ടൈബ്രേക്കര്‍ അഥവാ പെനാല്‍റ്റി കിക്ക് ഔട്ട്
തൊണ്ണൂറുകളുടെ അന്ത്യം. സ്ഥലം മുംബൈയിലെ മസ്‌ഗോണ്‍ യാര്‍ഡ്. ഒരു നട്ടുച്ച നേരം ഞങ്ങള്‍ കുറേ പേര്‍ മറ്റെന്തോ ആവശ്യത്തിനായി ബുര്‍ഹാനി കോളേജിന് മുന്‍വശം നില്‍ക്കുകയാണ്. ദാണ്ടേ...ദേഹമാസകലം ചോരയില്‍ മുങ്ങി ഒരാള്‍ പതിയെ ഞങ്ങളുടെ നേര്‍ക്ക് നടന്നടുക്കുന്നു. 'ആരാണീ രുധിരത്തില്‍ കുതിര്‍ന്ന മനുഷ്യന്‍?'. പരസ്പരം ഞങ്ങള്‍ ചോദിച്ചു പോയി. അടുത്തെത്തിയപ്പോഴാണ് ആളെ പിടി കിട്ടിയത്. യ്യോ..ഇത് ഞങ്ങടെ കൊച്ചി മേസ്ത്രി. എമിഗ്രേഷന്‍ ചെക്ക് റിക്യുഡിന് കാത്തു നില്‍ക്കാതെ ചുളുവില്‍ ചവിട്ടിക്കയറി സൗദിയിലേക്ക് പോകാന്‍ നില്‍ക്കുന്ന തഞ്ചാവൂരുകാരന്‍. ആളൊരു രസികനായത് കൊണ്ട് ഞങ്ങളുടെ പ്രീതിക്ക് വളരെ മുമ്പേ പാത്രമായവന്‍. ഞങ്ങള്‍ ചെല്ലുന്ന വടപാവ് കടകളിലെ നിറ സാന്നിധ്യം. ദുരയ്യ സ്വാമി എന്ന് വിളിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് ഞങ്ങളില്‍ ആരോ അയാളെ കൊച്ചി മേസ്തിരി എന്ന് വിളിച്ചു തുടങ്ങിയത്. ആ വിളി അയാള്‍ക്കിഷ്ടമായത് കൊണ്ട് ഞങ്ങളും അയാളെ അതേ പേരില്‍ വിളിച്ചു. അയാളാണ് നിണമണിഞ്ഞു മുന്നില്‍ നനഞ്ഞു നില്‍ക്കുന്നത്. ആക്‌സിഡണ്ട് അല്ല, കണ്ടിട്ട് ഒരടിപിടി കഴിഞ്ഞു വരികയാണെന്ന് മനസ്സിലായി. നെറ്റിയും മൂക്കും ചെവിയുമൊക്കെ ആരോ അടിച്ചു പഞ്ചറാക്കിയിരിക്കുന്നു. എന്താ പറ്റിയത് മേസ്തിരി എന്ന ചോദ്യത്തിന് മുമ്പേ അയാള്‍ നടന്നത് വിവരിച്ചു തുടങ്ങി. 'ഞാന്‍ വിടുമോ..എന്നെക്കാളും രണ്ടു മടങ്ങു തടിയും വണ്ണവും ഉള്ളവനാണവന്‍. 'ജോഗേശ്വരി' എന്ന സ്ഥലം വരെ പോകേണ്ടിയിരുന്ന ഞാന്‍ പാണ്ടി ആണെന്ന് കരുതി തമിഴില്‍ ചോദിച്ചു പോയതാണ് 'ജോഗേശ്വരി തെരിയമാ' എന്ന്...'ജോഗേശ്വരി തന്റെ അമ്മ' എന്ന അര്‍ത്ഥത്തില്‍ അവന്റെ അമ്മക്ക് വിളിച്ചു എന്നും പറഞ്ഞു കൊണ്ടാണ് അടിയുടെ പൂരാരംഭം. ആദ്യത്തെ അടി ഞാന്‍ ഇടത്തേ ചെകിട് കൊണ്ട് തടുത്തു. രണ്ടാമത്തേത് മൂക്ക് കൊണ്ട്. മൂന്നും നാലും വലത്തെ ചെകിടും കണ്ണും കൊണ്ട് തടുത്തു. പിന്നെ നെഞ്ചിന്‍ കൂട്, കഴുത്ത്..എവിടെയും ബാക്കിവെച്ചില്ല. ഞാന്‍ തിരിച്ചടിക്കാനൊന്നും പോയില്ല. എല്ലാം തടഞ്ഞു നിര്‍ത്തിയതല്ലാതെ.
ഈയിടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മണിക്കൂറില്‍ 220 കിലോ മീറ്റര്‍ വേഗതയില്‍ കുതിക്കുന്ന പന്ത്, പലവട്ടം ഒരു ഗോളിയെ ഇതുപോലെ തലങ്ങും വിലങ്ങും പ്രഹരിച്ചു മൂക്കില്‍ നിന്നും നെറ്റിയില്‍ നിന്നും ചോര പൊടിപ്പിച്ചത് കണ്ടപ്പോള്‍ ആ പഴയ കൊച്ചി മേസ്ത്രിയെ ഓര്‍ത്തു പോയി. പന്ത്രണ്ടു വാര ദൂരെ പെനാല്‍റ്റി സ്‌പോട്ടില്‍ പന്ത് കൊണ്ട് വെക്കുമ്പോഴേ ഒട്ടുമിക്ക ഗോളിയുടെയും മുട്ടടിക്കും. തീപാറുന്ന ആ ഷോട്ടുകള്‍ കൈകൊണ്ടോ, നെഞ്ച് കൊണ്ടോ, നെറ്റി കൊണ്ടോ തടുക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പന്തിനൊപ്പം ഗോള്‍ പോസ്റ്റിലും വലയിലും കുടുങ്ങി രക്തം ഛര്‍ദ്ദിച്ചു മരിച്ചവര്‍. നിത്യരോഗികളായി തീര്‍ന്നവര്‍. ശയ്യാലംബരായവര്‍. എത്രയെത്ര അനുഭവങ്ങള്‍... ദുരന്ത നാടകങ്ങള്‍...
എന്തും എപ്പോഴും സംഭവിക്കാം എന്നത് കൊണ്ടാണ് ഫുട്ബാളിലെ ഒന്നാം നമ്പര്‍ കളിക്കാരനായി ലോകം എന്നും വല കാക്കുന്നവനെ കാണുന്നത്. ആരെ നില നിര്‍ത്തണം, ആരെ അടിച്ചു പുറത്താക്കണം എന്നുള്ള അവസാനത്തെ ഓപ്ഷന്‍ ആണ് പെനാല്‍റ്റി കിക്ക് ഔട്ടിനെ നേരിടാന്‍ നില്‍ക്കുന്ന ആ കളിക്കാരന്‍. കളിക്കാരുടെയും പന്തിന്റെയും ഘടികാരത്തിന്റെയും നിര്‍ത്താതെയുള്ള ഓട്ടത്തിന്റെ പരിസമാപ്തി വലയം കാക്കുന്നവനില്‍ നിന്നും പന്ത്രണ്ടടി മാറി മൈതാനത്തില്‍ അടുത്ത കാഹളത്തിനായി കാതോര്‍ത്തു നില്‍ക്കുന്ന പന്തില്‍ വിശ്രമിക്കുന്നു. ഒരു ചിത്രവും തെളിയാത്ത ശൂന്യമായ മനസ്സുമായി കിക്കെടുക്കാന്‍ നില്‍ക്കുന്നവനും അതിനെ തടുക്കാന്‍ നില്‍ക്കുന്ന ഗോളിയും. അടുത്ത നിമിഷത്തില്‍ അവന്റെ നെഞ്ചിന്‍ കൂടോ, മൂക്കിന്റെ പാലമോ കണ്ണോ കലങ്ങിയേക്കാം. നേരെ മറിച്ചായാല്‍ കിക്കെടുത്തവന്‍ മൈതാനത്തിലേക്കു മറിഞ്ഞു വീഴാം. മറ്റുള്ള കളിക്കാരെല്ലാവരും അവിടെ കളി കാണുന്നവരാണ്. ഗാലറിയില്‍ മാത്രമല്ല, ടെലിവിഷനിലൂടെ കളി കാണുന്ന ആരാധകരത്രയും ശ്മശാന മൂകത തളം കെട്ടി നില്‍ക്കുന്നൊരു അന്തരീക്ഷത്തിലായിരിക്കുമപ്പോള്‍.
