ഫാഷന്‍ യുഗത്തില്‍ തിളങ്ങി കാസര്‍കോട്ടെ മൊഞ്ചന്മാര്‍
മെട്രോ സിറ്റികളെ വെല്ലുന്ന ഫാഷന്‍ തിളക്കവുമായി കാസര്‍കോട്. ഫാഷനിലും സൗന്ദര്യത്തിലും സ്റ്റൈലിലും ഇപ്പോള്‍ എവിടെയും തിളങ്ങുന്നത് കാസര്‍കോട്ടെ പിള്ളേര്‍ തന്നെ. അതുകൊണ്ടുതന്നെ മലയാള സിനിമാ ലോകവും കാസര്‍കോടന്‍ മൊഞ്ചന്മാരെത്തേടി കാസര്‍കോട്ടെത്തിത്തുടങ്ങി.
കണ്ടുമടുപ്പില്ലാത്ത പ്രകൃതി മനോഹരമായ ലൊക്കേഷനുകളും ആളുകളുടെ സഹായ സഹകരണവും സംവിധായകരെയും നിര്‍മ്മാതാക്കളെയും കാസര്‍കോട്ടെത്തിക്കാനും മൊഞ്ചുള്ള കാസര്‍കോടന്‍ ചെക്കന്മാരെ തേടിപ്പിടിക്കാനും പ്രേരണയാകുന്നു.
ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും ആദ്യമായി ഒന്നിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത സിനിമയുടെ ക്ലൈമാക്‌സ് രംഗം ഹൈദരാബാദ് റാമോജി ഫിലിം സ്റ്റിയില്‍ പുരോഗമിക്കുന്നു. ചിത്രത്തില്‍ കാസര്‍കോട്ടുകാരായ 17 യുവാക്കള്‍ക്കാണ് അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇതിനായി ആഴ്ചകള്‍ക്ക് മുമ്പ് കാസര്‍കോട്ടുവെച്ച് സിനിമയുടെ അസിസ്റ്റന്റ് ഡയരക്ടറുടെ നേതൃത്വത്തില്‍ ഓഡിഷനും നടന്നിരുന്നു.
നവാഗതനായ സാജിദ് യഹ്‌യുടെ സംവിധാനത്തില്‍ ജയസൂര്യ പൊലീസ് ഓഫീസറായി അഭിനയിച്ച ഇടി എന്ന സിനിമയുടെ മുക്കാല്‍ഭാഗം ചിത്രീകരണവും കാസര്‍കോട്ടെ ദൃശ്യമനോഹരമായ പ്രദേശങ്ങളിലായിരുന്നു. ഈ സിനിമയിലും കാസര്‍കോട്ടെ യുവാക്കള്‍ ഇടംപിടിച്ചിട്ടുണ്ട്. രാജ്യാന്തര ഫാഷന്‍ ട്രെന്റുകളെ വെല്ലുന്ന കാഴ്ചപ്പാടും ആശയങ്ങളുമാണ് കാസര്‍കോട്ടെ യുവതലമുറക്കുള്ളത്. ഏതെങ്കിലും ഫാഷന്‍ കേന്ദ്രങ്ങളെയോ മറ്റോ ആശ്രയിച്ചല്ല. മറിച്ച് വസ്ത്രധാരണയിലെ സ്വന്തം കാഴ്ചപ്പാടാണ് കാസര്‍കോട്ടെ യുവാക്കളെ കേരളത്തിലെ മറ്റു ജില്ലകളിലെ യുവാക്കളുമായി വേര്‍തിരിക്കുന്നത്.
ചില പ്രത്യേക ആഘോഷ ദിവസങ്ങളിലെ വൈവിധ്യമാര്‍ന്ന വേഷവിധാനവും ഹെയര്‍സ്റ്റൈലും കണ്ടാല്‍ തന്നെ ഇവര്‍ കേരളീയരാണോ എന്ന് തന്നെ നമ്മള്‍ സംശയിച്ചേക്കാം. അറബികളോടും ഇറാനിയന്മാരോടും കിടപിടിക്കുന്ന ശരീര സൗന്ദര്യവും താടിയുടെയും മുടിയുടെയും തലക്കെട്ടിന്റെയും വരെ ആകാരഭംഗിയും ഇതിനൊക്കെ കാരണമാണ്.
