ഇടനെഞ്ചില്‍ ഇടംനേടിയ ബാംഗ്ലൂര്‍ ഡെയ്‌സ്
ഓരോ യാത്രയും വ്യത്യസ്താനുഭവങ്ങള്‍ സമ്മാനിച്ച് മനസ്സിന് നവോന്മേഷം നല്‍കാറുണ്ട്. അതുകൊണ്ടൊക്കെ തന്നെ നീറ്റലുകള്‍ അടക്കിപിടിച്ച് വീര്‍പ്പു മുട്ടുമ്പോഴൊക്കെ മനസ്സ് കുന്നിന്‍ ചെരുവുകളിലെയും കടല്‍ തീരങ്ങളിലെയും കാഴ്ചകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകാറുണ്ട്. ഇത്തരം പതിവ് യാത്രയില്‍ നിന്ന് മാറി, നഗരാനുഭവങ്ങളുടെ പ്രശാന്ത സുന്ദരമായ കാഴ്ചകള്‍ ആസ്വദിച്ച് കഴിഞ്ഞയാഴ്ചയിലെ മൂന്ന് ദിനങ്ങള്‍ ബാംഗ്ലൂരിലായിരുന്നു.
രാജ്യത്തിന്റെ പൂന്തോട്ട നഗരിയെന്നും സിലിക്കണ്‍വാലിയെന്നുമൊക്കെ അറിയപ്പെടുന്ന ബാംഗ്ലൂര്‍ നഗരം ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ കുടിയേറിയിരിക്കുന്നു. നഗരാനുഭവങ്ങള്‍ കൊതിക്കുന്നവര്‍ ഒരിക്കലെങ്കിലും ഇവിടെയെത്തിയില്ലെങ്കില്‍ അത് വല്ലാത്തൊരു നഷ്ടമായിരിക്കും. നാഗരികതയുടെ സര്‍വ്വ സൗന്ദര്യവും പുറംതള്ളിച്ച് നില്‍ക്കുന്ന ഈ വന്‍ നഗരം മനോഹരമായ കാലാവസ്ഥയും സമ്മാനിച്ചാണ് സഞ്ചാരികളുടെ ഇഷ്ട താവളമായി മാറുന്നത്. എത്ര കണ്ടാലും തീരാത്ത കാഴ്ചകളും എത്ര ആസ്വദിച്ചാലും മതിവരാത്ത അനുഭവങ്ങളും വാരിനല്‍കാനാണ് ബാംഗ്ലൂര്‍ സഞ്ചാരികളെ മാടി വിളിക്കുന്നത്.
കഥപറയുമ്പോള്‍...
കര്‍ണ്ണാടകയുടെ തെക്ക്-കിഴക്ക് ഭാഗത്തായിട്ടാണ് ബാംഗ്ലൂര്‍ നഗരം സ്ഥിതി ചെയ്യുന്നത്. മൈസൂര്‍ പീഠഭൂമിയുടെ ഹൃദയഭാഗമാണ് കര്‍ണ്ണാടകയുടെ ഈ തലസ്ഥാന നഗരി. 741 ചതുരശ്ര കിലോമീറ്ററില്‍ പരന്ന് കിടക്കുന്ന നഗരത്തില്‍ 70 ലക്ഷത്തിലധികം പേര്‍ വസിക്കുന്നുണ്ട്. രാജ്യത്തെ ജനനിബിഡമായ വന്‍ നഗരങ്ങളില്‍ മൂന്നാമതുള്ള ബാംഗ്ലൂരിന് ഒട്ടേറെ സവിശേഷതകളുമുണ്ട്.
