മനസ്സില്‍ മാരിവില്ലൊരുക്കി പൊന്നോണം; ത്യാഗസ്മരണ പുതുക്കി ബലിപെരുന്നാള്‍
ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ചരിത്രം വിളിച്ചോതി ബലിപെരുന്നാളും പൊന്‍പുലരിയുടെയും സമൃദ്ധിയുടെയും പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ഓണവും ഒന്നിടവിട്ട ദിവസങ്ങളില്‍ സമാഗതമാവുകയാണ്.
പ്രവാചകന്‍ ഇബ്രാഹിം നബി (അ) തനിക്ക് കാത്തിരുന്ന് ലഭിച്ച പ്രിയപുത്രന്‍ ഇസ്മയിലി(അ)നെ ബലി നല്‍കാന്‍ തയ്യാറായി എന്നതിലപ്പുറം ചരിത്രത്തില്‍ ഹാജറ(റ) കാട്ടിയ ധീരത തുല്യതയില്ലാത്ത തരത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ അനുസ്മരിക്കേണ്ടിയിരിക്കുന്നു. ഹാജറ(റ)യുടെ മനസ്സ് പ്രവാചകന്‍ ഇബ്രാഹിം നബി (അ)യുടെ ഒപ്പം ചേര്‍ന്നപ്പോള്‍ വിശ്വാസ വഴിയിലെ ഐക്യത്തേയും, കുടുംബ ബന്ധത്തേയും ഉയര്‍ത്തിക്കാട്ടുക കൂടിയാണ് ചെയ്തത്.
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുയര്‍ത്തി അതിലുപരി മനുഷ്യരെ ഒന്നുപോലെ ജീവിക്കാനനുവദിച്ച ഒരു ഭരണാധികാരിയെ അസൂയയും പരപുച്ഛവും കൈമുതലാക്കിയ ചിലരുടെ ഗൂഢതന്ത്രങ്ങളുടെ ഫലമായി സ്ഥാനഭ്രഷ്ടനും നാടുകടത്തപ്പെട്ടതുമായ ഒരു ദുരന്തത്തിന്റെ ഓര്‍മ പുതുക്കലും കൂടിയാണ് ഓണം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പെരുന്നാള്‍ എന്ന ആഘോഷത്തെ ക്രിയാത്മകമായാണ് സമീപിക്കേണ്ടത്. ലോകത്തെ കണ്ടും ജനങ്ങളുടെ പ്രയാസങ്ങളെ പരിഗണിച്ചും വേണം ആ കടമ നിര്‍വഹിക്കാന്‍. പെരുന്നാള്‍ ദിനത്തില്‍ മാത്രം ആഘോഷത്തെ ഒതുക്കാത്തത് ചരിത്രം പരിശോധിച്ചാല്‍ കാണാം. ശേഷമുള്ള ദിവസങ്ങളിലും ബലിയുടെയും ത്യാഗത്തിന്റെയും പ്രസക്തിയും സൂക്ഷ്മതയുമെല്ലാം ഉണ്ടാകണം. സംഭവബഹുലമായ ചരിത്രത്തെ ജീവിതത്തിന്റെ ഭാഗമാക്കി ചേര്‍ത്ത് വെക്കുന്ന ഓര്‍മ്മപെരുന്നാള്‍ കൂടിയാണ് ബലിപെരുന്നാള്‍. ത്യാഗത്തിന്റെ മാതൃകകളായിരുന്നു പ്രവാചക അനുചരന്മാര്‍ പോലും. ഇവിടെയും ലിംഗ വ്യത്യാസത്തിന്റെ സാധ്യതകളെ ഇസ്ലാമിക ചരിത്രം തള്ളിക്കളയുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ഖദീജ(റ) ത്യാഗം ചെയ്തപ്പോള്‍ ജീവന്‍ നല്‍കിയാണ് സുമയ്യ (റ) ചരിത്രത്തില്‍ ത്യാഗമെന്ന വാക്കിനെ അന്വര്‍ത്ഥമാക്കിയത്. ത്യാഗമെന്നത് ഒരിക്കലും തലകുനിക്കാത്ത ഒരു പാറക്കെട്ടാണ്. അതാണ് അബൂബക്കര്‍ സിദ്ദിഖ്(റ), ഹംസ (റ)വിനെപ്പോലുള്ള മഹാത്മര്‍ ഒരു സമൂഹത്തെ ത്യാഗത്തിലൂടെ ക്രിയാത്മകമായി നയിച്ചത്. ഇത് നമുക്ക് ചരിത്രങ്ങളിലൂടെ കാണാന്‍ കഴിയും.
