വൈവിധ്യങ്ങളുടെ വലിയനാട്
വൈവിധ്യങ്ങളുടെ കലവറയാണ് വയനാട്. കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ്‌വാരങ്ങളും ആരാധനാലയങ്ങളും ചരിത്ര സ്മാരകങ്ങളുമെല്ലാം ഇഴചേര്‍ന്നു നില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചകളുടെ സ്വര്‍ഗ ഭൂമിയാണ് ഇവിടം. വയനാടിന്റെ വഴിത്താരയില്‍ എങ്ങ് നോക്കിയാലും പ്രകൃതി കനിഞ്ഞരുളിയ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ കാണാനാവും. പൂക്കോട് തടാകം, ബാണാസുര സാഗര്‍ അണക്കെട്ട്, മീന്‍മുട്ടി വെള്ളച്ചാട്ടം, എടക്കല്‍ ഗുഹ, കാന്തന്‍പാറ വെള്ളച്ചാട്ടം, കാരാപ്പുഴ അണക്കെട്ട്, കിടങ്ങനാട് ബസ്തി, കുറുവാ ദ്വീപ്, ചങ്ങലമരം, ചെമ്പ്ര കൊടുമുടി, പക്ഷിപാതാളം, മുത്തങ്ങ വനം, വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, ബ്രഹ്മഗിരി മലനിരകള്‍, ലക്കിടി ചുരം വ്യൂ പോയന്റ്... അങ്ങനെ കണ്‍കുളിര്‍മ്മയേകുന്ന വശ്യസുന്ദരമായ കാഴ്ചകളുടെ വാതായനങ്ങളാണ് വയനാട് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.
കുളിരും കാഴ്ചയും നിറഞ്ഞ വയനാടിന്റെ ഭംഗി ആസ്വദിക്കാനായത് ഈയടുത്തായിരുന്നു. കണ്ണെത്താദൂരം വരെ പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ, വളഞ്ഞും പുളഞ്ഞുമുള്ള ചുരങ്ങളും താണ്ടി കാറിലായിരുന്നു ഞങ്ങള്‍ അഞ്ചംഗ സംഘത്തിന്റെ യാത്ര. സുഹൃത്തുക്കളായ ഷാക്കിര്‍ ദില്‍കുഷ്, മിദു ലോട്ടസ്, അസ്സു അസാസ്, റൈഷാദ് എച്ചു എന്നിവരായിരുന്നു കൂട്ടിന്.
പ്രകൃതിയുടെ തനതായ നിറത്തില്‍ ഉടുത്തൊരുങ്ങി, കോടമഞ്ഞിന്‍ തുള്ളികള്‍ കൈക്കുമ്പിളില്‍ സൂക്ഷിച്ച് വയനാടിന്റെ വഴിത്താരകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ ഹരിതഭൂവില്‍ എവിടെ തിരിഞ്ഞാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണെന്ന് തുടക്കത്തിലെ ബോധ്യപ്പെട്ടു. പ്രകൃതിഗ്രാമത്തിലെ ഒരു ഡസനിലേറെയുള്ള കാഴ്ചകളുടെ പട്ടിക കൈവശം സൂക്ഷിച്ചും വഴി സൂചനാ ബോര്‍ഡുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചുമായിരുന്നു ഞങ്ങളുടെ യാത്ര.