ഏതൊരുത്തനെയും തൃപ്തിപ്പെടുത്തുന്ന ആധുനിക ബാംഗ്ലൂരിനെ സൃഷ്ടിച്ചെടുത്തത് വിജയനഗര സാമ്രാജ്യത്തിലെ കെംപ ഗൗഡയാണെന്നാണ് ചരിത്രം. കാലത്തിന്റെ വളര്‍ച്ചക്കൊപ്പം അതിവേഗം വളരാന്‍ ഈ നഗരം നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ശീലിച്ചിരുന്നു. വ്യാവസായിക, വാണിജ്യ, ടൂറിസം രംഗത്ത് ലോകം ഉറ്റുനോക്കുന്ന തലയെടുപ്പോടെയാണ് ഇന്നീ നഗരം നിലകൊള്ളുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശ്രോതസ്സെന്നും ലോകത്തില്‍ വ്യവസായം തുടങ്ങാന്‍ ഏറ്റവും പറ്റിയ ഇടമെന്നുമുള്ള സി.എന്‍.എന്‍ വിശേഷണം ഈ നഗരത്തെക്കുറിച്ചാണ്. രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമെന്ന വിശേഷണവും ബാംഗ്ലൂരിന് തിലകക്കുറി ചാര്‍ത്തുന്നു.
യാത്രക്കാരുടെ ശ്രദ്ധക്ക്...
ആശങ്കപ്പെടാന്‍ ഇടം നല്‍കാത്ത യാത്രാ സംവിധാനമാണ് ബാംഗ്ലൂരിലേത്. അത്രക്കും സൗകര്യപ്രദവും കാലോചിതവുമാണ് ഇവിടത്തെ പൊതുഗതാഗതം. രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും ബാംഗ്ലൂരിലേക്ക് വലിയ ബുദ്ധിമുട്ടുകൂടാതെ എത്തിപ്പെടാം. അതിവേഗ റെയില്‍ പദ്ധതിയായ 'നമ്മമെട്രോ'യാണ് ഇവിടത്തെ ഗതാഗതക്കുതിപ്പിന്റെ അടയാളം. രണ്ട് റെയില്‍പാതകളിലായി സഞ്ചരിക്കുന്ന മെട്രോക്ക് പ്രധാന സ്ഥലങ്ങളിലൊക്കെ സ്റ്റേഷനുകളുണ്ട്. പദ്ധതി വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്.
ബാംഗ്ലൂരിലെ ഏത് സ്ഥലങ്ങളിലേക്കും നഗരത്തില്‍ നിന്ന് പുറത്തേക്കും വേണ്ടുവോളം ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും ടാക്‌സി സൗകര്യവുമുണ്ട്. വിശാലവും ലോകോത്തര നിലവാരമുള്ളതുമായ റോഡ് സൗകര്യമുണ്ടായിട്ടും ജനപ്പെരുപ്പവും സഞ്ചാരികളുടെ ബാഹുല്യവും കാരണം ഇവിടെ എല്ലായ്‌പ്പോഴും ഗതാഗത തടസ്സം പതിവാണ്. വേരുകള്‍ പോലെ പടര്‍ന്ന് കിടക്കുന്ന ബാംഗ്ലൂരിലെ റൂട്ടുകളത്രയും മനഃപാഠമാക്കി ബൈക്കില്‍ കുതിച്ച റൈഷാദ് എച്ചുവിന് പിന്നില്‍ സ്‌കൂട്ടറിലായിരുന്നു എന്റെയും ഷാക്കിര്‍ ദില്‍ക്കുഷിന്റെയും യാത്ര.
വഴിയോരക്കാഴ്ചകള്‍..
ബാംഗ്ലൂര്‍ നഗരം സമഗ്ര മേഖലകളിലും സ്വായത്തമാക്കിയ മുന്നേറ്റങ്ങള്‍ വഴിയോരങ്ങളില്‍ നിന്ന് തന്നെ വായിച്ചെടുക്കാനാവും. നഗരത്തിന്റെ പല ഭാഗങ്ങളിലായി തലയുയര്‍ത്തി നില്‍ക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ ഔട്ട്‌ലെറ്റുകളും ഷോപ്പിംഗ് മാളുകളും നക്ഷത്ര ഹോട്ടലുകളും ഐ.ടി സ്ഥാപനങ്ങളും വ്യാവസായിക കേന്ദ്രങ്ങളുമൊക്കെ വഴിയോരങ്ങളെ വര്‍ണ്ണപ്പകിട്ടുള്ളതാക്കുന്നു.
