ഫുട്‌ബോള്‍ കളിച്ച ആദ്യ നീഗ്രോ
ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച 1924 ലെ ഒളിംമ്പിക്‌സ് ഫുട്‌ബോളില്‍ ഒരു അമാനുഷികന്റെ കളി കണ്ട് ആസ്വാദകര്‍ ഞെട്ടി. റബ്ബര്‍ കൊണ്ടുണ്ടാക്കിയ ശരീരമെന്ന് തോന്നിക്കുന്ന മധ്യനിരക്കാരനായ ഒരു അധിക പുരുഷന്‍ എതിരാളിയെ ഒന്ന് സ്പര്‍ശിക്കുക പോലും ചെയ്യാതെ വളരെ വിദഗ്ധമായി പന്ത് തട്ടി എടുക്കുന്നു. ശരീരം ചുഴറ്റിയുള്ള അദ്ദേഹത്തിന്റെ ആക്രമണത്തില്‍ എല്ലാവരും ചിതറിപ്പോകുന്നു. എലി എടുത്തു കൊണ്ട് പോകുന്ന ചകിരി നാരു പോലെ പന്തിനെ അയാള്‍ നീക്കി നീക്കി അനായാസം വലയിലാക്കുന്നു. ഒരു കളിയില്‍ മൈതാനത്തിന്റെ ഒരറ്റം തൊട്ടു മറ്റേ അറ്റം വരേ കാലുകളിലായിരുന്നില്ല, അദ്ദേഹത്തിന്റെ തലയിലായിരുന്നു പന്ത്. പഴയ തെരുവ് സര്‍ക്കസുകളിലെ ഞാണിന്മേല്‍ കളി പോലെ അനുപമ സുന്ദരമായ ഈ കാഴ്ച കണ്ട് ആളുകള്‍ ആര്‍ത്തു വിളിക്കുകയും മൂക്കത്തു വിരല്‍ വെക്കുകയും ചെയ്തു. ഫ്രഞ്ച് പത്രങ്ങള്‍ 'കറുത്ത മുത്ത്'എന്ന് അദ്ദേഹത്തെ വിളിച്ചു.
ആദ്യത്തെ കറുത്ത മുത്ത് പെലെ ആയിരുന്നില്ല. അത് ഉറുഗ്വേയുടെ ഇതിഹാസ താരം ജോസ് ലിയാന്‍ഡ്രോ ആന്ദ്രാദെ ആയിരുന്നു. ചരിത്രത്തിലാദ്യം ഫുട്‌ബോള്‍ കളിച്ച കറുത്ത നീഗ്രോ. അത് വരെ ഫുട്‌ബോള്‍ വെള്ളക്കാരന്റെ കളിയായിരുന്നു. സമ്പന്നരിലെ അലസന്മാര്‍ക്ക് വിനോദത്തിനായി ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത കളി. അവര്‍ തങ്ങള്‍ അധീശപ്പെടുത്തിയ രാജ്യങ്ങളിലേക്ക് കോളനിവല്‍ക്കരണത്തിലൂടെ സംഭാവന ചെയ്ത കളി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ദന്ത ഗോപുരങ്ങളില്‍ നിന്നതിനെ രക്ഷപ്പെടുത്തുകയും മണ്ണിലേക്കിറക്കി വേരുറപ്പിക്കുകയും ചെയ്തത് കറുത്ത മുത്തെന്നറിയപ്പെട്ടിരുന്ന ഭീമാകാരനായ ആ മനുഷ്യനായിരുന്നു. ബ്രസീലിലെ അടിമയായിരുന്ന തന്റെ അച്ഛന് തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സില്‍ ജനിച്ചു എന്നവകാശപ്പെട്ട അദ്ദേഹം ഫുട്‌ബോളിനെ ഇത്രയേറെ ജനകീമാക്കിയതിലും അന്താരാഷ്ട്ര തലത്തില്‍ അതിനൊരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തതിലും വഹിച്ച പങ്ക് ചരിത്രത്തില്‍ തങ്ക ലിപികളിലാണ് കൊത്തി വെയ്ക്കപ്പെട്ടിരിക്കുന്നത്.