മണ്ണ് കൊണ്ട് തീര്‍ത്ത അണക്കെട്ടുകളില്‍ ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ ബാണാസുര സാഗര്‍ ഡാമിലേക്കായിരുന്നു ആദ്യം എത്തിയത്. ഡാം പരിസരം അഭൂതമായ കാഴ്ചകളാണ് ഒരുക്കുന്നത്. സഞ്ചാരികളുടെ മനം കവരും വിധത്തില്‍ ടൂറിസം രംഗത്തെ സാധ്യതകളൊക്കെ ഇവിടെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിനടുത്തായുള്ള മനോഹാരിത നിറഞ്ഞ മലകളിലേക്ക് സാഹസിക മലകയറ്റം നടത്താനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ താഴ്‌വരയിലുള്ള ചെറുദ്വീപുകള്‍ പ്രകൃതിരമണീയമാണ്. അണക്കെട്ട് പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിനടിയില്‍ ആഴ്ത്തിയപ്പോഴാണ് ഈ ചെറു ദ്വീപുകള്‍ രൂപപ്പെട്ടതത്രെ. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റക്ക് 25 കിലോമീറ്റര്‍ വടക്ക്കിഴക്കായുള്ള പടിഞ്ഞാറെത്തറയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വയനാടിന്റെ ഗന്ധവും ശബ്ദവുമൊക്കെ ഇവിടെ നിന്ന് ആസ്വദിക്കാനാവും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ബോട്ടിംഗ് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ തനത് വിഭവങ്ങളൊക്കെ ഇവിടത്തെ വിപണിയില്‍ വില്‍പ്പനക്കുണ്ട്. കല്‍പ്പറ്റക്ക് 13 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന കാരാപ്പുഴ അണക്കെട്ടിനെക്കുറിച്ചും ഇവിടെ നിന്ന് കേട്ടറിഞ്ഞു.
കല്‍പ്പറ്റയില്‍ നിന്ന് 15 കി.മി അകലെയുള്ള പൂക്കോട് തടാകം വയനാടിന്റെ ശ്രദ്ധേയമായ ആകര്‍ഷണമാണ്. പച്ച പുതച്ച കുന്നുകളുടെ കാവലില്‍, ഒരിക്കലും വറ്റാതെ കിടക്കുന്ന ഈ തടാകം കേരളത്തിലെ ഏറ്റവും ഭംഗിയാര്‍ന്ന തടാകങ്ങളില്‍ ഒന്നാണ്. ബോട്ടിംഗ് സൗകര്യം, കുട്ടികളുടെ പാര്‍ക്ക്, ശുദ്ധജല അക്വേറിയം തുടങ്ങി ഇവിടെയൊരുക്കിയ സംവിധാനങ്ങള്‍ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും.
13 ഏക്കറാണ് പൂക്കോട് തടാകത്തിന്റെ വിസ്തീര്‍ണ്ണം. ചുറ്റിലും സഞ്ചാരികള്‍ക്ക് നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ട്. ടൂറിസം സാധ്യതകള്‍ മുന്‍നിര്‍ത്തി അടുത്തകാലത്തായി ഇവിടെ ഒരുപാട് മിനുക്ക് പണികള്‍ നടത്തിയിട്ടുണ്ട്. തടാകത്തില്‍ സവാരി നടത്തുന്നതിനായി വിവിധതരം ബോട്ടുകളും ലഭ്യമാണ്. നീല ആമ്പലുകളും പൂക്കോടന്‍ പരല്‍മത്സ്യങ്ങളും ഈ തടാകത്തിന്റെ പ്രത്യേകതയാണ്.
വെള്ളച്ചാട്ടങ്ങളാണ് വയനാടിന്റെ വശ്യഭംഗിയേറ്റുന്ന മറ്റൊരു ഘടകം. കണ്‍കുളിര്‍മ്മയേകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ടെങ്കിലും മീന്‍മുട്ടി വെള്ളച്ചാട്ടമാണ് ഇതില്‍ ഏറ്റവും സുന്ദരം. കല്‍പ്പറ്റയില്‍ നിന്ന് 29 കി.മി അകലെയായി ഊട്ടി റോഡില്‍ നിന്ന് രണ്ട് കി.മി ഉള്ളിലായാണ് മീന്‍മുട്ടി ഉള്ളത്. 300 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ഈ വെള്ളച്ചാട്ടം മൂന്ന് തട്ടുകളായാണ് താഴേക്ക് പതിക്കുന്നത്. ഇവിടെ പാറക്കെട്ടുകള്‍ക്കിടയില്‍ രൂപപ്പെട്ട ചെറു തടാകങ്ങളില്‍ കുളിക്കാന്‍ പ്രത്യേക കുളിരാണ്. ആ കുളിരിലലിഞ്ഞ് ഞങ്ങള്‍ ഏറെ നേരം ചെലവഴിച്ചു.