അല്ലാഹുവിനോടുള്ള അകമഴിഞ്ഞ ഭക്തിയും വിധേയത്വവുമാണ് പെരുന്നാളിന്റെ ആത്മാവ്. പരസ്പര സ്‌നേഹവും സാഹോദര്യവുമാണ് അതിന്റെ തുടിപ്പ്. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തിയായി ആഘോഷിക്കുന്ന വിശുദ്ധിയുടെ നിറവ് കൂടിയാണ് ബലിപെരുന്നാള്‍. ദരിദ്രരെയും അവശരെയും ഈ നാളുകളില്‍ കൂടെ കൂട്ടണം. അല്ലാഹുവിന്റെ കല്‍പ്പനയും അപ്രകാരമാണ്. ജീവിതത്തിലുണ്ടാേകണ്ട ഭക്തിയും ശ്രദ്ധയുമാണ് പ്രധാനം. ഏത് ഘട്ടത്തിലും സഹജീവികളെ പരിഗണിക്കലും അവരുടെ പ്രയാസങ്ങളെ അറിയലുമാണ് ചരിത്രം നല്‍കുന്ന പാഠം. ഈ ചരിത്ര ബോധത്തെയാണ് ബലിയിലൂടെയും ത്യാഗത്തിലൂടെയും ഒരു വലിയ സന്ദേശമായി ബലി പെരുന്നാള്‍ നമുക്ക് നല്‍കുന്നത്.
മറ്റൊരു ത്യാഗസ്മരണയുടെ കൂടി സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മ്മകളുമായാണ് ഓണവും നമ്മുടെ മുന്നിലെത്തുന്നത്. ജീവിതത്തിരക്കിനും പ്രാരാബ്ധങ്ങള്‍ക്കുമിടയില്‍ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തെളിനീരുറവ നിറക്കുകയാണ് ഓണക്കാലം. തെരുവോരങ്ങളില്‍ പൂക്കളുടെ കൂമ്പാരം. ജമന്തിയും മല്ലികയും ചെണ്ടുമല്ലിയും തുടങ്ങി പൂക്കളുടെ വൈവിധ്യ ലോകമാണ് ഓണത്തെ വരവേല്‍ക്കുന്നത്. പൊള്ളുന്ന വിലക്കയറ്റം ജീവിത ദുരിതം തീര്‍ക്കുമ്പോഴും ആഘോഷത്തിന്റെ പൊലിമക്ക് ഇല്ലായ്മയും വല്ലായ്മയും മങ്ങലേല്‍പിക്കാന്‍ മലയാളികളുടെ മനസ് ഒരുക്കമല്ലെന്നത് നഗരത്തിരക്കും മറ്റും സാക്ഷ്യം വഹിക്കുന്നു.
മലയാളികളുടെ സാംസ്‌കാരിക ഏകത്വത്തിന്റെ ചിഹ്നമാണ് ഓണം. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന ചൊല്ല് ഓണാനുഭവത്തിന്റെ അനിവാര്യതയും പ്രസക്തിയും ഓര്‍മ്മിപ്പിക്കുന്നു. ജാതിമത ഭേദങ്ങള്‍ മറന്ന് സമ്പന്നനും ദരിദ്രനും ഓണത്തെ വരവേല്‍ക്കുന്നു. സമൃദ്ധമായ ഓണാനുഭവങ്ങള്‍ കേള്‍വിയേയും കാഴ്ചയേയും രുചിയേയും വ്യത്യസ്തതരത്തില്‍ സമീപിക്കുന്നു.
വളരെയധികം സൗന്ദര്യാത്മകമായ ആഘോഷം. മുറ്റത്ത് അത്തം മുതല്‍ ഒരുക്കപ്പെടുന്ന പൂക്കളങ്ങള്‍ ഗ്രാമ്യതയുടെ മധുരോധാര ശോഭ പേറുന്നു. ഗ്രാമീണ സംസ്‌കാരത്തിന്റ അന്യോന്യങ്ങളും അയല്‍പക്ക ബന്ധങ്ങളും ഊട്ടിയുറപ്പിക്കാന്‍ അവസരപ്പെടുത്തുക കൂടിയാണ് ഓണാഘോഷ നാളുകള്‍. ഓണം ചലനത്തിന്റെ, കളിയുടെ, ഒത്തൊരുമയുടെ ആഘോഷമായി മാറുന്നു. അതേസമയം രുചിക്കൂട്ടുകളുടെ ഉത്സവം കൂടിയാണ്.
