മൗനത്തിന്റെ നിലവിളികള്‍
പ്രവാസ ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങള്‍ നല്‍കിയ ജയിലനുഭവങ്ങള്‍ അക്ഷരങ്ങളിലൂടെ അനുവാചകര്‍ക്ക് പകര്‍ന്നുനല്‍കുന്ന കൃതിയാണ് സുബൈദയുടെ 'എന്റെ ജയിലനുഭവങ്ങള്‍'. മാസങ്ങളോളം ജോലി ചെയ്ത് ലഭിക്കേണ്ടിയിരുന്ന ശമ്പളക്കുടിശ്ശികയും ആനുകൂല്യങ്ങളും വാങ്ങിയെടുത്ത് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച് കമ്പനി ഓഫീസിലേക്ക് പോയ സുബൈദ മാനേജരുടെ ചതിയില്‍പെട്ട് ജയിലിലാകുന്നതോടെയാണ് ഗള്‍ഫിലെ നരകതുല്യമായ തീക്ഷ്ണാനുഭവങ്ങളിലേക്ക് എത്തപ്പെടുന്നത്.
താന്‍ ചെയ്ത തെറ്റെന്തെന്നുപോലുമറിയാതെ നിരപരാധിത്വം തെളിയിക്കാനവസരം നിഷേധിക്കപ്പെട്ട് ജയിലിലേക്കെടുത്തെറിയപ്പെട്ട അനേകം നിസ്സഹായരായ മനുഷ്യരുടെ ദുരവസ്ഥ വരച്ചുകാട്ടുന്ന വരികള്‍ നമ്മെ ഏറെ നൊമ്പരപ്പെടുത്തും.
സുബൈദ എന്ന എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ ജീവിതം പ്രത്യേകമായ കാരണങ്ങളാല്‍ തന്റെ കാലത്തെ അടയാളപ്പെടുത്താന്‍ തന്നെത്തന്നെ ഏറ്റവും യോഗ്യനാക്കുന്ന അനുഭവങ്ങളുടെ പ്രത്യേകത അയാളില്‍ ഉള്ളതുകൊണ്ടാണ്.
കാലത്തിന്റെ ചരിത്രം മായ്ക്കപ്പെടുകയോ മാറ്റിയെഴുതപ്പെടുകയോ ചെയ്യുന്ന കാലമാണിത്. കാലം ഏല്‍പിച്ച ക്ലേശങ്ങളുടെ കഷ്ടതകളും പൊറുതികേടുകളും ആവോളം അനുഭവിക്കേണ്ടി വന്ന എഴുത്തുകാരന്‍ അത് വരും തലമുറക്കുകൂടി ഇങ്ങനെയും ഒരു ജീവിതമുണ്ടായിരുന്നുവെന്ന് അടയാളപ്പെടുത്തിക്കൊടുക്കുമ്പോഴാണ് അയാള്‍ ചരിത്രത്തിന്റെ ഭാഗമാവുന്നത്. സുബൈദ 1970 മുതല്‍ മലയാള സാഹിത്യത്തില്‍ സജീവമാണ്. തന്റെ ജീവിതം തന്നെയാണ് അക്ഷരങ്ങളെന്നും എഴുത്തിലൂടെ താന്‍ സ്വയം സംസ്‌ക്കരിക്കുന്നുവെന്നും സുബൈദ എഴുതിയിട്ടുണ്ട്. ബഷീറിനെപ്പോലെ പല വേഷങ്ങള്‍ കെട്ടുകയും പല ദേശങ്ങളും രാജ്യങ്ങളും ചുറ്റുകയും ചെയ്ത സുബൈദ ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മറവികള്‍ക്കെതിരെയുള്ള കലാപം എന്നാണ് സുബൈദയുടെ എഴുത്തുകളെക്കുറിച്ച് നിരൂപകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഓര്‍മ്മകളുടെ തീപ്പൊള്ളലേറ്റ് പായുന്ന എത്രയോ കഥാപാത്രങ്ങള്‍ സുബൈദയുടെ കൃതികളിലുണ്ട്. എന്റെ ജയിലനുഭവങ്ങള്‍ എന്ന കൃതി ഏറ്റവും മികച്ച ഉദാഹരണമാണ്. ഈയിടെയാണ് മാതൃഭൂമി 'എന്റെ ജയിലനുഭവങ്ങള്‍' പ്രസിദ്ധീകരിച്ചത്. ഭാവനകളെ വെല്ലുന്ന ജീവിതാനുഭവങ്ങളുടെ നടുവിലാണ് ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിനിടയില്‍ ലക്ഷോപലക്ഷം മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. എന്നാല്‍ അവരുടെ ദുരിതകഥകള്‍ കേള്‍ക്കാനോ അടയാളപ്പെടുത്താനോ നമുക്ക് കഴിഞ്ഞിട്ടില്ല. രണ്ടായിരത്തോടെയാണ് മലയാള സാഹിത്യത്തില്‍ പ്രവാസികളുടെ നൊമ്പരങ്ങള്‍ പകര്‍ത്തപ്പെട്ടത്. ഇപ്പോള്‍ ഇറങ്ങിയ സുബൈദയുടെ ജയിലനുഭവങ്ങള്‍ ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ അകപ്പെട്ട ഒരു സാദാ മനുഷ്യന്റെ വേവലാതികളാണ്. തടവറ യാഥാര്‍ത്ഥ്യവും ചരിത്രവും പുതിയ വ്യവസ്ഥിതിയുമാണ്. ജയില്‍ എന്നതിന് ശരിയാക്കുക എന്നത് റോമന്‍ നിയമത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എഴുത്തുകാരന്റെ സ്വന്തം അനുഭവമാണ് ഈ പുസ്തകം.