പല നിറത്തില്‍ പുത്ത് നില്‍ക്കുന്ന മരങ്ങള്‍ വഴിയാത്രക്കാര്‍ക്ക് തണലും കാഴ്ചകളുമൊരുക്കി പല ഭാഗത്തായുണ്ട്. വസന്തത്തിലെയും ശൈത്യത്തിലെയും ബാംഗ്ലൂരിന് വശ്യത ഏറെയാണെന്ന് അത് അനുഭവിച്ചറിഞ്ഞവര്‍ സമ്മതിക്കാതിരിക്കില്ല. വിസ്മയകരമായ കാഴ്ചകളൊരുക്കി നിലകൊള്ളുന്ന പാര്‍ക്കുകള്‍ ബാംഗ്ലൂരിന്റെ വഴിയോരങ്ങളെ നിറമുള്ളതാക്കുന്നു. പ്രണയം പൂക്കുന്ന ഇത്തരം പാര്‍ക്കുകളില്‍ ഹൃദയങ്ങള്‍ ഒത്തുചേരുന്ന വികാര നിര്‍ഭരമായ കാഴ്ചകള്‍ക്കും വഴിത്താരകള്‍ സാക്ഷ്യം വഹിക്കാറുണ്ട്. പച്ച പുതച്ച കനോപ്പിവൃക്ഷത്തലപ്പുകളില്‍ നിന്ന് കുറുകുകയും ചിറകടിച്ച് പറക്കുകയും ചെയ്യുന്ന വ്യത്യസ്തങ്ങളായ പറവകള്‍ ഉദ്യാന നഗരിയെ ശബ്ദ മുഖരിതമാക്കുന്നു.
ഇവിടം സ്വര്‍ഗമാണ്..
കണ്‍കുളിര്‍മ്മയേകുന്ന കാഴ്ചകളിലേക്കാണ് ബാംഗ്ലൂരിലെ ഓരോ വഴിയും സഞ്ചാരികളെ പിടിച്ചുവലിക്കുന്നത്. ഒഴിവ് സമയങ്ങളില്‍ നിറം തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ എണ്ണമറ്റ കാഴ്ചകളുടെ വാതായനങ്ങളാണ് ഈ നഗരം തുറന്നിടുക. ജവഹര്‍ലാല്‍ നെഹ്‌റു പ്ലാനറ്റേറിയം, ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, കബ്ബണ്‍ പാര്‍ക്ക്, ബെന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്, അക്വേറിയം, വെങ്കടപ്പ ആര്‍ട്ട് ഗാലറി, വിധാന്‍ സൗധ(നിയമസഭാ മന്ദിരം), അതരകച്ചേരി(ഹൈക്കോടതി), അള്‍സൂര്‍ തടാകം, ഫ്രീഡം പാര്‍ക്ക്, ടിപ്പു സമ്മര്‍ പാലസ്, ബാംഗ്ലൂര്‍ പാലസ്, ഹേസരഘട്ട തടാകം, ഇന്നവേറ്റീവ് ഫിലിം സിറ്റി, വണ്ടര്‍ല തീംപാര്‍ക്ക്, നന്ദിഹില്‍സ്, മുത്യാല മടവു, സാങ്കിടാങ്ക്, തോട്ടിക്കല്ലു വെള്ളച്ചാട്ടം, ഹെബ്ബാര്‍ തടാകം, വിശ്വേശ്വരയ്യ മ്യൂസിയം... അങ്ങനെ ബാംഗ്ലൂര്‍ നഗരത്തിലെ കാഴ്ചകളത്രയും അതിശയകരവും കൗതുകം നിറഞ്ഞതുമാണ്.
