ഖാസി കേസില്‍ വഴിത്തിരിവായി കോടതി വിധി
ഉത്തരകേരളത്തിലെ പ്രശസ്ത പണ്ഡിതനും ഗോള ശാസ്ത്ര വിശാരദനും നിരവധി മഹല്ലുകളുടെ ഖാസിയുമായ ചെമ്പിരിക്ക സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളുകയും പുതിയ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കയാണ്. ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി സി.ബി.ഐ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹരജിയിലെ രണ്ട് ആവശ്യങ്ങളും സി.ജെ.എം കോടതി അംഗീകരിക്കുകയായിരുന്നു. നീതിയിലും നിയമവ്യവസ്ഥയിലും വിശ്വാസവും പ്രതീക്ഷയും വെച്ചു പുലര്‍ത്തുന്ന എല്ലാവരെയും ആശ്വസിപ്പിക്കുന്ന വിധിയായാണ് 12-ാം തിയതിയിലെ കോടതി വിധിയെ കാണേണ്ടത്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ വിഷയത്തില്‍ നടക്കുന്ന നിയമ പോരാട്ടങ്ങള്‍ ഇതോടെ പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയും അന്വേഷിച്ചെങ്കിലും സത്യാവസ്ഥ പുറത്തു കൊണ്ട് വരുന്നതിനേക്കാള്‍ മുന്‍ധാരണയോട് കൂടിയതും ആരെയോ തൃപ്തിപ്പെടുത്താന്‍ വ്യഗ്രത കാട്ടുന്നതും നിഷ്പക്ഷമതികളില്‍ സംശയം ജനിപ്പിക്കുന്നതുമായ റിപ്പോര്‍ട്ടുകളാണ് ഈ ഏജന്‍സികളില്‍ നിന്ന് പുറത്ത് വന്നത്. സി.ബി.ഐ റിപ്പോര്‍ട്ടിനെതിരെ ആദ്യം ഹൈക്കോടതിയില്‍ നല്‍കിയ ഹരജി കീഴ്‌ക്കോടതിയില്‍ വിചാരണ നടക്കുകയാണെന്ന കാരണത്താല്‍ അവസാനിപ്പിക്കുകയായിരുന്നു. അതിന് ശേഷമാണ് സി.ജെ.എം കോടതിയില്‍ ഈ കേസില്‍ കാര്യക്ഷമമായി വിചാരണ നടന്നത്.
സി.ബി.ഐ റിപ്പോര്‍ട്ട് നേരില്‍ പരിശോധിക്കുന്ന ആര്‍ക്കും അതിലെ വൈകല്യങ്ങളും പരസ്പര വൈരുദ്ധ്യവും ബോധ്യമാകും. മരണപ്പെട്ട വ്യക്തിയുടെ നിലവാരവും സാമൂഹിക പദവിയും കഴിഞ്ഞകാല ജീവിതവും വിലയിരുത്താതെ, മൃതദേഹം കണ്ട സ്ഥലവും പരിസരവും ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കാതെ തയ്യാറാക്കിയ ലോക്കല്‍ പൊലീസിന്റെ റിപ്പോര്‍ട്ടാണ് ശേഷം വന്ന അന്വേഷകരും ആധികാരിക രേഖയായി കണ്ടത്. സി.ബി.ഐ. അന്വേഷണ സംഘവും വിഷയത്തെ ലാഘവ ബുദ്ധിയോടെ സമീപിച്ചു. അത് കൊണ്ടായിരിക്കാം സി.ജെ.എം കോടതി ജഡ്ജി പരേതന്റെ മകന്റെ വക്കീല്‍ നിരത്തിയ വാദഗതികള്‍ അപ്പാടെ അംഗീകരിക്കുകയും അവരുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ പൂര്‍ണമായി തള്ളിക്കളയുകയും ചെയ്തത്.
സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഖാസി ആത്മഹത്യ ചെയ്തുവെന്ന് സ്ഥാപിക്കാന്‍ നിരത്തിയ ന്യായങ്ങള്‍ ശാസ്ത്രീയമോ യുക്തിഭദ്രമോ അല്ലെന്ന് സാമാന്യ ബുദ്ധിയും ധാരണയും ഉള്ള ആര്‍ക്കും തിരിച്ചറിയാന്‍ കഴിയും. തുടക്കത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു എന്ന് സംശയിക്കുന്ന ഈ കേസില്‍ സാഹചര്യത്തെളിവുകള്‍ക്കും മനഃശാസ്ത്രപരമായ വിശകലനങ്ങള്‍ക്കുമായിരുന്നു മുന്‍ഗണന ലഭിക്കേണ്ടിയിരുന്നത്. പക്ഷെ, അതുണ്ടായില്ല. അത് കൊണ്ടാണ് മജിസ്‌ട്രേട്ട് അമനീഷ് ഇനി മുന്നോട്ടുള്ള അന്വേഷണത്തിന് മൂന്ന് പ്രധാന ഘടകങ്ങള്‍ ആധാരമാക്കേണ്ടതാണെന്ന നിര്‍ദ്ദേശം കൂടി നല്‍കിയത്.
ഒന്ന്: ഖാസി മരണപ്പെട്ട ദിവസം പുലര്‍ച്ചക്ക് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന തന്റെ ഭാര്യയും മരുമകളും മറ്റും പതിവിന് വിരുദ്ധമായി പ്രഭാത നമസ്‌കാരത്തിന് ഉണരാതെ ദീര്‍ഘനേരം ഉറങ്ങിയതിന് പിന്നില്‍ വല്ല ബാഹ്യ ഇടപെടലും ഉണ്ടായിരുന്നോ?