പാട്ടുകളെ കുറിച്ചെഴുതുന്ന പ്രശസ്ത എഴുത്തുകാരന്‍ രവി മേനോന്‍ ഒരു കഥ പറഞ്ഞിട്ടുണ്ട്. 'പെനാല്‍റ്റി കിക്കിന്റെ ആദ്യ രക്തസാക്ഷികളില്‍ ഒരാള്‍ ഒരു കോഴിക്കോട്ടുകാരനായിരുന്നത്രെ. യൂണിവേഴ്‌സല്‍ ക്ലബ്ബിന്റെ വിഖ്യാത ഗോള്‍ കീപ്പര്‍ രാരന്‍. മുപ്പതുകളിലാണ് സംഭവം. കോഴിക്കോടന്‍ ഫുട്‌ബോളില്‍ ചലഞ്ചേഴ്‌സും യൂണിവേഴ്‌സലും തമ്മിലുള്ള വൈരം കളിക്കകത്തും പുറത്തും കത്തിപ്പടരുന്ന കാലം. റോവിങ് സെന്റര്‍ ഫോര്‍ കോട്ടായി അച്ചുവായിരുന്നു ചലഞ്ചേഴ്‌സിന്റെ ഹീറോ. മധ്യനിരയിലെ ഓര്‍ക്കസ്ട്ര നിയന്ത്രിക്കുന്നതില്‍ മാത്രമല്ല, എതിര്‍ പ്രതിരോധ നിരയിലൂടെ നുഴഞ്ഞു കയറി അസാധ്യമായ ആംഗിളുകളില്‍ നിന്ന് വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നതിലും കേമന്‍. മറ്റൊരു ഖ്യാതി കൂടി ഉണ്ടായിരുന്നു അച്ചുവിന്. കരുത്തനായ ഈ ഓള്‍ റൗണ്ടറുടെ പെനാല്‍റ്റി കിക്കുകള്‍ ഗോള്‍ കീപ്പര്‍മാര്‍ രക്ഷപ്പെടുത്തിയ ചരിത്രമില്ല. അച്ചു പന്ത് കൊണ്ട് വെക്കുമ്പഴേ ഗോളിയുടെ നാക്കു വരളും. പിന്നെ സര്‍വാംഗവും തളരും. അച്ചു അടിച്ചു ജീവച്ഛവമാക്കിയ ഗോളികളുടെ കഥകള്‍ അന്തരീക്ഷത്തില്‍ നിറയും. ആ കോട്ടായി അച്ചുവിനെയായിരുന്നു രാരന്‍ പോരിനു വിളിച്ചത്. അച്ചുവിന്റെ പെനാല്‍റ്റി കിക്ക് തടുത്തിടും. അതായിരുന്നു വെല്ലുവിളി. രാരനെ അറിയുന്നവര്‍ക്ക് ഞെട്ടലുണ്ടായിരുന്നില്ല. ബാറിനടിയിലെ സാഹസിക പ്രകടനങ്ങള്‍ക്ക് പേര് കേട്ട ഗോളി. അസാമാന്യ ധൈര്യശാലി.