സഞ്ചാരികള്‍ക്ക് ഷോപ്പിംഗ് അനുഭൂതി നല്‍കുന്നതിനൊപ്പം ആനന്ദകരമായ കാഴ്ചകളും വിനോദങ്ങളുമൊരുക്കി വന്‍കിട ഷോപ്പിംഗ് മാളുകളും ഇവിടെയുണ്ട്. ഗരുഡാമാള്‍, ഓറിയന്‍മാള്‍, മന്ത്രിമാള്‍, സെന്‍ട്രല്‍മാള്‍, മീനാക്ഷിമാള്‍, മഡിവാളയിലെ ഫോറം തുടങ്ങിയ മാളുകളൊക്കെ ബാംഗ്ലൂരിന്റെ സൗന്ദര്യമാണ്.
ജോലി തേടിയും സന്ദര്‍ശനാര്‍ത്ഥവും ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ളവര്‍ എത്തുന്നതിനാല്‍ ചെലവ് കുറഞ്ഞ റെസ്റ്റോറന്റുകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വരെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ലീലാപാലസ്, ഗോള്‍ഡന്‍ ലാന്റ് മാര്‍ക്ക്, വിന്‍ഡ്‌സര്‍ മാനര്‍, ലീ മെറീഡിയന്‍, ദി താജ്, ദി ലളിത്, അശോക തുടങ്ങിയവയാണ് ഇവിടത്തെ നക്ഷത്ര ഹോട്ടലുകള്‍. മാക്‌ഡൊണാള്‍ഡ്, കെ.എഫ്.സി, പിസ്സഹട്ട് തുടങ്ങിയ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളും നഗരത്തിന്റെ ഏത് ഭാഗത്തും കാണാനാവും. പ്രാദേശിക, തനത് രുചി വിഭവങ്ങളുമായി കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സ്വദേശികളുടെ നിയന്ത്രണത്തിലുള്ള റെസ്റ്റോറന്റുകളും ഒട്ടനവധിയാണ്.
വ്യാവസായിക മുന്നേറ്റത്തിന്റെ അടയാളമെന്നോണം തലയുയര്‍ത്തി നില്‍ക്കുന്ന കേന്ദ്രങ്ങളും അനവധിയുണ്ട്. ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍), ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്(ബി.ഇ.എല്‍), ഭാരത് എര്‍ത്ത് മൂവേര്‍സ് ലിമിറ്റഡ്(ബി.ഇ.എം.എല്‍), ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്.എം.ടി.), ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍(ഐ.എസ്.ആര്‍.ഒ) എന്നിവയുടെയെല്ലാം ആസ്ഥാനമാണ് ഈ നഗരം.
ഐ.ടി രംഗത്തെ കുതിപ്പാണ് ബാംഗ്ലൂരിന്റെ സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കുന്നത്. ഇന്‍ഫോസിസ്, വിപ്രോ, ടി.സി.എസ് തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര കമ്പനികളുടെയും ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐ.ബി.എം, എല്‍.ജി, സാംസങ്ങ്, സോണി തുടങ്ങിയ ലോകോത്തര കമ്പനികളുടെയും പ്രമുഖ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്(ഐ.ഐ.എസ്.സി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്(ഐ.ഐ.എം) തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒട്ടനേകം എഞ്ചിനീയറിംഗ്, മെഡിക്കല്‍, ബിസിനസ് കോളേജുകളും പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂരിന് രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിലും മഹിതമായ സ്ഥാനമുണ്ട്.
പോയ കാലത്തിന്റെ ചരിത്രവും നാടിന്റെ സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്ന കേന്ദ്രങ്ങളും ആരാധാനാലയങ്ങളും നഗരത്തില്‍ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നു. ഇസ്‌കോള്‍ ക്ഷേത്രം, ശിവക്ഷേത്രം, സെന്റ് പാട്രിക് ചര്‍ച്ച്, ബുള്‍ ടെമ്പിള്‍, സെന്റ് മേരീസ് ബസലിക്, ഇന്‍ഫാന്റ് ജീസസ് ചര്‍ച്ച് തുടങ്ങിയവയാണ് ശ്രദ്ധേയമായ ആരാധനാലയങ്ങള്‍.