തൊഴിലും കൂലിയുമില്ലാതെ നാട്ടില്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയുമ്പോള്‍ സഹായിക്കാനാരുമില്ലാതെ നട്ടംതിരിയുന്ന ആര്‍ക്കും വേണ്ടാത്തവന്‍ ഗള്‍ഫില്‍ നിന്നും പണവുമായി എത്തിയപ്പോള്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനാകുന്ന പ്രവാസി. പെട്ടിയും കീശയും കാലിയാകുമ്പോള്‍ കൈയൊഴിയുന്ന ബന്ധുക്കളും സുഹൃത്തുക്കളും. വാര്‍ധക്യവും രോഗവും തളര്‍ത്തിയ ഉമ്മ മകന്‍ ഗള്‍ഫിലെ ജയിലിലായതറിയാതെ എന്റെ മോന്റെ കത്തും പണവും വരുന്നുണ്ടോ കാക്കേ എന്ന് ചോദിക്കുന്നതും നിര്‍ധനരായ പ്രവാസിയുടെ കുടുംബങ്ങളുടെ രേഖാചിത്രമാണ് എഴുത്തുകാരന്‍ വരച്ചുകാട്ടുന്നത്. അടിമപ്പണി ചെയ്യേണ്ടിവരുന്ന ശൈഖലിയുടെ വിശ്രമമില്ലാത്ത ദിനരാത്രങ്ങള്‍ യജമാനരായ അറബിയും ഭാര്യമാരും അയാളുടെ വെപ്പാട്ടിമാരും വിളിക്കും മുമ്പ് ഹാജരായില്ലെങ്കില്‍ കൊടിയ മര്‍ദ്ദനവും കാര്‍ക്കിച്ച് തുപ്പലും ചീത്തവിളിയും. ശമ്പളം ചോദിച്ചാല്‍ ശകാരം. കുടുസുമുറിയില്‍ മരുഭൂമിയുടെ ചൂടില്‍ അയാള്‍ വെന്തു. ഭൂമിയിലെ ഈ നരകത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നായി ശൈഖലിയുടെ ചിന്ത. പക്ഷെ, രോഗിയായി കിടക്കുന്ന ബാപ്പയും ഉമ്മയും മരണം കാത്തുകിടക്കുന്ന വല്യുമ്മയും കെട്ടുപ്രായം കഴിഞ്ഞുനില്‍ക്കുന്ന രണ്ട് പെങ്ങന്മാരും. ശൈഖലിയുടെ നിസ്സഹായാവസ്ഥ ഏവരുടെയും കരളലിയിപ്പിക്കും. ഇത്തരത്തില്‍ ധാരാളം നിസഹായരായ പ്രവാസികളുടെ നേര്‍ചിത്രമാണ് ശൈഖലിയിലൂടെ നാം കാണുന്നത്. സിറിയക്കാരിയായ ആമിന സൊവൈദ് മുതലാളിമാരായ നജാഫുറിന്റെയും ജമാല്‍ ഹൈദര്‍ ഖുര്‍ശിയുടെയും കീശയും പണപ്പെട്ടിയും കാലിയാക്കി ആരോടും പറയാതെ സിറിയയിലേക്ക് പറന്നുപോകുന്നതും നിരാശാകാമുകനായ ജമാല്‍ ഹൈദര്‍ ഖുര്‍ശി സമനില തെറ്റിയലഞ്ഞ് പാടി നടക്കുന്ന കാഴ്ചയും കിട്ടുന്ന ശമ്പളം ഗോവക്കാരിയായ ഫിലോമിന ഫെര്‍ണാണ്ടസിന്റെ ഉടുപ്പുകളാവുന്നതും ആഭരണങ്ങളാവുന്നതും ഡ്രാഫ്റ്റുകളായി അവളുടെ നാട്ടിലേക്കൊഴുകുന്നതും പ്രണയക്കുരുക്കിലകപ്പെടുന്ന പ്രവാസി യുവത്വം തന്റെ കാമുകിക്ക് ജീവിതം പകുത്തു നല്‍കി ഒന്നുമില്ലാത്തവനായി മാറുന്ന കാഴ്ചയാണ് സുബൈദ വായനക്കാരന് കാണിച്ചുതരുന്നത്.
