നമുക്കൊരുമിക്കാം ക്ഷയരോഗം തുടച്ചുനീക്കാന്‍....
അന്ന് ഞാന്‍ ജനറല്‍ ആസ്പത്രിയിലെ ഒ.പിയില്‍ നിന്നും കാന്റീനിലേക്കിറങ്ങിയതായിരുന്നു. ഡോക്ടറാവുന്നതിനും മുമ്പുതന്നെ പരിചയമുള്ള ഒരാള്‍ ഒരു ചെറുപ്പക്കാരനെയും കൂട്ടി എന്റെയടുത്തേക്കോടിവന്നു. പേരുവിളിച്ചുതന്നെയാണ് എന്നെ അഭിസംബോധന ചെയ്തതും. അത്രക്കും സുപരിചിതനാണദ്ദേഹം. ഞങ്ങള്‍ക്കൊരു നല്ല നെഞ്ചിന്റെ ഡോക്ടറെ കാണിക്കണം. ആരാണിവിടെയുള്ളത്? ഞാനൊരു നെഞ്ചുരോഗ വിദഗ്ധനാണെന്നയാള്‍ക്കറിയാമെങ്കിലും ഞാന്‍ പോരാ എന്ന ധ്വനി അയാളുടെ ചോദ്യത്തിലുണ്ടായിരുന്നു. ക്ഷയരോഗമാണ് സംശയമെങ്കില്‍ നിങ്ങള്‍ക്ക് ജില്ലാ ക്ഷയരോഗ കേന്ദ്രത്തില്‍പോയി പരിശോധന ചെയ്യാം. ടി.ബി. സെന്റര്‍ കാണിച്ചുകൊടുത്ത് ഞാന്‍ കാന്റീനിലേക്ക് നടന്നു.
മൂന്നുദിവസം കഴിഞ്ഞു, പ്രസ്തുത വ്യക്തികള്‍ എന്റെ പരിശോധനാ മുറിക്ക് പുറത്ത് ടോക്കണ്‍ എടുത്ത് കാത്തുനില്‍ക്കുന്നത് കണ്ടു. അകത്തുവരാന്‍ നിര്‍ദ്ദേശിച്ചു. എന്താണ് പ്രശ്‌നം? ഞാന്‍ ചോദിച്ചു. ടി.ബി. സെന്ററില്‍ ഡോക്ടര്‍ അവധിയാണ്. അവിടെനിന്നും പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞ് കൈയിലുള്ള കഫ പരിശോധനാ റിപ്പോര്‍ട്ട് എന്നെ കാണിച്ചു. ചെറുപ്പക്കാരന് ക്ഷയരോഗമാണ്. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ കഫത്തില്‍ രോഗാണു 3 പ്ലസ്. മെക്രോസ്‌കോപ്പിലൂടെ പരിശോധിക്കുന്ന ഓരോ ഫീല്‍ഡിലും നൂറിലധികം ക്ഷയരോഗാണുക്കള്‍. അയാള്‍ ചുമച്ചുതുപ്പുന്നത് മുഴുവനും മൈകോ ബാക്ടീരിയം ടൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയ...
ഉടനെ പോയി നെഞ്ചിന്റെ എക്‌സറെ പരിശോധന കൂടി ചെയ്തുവരണമെന്ന് പറഞ്ഞു. രോഗനിര്‍ണയം കഴിഞ്ഞിരിക്കുന്നു. രോഗ തീവ്രത മനസിലാക്കാന്‍ വേണ്ടിയാണ്. അതിനുശേഷം നമുക്ക് വിശദമായി സംസാരിക്കാമെന്ന് പറഞ്ഞു. ചെറുപ്പക്കാരന്റെ കൂടെവന്നയാള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി. രണ്ടുമാസം മുമ്പ് ഞങ്ങള്‍ എക്‌സറെ എടുത്തതാണ്. ഇനിയെന്തിനാണ് എക്‌സ്‌റെ? അവരോട് ഇരിക്കാന്‍ പറഞ്ഞു. കഫ പരിശോധനയില്‍ ചെറുപ്പക്കാരന് ക്ഷയരോഗമാണ്. അണുക്കള്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ എക്‌സ്‌റേ എടുത്തത് രണ്ടുമാസം മുമ്പല്ലെ? ഇതുകേട്ടതോടെ അയാള്‍ ക്ഷുഭിതനായി. ഇയാള്‍ക്കെങ്ങനെയാണ് ക്ഷയരോഗം വരിക? ഞാനയാളോട് ശാന്തനാവാന്‍ പറഞ്ഞു. പരിശോധനാ ഫലം അനുസരിച്ച് ചെറുപ്പക്കാരന് ക്ഷയരോഗമാണ്, അല്ലെങ്കില്‍ ടി.ബി. (ട്യൂബര്‍ക്കുലോസിസ്). ക്ഷയരോഗം ആര്‍ക്കും വരാം ജാതി-മത-പ്രായ ഭേദമന്യേ. പണക്കാരനും പാവപ്പെട്ടവനും വരാം. എപ്പോള്‍ വേണമെങ്കിലും വരാം. പ്രമേഹരോഗികളിലും മദ്യപന്മാരിലും പുകവലിക്കാരിലും എയ്ഡ്‌സ് രോഗികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റുളളവരെ അപേക്ഷിച്ച് മുപ്പത് ഇരട്ടി രോഗസാധ്യത കൂടും.