നോക്കാത്താദൂരത്ത് കണ്ണുംനട്ട്...
ആകാശത്ത് തൂങ്ങിപ്പിടിച്ച് നിന്ന് കീഴിലേക്ക് നോക്കാന്‍ എന്തോരം രസമായിരിക്കും. കെട്ടിടങ്ങള്‍ തീപ്പെട്ടിക്കൂട് കണക്കെയും വാഹനങ്ങള്‍ ചിത്രശലഭങ്ങളായുമൊക്കെ തോന്നും. നോക്കാത്താദൂരത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ടുള്ള ഇത്തരം അനുഭവങ്ങള്‍ക്കും ബാംഗ്ലൂര്‍ വേദിയൊരുക്കുന്നുണ്ട്. നഗരത്തില്‍ നിന്ന് 60 കി.മി അകലെയുള്ള ചിക്കബല്ലാപൂര്‍ ജില്ലയിലെ നന്ദിഹില്‍സാണ് സ്വപ്നസമാനമായ കാഴ്ചകളൊരുക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് 4851 മീറ്റര്‍ ഉയരത്തിലുള്ള നന്ദി ഹില്‍സിന്റെ വിശാലമായ മുകള്‍ഭാഗത്തേക്ക് വാഹനങ്ങളില്‍ എത്തിപ്പെടാനുള്ള സൗകര്യമുണ്ട്. അമ്പതോളം വളവുകളുള്ള റോഡിലൂടെ ഇവിടേക്കുള്ള യാത്ര അനുഭൂതിദായകമാണ്. മുകള്‍ഭാഗത്ത് പലയിടത്തായി ഒരുക്കിയ ഏറുമാടങ്ങളിലും വിശ്രമകേന്ദ്രങ്ങളിലുമിരുന്ന് ചുറ്റിലെയും കാഴ്ചകള്‍ വീക്ഷിക്കാന്‍ വല്ലാത്തൊരു സുഖമാണ്.
ഇവിടെ നിന്ന് സൂര്യാസ്തമയവും സൂര്യോദയവും കണ്‍കുളിര്‍ക്കെ കാണാനാവുന്നു എന്നതിനാല്‍ പ്രഭാതങ്ങളിലും സന്ധ്യകളിലും സഞ്ചാരികള്‍ ഒഴുകിയെത്താറുണ്ട്.
സ്വാതന്ത്രസമര ചരിത്രവുമായി ബന്ധപ്പെട്ടും നന്ദിഹില്‍സിന്റെ പേര് പ്രസിദ്ധമാണ്. കീഴടക്കാന്‍ സാധ്യമല്ലാത്തത് എന്ന പേരിട്ട് ടിപ്പുസുല്‍ത്താന്‍ പണി കഴിപ്പിച്ച നന്ദി ദുര്‍ഗ് കോട്ട, ടിപ്പുവിന്റെ വിശ്രമകേന്ദ്രം, ഗവി വീരഭദ്ര ക്ഷേത്രം തുടങ്ങിയ ചരിത്ര സ്മാരകങ്ങളും ഹരിതാഭമായകാഴ്ചകളും നന്ദിഹില്‍സിന്റെ മുകള്‍ഭാഗത്തായുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പുക്കള്‍...
