ഭാവി ആശങ്കാജനകം
ഈയടുത്ത് രാത്രി സമയത്ത് ഞാന്‍ ഒരു വഴിക്ക് ബൈക്കില്‍ സഞ്ചരിക്കവെ ഒരിടത്ത് വെച്ച് ഒരു മനുഷ്യന്‍ പെട്ടെന്ന് റോട്ടിലേയ്ക്ക് ചാടി വീണു. പൊക്കം കൂടിയ, കുലീനനെന്ന് തോന്നിപ്പിച്ച... പക്ഷെ അയാള്‍ക്ക് വീണിടത്ത് നിന്ന് നിവര്‍ന്ന് നില്‍ക്കാനായില്ല. ഞാന്‍ നിയന്ത്രിക്കാവുന്ന വേഗതയിലായതിനാല്‍ അത്യാഹിതമൊന്നും സംഭവിച്ചില്ലെങ്കിലും, ശരിക്കും ഭയന്നു പോയിരുന്നു. രംഗം ശരിയല്ലെന്ന് കണ്ട് വേഗം രക്ഷപ്പെടാമെന്ന വിചാരത്തില്‍ ഓഫായിപ്പോയ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കവെയാണ് ഓരത്ത് നോക്കിനില്‍ക്കുന്ന ഒരു പരിചിതന്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. ഞാനയാളുടെ അടുത്തുകൊണ്ട് പോയി വണ്ടി നിര്‍ത്തി. കുശലം ചോദിക്കുന്നതിനിടയില്‍ റോഡ് തടസ്സം സൃഷ്ടിച്ച മനുഷ്യനെക്കുറിച്ചു ഞാന്‍ ചോദിച്ചു. അറിയോ..? മദ്യമോ, മാനസിക പിരിമുറുക്കമോ എന്ന എന്റെ സംശയത്തിന് മറുപടിയായി അയാള്‍ പറഞ്ഞു. ഉദ്യോഗസ്ഥനാണെന്നാ തോന്നുന്നെ... സന്ധ്യയാകുമ്പോള്‍ അയാള്‍ ഈ കോലത്തിലാ... ഏതോ മയക്കു മരുന്നിന്റെ പിടിയിലാണെന്ന് പറയപ്പെടുന്നു. എനിക്കാ മനുഷ്യനെ കുറിച്ച് സഹതാപം തോന്നി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് പ്രത്യേകിച്ചും..
പിന്നീടാലോചിച്ചത് നിരന്തരം പ്രത്യക്ഷപ്പെടുന്ന കഞ്ചാവ് തുടങ്ങിയ മയക്കു മരുന്ന് വാര്‍ത്തകളെ കുറിച്ചാണ്. കേട്ടിടത്തോളം കാസര്‍കോട് അതിന്റെ പിടിയിലകപ്പെട്ടു കഴിഞ്ഞ ദക്ഷിണേന്ത്യന്‍ പട്ടണങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ മയക്കുമരുന്നുകളുടെ വിപണനവും ഉപയോഗവും ആശങ്കാജനകമത്രെ. കാസര്‍കോട്ടെ ചില റെസിഡന്‍ഷ്യല്‍ പോക്കറ്റുകളില്‍ ഇതിന്റെ വ്യാപനം അമിത വേഗതയിലാണെന്ന് മനസിലാക്കിയ അവിടങ്ങളിലെ യുവാക്കളുടെ ക്ലബ്ബുകള്‍ ജാഗരൂകരായി തുടങ്ങിയിട്ടുണ്ടെന്ന് കേട്ടു. മയക്കുമരുന്നിന് ഇരകളെ കണ്ടെത്തുകയെന്നത് എളുപ്പമുള്ള കാര്യമാണ്. കാരണം ഒന്ന്, പല നല്ല പേരുകളിലുമാണ് അവ അറിയപ്പെടുന്നത്. രണ്ട്, ചെറുതായി പരിശീലിപ്പിച്ചെടുക്കാന്‍ ഡോസ് കുറഞ്ഞ മിഠായികള്‍ പോലും ഇവിടെ സുലഭമത്രെ. തുടങ്ങിക്കിട്ടിയാലോ. പിന്നെ അനിയന്ത്രിത വേഗതയിലാണ് പല സ്റ്റേജുകളും കടന്നുപോവുക. അത് മറ്റുള്ളവര്‍ തിരിച്ചറിയുമ്പോഴേക്കും ശരിക്കും ഇര ആയി മാറിക്കഴിഞ്ഞിരിക്കും. രക്ഷപ്പെടുത്താനാവാത്തവിധം അകപ്പെട്ടു പോയിരിക്കും. ഒരു കാര്യമാണ് നമ്മെ ഏറെ ഭീതിപ്പെടുത്തുന്നത്. തുടക്കക്കാരായ ഉപഭോക്താക്കളും പിന്നീട് വിതരണ ശൃംഖലയിലെ കണ്ണികളായി മാറുന്നതും