കല്‍പ്പറ്റക്ക് 23 കി.മി അകലെയുള്ള സൂചിപ്പാറ വെള്ളച്ചാട്ടവും ശ്രദ്ധേയമാണ്. വെള്ളച്ചാട്ടത്തിന്റെ താഴ്‌വാരത്തിലെ കുളത്തില്‍ മുങ്ങിനിവരാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിക്ക് സമീപമുള്ള ചെതലയവും കാന്തന്‍പാറയുമാണ് ടൂറിസ്റ്റ് ശ്രദ്ധ നേടിയ ഇവിടത്തെ മറ്റ് വെള്ളച്ചാട്ടങ്ങള്‍.
ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ മുത്തങ്ങ വന്യജീവി സങ്കേതമാണ് വയനാടിന്റെ മറ്റൊരു സൗന്ദര്യം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 17 കി.മി അകലെ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത് നിലകൊള്ളുന്നത്. കര്‍ണ്ണാടകയിലെ ബന്ദീപൂര്‍, തമിഴ്‌നാട്ടിലെ മുതുമല എന്നീ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങയുടെ കിടപ്പ്.
പച്ചപ്പിന്റെ തണലില്‍ കാടിന്റെ നിശബ്ദതയറിഞ്ഞ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ വാഹനത്തില്‍ വന്യജീവികളെ അടുത്ത് കണ്ട് യാത്ര നടത്താം. നിരത്തിനിരുവശവും കണ്ണെത്താദൂരം വരെ പരന്ന് കിടക്കുന്ന കാട്ടില്‍ ആനകള്‍, മാനുകള്‍, കാട്ടുപോത്തുകള്‍, കുരങ്ങുകള്‍ തുടങ്ങിയവയൊക്കെ ധാരാളമായി ഉണ്ട്. മാനന്തവാടിയില്‍ നിന്ന് 20 കി.മി അകലെയുള്ള തോല്‍പ്പെട്ടി വന്യജീവി സങ്കേതവും 40 കി.മി ദൂരെയുള്ള നാഗര്‍ഹോള വന്യജീവി സങ്കേതവും വന്യമൃഗ സമ്പത്ത് കൊണ്ട് ശ്രദ്ധേയമാണ്. കാടിന്റെ വശ്യമായ വന്യതയറിയാന്‍ വയനാട്ടില്‍ തന്നെ എത്തണം.
കുറുവ ദ്വീപാണ് വയനാട്ടിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം. 950 ഏക്കറോളം പരന്നുകിടക്കുന്ന കുറുവാദ്വീപ് ജൈവവൈവിധ്യങ്ങളുടെ കേദാരമാണ്. കബനി നദിയോട് ചേര്‍ന്ന്, പ്രകൃതിയുടെ തനതായ കാഴ്ചകളോതിയാണ് കുറുവാ ദ്വീപ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. മരങ്ങളും വള്ളിപ്പകര്‍പ്പുകളുമൊക്കെയുള്ള ഹരിതാഭമായ ഈ ദ്വീപില്‍ അപൂര്‍വ്വ വംശത്തില്‍ പെടുന്ന പക്ഷികളും ഔഷധ സസ്യങ്ങളും ചെടികളുമൊക്കെയുണ്ട്. ബോട്ടിങ്ങിനും ട്രക്കിങ്ങിനും ഇവിടെയും സൗകര്യമുണ്ട്. മാനന്തവാടിയില്‍ നിന്ന് 15 കി.മി കിഴക്കാണ് കുറുവാദ്വീപുള്ളത്.
സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്ര മലയും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ കേന്ദ്രമാണ്. കല്‍പ്പറ്റയില്‍ നിന്ന് 18 കി.മി അകലെയാണ് ചെമ്പ്ര മല. ഇവിടേക്കുള്ള പ്രവേശനത്തിന് വനംവകുപ്പിന്റെ അനുമതി വേണം. തിരുനെല്ലിയില്‍ നിന്ന് ഏഴരക്കിലോമീറ്റര്‍ അകലെയുള്ള പക്ഷിപ്പാതാളവും അഴകാര്‍ന്ന കാഴ്ചയാണ്. അപൂര്‍വ്വ പക്ഷികളുടെ ആവാസ കേന്ദ്രമാണിവിടം. മുഴുനീള സമയവും വ്യത്യസ്തങ്ങളായ പക്ഷികളുടെ കളകളാരവം മുഴങ്ങുന്ന ഇവിടെ പക്ഷി നിരീക്ഷണത്തിനായി വാച്ച് ടവര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ് താമരശ്ശേരി ചുരം. വയനാട് ലക്കിടിക്ക് സമീപം തൊട്ടു തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ വഴിയില്‍ 9 ഹെയര്‍പിന്‍ വളവുകളുണ്ട്. വയനാട് ചുരത്തിന്റെ മുകള്‍ഭാഗമാണ് ലക്കിടി വ്യൂ പോയന്റ് എന്നറിയപ്പെടുന്നത്. ഇതിന്റെ ചുറ്റിലുമായി മേഘപാളികള്‍ക്കിടയിലൂടെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍ അതിശയകരമായ കാഴ്ചയാണ് ഒരുക്കുന്നത്.
കല്‍പ്പറ്റയില്‍ നിന്ന് 28 കി.മി അകലെയുള്ള എടക്കല്‍ ഗുഹ വയനാട്ടിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്ര സ്മാരകമാണ്. അമ്പല വയലിനടുത്ത് അമ്പുക്കുത്തി മലയില്‍ 100 മീറ്റര്‍ ഉയരത്തിലാണ് എടക്കല്‍ ഗുഹയുള്ളത്. ഇവിടത്തെ ശിലാലിഖിതങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറ്റവും ഉച്ചിയില്‍ രണ്ട് പാറകള്‍ക്കിടയില്‍ വീണുകിടക്കുന്ന ഭീമാകാരമായ കല്ലിനടിയിലൂടെ വീഴുന്ന സൂര്യപ്രകാശമാണ് ഇവിടേക്ക് വെളിച്ചം പകരുന്നത്. ഇടയില്‍ വീണുകിടക്കുന്ന ആ കല്ലുകാരണമാത്രെ ഗുഹക്ക് ഇങ്ങനെയുള്ള പേര് വന്നത്. ഗുഹയുടെ ഇരുഭിത്തികളിലുമായി കല്ലുകൊണ്ട് കോറിയിട്ടതുപോലുള്ള ആഴത്തില്‍ പതിഞ്ഞ ചിത്രങ്ങള്‍ കാണാം. പുരാതന ലിപികളിലുള്ള എഴുത്തുകളും ഇവിടത്തെ പ്രത്യേകതയാണ്. എടക്കലില്‍ നിന്ന് ട്രക്കിംഗ് വഴിയാണ് ഗുഹയില്‍ എത്തിച്ചേരാനാവുക.
മാനന്തവാടിക്ക് സമീപമുള്ള പഴശ്ശിരാജയുടെ ശവകുടീരമാണ് മറ്റൊരു ചരിത്ര സ്മാരകം. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഒളിപ്പോരിലൂടെ പട നയിച്ച 'കേരള സിംഹം' പഴശ്ശിരാജയുടെ അവശേഷിപ്പികളാണ് ഇവിടെ ജ്വലിച്ചു നില്‍ക്കുന്നത്.
തിരുനെല്ലി ക്ഷേത്രം, വള്ളിയൂര്‍കാവ് ക്ഷേത്രം, വാരമ്പറ്റ പള്ളി, പള്ളിക്കുന്ന് ലുര്‍ദ് മാതാ ചര്‍ച്ച് തുടങ്ങിയ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്.
കുളിരുള്ള കാഴ്ചകളൊരുക്കുന്ന വയനാടിന്റെ ഓരോ ഇടത്താവളങ്ങളിലും സഞ്ചാരികളുടെ പ്രവാഹം കാണാനാവും. പ്രകൃതി അതിന്റെ സൗഭാഗ്യങ്ങളത്രയും നല്‍കി അനുഗ്രഹിച്ച ഇവിടം സന്ദര്‍ശിക്കുന്നവരാരും നിരാശരായി മടങ്ങില്ലെന്ന് തീര്‍ച്ച.
Jabir kunnil
writerOther Articles