ജില്ലയിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ക്ലബ്ബുകളൊക്കെ രാവിലെയും വൈകുന്നേരവും നിറഞ്ഞുകവിയും. ശരീര സൗന്ദര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാത്തവരാണ് യുവതലമുറ. ഫാസ്റ്റ്ഫുഡ് യുഗത്തിലെ അനാരോഗ്യകരമായ ശരീര സൗന്ദര്യം കാസര്‍കോട്ടെ യുവാക്കള്‍ ആഗ്രഹിക്കുന്നില്ല. ഭക്ഷണകാര്യത്തിലും ശരീര സൗന്ദര്യത്തിലും കൂടി സ്വതീരുമാനമാണ് കൈക്കൊള്ളുന്നത്.
കാസര്‍കോടന്‍ ഫാഷന്‍ സങ്കല്‍പത്തെക്കുറിച്ചറിയാന്‍ ഇന്ത്യയുടെ വസ്ത്ര വ്യാപാര നഗരങ്ങളില്‍ തന്നെ എത്തണം. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ വസ്ത്ര വ്യാപാരികള്‍ പറയുന്നത് തന്നെ വിപണിയിലെ ഏറ്റവും പുതിയ മോഡലുകള്‍ കേരളത്തിലെത്തിക്കുന്നത് തന്നെ കാസര്‍കോട്ടെ യുവതീയുവാക്കളാണ് എന്നാണ്.
പണം നോക്കാതെ ലോകോത്തര ബ്രാന്റുകളെത്തേടിപ്പോവുന്ന വിലകൂടിയ വസ്ത്ര ധാരണ രീതിയാണ് യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്നത്. പലപ്പോഴും ഫാഷന്‍ ഡിസൈനേഴ്‌സിനെ സമീപിച്ച് സ്വയം രൂപകല്‍പന ചെയ്ത മോഡലുകളും നല്‍കുന്നു. ഇവ ആദ്യം ലഭ്യമാകേണ്ടത് കാസര്‍കോട്ടേക്കാണെന്നുള്ള നിബന്ധനയും കൂടി മുന്നോട്ടുവെക്കുന്നുണ്ട്. പലപ്പോഴും ഇതില്‍ കൂടുതലും ട്രന്റ് സെറ്റാവുമെന്നുള്ളതും വാസ്തവം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടിക്കണക്കിന് രൂപ മുടക്കി കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിഫ്റ്റ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി) ക്യാമ്പസുകളുള്ള ഫാഷന്‍ സ്ഥാപനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് സ്വതഃസിദ്ധമായ ഫാഷന്‍ ശൈലുമായി കാസര്‍കോട്ടെ യുവാക്കള്‍ രംഗത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.
വരുംനാളുകളില്‍ ബേക്കല്‍ കോട്ടയും ചന്ദ്രഗിരിയും റാണിപുരവും ആരിക്കാടി കോട്ടയുമൊക്കെ ഉള്‍പ്പെടുന്ന പ്രകൃതി രമണീയമായ പ്രദേശങ്ങളും കാസര്‍കോട്ടെ മൊഞ്ചന്മാരും മലയാള സിനിമക്ക് ഒഴിച്ചുകൂടാനാവാത്ത മുതല്‍ക്കൂട്ടാവുമെന്നും കൂടെ ഫാഷന്‍ ലോകത്തിലെ കണ്ണഞ്ചിപ്പിക്കുന്ന അനന്ത സാധ്യതകള്‍ കാസര്‍കോട്ടെ യുവതലമുറയെ തേടിയെത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
Hasher Kodiyamma
writterOther Articles