ടീനേജ് കുമാരന്മാരാണെന്നതാണ്. സത്യം പറഞ്ഞാല്‍ അവരൊന്നുമറിയുന്നില്ലെന്നാവാം. നിഷ്‌ക്കളങ്ക ബാല്യങ്ങള്‍. അവരാണ് ശരിക്കും നമ്മുടെ വരും തലമുറയെന്ന് ഓര്‍ക്കുക. പ്ലേഗ് ബാധിച്ചപോലെ ഉറക്കം തൂങ്ങികളായ ഒരു വരും തലമുറയുടെ ചിത്രമൊന്ന് സങ്കല്‍പിച്ചു നോക്കൂ. ഇന്ന് മയക്ക് മരുന്ന് കച്ചവടം (അല്ല വ്യവസായം) ഇവിടത്തെ ഏറ്റവും വലിയ രണ്ടാം നമ്പര്‍ ബിസിനസ്സാണെന്നത് നാം ഗൗരവതരമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഇവ സുലഭമായി ലഭ്യമാകുന്ന പോക്കറ്റുകള്‍/പരിസരങ്ങള്‍ കാസര്‍കോടിന്റെ പുറം ബെല്‍ട്ടുകളില്‍ എങ്ങുമുണ്ടെന്നാണ് അറിയുന്നത്.
പണാധിപത്യമാണല്ലോ ഇന്ന് സമൂഹം ഭരിക്കുന്നത്? പണം കൈയിലുണ്ടെങ്കില്‍ പിന്നെ ആരെ ഭയക്കാനാണ് എന്ന ധാര്‍ഷ്ട്യം. മയക്ക് മരുന്ന് വ്യവസായത്തിലേക്കും അടുപ്പിക്കുന്നത് പണത്തോടുള്ള ആര്‍ത്തി തന്നെ. എളുപ്പത്തില്‍ പണക്കാര്‍,അല്ല കോടീശ്വരന്മാര്‍ ആവാനുള്ള മോഹം. വേണം പണം, അതേതു വഴിക്കായാലും പ്രശ്‌നമല്ല. ആരുടെ മക്കള്‍ ബലിയാടായാലും നോ പ്രോബ്ലം... കിഡ്‌നിക്ക് നല്ല വില കിട്ടുമെന്നായപ്പോള്‍ മനുഷ്യനെ മയക്കിയുറക്കി കിഡ്‌നി വരെ മോഷ്ടിക്കുന്നവരേയും നാം മനുഷ്യരെന്നാണ് പറയുന്നത്, ഇരുകാലി മൃഗങ്ങളെന്നല്ല. അത്തരക്കാര്‍ നമ്മുടെ നാട്ടില്‍ വിഹരിക്കുമ്പോള്‍ ബാക്കി പറയാനില്ലല്ലോ.
കാസര്‍കോട്ടേക്ക് വരാം. നമ്മുടെ പ്രദേശം ഇന്ന് കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍ അടക്കം സുലഭമായി കിട്ടുന്ന ഒരു പട്ടണമായി മാറിയിട്ടുണ്ട്. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് ഈ കിരാതന്മാര്‍ ആദ്യത്തെ ഇരയാക്കുന്നത്. അങ്ങനെ ചെയ്തുകിട്ടിയാല്‍ പിന്നീട് അവരെ അതിന്റെ വിതരണക്കാരാവാന്‍ പരിശീലിപ്പിച്ചെടുക്കുന്നു. ഈ പ്രായത്തില്‍ കയ്യില്‍ നാല് കാശ് വരികയെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ചില്ലറ കാര്യമാണോ? ഇഷ്ടമുള്ള വിനോദങ്ങളിലേര്‍പ്പെടാന്‍ രക്ഷിതാക്കളെ ആശ്രയിക്കേണ്ടി വരുന്നില്ലെന്നത് വലിയ ആശ്വാസമാണല്ലോ? പിന്നെ അമ്മ മാത്രമുള്ള, അവര്‍ വീട്ടു വേല ചെയ്ത് തീ പൂട്ടുന്ന വീടുകളിലെ കുട്ടികളെ ചൂണ്ടയിടാനാണോ വിഷമം? എന്തെങ്കിലും ഒരു വരുമാനമെന്നത് വലിയ ആശ്വാസമല്ലെ അവിടെ..! ടീനേജില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധ്യമാവുക, അതിലപ്പുറം സന്തോഷം പകരുന്ന മറ്റെന്തുണ്ട്.? എളുപ്പം ഇഷ്ടം പോലെ കാശ് കയ്യില്‍ വരുത്താന്‍ മയക്കുമരുന്ന് കാരിയര്‍മാരാവുകയാണ് പല കുമാരന്മാരും. ചെറിയ തോതില്‍ ലഹരിക്കടിമപ്പെട്ട് പിന്നീട് അവരുടെ ജീവിതത്തെ കശക്കി