അധികാരവും ചെങ്കോലും നഷ്ടപ്പെട്ട് പാതാളത്തിന്റെ അശരണതയിലേക്കും ഇരുളിലേക്കും ചവിട്ടിത്താഴ്ത്തപ്പെടുമ്പോഴും കനിഞ്ഞു കിട്ടിയ ഒരേയൊരു വരത്തെ തന്റെ ജനങ്ങളെ ആണ്ടിലൊരിക്കല്‍ കാണാനുള്ള അവസരമായി മാറ്റിയ ഭരണാധികാരിയുടെ ചരിത്രം നമുക്ക് പൊള്ളുന്നതും മധുരതരവുമായ ഓര്‍മ്മകളാണ്.
മനുഷ്യരെല്ലാം ഒന്ന് പോലെ വാണിരുന്ന, ഹൃദയങ്ങള്‍ ഉദാരവും ആരോഗ്യകരവുമായിരുന്ന ഒരു കാലം. ഭൂതവും വര്‍ത്തമാനവും, മണ്ണിനും മനുഷ്യനും നിറങ്ങളും പൂക്കളും നാവും രുചിയും ഇത്രയേറെ സമരസപ്പെടുന്ന വിചാരലോകം എന്നതാണ് ഓണത്തിന്റെ അപൂര്‍വ്വത. കാത്തിരിപ്പിന്റെ താളവും ലയവുമുണ്ട് ഓണത്തിന്. അത്തം പുലരും വരെ അത്തത്തിനായി കാത്തിരിപ്പ്, പിന്നെ ഒന്നൊന്നായി നാളുകള്‍ എണ്ണിക്കാത്തിരിക്കല്‍, ഉത്രാടത്തിന്റെ എരിപൊരിപ്പാച്ചില്‍. ഓണം പിറന്നാല്‍ ഊണ്, കളിക്കമ്പങ്ങള്‍, യാത്രകള്‍, ബന്ധു സന്ദര്‍ശനം.
ആദര്‍ശാത്മകമായ ഒരു ആശയപ്രപഞ്ചമാണ് ഓണം. കിനാവെന്നോ, കളവെന്നോ ശാസ്ത്രവും ചരിത്രവും വിളിച്ചാലും നമ്മുടെ ഹൃദയത്തില്‍ മനോഹരമായ ആ കാലത്തിന്റെ സ്മൃതികളുണ്ട്. ഓണപ്പാട്ട്, ഓണവില്ല്, ഓണക്കോടി, ഓണസദ്യ... ഓണത്തുമ്പി... പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങളും വിചാരങ്ങളുമായി ഓണം നമ്മുടെ വാക്കിലും വിചാരത്തിലുമുണ്ട്.
അധികാരത്തിന്റെ ഉന്മാദവും സുഖങ്ങളുമില്ല, ജനവിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും വിനയമാണ് ഭരണാധികാരിയുടെ മഹത്വം എന്ന തിരിച്ചറിവിന്റെ പാഠങ്ങളാണ് മാവേലിയോണം നമുക്ക് നല്‍കുന്ന സന്ദേശം. അതേസമയം ജീവിതത്തില്‍ പ്രിയപ്പെട്ടത് നല്‍കുക എന്നതാണ് ബലിയും ത്യാഗവും കൊണ്ട് അര്‍ത്ഥമാക്കുന്നത്. നവോത്ഥാന നായകരുടെ കാര്യമെടുത്താലും വിശ്വാസത്തിന്റെ കാര്യത്തിലും ജനങ്ങളെ നേരായി നയിക്കുന്നതിലും കാട്ടിയ ധീരതകളത്രയും ത്യാഗസുന്ദര ജീവിതത്തിലൂടെയാണ്. ഈ ബോധവും മനസ്സുമാണ് ബലിപ്പെരുന്നാള്‍ സ്മരണകള്‍ നല്‍കുന്ന സന്ദേശം. കാലം എത്ര മാറിയാലും ജീവിതത്തിന് വേഗം എത്ര കൂടിയാലും ഓണവും പെരുന്നാളുമൊക്കെ നവ്യാനുഭവ വൈവിധ്യങ്ങളായി നമുക്കൊപ്പം എന്നുമുണ്ടാകും.
Hasher Kodiyamma
writterOther Articles