വീര്‍പ്പടക്കി നിന്ന ചലഞ്ചേഴ്‌സിന്റെയും യൂണിവേഴ്‌സലിന്റെയും ആരാധകരെ സാക്ഷി നിര്‍ത്തി അച്ചുവിന്റെ കിക്ക് രാരന്‍ നെഞ്ചില്‍ ഏറ്റുവാങ്ങി. ആവേശഭരിതരായി യൂണിവേഴ്‌സലിന്റെ ആരാധകര്‍ പ്രിയ താരത്തെ ചുമലിലേറ്റിയാണത്രെ നഗരം ചുറ്റിയത്. കഥയുടെ ആന്റി ക്ലൈമാക്‌സ് അപ്പോഴേക്കും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തിയ രാരന്‍ രക്തം ഛര്‍ദ്ദിച്ചു നിലത്തു വീണു. ചരിത്രം സൃഷ്ടിച്ച രക്ഷപ്പെടുത്തലിന്റെ ആഘാതത്തില്‍ നിത്യ രോഗിയായിത്തീര്‍ന്ന രാരന്‍ പിന്നീടൊരിക്കലും കളിക്കളത്തില്‍ തിരിച്ചെത്തിയില്ല. മരണം വരേ നീണ്ടത്രേ രാരന്റെ ദുരിതം. നല്ലൊരു പെനാല്‍റ്റി സേവിനോളം ഹരം പകരുന്ന മറ്റൊന്നില്ല. റഷ്യയുടെ ഇതിഹാസ തുല്യനായ ഗോള്‍ കീപ്പര്‍ ലെവ് യാഷിന്‍ ഒരിക്കല്‍ പറഞ്ഞു 'യൂറി ഗഗാറിന്‍ ബഹിരാകാശത്തു നടന്ന കാഴ്ചപോലും അത് കഴിഞ്ഞേ വരൂ. ഒരു പെനാല്‍റ്റി കിക്ക് ഔട്ടും അതിനെ രക്ഷപ്പെടുത്തുന്ന ഗോളിയും' എന്ന്. ചരിത്രത്തില്‍ ആദ്യമായി കിക്ക് എടുത്തവന്‍ എന്ന ഖ്യാതി ഹാംടണ്‍ വാണ്ടറേഴ്‌സിന്റെ കളിക്കാരന്‍ ജോണ്‍ ഹീത്തിനാണ്. 1891ല്‍. എതിരാളി ആക്രിങ്ങ്ടണ്‍ ക്ലബ്. ഹീത്ത് കിക്ക് പാഴാക്കിയില്ല. കാറ്റ് പോയത് കണിയാന്‍ പോലും അറിഞ്ഞില്ല എന്നത് പോലെ ഗോളി പന്ത് കണ്ടത് പോലുമില്ല... അന്ന് ഹീത്ത് സങ്കല്‍പ്പിച്ചു കാണുമോ എന്തോ തന്റെ കിക്ക് ചെന്ന് വീഴുക ചരിത്രത്തിലേക്കായിരിക്കുമെന്ന്. കാലം പിന്നെയും മുന്നോട്ടു നീങ്ങി. 1970ലായിരുന്നു ഔദ്യോഗികമായി ഫിഫയും യുവേഫയും ടൈ ബ്രേക്കറുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. അതൊരു കഥയാണ്. 1968ലെ മെക്‌സിക്കോ ഒളിമ്പിക് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇസ്രയേലിനേറ്റ പരാജയമാണ് ഒരര്‍ത്ഥത്തില്‍ ഇതിനെ അംഗീകരിക്കാന്‍ ഫിഫയെ പ്രേരിപ്പിച്ചത്. ബള്‍ഗേറിയക്കെതിരെയുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇനി എന്ത് എന്ന ചോദ്യം ടോസ്സിനും നറുക്കെടുപ്പിനും വഴിമാറി. ഒടുവില്‍ നറുക്കെടുപ്പില്‍ ഇസ്രായേല്‍ പുറത്തായി. നൂറ്റി ഇരുപതു മിനിറ്റ് പൊരുതിക്കളിച്ചു സകലതും പണയപ്പെടുത്തി, മത്സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തി അവസാനം ഒന്നുമില്ലാതെ പുറത്തുപോകുക എന്ന് വെച്ചാല്‍... ഇസ്രായേലി ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്നും മേധാവി യോസഫ് ഡാഗന്‍ ഫിഫയുടെ മുന്നില്‍ ഒരു നിര്‍ദ്ദേശം വെക്കുന്നു. ടൈ ബ്രേക്കര്‍ ആയിരുന്നു ഡാഗന്‍ കണ്ടെത്തിയ പോംവഴി.
