പെണ്‍ കരുത്തിന്റെ കാസര്‍കോട് വിഷഭൂമിയിലേക്ക് അവാര്‍ഡ് വന്ന വഴി
ഇത് എന്‍മകജെയിലെ ചന്ദ്രാവതി. സാമൂഹ്യ സുരക്ഷാമിഷന്‍ ഏര്‍പ്പെടുത്തുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തകക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ വര്‍ഷം കാസര്‍കോടിന്റെ മണ്ണിലേക്ക് എത്തിച്ചത് ചന്ദ്രാവതിയായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിഷമഴപെയ്ത നാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാനുള്ള പരിപാടിക്ക് ഒപ്പം നിന്നുകൊണ്ടാണ് ചന്ദ്രാവതി ജില്ലക്ക് അഭിമാനമായത്. ഡിഗ്രി പഠനത്തിനുശേഷം വാര്‍ഡ് റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തനം ആരംഭിച്ച എം. ചന്ദ്രാവതി 1998 മുതല്‍ കാട്ടുകുക്കയിലെ അംഗന്‍വാടിയില്‍ പതിനൊന്ന് വര്‍ഷക്കാലം സേവനമനുഷ്ടിച്ചു. ശേഷം സ്വര്‍ഗ്ഗയിലെ അംഗന്‍വാടിയിലേക്കെത്തുകയായിരുന്നു. അഞ്ചു വര്‍ഷക്കാലമായി സ്വര്‍ഗ്ഗയില്‍ അംഗന്‍വാടി വര്‍ക്കറാണ് ചന്ദ്രാവതി. നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ക്കും സര്‍വ്വേ പരിപാടികള്‍ക്കും ശിശുക്ഷേമ പരിപാടികള്‍ക്കും നേതൃത്വം നല്‍കിയ ചന്ദ്രാവതി ഇന്ന് എന്‍മകജെ പഞ്ചായത്തിലെ ആറാം വാര്‍ഡ് അംഗമാണ്. ജനുവരി 7, 8, 9 തിയതികളിലായി കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടന്ന സാമൂഹ്യനീതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ. മുനീറില്‍ നിന്നാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. എന്‍മകജെയിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമായ സ്വര്‍ഗ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരികയാണ് എം. ചന്ദ്രാവതി. സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന പട്ടിണി സമരത്തിലൂടെ ഒരിക്കലും 100% ആവശ്യങ്ങളും നേടിയെടുത്തുവെന്ന് ചന്ദ്രാവതിക്ക് അഭിപ്രായമില്ല. ഒപ്പം എന്‍ഡോസള്‍ഫാന്‍ ബാധിതരായി മരണപ്പെട്ട ആളുകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ സഹായം ഇരകളായി ഇന്നും ജീവിക്കുന്നവര്‍ക്ക് ലഭിക്കണമെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്.
* * *
മാണിക്കമ്മയും വാനരപ്പടയും തമ്മില്‍...
മാണിക്കമ്മ ഇടയിലക്കാടുകാരുടെ
