മരണമെത്തും നേരത്ത്...
പണ്ട്, തായലങ്ങാടിയിലെ ന്യൂ ഔവര്‍ കോളേജില്‍ ട്യൂഷന് പോയിരുന്ന കാലത്ത്, കണ്ണാടിപ്പള്ളിക്കടുത്ത ബാഗ്കടയില്‍ കണ്ടു പരിചിതമായ, സദാ പുഞ്ചിരി വിടര്‍ന്ന് നില്‍ക്കുന്ന മുഖം, എന്റെ ഹൃദയത്തിലേക്ക് പടര്‍ന്ന് കയറിയത് പെട്ടന്നാണ്. പുഞ്ചിരി ലുബ്ധ് കാണിക്കാതെ എപ്പോഴും ഇങ്ങനെ നിറഞ്ഞു നില്‍ക്കുന്ന മുഖങ്ങള്‍ അപൂര്‍വ്വമായിരിക്കാം. ടിപ്‌കോ അഹമ്മദലിച്ചയുടെ മുഖത്ത് പുഞ്ചിരി മാഞ്ഞ നേരം കണ്ടിട്ടില്ല ഞങ്ങള്‍.
കണ്ണാടിപ്പള്ളിയിലേക്ക് ചെല്ലുമ്പോഴൊക്കെ ടിബ്‌കോയുടെ പൂമുഖത്തേക്ക് നോക്കും. ഞങ്ങളെ കണ്ടാല്‍ വലത് കൈ പൊക്കി, പുഞ്ചിരിച്ചു കൊണ്ട് അഹമ്മദലിച്ച 'സലാം' പറയും. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് നല്ല നൈര്‍മല്യവും സ്‌നേഹവും ഉണ്ടായിരുന്നു. പഠിക്കാന്‍ എപ്പോഴും ഉപദേശിക്കും. പഠിച്ചാല്‍ മാത്രം പോര, പഠിക്കുന്നതിന്റെ ഫലമുണ്ടാകണമെന്ന്.
ഞങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തിന് കൂടുതല്‍ ചാരുതയും സൗരഭ്യവും പകരാന്‍ പടച്ചവന്‍ ഇടപെട്ടു. എന്റെ സഹോദരിയുടെ മകള്‍ (അഹ്മദ് മാഷിന്റെ സഹോദരന്റെ മകള്‍) അഹമ്മദലിച്ചയുടെ മൂത്തമകന്‍ ഖലീലിന്റെ ഭാര്യയായി. അതൊരു തുടക്കമായിരുന്നു. ഞാനും അഹമ്മദലിച്ചയും തമ്മിലുള്ള ഹൃദയ ബന്ധത്തെ മുല്ലപ്പൂ ചരട് കൊണ്ട് കൂടുതല്‍ ബന്ധിതമാക്കുന്നത് പോലെ, അദ്ദേഹത്തിന്റെ മറ്റു രണ്ട് ആണ്‍മക്കള്‍ക്കും എന്റെ ഉറ്റവര്‍ നല്ല പാതിയായി. രണ്ടാമത്തെ മകന്‍ മുസ്തഫക്ക് മണവാട്ടിയായെത്തിയത് എന്റെ ഉറ്റമിത്രങ്ങളായ സലാം കന്യപ്പാടിയുടെയും നൗഷാദിന്റെയും മുഷ്താഖിന്റെയും സഹോദരിയുടെ മകളാണെങ്കില്‍ ഇളയമകന്‍ ഹൈദറിന് സൗഭാഗ്യവതിയായി എത്തിയത് എന്റെ ഭാര്യാസഹോദരിയുടെ മകളാണ്. ഞാനും അഹമ്മദലിച്ചയും തമ്മിലുള്ള ബന്ധം അങ്ങനെയങ്ങനെ കൂടുതല്‍ ആഴത്തിലേക്ക് പടരുകയായിരുന്നു. അഹമ്മദലിച്ചയുടെ ചെമനാട്ടെ വീട്ടിലേക്ക് എന്റെ പാദങ്ങള്‍ നിരന്തരം അടുക്കാന്‍ ഈ ബന്ധങ്ങള്‍ വലിയ അനുഗ്രഹമായി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇടക്കിടെ അലട്ടിയിരുന്നെങ്കിലും, മരണത്തിന്റെ വക്കിലെന്ന് പലപ്പോഴും തോന്നിപ്പിച്ചിരുന്നെങ്കിലും സ്‌നേഹ മലര്‍വാടിയില്‍ തന്നെ കിടത്തിയാട്ടിയ മക്കളുടെയും ഉറ്റവരുടെയും ഇടയിലേക്ക് മരണത്തെ തോല്‍പ്പിച്ച് അദ്ദേഹം വീണ്ടും വീണ്ടും കടന്നുവന്നു.
എന്നാല്‍ ഇന്നലെ...
ഹൃദയ സംബന്ധമായ അസുഖം കഠിനമായതിനാല്‍ മകന്‍ ഹൈദര്‍ ഇന്നലെ രാവിലെ അഹമ്മദലിച്ചയെ ഫാത്തിമ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ അദ്ദേഹം, തന്നെ വീട്ടിലേക്ക് കൊണ്ടു പോകണമെന്ന് വാശി പിടിച്ചു. ഡോക്ടറുടെ വിലക്കുകളൊന്നും കേട്ടില്ല. തനിക്ക് വീട്ടില്‍ കിടന്ന് മരിക്കണം എന്ന വാശി മാത്രമായിരുന്നു അദ്ദേഹത്തിന്. മരിക്കാന്‍ ഇനിയുമെത്ര കാലമുണ്ടല്ലോ എന്ന ഉറ്റവരുടെ വാക്കുകള്‍ക്കൊന്നും അദ്ദേഹം ചെവി കൊടുത്തില്ല. എനിക്ക് വീട്ടില്‍ കിടന്ന് മരിച്ചാല്‍ മതി. എന്റെ ആഗ്രഹത്തെ തടയരുത്...
ഒടുവില്‍ സന്ധ്യയോടെ വീട്ടിലെത്തിച്ചു. ഓക്‌സിജന്‍ മെഷീന്‍ അടക്കം ആസ്പത്രിയില്‍ നിന്ന് കൊടുത്തയച്ചിരുന്നു. ഞാന്‍ കാണാന്‍ ചെല്ലുമ്പോള്‍ അഹമ്മദലിച്ച സ്വീകരണ മുറിയില്‍ കിടക്കുന്നുണ്ട്. കണ്ടപാടെ എന്നെ തിരിച്ചറിഞ്ഞു. നെഞ്ചത്ത് വെച്ച കൈ കൊണ്ട് അദ്ദേഹം ഇടക്കിടെ തടവുന്നുണ്ട്. വേദന അനുഭവപ്പെടുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ വയ്യായ്കക്കിടയിലും ആ പുഞ്ചിരി വിടരാതിരുന്നില്ല; തിളക്കമല്‍പം കുറവായിരുന്നുവെങ്കിലും. എന്നോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. അഹമ്മദലിച്ചയെ ഞങ്ങള്‍ ചക്രക്കസേരയില്‍ ഇരുത്തി കിടപ്പു മുറിയിലേക്ക് മാറ്റി. ഞാന്‍ ഇടതു കൈ വിരലുകളില്‍ പിടിച്ചപ്പോള്‍ അദ്ദേഹം വലതു കൈ ഉയര്‍ത്താന്‍ ശ്രമിച്ചു. പൊങ്ങുന്നില്ല. ഹൈദര്‍ ആ കൈകള്‍ പിടിച്ച് എന്റെ കരങ്ങളില്‍ ചേര്‍ത്തുവെച്ചു. എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു അദ്ദേഹം. പക്ഷെ വിടര്‍ന്നില്ല. കണ്ണടച്ചു കിടന്നു. മുഖത്ത് ഒരു ചവര്‍പ്പ് ഞങ്ങള്‍ കണ്ടു. മരണം അരികത്ത് വന്നു നില്‍ക്കുന്നതിന്റെ ക്ഷീണമായിരുന്നു അതെന്ന് തിരിച്ചറിയാന്‍ പക്ഷെ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ യാത്ര പറഞ്ഞിറങ്ങി.
മണിക്കൂറുകള്‍ക്കകം ആ മരണ വാര്‍ത്തയെത്തി. സ്‌നേഹത്തിന്റെ പൂമുഖത്തിരുന്ന് ഞങ്ങളോട് എന്നും പുഞ്ചിരിച്ച ഒരു നല്ല മനുഷ്യന്റെ വേര്‍പാട് വാര്‍ത്ത. മരണം ഒരു പുഞ്ചിരി കൂടി കെടുത്തിയിരിക്കുന്നു.
T.A.Shafi
The writer is the sub editor of Utharadesam DailyOther Articles

  എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയാകുമോ?

  മഹല്ലുകള്‍ ഉണരട്ടെ; സമൂഹക്ഷേമത്തിനായി

  കണ്ണാടിപ്പള്ളി പറഞ്ഞുതന്ന നല്ല പാഠങ്ങള്‍...

  കാത്തിരിപ്പ് ഇനി രണ്ടാഴ്ച

  കൂടിയ പോളിംഗ് ആരെ തുണക്കും

  എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്?

  ആ അക്ഷരപ്പുഴ വറ്റി

  അബ്ദുല്‍ അസീസ്: കായിക മേഖലയെ ഉണര്‍ത്തിയ സംഘാടകന്‍

  കാസര്‍കോടിന്റെ മോഡറേറ്റര്‍

  ജസ്റ്റിസ് ഫാറൂഖ്; നീതിബോധത്തിന് തിളക്കം കൂട്ടിയ ന്യായാധിപന്‍

  കെ.ജി.റസാഖ് ഇപ്പോഴും എഴുതുകയാണ്...

  പി.ബി അബ്ദുല്‍ റസാഖ് ഓര്‍മ്മകളില്‍...

  ചരിത്രത്തോടൊപ്പം നടന്നൊരാള്‍...

  ചൂടപ്പം പോലെ സുഹ്‌റത്ത് സിതാരയുടെ നോവല്‍; പ്രമുഖരുടെ കയ്യടി

  പ്രളയാനന്തരം ഓണവും ബക്രീദും