ബാംഗ്ലൂര്‍ നഗരത്തിലെവിടെ നോക്കിയാലും മനോഹരമായ പൂന്തോട്ടങ്ങളും പാര്‍ക്കുകളും കാണാനാവും. നഗരത്തെ ഉദ്യാനനഗരിയെന്ന് വിശേഷിപ്പിക്കാനുള്ള കാരണവും അതാണ്. വേനലും മണ്‍സൂണും ശൈത്യവുമെല്ലാം മിതമായി വരുന്ന ബാംഗ്ലൂരിന്റെ ഏത് കാലാവസ്ഥയിലും വൈവിധ്യമാര്‍ന്ന പൂക്കള്‍ പൂത്ത് നില്‍ക്കും. ജമന്തി, റോസ്, അരുളി, വാടാമുല്ല എന്നിവയൊക്കെ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
നഗരത്തിന്റെ തെക്ക് ഭാഗത്തായി നിലകൊള്ളുന്ന ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികളുടെ ഇഷ്ട താവളമാണ്. ചുവന്ന പൂന്തോട്ടം എന്നര്‍ത്ഥത്തിലുള്ള ലാല്‍ബാഗില്‍ പൂന്തോട്ടത്തിന്റെ പണികള്‍ ടിപ്പുവിന്റെ കാലത്തെ പൂര്‍ത്തിയായതാണ്. 240 ഏക്കറോളം പരന്ന് കിടക്കുന്ന തോട്ടത്തില്‍ ആയിരത്തില്‍ പരം വൃക്ഷലതാതികളുണ്ട്. പുല്‍ത്തകിടുകളും റോസ് ഗാര്‍ഡനും താമരക്കുളവുമൊക്കെ ചേര്‍ന്ന ഇവിടത്തെ അന്തരീക്ഷം ഏവരിലും സ്വാധീനം ചെലുത്തും. ലണ്ടനിലെ ക്രിസ്റ്റല്‍ പാലസിന്റെ മാതൃകയില്‍ തീര്‍ത്ത ഗ്ലാസ് പാലസാണ് പ്രധാന ആകര്‍ഷണം. തടാകം, പുഷ്പഘടികാരം, കെംപ ഗൗഡ ടവര്‍, റോസ്ഗാര്‍ഡന്‍, ബോണ്‍സായ് പാര്‍ക്ക് എന്നിവയൊക്കെയും കൗതുകകരമായ കാഴ്ചകളാണ്. വിശേഷാവസരങ്ങളില്‍ ഇവിടെ പുഷ്പ പ്രദര്‍ശനവും ഫല പ്രദര്‍ശനവുമൊക്കെ നടക്കാറുണ്ട്.
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍...
പാതയോരം മുതല്‍ കണ്ണെത്താദൂരം വരെ പന്തലിച്ച് നില്‍ക്കുന്ന മുന്തിരിവള്ളികളുടെ ഹരിതാഭ കണ്ടതോടെ മുന്തിരിക്കുലകള്‍ കൈക്കുമ്പിളിലെടുത്ത് തലോടണമെന്ന് തോന്നി. തോട്ടത്തിനരികില്‍ സുസ്‌മേരവദരരായി കാവല്‍ക്കാരായ വൃദ്ധനും യുവാവും ഇരിക്കുന്നുണ്ടായിരുന്നു. അകത്തേക്ക് വിടുമോയെന്ന ഞങ്ങളുടെ ചോദ്യത്തിന് കണ്ണുരുട്ടിയും ആംഗ്യത്തിലുമായി 'നോ അഡ്മിഷന്‍' കാട്ടിയതോടെ കിട്ടാത്ത മുന്തിരി പുളിക്കുമെന്നായി. അതിനാല്‍ തന്നെ 'കൈക്കൂലി' കൊടുത്ത് കാര്യം സാധിക്കേണ്ടി വന്നു.