മാണിക്യമാണ്. അനുദിനം ഓണ്‍ലൈന്‍ ലോകത്തെ ജീവികളായി മാറിക്കൊണ്ടിരിക്കുന്ന പുതുതലമുറക്ക് പ്രകൃതിയുടെ സ്പന്ദനം പകര്‍ന്നുകൊടുക്കുന്ന മുത്തശ്ശിയാണ്. ഇടയിലക്കാട് കാവില്‍ കുട്ടിക്കരണം മറിയുന്ന വാനരപ്പടകള്‍ക്ക് ചോറുവിളമ്പാന്‍ അരി മാറ്റിവെച്ചുകൊണ്ടാണ് ഈ അമ്മയുടെ ഒരു ദിവസം ആരംഭിക്കുന്നത്. അലഞ്ഞുതിരിയുന്ന മിണ്ടാപ്രാണികള്‍ക്ക് അന്നം നല്‍കിവന്ന അമ്മയുടെ പാത പിന്തുടര്‍ന്നുകൊണ്ടാണ് മാണിക്കമ്മ വാനരസേവ ദിനചര്യയാക്കിയത്. മാണിക്കമ്മയുടെ ശബ്ദവും അനക്കങ്ങളും ഗന്ധവും വാനരക്കൂട്ടത്തിനും പരിചിതമാണ്. കാവിന് മുന്നില്‍ നിന്ന് ഈണത്തില്‍ പല ഓമനപ്പേരുകള്‍ വിളിക്കുമ്പോള്‍ കാട്ടുവള്ളികളിലൂഞ്ഞാലാടിയെത്തുന്ന വാനരരുടെ രംഗം അത്ഭുതപ്പെടുത്തുന്നതാണ്. നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇടയിലക്കാട് തുരുത്തിലേക്കെത്തുന്ന യാത്രക്കാര്‍ പലരും മാണിക്കമ്മക്കൊപ്പം കുരങ്ങുകള്‍ക്ക് ഭക്ഷണവുമായെത്തും. ഓണക്കാലത്ത് ഇടയിലക്കാട് തുരുത്തില്‍ നടക്കുന്ന വാനരസദ്യ പ്രശസ്തമാണ്. ഈ വിരുന്നിലും കുരങ്ങുകള്‍ക്ക് ഭക്ഷണം വിളമ്പുന്നത് മാണിക്കമ്മതന്നെയാകണമെന്ന് നിര്‍ബന്ധമുണ്ടീ വാനരര്‍ക്ക്. നാടിന്റെ പലഭാഗങ്ങളില്‍ നിന്നും കാവിലെ കുരങ്ങന്മാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സഹായവുമായി ആളുകള്‍ എത്താറുണ്ടെന്നും, ഈ പ്രവര്‍ത്തികളില്‍ താന്‍ സംതൃപ്തയാണെന്നും മാണിക്കമ്മ പറയുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കുന്നതിനൊപ്പം പുതിയ തലമുറയിലേക്കുകൂടി ഈ സന്ദേശം എത്തിച്ചുകൊണ്ടിരിക്കുകയാണ് മാണിക്കമ്മ.
* * *
സോഫ്റ്റ് ബോളിന്റെ കൂട്ടുകാരി
പായലിലെ കായികതാരത്തെ ആദ്യം കണ്ടെത്തിയത് അവളുടെ അച്ഛനാണെന്ന് തന്നെ പറയാം. നാട്ടിലെ കുളത്തില്‍ നീന്തി പഠിച്ച പായല്‍ നീന്തലില്‍ നാലുതവണ തുടര്‍ച്ചയായി ജില്ലാ ചാമ്പ്യനായി. 8-ാം തരം മുതല്‍ +2 തലം വരെ പഠിച്ച ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നുമാണ് പായലിന്റെ കായിക ജീവിതത്തിലെ നേട്ടങ്ങള്‍ ആരംഭിക്കുന്നത്. കോട്ടിക്കുളത്തെ മത്സ്യത്തൊഴിലാളിയായ കമലാക്ഷന്റേയും സുപ്രിയയുടേയും രണ്ടാമത്തെ മകളാണ് പായല്‍. 2009-10 അധ്യയന വര്‍ഷം നാഷണല്‍ ടീമില്‍ കളിച്ചുകൊണ്ടാണ് പായല്‍ ക്രിക്കറ്റിലേക്ക് എത്തുന്നത്. പിന്നീട് പല അവസരങ്ങളും പരീക്ഷാതിരക്കുകള്‍ കാരണം പായലിന് മാറ്റിവെക്കേണ്ടി വന്നു. 2014-15 വര്‍ഷം യൂണിവേഴ്‌സിറ്റി ഓള്‍ ഇന്ത്യ ലെവല്‍ കളിക്കാന്‍ തിരഞ്ഞെടുത്ത ടീം ക്യാപ്റ്റനായി. ക്രിക്കറ്റും സോഫ്റ്റ് ബോളും ഒരുപോലെ വഴങ്ങുന്ന പായലിന് സോഫ്റ്റ് ബോളിനോടാണ് കൂടുതല്‍ താല്‍പര്യം. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യര്‍ത്ഥിനിയാണ് പായല്‍. പരേഗ് സഹോദരനാണ്. കുടുംബത്തില്‍ നിന്നും ജില്ലയില്‍ നിന്നുമൊക്കെ ലഭിക്കുന്ന പിന്തുണയാണ് തന്നെ വളര്‍ത്തിയതെന്നും എം.എ പഠനത്തിനുശേഷം മുഴുവന്‍ സമയം സ്‌പോര്‍ട്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ചേരാനാണ് തീരുമാനമെന്നും പായല്‍ പറയുന്നു.
Dilna Vikaswra
writter