1994ലെ ലോകകപ്പില്‍ റോബര്‍ട്ടോ ബാജിയോയ്‌ക്കേറ്റ ദുരന്തം മനസ്സില്‍ അണയാത്തൊരു നെരിപ്പോടായി കത്തി നില്‍ക്കുന്നു. ദൈവം ജേഴ്‌സി അണിഞ്ഞു കളിക്കുകയാണെന്ന് തോന്നിപ്പിച്ച ബാജിയോയുടെ സര്‍വ്വ സന്നാഹം. ഇറ്റലിയെ ഫൈനല്‍ വരെ ചെന്നെത്തിക്കാന്‍ അദ്ദേഹം ഒഴുക്കിയ വിയര്‍പ്പു തുള്ളികള്‍. നീണ്ട മുടി പിന്നിലോട്ടു, പിന്നിട്ടു കെട്ടി ശാന്തനും സൗമ്യനുമായി കിക്ക് എടുക്കാന്‍ വിസില്‍ കാത്തു നില്‍ക്കുന്ന ക്രിസ്തുവിന്റെ മുഖമുള്ള ബാജിയോ. ഷൂട്ട് ഔട്ടില്‍ 3-2 ന് ബ്രസീല്‍ മുന്നിട്ടു നില്‍ക്കുകയാണ്. പെനാല്‍റ്റി കിക്കുകള്‍ ഗോളാക്കി മാറ്റുന്നതില്‍ ക്യാപ്റ്റന്‍ ആയ ബാജിയോയെക്കാളും മികച്ചു നില്‍ക്കുന്നവന്‍ അപ്രാവശ്യത്തെ ലോകകപ്പില്‍ ആരുമില്ലായിരുന്നു. എല്ലാ കണക്കു കൂട്ടലുകളും കാറ്റില്‍ പറത്തി ബാറിന് മുകളിലൂടെ പന്തും പുറത്തേക്കു പറന്നു. നാലു വര്‍ഷത്തെ ഇറ്റലിയുടെ പ്രതീക്ഷകള്‍ ചിറകറ്റു നിലത്തു വീണു. ബാജിയോ എന്ന ദൈവം വെറുക്കപ്പെട്ടവനാകുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. കാലിഫോര്‍ണിയയിലെ പസദേന സ്റ്റേഡിയത്തില്‍ നടന്ന ആ ഞെട്ടിക്കുന്ന സംഭവം ഒരു ദു:സ്വപ്‌നം പോലെ ഇന്നും ബാജിയോയെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ഫ്രഞ്ച് ഗോളി ജോയേല്‍ ബാറ്റസിനെ എങ്ങനെയാണ് മറക്കാനാവുക. ആ ചരിത്ര പ്രസിദ്ധമായ പെനാല്‍റ്റി സേവുകളെയും. 86ലെ മെക്‌സിക്കോ ലോക കപ്പില്‍ ഫ്രാന്‍സിനെ സെമി ഫൈനലിലേക്കുയര്‍ത്തിയ എണ്ണം പറഞ്ഞ രക്ഷാകവചങ്ങള്‍. അന്ന് ബാറ്റ്‌സിന് മുന്നില്‍ മുട്ട് മടക്കിയത് സീക്കോയെപ്പോലെ സോക്രടീസിനെപ്പോലെയുള്ള അതികായര്‍. ബ്രസീല്‍ മറക്കാനാഗ്രഹിക്കുന്ന ആ രാത്രി. നാല് വര്‍ഷം പഴക്കമുള്ള കാന്‍സറിനെ മറികടന്ന് അളവറ്റ മനോവീര്യം കൊണ്ടും ആത്മധൈര്യം കൊണ്ടും പ്രതിരോധിച്ച ബാറ്റ്‌സിന് മുന്നില്‍ നിഷ്പ്രഭരായി തീര്‍ന്നവര്‍ അനവധിയായിരുന്നു. ഇറ്റലിയുടെ ജിയാന്‍ ലൂഗി ബുഫോണ്‍, ചെക് റിപ്പബ്ലിക്കിന്റെ അന്റോണിന്‍ പനങ്കേ, പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡോ, ജര്‍മ്മനിയുടെ ജെന്‍സ് ലേമാന്‍,ബ്രസീലിന്റെ ടഫറെല്‍, ജര്‍മനിയുടെ ഒലിവര്‍ ഖാന്‍.. ഗോളികളുടെ പട്ടിക നീണ്ടു നീണ്ടു പോകുന്നു. ചരിത്രം ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്താന്‍ പോകുന്ന റഷ്യ 2018ലെ വല കാക്കുന്ന നിശ്ചയ ദാര്‍ഢ്യങ്ങളിലേക്ക് ഒരു പുലരിയുടെ വെളിച്ച ദൂരം മാത്രം...

Other Articles

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം

  റമദാന്‍ വിമോചനത്തിന്റെ മാസം

  റമദാന്‍ പകരുന്ന അനുഭൂതി