1930 ലെ ആദ്യ ലോക കപ്പ്. ഫൈനല്‍ കളിക്കുന്നത് അര്‍ജന്റീനയും ഉറുഗ്വയും. ഒരു ഫുട്‌ബോള്‍ മത്സരം കാണുന്നതിന് അന്നേ വരെ വന്നതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കാണികള്‍. 80,000 പേര്‍ ഉള്‍കൊള്ളുന്ന ഗാലറി നിറഞ്ഞു കവിഞ്ഞു. അന്ദ്രാദെയുടെ കളി മികവ് കേട്ടറിഞ്ഞു വന്നവരെ നിയന്ത്രിക്കാനാവാതെ സംഘാടകര്‍ കുഴങ്ങി. ബ്യുണെസ് അയേഴ്സ്സില്‍ നിന്നും അര്‍ജന്റീനക്കാരായ കാണികള്‍ പടയാളികളായ നാവികരെപ്പോലെയായിരുന്നു കളിയുടെ തലേന്ന് വലിയ ബോട്ടുകളില്‍ തുഴഞ്ഞെത്തിയത്. പ്‌ളേറ്റ് നദി കടന്ന് മോണ്ടോവിഡിയോവിലക്ക് ആവശ്യക്കാരെ മുഴുവന്‍ കൊണ്ട് പോകാന്‍ വേണ്ടത്ര സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. നിരാശാഭരിതരായ ആയിരക്കണക്കിന് കളിഭ്രാന്തന്മാര്‍ തീരത്ത് മുറവിളി കൂട്ടി. സെന്റിനറി സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞപ്പോള്‍ റഫറിമാര്‍ക്ക് ആധിയായി. അവര്‍ തങ്ങളുടെ സുരക്ഷയെപ്പറ്റി പരസ്പരം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. അവസാനം ഉറുഗ്വേക്കാര്‍ ഒരു കണക്കും ബാക്കി വെയ്ക്കാതെ കളിച്ചു. അന്ദ്രാദെയുടെ ഇന്ദ്രജാല പ്രകടനങ്ങള്‍ക്കിടയില്‍ ഉറുഗ്വേ 4-2 ന് ആദ്യത്തെ ലോക കപ്പ് ജേതാക്കളായി. ഫ്രഞ്ച് ശില്‍പി ആബേല്‍ ലാബഌ രൂപ കല്‍പ്പന ചെയ്ത 50,000 ഫ്രാങ്കിന്റെ സ്വര്‍ണ കപ്പ് ആന്ദ്രാദെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ആഘോഷം കൊണ്ടാടാന്‍ പിറ്റേന്ന് രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിച്ചു. അപ്പോഴും അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യുണെസ് അയേഴ്സ്സില്‍ ഉറുഗ്വേ കോണ്‍സുലേറ്റിന് നേര്‍ക്ക് ജനങ്ങള്‍ കല്ലെറിയുകയായിരുന്നു. പൊലീസ് വെടിവെച്ചു ജനത്തെ പിരിച്ചു വിടും വരെ.