മൈക്കോ ബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന രോഗാണുവാണ് രോഗഹേതു. ഇതൊരു പകര്‍ച്ചവ്യാധിയാണ്. പാരമ്പര്യരോഗമല്ല. ലോകത്തെല്ലായിടത്തും ഒരേ മരുന്നും ഒരേ ഡോസും ഒരേ കാലയളവും. ഇത്രയും കൃത്യമായ ചികിത്സാക്രമം മറ്റേതൊരു രോഗത്തിനും ഇല്ലെന്നുതന്നെ പറയാം. എന്നിട്ടുമെന്തേ ക്ഷയരോഗം നിയന്ത്രണവിധേയമാവുന്നില്ല?
മുകളില്‍ വിവരിച്ച രോഗിയിലേക്കുതന്നെ വരാം. അയാള്‍ രണ്ടുമാസം മുമ്പ് എക്‌സറെ എടുത്തിരുന്നു. മറ്റൊരു ഡോക്ടര്‍ ക്ഷയരോഗമാണെന്ന് നിര്‍ണയിക്കുകയും ചെയ്തിരുന്നു. അയാളുടെ ധാര്‍ഷ്ട്യ സ്വഭാവം കൊണ്ട് അയാള്‍ക്ക് ക്ഷയരോഗ സാധ്യതയില്ലെന്ന് സ്വയം തീരുമാനിച്ച് ചികിത്സ വേണ്ടെന്ന് വെക്കുകയും നാട്ടുവൈദ്യനെ സമീപിക്കുകയുമാണ് ചെയ്തത്. രണ്ടുമാസം മുമ്പായിരുന്നെങ്കില്‍ രോഗ തീവ്രത കുറക്കാമായിരുന്നു. ഒരളവില്‍ ഇത്തരം രോഗികളല്ലെ ക്ഷയരോഗ നിയന്ത്രണത്തിന് തടസമാകുന്നത്. കഴിഞ്ഞ രണ്ടുമാസം ഈ രോഗി ചികിത്സിച്ച വൈദ്യനടക്കം എത്രപേര്‍ക്ക് രോഗം പകര്‍ത്തിയിരിക്കാം!
ക്ഷയരോഗം അന്തരീക്ഷ വായുവിലൂടെ പകരുന്ന ഒരു രോഗമാണ്. ക്ഷയരോഗം ബാധിച്ച ഒരു രോഗി, ചുമക്കുമ്പോഴും ചിരിക്കുമ്പോഴും തുമ്മുമ്പോഴും രോഗാണു അന്തരീക്ഷത്തിലെത്താം. അത് മറ്റൊരാള്‍ ശ്വസിച്ചാല്‍ രോഗാണു ശ്വാസകോശത്തിലെത്തുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ക്ഷയരോഗം ബാധിക്കാമെങ്കിലും ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. മറ്റെല്ലാ പകര്‍ച്ചവ്യാധികളെപ്പോലെ തന്നെ ചികിത്സിച്ച് പൂര്‍ണമായും ഭേദമാക്കാനും തടയാനും പറ്റുന്ന ഒരു രോഗമാണ് ക്ഷയരോഗം. ഭൂമിയില്‍ അതിപുരാതനകാലം തൊട്ടുതന്നെ ക്ഷയരോഗമുണ്ടായിരുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈജിപ്ഷ്യന്‍ മമ്മികളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ചില മമ്മികളില്‍ നട്ടെല്ലിന് ക്ഷയരോഗമുണ്ടായിരുന്നുവെന്നാണ്.
