന ആദ്യ കവിതാസമാഹാരം പുറത്തിറങ്ങി. പിന്നീടങ്ങോട്ട് എഴുത്തിന്റെ വഴിയില്‍ ഉറച്ചുനിന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ അവിടെയും തന്റെ അടയാളപ്പെടുത്തലുകളുണ്ടാക്കി. മനസിന്റെ പാകപ്പെടല്‍ പോലെ തന്നെ ആദ്യ പുസ്തകത്തില്‍നിന്നും രണ്ടാമത്തത് ഒത്തിരി പാകമായിട്ടുണ്ടെന്ന് പറയാം. തുടക്കത്തില്‍ പറഞ്ഞപോലെ ഒന്നുകൂടി കവിഞ്ഞു ചിന്തിച്ചിട്ടുണ്ട് കവിയത്രി...
ചെറുവത്തൂര്‍ കൈതക്കാട്ടെ അബ്ദുല്ലയുടെയും റംലയുടെയും മകളാണ് വഹീദ. കാസര്‍കോട് സീതാംഗോളി സ്വദേശിയാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടേ എഴുത്തിന്റെ വഴിയില്‍ മികവുകള്‍ സ്വന്തമാക്കിയ വഹീദ ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ ബി.എസ്.സി സൈക്കോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കാലമിനിയുമുരുളുമ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രിയെന്ന് അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷയുണ്ട്. പ്രാര്‍ത്ഥനയോടെ...
SHAREEF KARIPPODY
WRITEROther Articles