ആ മൃദുഭാവവും മാഞ്ഞു
മമ്മദ്ച്ചയെ കാണാതെ കുറേ നാളായി. ആരോടും അന്വേഷിച്ചതുമില്ല. സൗമ്യനായി ജീവിച്ച്, എല്ലാവരെയും സ്‌നേഹിച്ച് ഇത്ര പെട്ടന്നങ്ങ് പോയ്ക്കളയുമെന്ന് കരുതിയിരുന്നില്ല.
ഇന്നലെ അപ്രതീക്ഷിതമായാണ് ആ വിയോഗ വാര്‍ത്ത അറിയുന്നത്. മരണ വാര്‍ത്തകളെ നിമിഷങ്ങള്‍ക്കകം മാലോകരെ അറിയിക്കാറുള്ള കെ.എച്ച് അഷ്‌റഫിന്റെ വാട്‌സ്ആപില്‍ നിന്ന് വന്ന മെസ്സേജ് വായിച്ചപ്പോള്‍ ശരിക്കും തളര്‍ന്ന് പോയി. ഒരു മകനെ പോലെ മമ്മദ്ച്ച ഞങ്ങളെയൊക്കെ സ്‌നേഹിച്ചിരുന്നു.
പഴയ ബസ്സ്റ്റാന്റില്‍ കാനറ കൂള്‍ ഡ്രിംഗ്‌സിന് സമീപം എം.എച്ച് സീതിച്ചയുടെ അനീസ ബുക്ക് ഡിപ്പോയിലുണ്ടായിരുന്ന കാലത്താണ് മമ്മദ്ച്ചയെ പരിചയപ്പെടുന്നത്. ഞാന്‍ ഉത്തരദേശത്തില്‍ എത്തിയ ആദ്യകാലങ്ങളായിരുന്നു അത്.
എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന നേര്‍ത്തൊരു മനുഷ്യന്‍. ഒരു സ്‌നേഹ ലാളന അദ്ദേഹം എപ്പോഴും കാട്ടിയിരുന്നു. ഉത്തരദേശത്തിന്റെ പഴയ ഓഫീസിലേക്ക് ഇടക്കിടെ അദ്ദേഹം കയറിവരാറുണ്ടായിരുന്നു. സീതിച്ചയുടെ പത്ര ഏജന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാനേജറെ കാണാനായിരുന്നു വരവെങ്കിലും മടങ്ങാന്‍ നേരത്ത് ന്യൂസ് ബ്യൂറോയിലേക്ക് തലയിട്ടൊന്ന് നോക്കും. ഞങ്ങള്‍ പത്രമിറക്കുന്നതിന്റെ 'പേറ്റുനോവി'ലാണെങ്കില്‍ കൈവീശിക്കാണിച്ച് പടിയിറങ്ങി പോകും. ഫ്രീയാണെന്ന് അറിഞ്ഞാല്‍ അടുത്ത് വന്ന് കുശലം പറയാനിരിക്കും. എന്നേക്കാള്‍ അടുപ്പം ഉണ്ണിയേട്ടനോടായിരുന്നു. മൃദുവായ വാക്കുകള്‍. നഗരത്തിന്റെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് മിക്കപ്പോഴും പറയാനുണ്ടാവും.
ഒടുവില്‍ അദ്ദേഹം മീഡിയ വണ്‍ ചാനലില്‍ ഷെയര്‍ ചേര്‍ക്കുന്നതിന്റെ ആവശ്യവുമായി ഓഫീസില്‍ വന്നിരുന്നു. അദ്ദേഹത്തില്‍ അര്‍പ്പിതമായ പുതിയ ദൗത്യമായിരുന്നു അത്. തനിക്കറിയാവുന്നവരെയൊക്കെ കണ്ട് ഷെയര്‍ ഉടമകളാക്കി ആ ജോലിയും അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു.
ഫ്രൈഡെ ക്ലബ്ബിന്റെ പ്രവര്‍ത്തകനെന്ന നിലയില്‍ നാടുനീളെ കാരുണ്യത്തിന്റെ സുഗന്ധം വിതറുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. പത്രങ്ങളില്‍ റിലീഫ് നല്‍കുന്നതിന്റെ ഫോട്ടോ കാണുമ്പോള്‍ മമ്മദ്ച്ച കുണ്ഠിതപ്പെട്ടിരുന്നു. വലതുകൈ നല്‍കുന്നത് ഇടത് കൈ അറിയാന്‍ പാടില്ലെന്നും ഫ്രൈഡെ ക്ലബ്ബിന്റെ പ്രവര്‍ത്തനം അത്തരത്തിലാണെന്നും പറഞ്ഞ് അദ്ദേഹം പലപ്പോഴും ഉപദേശിക്കാറുമുണ്ടായിരുന്നു. കൊടുക്കുന്നവന്റെ മുഖത്തെ സന്തോഷമല്ല, വാങ്ങുന്നവന്റെ മുഖത്ത് കാണുന്നത്. നിര്‍ധനര്‍ക്ക് എന്തെങ്കിലും നല്‍കുന്നത് പത്രക്കോളങ്ങളില്‍ വിളിച്ച് പറയാന്‍ വേണ്ടി ആവരുതെന്നും അത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കരുതെന്നുമായിരുന്നു മമ്മദ്ച്ചയുടെ നിലപാട്.
നഗരത്തില്‍ കുട്ടികള്‍ കഞ്ചാവിന് അടിമകളായി തീരുന്ന കാഴ്ചകളിലും അദ്ദേഹത്തിന്റെ മനസ് നൊന്തിരുന്നു. നേരം ഇരുട്ടിയതിന് ശേഷവും ബസ് ഷെല്‍ട്ടറുകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വശീകരിക്കുന്ന കഞ്ചാവ് മാഫിയകളെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഈ സംഘത്തിന്റെ വേര് അറുത്തുമാറ്റണമെന്നും അല്ലെങ്കില്‍ ഒരു തലമുറ തന്നെ നശിച്ച് പോകുമെന്നും അദ്ദേഹം ആകുലപ്പെടുകയും ചെയ്തിരുന്നു. വഴിവക്കില്‍ കണ്ടു മുട്ടുമ്പോഴൊക്കെ മമ്മദ്ച്ച കൈപിടിച്ച് നിര്‍ത്തും. വല്ലാത്തൊരു മൃദുത്വമാണ് ആ തലോടലിന്. ഓരോ തവണ കാണുമ്പോഴും ഏതെങ്കിലും ഒരു പരാതിയുടെ കെട്ട് അഴിക്കും. തന്നെക്കുറിച്ചും തന്റെ നോവുകളെക്കുറിച്ചും അദ്ദേഹം ഒരിക്കലും പറയാറില്ലായിരുന്നു. പറഞ്ഞിരുന്നതൊക്കെ നാടിനെ കാര്‍ന്നു തിന്നുന്ന ഓരോരോ പ്രശ്‌നങ്ങളായിരുന്നു.
ഇനിയില്ല ആ മൃദുഭാവം. നേര്‍ത്ത ശരീരത്തില്‍ നന്മയുടെ വിളക്ക് കത്തിച്ചുവെച്ച ആ നല്ല മനുഷ്യന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നു.
T.A.Shafi
The writer is the sub editor of Utharadesam DailyOther Articles

  എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയാകുമോ?

  മഹല്ലുകള്‍ ഉണരട്ടെ; സമൂഹക്ഷേമത്തിനായി

  കണ്ണാടിപ്പള്ളി പറഞ്ഞുതന്ന നല്ല പാഠങ്ങള്‍...

  കാത്തിരിപ്പ് ഇനി രണ്ടാഴ്ച

  കൂടിയ പോളിംഗ് ആരെ തുണക്കും

  എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്?

  ആ അക്ഷരപ്പുഴ വറ്റി

  അബ്ദുല്‍ അസീസ്: കായിക മേഖലയെ ഉണര്‍ത്തിയ സംഘാടകന്‍

  കാസര്‍കോടിന്റെ മോഡറേറ്റര്‍

  ജസ്റ്റിസ് ഫാറൂഖ്; നീതിബോധത്തിന് തിളക്കം കൂട്ടിയ ന്യായാധിപന്‍

  കെ.ജി.റസാഖ് ഇപ്പോഴും എഴുതുകയാണ്...

  പി.ബി അബ്ദുല്‍ റസാഖ് ഓര്‍മ്മകളില്‍...

  ചരിത്രത്തോടൊപ്പം നടന്നൊരാള്‍...

  ചൂടപ്പം പോലെ സുഹ്‌റത്ത് സിതാരയുടെ നോവല്‍; പ്രമുഖരുടെ കയ്യടി

  പ്രളയാനന്തരം ഓണവും ബക്രീദും