എറിയുന്ന തരത്തിലേയ്ക്ക് വഴി മാറുമ്പോഴാണ് ഒരു പക്ഷെ അവരുടെ രക്ഷിതാക്കള്‍ അതറിയാന്‍ പോകുന്നത്. ഇനി ആലോചിക്കേണ്ടത് നിങ്ങളുടെ മക്കളിലാരെങ്കിലും ഈ വലയില്‍ പെട്ടുപോയിട്ടുണ്ടോ എന്നാണ്. നമ്മള്‍ ഇല്ലെന്ന് പറയും. പക്ഷെ അവര്‍ക്ക് സൈ്വര വിഹാരം ഉണ്ടെങ്കില്‍, നിങ്ങളറിയാതെ അവരുടെ കൈയില്‍ കാശുണ്ടെങ്കില്‍ അതിനു സാധ്യതയുണ്ടെന്ന് ഒരു സൂചന നല്‍കുക മാത്രമാണിവിടെ. കാരണം ചതിക്കുഴികള്‍ എമ്പാടുമുണ്ട്. വീണു പോകാന്‍ സാധ്യതയേറെയും... ഇന്ന് സബര്‍ബന്‍ ഏരിയകളില്‍ ഇങ്ങനെയുള്ള കാര്യര്‍മാരും രാത്രി കാലങ്ങളില്‍ സാധനം സുലഭമായി ലഭ്യമാകുന്ന പോക്കറ്റുകളും, കൂട്ടമായിരുന്ന് ഉപയോഗിക്കുന്ന അഡ്ഢകളും ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇതെഴുതുന്നത്.
ഏറ്റവും ഭയപ്പെടേണ്ട മറ്റൊരു വസ്തുത നിങ്ങളുടെ മകനോ മകളോ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോകുമ്പോള്‍ അറിയാതെ അതിന്റെ കാരിയര്‍മാരാകുന്നുണ്ടോ എന്നതാണ്. 'ഉംറ'യുടെ പേരില്‍ പോലും ഈ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് ഏറ്റവും പുതിയ അറിവ്. ഒരു ട്രാവല്‍ ഏജന്‍സി യൂണിഫോമിന്റെ പേരില്‍ യാത്രക്കാര്‍ക്ക് ഷൂ സൗജന്യമായി നല്‍കുകയും അതവര്‍ പ്രത്യേകം തുന്നിപ്പിടിപ്പിച്ച ഷൂ ആകുകയും ചെയ്യുമ്പോള്‍ സംശയിക്കണ്ടെ? എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ അവരെ, അവരുടെ മുറിയിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ഷൂ തിരിച്ചു വാങ്ങി വേറെ അതിലും നല്ല ഷൂ നല്‍കുകയും ചെയ്യുകയാണെങ്കില്‍ അവരേക്കാള്‍ നല്ല ഏജന്‍സി വേറെ ഏതാണ്? ഓരോ വിദേശ രാഷ്ട്രങ്ങളിലേയും മയക്കു മരുന്ന് കള്ളക്കടത്തിനുള്ള ശിക്ഷ കേട്ടാല്‍ നാം തലചുറ്റി വീഴും. തലവെട്ട് എന്നത് നിസ്സാരം. അതവിടം കൊണ്ട് തീരുമല്ലോ... തീരാത്ത ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്, നല്ലൊരു ഉദ്ദേശത്തോടെ മക്കളെ പറഞ്ഞയച്ചവര്‍ പിന്നീടൊരിക്കലും അവരെ കാണാത്ത അവസ്ഥയുണ്ടാവുന്നത്, വേദനാജനകമെന്ന് പറഞ്ഞാല്‍ അ തൊന്നുമാവില്ല. നിരപരാധികളാണ് ഏറെയും പെട്ടുപോകുന്നത്. ഒരിക്കലും നാം വിചാരിക്കാത്തിടത്ത് നിന്നാണ് ഈ ചതിക്കെണി ഒരുക്കിവരുന്നത്. ഒന്നേ പറയാനുള്ളൂ. എളുപ്പം പണക്കാരനാവാന്‍ വേണ്ടി ചെയ്യുന്നവരുണ്ടെങ്കില്‍, പണക്കാരനാവുന്നതിനൊപ്പം അയാള്‍ ഒരു ഡ്രഗ് അഡിക്റ്റ് കൂടിയാവുന്നു എന്നതിന് സംശയം വേണ്ട. അവര്‍ ഇതിന്റെ ഭവിഷത്ത് ഓര്‍ക്കുന്നില്ലെന്നതാണ്. മറ്റൊരു വിഭാഗം അറിയാതെ കാരിയര്‍ ആയിപ്പോകുകയാണ്.
A.S. Muhammadkunhi
WriterOther Articles

