റമദാന്‍ കരുണയുടെ മാസം
തിരുനബി (സ) പറഞ്ഞു: 'ഒരു യാത്രക്കാരന്‍ ദാഹിച്ചവശനായിരിക്കുന്നു. ഒരു കിണര്‍ കണ്ടപ്പോള്‍ അയാളതിലിറങ്ങി ദാഹം തീര്‍ത്ത് പുറത്തു കടന്നു. അപ്പോള്‍ ദാഹിച്ചു നില്‍ക്കുന്നൊരു പട്ടിയെ കണ്ടു. ദാഹത്താല്‍ മണ്ണ് തിന്നുന്നുണ്ട്. താന്‍ സഹിച്ച അത്ര തന്നെ ദാഹം ഈ പട്ടിയും സഹിക്കുന്നല്ലോ എന്നയാള്‍ക്ക് തോന്നി. അയാള്‍ വീണ്ടു കിണറ്റിലിറങ്ങി. തന്റെ 'ഖുഫ്ഫ' (ഷൂ) യില്‍ വെള്ളം നിറച്ചു കടിച്ചു പിടിച്ചു തിരിച്ചു കയറി. പട്ടിയെ കുടിപ്പിച്ചു. അപ്പോള്‍ അയാളോടുള്ള നന്ദിയെന്നോണം അല്ലാഹു അയാളുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുകയും സ്വര്‍ഗ്ഗ പ്രവേശം അനുവദിക്കുകയും ചെയ്തു. ഇത് കേട്ടപ്പോള്‍ ശിഷ്യന്മാര്‍ ചോദിച്ചു: 'മൃഗങ്ങളിലും നമുക്ക് പ്രതിഫലം ലഭിക്കുമോ? തിരുനബി (സ) മറുപടി പറഞ്ഞു: 'ജീവന്‍ തുടിക്കുന്നവയിലെല്ലാം പ്രതിഫലം ലഭിക്കും' (ബുഖാരി, മുസ്‌ലിം)
വിശന്നു വിറയ്ക്കുന്ന ഒട്ടനേകം ജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നു നമുക്കറിയാം. ഒരുപക്ഷെ അവരുടെ കൃത്യമായ കണക്കും തിട്ടമുണ്ടായിരിക്കും. പക്ഷെ, അവരുടെ ഉള്ളിന്റെ കാളല്‍ ബോധ്യപ്പെടണമെങ്കില്‍ അതൊന്നനുഭവിച്ചറിയുക തന്നെ വേണം. ആ കൊണ്ടറിവിനുള്ളൊരു വഴി കൂടിയാണീ വ്രതാനുഷ്ടാനം. ദാഹം അനുഭവിച്ചറിഞ്ഞൊരു മനുഷ്യന്‍ പട്ടിയുടെ ദാഹവും മനസ്സിലാക്കിയത് പോലെ, പട്ടിണിപ്പാവങ്ങളുടെ ദീനരോദനം കേള്‍ക്കാന്‍ നമുക്കീ നോമ്പിലൂടെ സാധിക്കണം. പട്ടിണിക്കോലങ്ങള്‍ ഈ ഭൂമിയുടെ അലങ്കാരമല്ല. നമ്മെപ്പോലെ മജ്ജയും മാംസവും എല്ലാം ഉണ്ടാവേണ്ടവരായിരുന്നു അവരും. വിധിയുടെ നറുക്ക് വീണത് അവര്‍ക്കായിപ്പോയതാണ്. നമുക്ക് ലഭിച്ച ഭക്ഷണപാനീയങ്ങളും അഴകും ആരോഗ്യവും സമ്പത്തും സൗകര്യങ്ങളുമെല്ലാം അല്ലാഹു കനിഞ്ഞു നല്‍കിയതാണെന്നും ഇല്ലായ്മ മാത്രം സ്വന്തമായുള്ള അഗതികളിലൂടെ അവന്‍ നമ്മെ പരീക്ഷിക്കുകയാണെന്നുമുള്ള തിരിച്ചറിവാണ് വിശ്വാസികളെ വ്യതിരിക്തരാക്കുന്നത്. ഞാനും എന്റെ കെട്ട്യോളും കുട്ട്യോളും എന്ന നയം നമ്മുടെ സംസ്‌കൃതിക്ക് ചേര്‍ന്നതല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'അല്ലാഹു അവര്‍ക്ക് അനുഗ്രഹമായി നല്‍കിയവയില്‍ പിശുക്ക് കാണിക്കുന്നവര്‍, അതവര്‍ക്ക് നല്ലതാണെന്ന് ഒരിക്കലും കരുതേണ്ട, മറിച്ചു അതവര്‍ക്ക് നാശമാണ്. അവര്‍ പിശുക്ക് കാട്ടി പിടിച്ചുവച്ചതെല്ലാം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ ചാര്‍ത്തപ്പെടും. അല്ലാഹുവിന്നാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം. അവരുടെ ചെയ്തികളെല്ലാം സൂക്ഷ്മമായി അവന്നറിയാം.(സൂറ: ആലു ഇമ്രാന്‍)
സ്വര്‍ണ്ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ, അവരോടു കഠിനമായ ശിക്ഷകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക (സൂറ: തൗബ)
സകല ചാരാചരങ്ങള്‍ക്കും അനുഗ്രഹമായി വന്ന തിരുനബി (സ) കാരുണ്യപ്രവര്‍ത്തങ്ങളുടെ നിരവധി കവാടങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നു തന്നു. സഹജീവികളെ സഹായിക്കാനും സാന്ത്വനപ്പിക്കാനും ചെയ്യുന്ന സേവനങ്ങളെന്തോ, അവയ്‌ക്കെല്ലാം പ്രതിഫലം തീര്‍ച്ച. ഒരാളൊരു വൃക്ഷം നട്ടു, അതില്‍നിന്നു മനുഷ്യനോ മൃഗമോ പക്ഷിയോ ഭക്ഷിച്ചാല്‍ പോലും പ്രതിഫലം നല്‍കപ്പെടുമെന്ന് (മുസ്‌ലിം) പഠിപ്പിച്ച തിരുനബി (സ) മറ്റൊരിടത്ത് പറഞ്ഞു: 'ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ പരിലസിക്കുന്നതായി ഞാന്‍ കണ്ടു. അതിനു കാരണം, വഴിയിലേക്ക് ചാഞ്ഞു നിന്ന് ജനങ്ങള്‍ക്ക് പ്രയാസമായൊരു മരക്കൊമ്പ് അയാള്‍ മുറിച്ചു ഒഴിവാക്കിക്കൊടുത്തിരുന്നു'. (മുസ്‌ലിം). തിരുനബിയും (സ) അനാഥ സംരക്ഷകനും സ്വര്‍ഗ്ഗത്തില്‍ രണ്ടു വിരലുകള്‍ അടുത്തു നില്‍ക്കുന്നത് പോലെ, അടുത്തായിരിക്കുമത്രെ (ബുഖാരി). വിധവള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി പ്രയത്‌നിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവനെപ്പോലെയോ രാത്രി മുഴുവന്‍ അക്ഷീണം നിന്ന് നമസ്‌കരിക്കുകയും ഇടവിടാതെ നോമ്പെടുക്കുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന തിരുവചനങ്ങള്‍ അനവധിയുണ്ട്. അവിടുന്ന് ചുരുക്കിപ്പറഞ്ഞു: 'എല്ലാ ഉപകാരവും ദാനമാണ്' (ബുഖാരി, മുസ്‌ലിം).
ജംഷീദ് അടുക്കം
writer