തന്റെ പ്രിയതമക്ക് കത്തെഴുതിക്കൊണ്ടിരിക്കെ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട് പിടിച്ചുകൊണ്ടുപോയി പൊലീസ് വാനില്‍ ഭൂഗര്‍ഭ ജയിലിലെത്തിച്ചതെന്തിനെന്നറിയാതെ അമ്പരപ്പോടെ ഒരു മൂലയിലിരുന്ന് കരയുന്ന വേണു, നാട്ടിലേക്കുള്ള കത്ത് പോസ്റ്റ് ചെയ്യാന്‍ പുറത്തിറങ്ങി വര്‍ക്കിങ്ങ് പെര്‍മിറ്റ് എടുക്കാന്‍ മറന്നതിനാല്‍ പൊലീസ് ജയിലിലടച്ച ഹാജിയാര്‍ തുടങ്ങി താനുള്‍പ്പെടെ ജയില്‍ ജീവിതത്തിന് വിധിക്കപ്പെട്ട അനേകം നിരപരാധികളായ ഹതഭാഗ്യരായ മനുഷ്യരുടെ വേദനകള്‍ 'എന്റെ ജയിലനുഭവങ്ങളില്‍' സുബൈദ പങ്കുവെക്കുന്നു.
കള്ളസാക്ഷി പറഞ്ഞെന്നാരോപിച്ച് കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന ശ്രീലങ്കക്കാരനായ ഗുരുവര്‍ധനന്‍ എന്ന സഹതടവുകാരന് സാന്ത്വനം പകരുന്ന എഴുത്തുകാരന്‍ തനിക്ക് ലോകം കാണാന്‍ ഒരു കണ്ണ് മതിയെന്നും മറ്റെക്കണ്ണ് അയാള്‍ക്ക് നല്‍കാമെന്നും ഉറപ്പുനല്‍കി ആശ്വസിപ്പിക്കുന്നു. കരുണയുടെ നീരുറവ് കാത്തുസൂക്ഷിക്കുന്ന നിര്‍മ്മലമായ മനസിന്റെ ഉടമയാണ് സുബൈദ എന്നുകൂടി ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. രാവെന്നോ പകലെന്നോ വേര്‍തിരിച്ചറിയാനാവാത്ത അവസ്ഥയില്‍ ജീവിതം തള്ളിനീക്കുന്ന ദുരനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന നിരപരാധികളും നിസ്സഹായരുമായ ഒരുപറ്റം പച്ചയായ മനുഷ്യജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ നമ്മോട് ചോദിക്കുന്ന ഒട്ടേറെ ചോദ്യങ്ങളുയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ ചോദ്യങ്ങളെല്ലാം വര്‍ത്താനകാലത്ത് വിവിധ രാജ്യങ്ങളില്‍ എന്തിനേറെ നമ്മുടെ ഇന്ത്യാരാജ്യത്തുപോലും കള്ളക്കേസ് ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട അനേകം നിരപരാധികളുടെ മേലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മനുഷ്യമനഃസാക്ഷി ഉയര്‍ന്നുവരേണ്ടതിന്റെ പ്രസക്തി ഉറക്കെ വിളിച്ചോതുന്ന കൃതിയാണ് സുബൈദയുടെ എന്റെ ജയിലനുഭവങ്ങള്‍ എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
മുഹമ്മദ് റഹ്മത്തുല്ല
writer