  നിക്കാഹിന്റെ പവിത്രതയും ക്ഷണത്തിന്റെ സുഗന്ധവും

  'മേധാ പട്ക്കറും ഓര്‍മ്മയില്‍ നിവരുന്ന സമരപ്പന്തലും...

  കാസര്‍കോട് കര്‍ണ്ണാടകത്തിലുമല്ല; കേരളത്തിലും...

  ചെര്‍ക്കളം: എവിടെയും ഒരു മുഴം മുമ്പെ നടന്ന ആള്‍

  റമദാനിലെ നോമ്പ് ക്ഷമ, സ്‌നേഹം, കാരുണ്യം, വിശപ്പ്

  നിയമ ലംഘനങ്ങളുടെ രക്ത സാക്ഷികള്‍

  കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: പ്രയോജനങ്ങളും പരിമിതികളും

  'ജലം അമൂല്യമാണ്, അത് പാഴാക്കരുത്‌ '

  കൊപ്പല്‍ അബ്ദുല്ല സാഹിബും വിട പറഞ്ഞു...

  പെണ്‍കുട്ടികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെടരുത്

  കരിമ്പിന്‍ തോട്ടത്തില്‍ കയറുന്ന ആനകള്‍

  ഗതാഗതക്കുരുക്ക് പൊതുഅഭിപ്രായങ്ങള്‍ തേടണം

  പാരമ്പര്യ’നാട്ടുവൈദ്യം സംരക്ഷിക്കപ്പെടണം

  അവിടെ നിയമം പാലിക്കുന്നു, ഇവിടെ ലംഘിക്കുന്നു...

  എന്‍.എ സുലൈമാന്‍ ഇവിടെയൊക്കെയുണ്ട്...