1882ല്‍ സര്‍ റോബര്‍ട്ട് കോക്ക് എന്ന ശാസ്ത്രജ്ഞനാണ് ക്ഷയരോഗ കാരണക്കാരനായ മൈകോ ബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന രോഗാണു കണ്ടെത്തിയത്. നൂറ്റിമുപ്പത്തിനാലുവര്‍ഷം കഴിഞ്ഞിട്ടും പ്രസ്തുത രോഗാണു ലോകം മുഴുവനും ഭീകര താണ്ഡവമാടുകയാണ്. എയ്ഡ്‌സിന്റെ വരവോടെ അത് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. ലോകത്തുള്ള ക്ഷയരോഗികളില്‍ അമ്പതുശതമാനത്തിലധികവും ഇന്ത്യയിലും ആഫ്രിക്കയിലുമാണ്. ഒരുദിവസം ഏകദേശം അയ്യായിരം പേര്‍ രോഗാതുരരാവുന്നു. ഓരോ ഒന്നരമിനുട്ടിലും ഒരാള്‍ വീതം ലോകത്തെവിടെയെങ്കിലുമായി ക്ഷയരോഗം കൊണ്ട് മരിക്കുന്നു. ലോകത്താകമാനം ഒമ്പതര മില്യണ്‍ രോഗബാധിതരുണ്ട്. ഒന്നര മില്യണ്‍ രോഗികള്‍ മരിക്കുകയും ചെയ്തു. കുട്ടികളിലും രോഗാതുരതയുടെ തോത് ഭിന്നമല്ല. 2014ലെ കണക്ക് പ്രകാരം ഒരു മില്യണ്‍ കുട്ടികള്‍ക്ക് രോഗമുണ്ട്. ക്ഷയരോഗം കൊണ്ട് മരണപ്പെട്ട കുട്ടികള്‍ ഒരുലക്ഷത്തി നാല്‍പതിനായിരവും. എച്ച്.ഐ.വി. ബാധിതരില്‍ മൂന്നിലൊരുമരണവും ക്ഷയരോഗം മൂലമാണ്.
1882 മാര്‍ച്ച് 24, റോബര്‍ട്ട് കോക്ക് ക്ഷയരോഗാണുവിനെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത ദിനമാണ്. ലോകാരോഗ്യ സംഘടന അന്നേദിവസം ലോക ക്ഷയരോഗദിനമായി ആചരിക്കുകയാണ്. ലോകത്തെമ്പാടും ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അന്നേദിവസം ക്ഷയരോഗ വിമുക്തമായൊരു നാളേക്കുവേണ്ടി വിവിധ ബോധവല്‍ക്കരണ പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണ്. ഓരോ വര്‍ഷവും ഓരോ മുദ്രാവാക്യവുമായാണ് ലോക ക്ഷയരോഗ ദിനാചരണത്തിന്റെ തുടക്കം. ഈ വര്‍ഷത്തെ മുദ്രാവാക്യം ഒരുമിക്കാം, ക്ഷയരോഗം തുടച്ചുനീക്കാം (ഡിശലേ ീേ ലിറ ഠആ) എന്നതാണ്. ലോഗാരോഗ്യ സംഘടനയുടെ ലക്ഷ്യം 2035 ആകുമ്പോഴേക്കെങ്കിലും ക്ഷയരോഗ മരണനിരക്ക് 95 ശതമാനമായും രോഗാതുരതയുടെ തോത് 90 ശതമാനമായും കുറക്കാന്‍ സാധിക്കണമെന്നാണ്. ലോകാരോഗ്യ സംഘടനയോടൊപ്പം നമുക്കും പ്രത്യാശിക്കാം ക്ഷയരോഗ വിമുക്തമായൊരു ലോകം, നമുക്കൊരുമിക്കാം, ക്ഷയരോഗം തുടച്ചുനീക്കാം...
(ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ
വിദഗ്ധനാണ് ലേഖകന്‍)

Other Articles

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം

  റമദാന്‍ വിമോചനത്തിന്റെ മാസം

  റമദാന്‍ പകരുന്ന അനുഭൂതി