മുന്തിരിക്കുലകള്‍ നിറഞ്ഞാടുന്ന പച്ചപ്പന്തലിന് ചുറ്റും കിളികള്‍ കൊത്താതിരിക്കാനായി വല കൊണ്ടുള്ള വേലിയൊരുക്കിയിട്ടുണ്ട്. വേലിക്കിടയിലെ രഹസ്യ വഴിയിലൂടെ തോട്ടത്തിനകത്തേക്ക് കടന്നു. തലക്ക് മുകളില്‍ ഇക്കിളിപൂണ്ട പച്ചയും പഴുത്തതുമായ മുന്തിരിക്കുലകളും സ്പ്രിംഗ് പോലുള്ള വള്ളികളും നയനമനോഹരമായ കാഴ്ചയായി. ചെടിയില്‍ വെച്ച് തന്നെ പഴുക്കണമെന്നുള്ളതിനാല്‍ മുന്തിരി പച്ചയോടെ പറിച്ച് വെക്കാറില്ല. അത് കൊണ്ടാവണം തോട്ടം നിറയെ മുന്തിരിക്കുലകളുണ്ടായിരുന്നു. ബാംഗ്ലൂര്‍ പര്‍പ്പിള്‍, അനാബെഷാഹി, ബോഖറി, ഗുലാബി, കാളി സഹേബി, തോംസണ്‍ സീഡ്‌സ് തുടങ്ങി നിരവധി ഇനം മുന്തിരികള്‍ ഈ ഭാഗത്ത് കൃഷി ചെയ്യുന്നുണ്ട്.
ഓമനിക്കാന്‍, ഓര്‍മ്മവെക്കാന്‍...
ബാംഗ്ലൂര്‍ നഗരം ഓമനിച്ച് നല്‍കുന്ന കാഴ്ചകളില്‍ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിന് മുന്തിയ സ്ഥാനമുണ്ട്. നഗരത്തിന് 22 കി.മി അകലെയായുള്ള ബെന്നാര്‍ഘട്ട രാജ്യത്തെ ശ്രദ്ധേയമായ മൃഗശാലയാണ്. 104 ചതുരശ്ര കി.മീറ്ററില്‍ പരന്ന് കിടക്കുന്ന പാര്‍ക്കില്‍ കടുവ, സിംഹം, പുള്ളിപ്പുലി, കാട്ടുപോത്ത് തുടങ്ങിയ ജീവികളെയൊക്കെ അവയുടേതായ ആവാസ വ്യവസ്ഥയൊരുക്കി സംരക്ഷിച്ചു വരുന്നു. ബാംഗ്ലൂര്‍ ഭരണ സിരാകേന്ദ്രം പരിസരത്തുള്ള കബ്ബണ്‍ പാര്‍ക്കും ഫ്രീഡം പാര്‍ക്കും അഴകാര്‍ന്ന കാഴ്ചകളാണ്.
നിര്‍മ്മാണ രീതിയിലെ വൈവിധ്യം കൊണ്ട് പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കര്‍ണ്ണാടക നിയമസഭാ മന്ദിരമായ വിധാന്‍ സൗധയും ഹൈക്കോടതി കെട്ടിടമായ അതരക്കച്ചേരിയും ഏവരുടെയും മനം കീഴടക്കും. പരമ്പരാഗത ദ്രാവിഡ വാസ്തു വിദ്യയും ആധുനിക ശൈലിയും സമന്വയിച്ചുള്ള വിധാന്‍ സൗധ പൊതു അവധി ദിനങ്ങളില്‍ ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കും.
പൂര്‍ണ്ണമായും തേക്ക് കൊണ്ട് തീര്‍ത്ത ടിപ്പുപാലസും ഇംഗ്ലണ്ടിലെ വന്‍സര്‍ കാസില്‍ മാതൃകയിലുള്ള ബാംഗ്ലൂര്‍ പാലസും ആധുനിക വിനോദ സംവിധാനമൊരുക്കുന്ന ഇന്നൊവേറ്റീവ് ഫിലിംസിറ്റിയും വിശേശ്വരയ്യ മ്യൂസിയവും മനം മയക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ഇവിടേക്ക് ഇനിയും എത്തണമെന്ന ചിന്ത കാന്തികപ്രേരണ പോലെ ഇടനെഞ്ചിലേക്ക് തിരുകിക്കയറ്റിയാണ് ബാംഗ്ലൂര്‍ സഞ്ചാരികളെ യാത്രയാക്കുന്നത്.
Jabir kunnil
writerOther Articles