കളി കഴിഞ്ഞ് ആന്ദ്രാദെ നേരെ പാരിസിലേക്കു വെച്ചു പിടിച്ചു. അദ്ദേഹത്തിന്റെ ഹൃദയം അവിടെയായിരുന്നു. ആരാധക വൃന്ദത്തില്‍ പെട്ട തരുണീമണികള്‍ കറുത്ത മുത്തിന്റെ നോട്ടത്തിനായി, സ്പര്‍ശത്തിനായി, സഹശയനത്തിനായി മത്സരിക്കുകയായിരുന്നു എവിടെയും. നിശാ ക്ലബ്ബുകള്‍ അദ്ദേഹത്തിന് ചുവപ്പു പരവതാനികള്‍ പാകി കാത്തു നിന്നു. ചഷകമേന്തിയ മദിരാശിമാര്‍ ചുറ്റും ഉന്മാദ നൃത്തം ചവിട്ടിത്തുടങ്ങി. ഇടയ്ക്ക് പാരീസിലെ സമ്പന്നയായ ഒരു സ്ത്രീ രത്‌നം കയറി വന്ന് അന്ദ്രാദെയെ കൊത്തിയെടുക്കുകയും മാസങ്ങളോളം കൂടെ പാര്‍പ്പിക്കുകയും ചെയ്തു. കുട്ടപ്പന്‍ പിന്നീട് തിരിച്ചു വന്നത്, മോണ്ടിവീഡിയോയില്‍ നിന്നുള്ള തേഞ്ഞ ഇളകിയ ചെരിപ്പുകളുടെ സ്ഥാനത്ത് തിളങ്ങുന്ന ലെതര്‍ ഷൂസും പഴകിയ തൊപ്പിയുടെ സ്ഥാനത്ത് വിലമതിക്കുന്ന പ്രത്യേക തൊപ്പിയുമായി. കൈകളില്‍ വജ്ര മോതിരങ്ങള്‍. കഴുത്തില്‍ കനത്ത സ്വര്‍ണമാല. രാത്രി കാലങ്ങളില്‍ കാബ്‌റയുടെ രാജാവായി. ബാന്റടി വിദഗ്ധനായി. ബ്യൂഗിള്‍ വായനക്കാരനായി.
ഒന്നാംതരം നര്‍ത്തകന്‍. അന്നത്തെ പത്രക്കോളങ്ങളില്‍ ആ രാത്രികളുടെ സാമ്രാട്ടിന്റെ ചിത്രങ്ങള്‍ വാഴ്ത്തപ്പെട്ടു. അലസോല്ലാസിത പദചലനങ്ങളില്‍, വായ തുറന്ന ചിരിയില്‍, വിദൂരത്തേക്കു പായുന്ന പാതിയടഞ്ഞ കണ്‍കളില്‍ റാണിമാരുടെ അന്തപ്പുരത്തില്‍ സോല്ലാസം കാമക്രീഡകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുല്‍ത്താന്മാരുടെ പരിച്ഛേദമായിരുന്നു അദ്ദേഹത്തിന്. പട്ടു തൂവാല, രേഖാങ്കിതമായ ജാക്കറ്റ്, മഞ്ഞ കയ്യുറകള്‍, വെള്ളിപ്പിടിയുള്ള വടി... പക്ഷേ, ഒന്നും കൂടുതല്‍ കാലം നീണ്ടു നിന്നില്ല. മദ്യം ജീവിതത്തെ മുച്ചൂടും മൂടിയപ്പോള്‍, പായ്മരം നിലം പൊത്തി. പങ്കായം നഷ്ടപ്പെട്ട തോണി പോലെ എവിടെയോ ഒക്കെ നിര്‍ലക്ഷ്യനായൊരു നിദ്രാടകനെപ്പോലെ അലഞ്ഞു നടന്നു. ഒരു കണ്ണിന്റെ കാഴ്ച പണ്ടത്തെ ഒളിംപിക് കളിയില്‍ ഗോള്‍ പോസ്റ്റില്‍ തട്ടിവീണ് ഏറെക്കുറെ അവസാനിച്ചിരുന്നു. അവസാനം മോണ്ടിവിഡിയോയില്‍ ആന്ദ്രാദെ മരിച്ചു. സുഹൃത്തുക്കള്‍ അദ്ദേഹത്തിന് വേണ്ടി പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നെങ്കിലും ഒന്നും നടന്നില്ല. സിഫിലിസ്, ക്ഷയരോഗം, പിന്നെ അവസാന നാളുകളിലെ ദാരിദ്ര്യം ഒക്കെച്ചേര്‍ന്ന് ആന്ദ്രാദെയെ പെട്ടെന്ന് മരണം വിളിച്ചു കൊണ്ട് പോകുകയായിരുന്നു.
scania bedira
writterOther Articles