വളരെ പ്രസക്തമായ ചോദ്യമാണിത്. ഇത് വരെ അന്വേഷണം നടത്തിയ ഏജന്‍സികള്‍ ഒന്നും ഇക്കാര്യത്തില്‍ വേണ്ട ശുഷ്‌കാന്തി കാട്ടിയിരുന്നില്ല. പരേതന്‍ അവസാന രാത്രി കിടന്നുറങ്ങിയ മുറിയും പരിസരവും അത് പോലെ അദ്ദേഹം പുറത്ത് നിന്ന് പൂട്ടിയെന്ന് പറയപ്പെടുന്ന പൂട്ടും മറ്റും സംഭവ ദിവസം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാതെ അന്നത്തെ ഡി.വൈ.എസ്.പി നേരിട്ടു കയറിച്ചെന്നത് വലിയ വാര്‍ത്തയായതാണ്. അദ്ദേഹം അവിടെ നിന്ന് ഒരു അറബി കവിതാശകലത്തിന്റെ മലയാള പരിഭാഷ എടുത്തുകാട്ടി ഞങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി എന്ന് പറഞ്ഞ് അതിനെ ആത്മഹത്യാകുറിപ്പാക്കി പത്രക്കാര്‍ക്ക് നല്‍കിയതും വലിയ വിവാദം സൃഷ്ടിച്ചു. അത് ഖാദി പരിഭാഷപ്പെടുത്തിയ ബുര്‍ദ ബൈത്തിന്റെ ഭാഗമാണെന്നും മരണവുമായി അതിന് ഒരു ബന്ധവുമില്ലെന്നും തെളിവ് സഹിതം കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെട്ടു.
എന്നാല്‍ ഇതേ കവിതാശകലം ആത്മഹത്യാ സൂചനയാക്കി സി.ബി.ഐ റിപ്പോര്‍ട്ടില്‍ സ്ഥലം പിടിച്ചുവെന്നറിയുമ്പോള്‍ ആ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ഊഹിക്കാമല്ലോ. അതെല്ലാം വീണ്ടും പരിശോധിക്കാനാണ് ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നത്. അത് പോലെ അന്ന് രാവിലെ ബന്ധുക്കള്‍ ഉണര്‍ന്നപ്പോള്‍ തലയിണ രണ്ട് മുറികള്‍ക്കിടയില്‍ അലക്ഷ്യമായി കിടക്കുന്നതായി കണ്ടുവെന്നും മറ്റും മൊഴിയുണ്ട്. ഇതെല്ലാം അന്വേഷണത്തില്‍ തെളിയേണ്ട കാര്യങ്ങളാണ്.
കൂടാതെ കടപ്പുറത്തെ കടുക്കക്കല്ലിന്റെ മുകളിലേക്ക് പാതിരാവില്‍ തനിച്ച് വടിയും ടോര്‍ച്ചുമായി കടന്നുചെന്ന് കടലില്‍ ചാടിയെന്ന് സ്ഥാപിക്കാന്‍ തലേദിവസം ഉയരത്തിലുള്ള തന്റെ പിതാവിന്റെ ശ്മശാനത്തിലേക്ക് നടന്നുപോയത് കാട്ടി ന്യായീകരിക്കാന്‍ ശ്രമിച്ചതും ശാസ്ത്രീയമായി തെളിയിക്കണമെന്ന് സി.ജെ.എം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ശ്രദ്ധേയവും ആശാവഹവുമാണ്. പകല്‍ വെളിച്ചത്തില്‍ പാകപ്പെടുത്തിയ സ്റ്റെപ്പുകള്‍ കയറിപ്പോയതും രാത്രി സമയം പരസഹായമില്ലാതെ ദുര്‍ഘടമായ കടുക്കക്കല്ലിലേക്ക് കയറിപ്പോകുന്നതും താരതമ്യപ്പെടുത്താനാവില്ലല്ലോ. അത് പോലെ സ്ഥിരമായി കണ്ണട ധരിക്കുന്ന 77 കാരനായ അദ്ദേഹത്തിന്റെ രണ്ട് കണ്ണടകളും വീട്ടിലും കാറിലുമായി കണ്ടെടുക്കപ്പെട്ടിരുന്നു. അപ്പോള്‍ കണ്ണട ധരിക്കാതെയാണ് അങ്ങോട്ട് പോയതെന്ന് വരുന്നു. ഇതും വിശ്വസനീയമല്ല.
കോടതി ചൂണ്ടിക്കാട്ടിയ മറ്റൊരു പ്രധാനകാര്യം മനഃശാസ്ത്രവിശകലനമാണ്. പ്രഥമ ഘട്ടത്തില്‍ തെളിവുകള്‍ പലതും മനഃപൂര്‍വ്വം നശിപ്പിക്കപ്പട്ട ഇത് പോലുള്ള കേസില്‍ ഇത് ഏറെ പ്രയോജന പ്രദമാകും. മരണപ്പെട്ട വ്യക്തിയാകുമ്പോള്‍ സ്വാഭാവികമായും അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്ന അടുത്ത ബന്ധുക്കളേയും ശിഷ്യഗണങ്ങളേയും സഹപ്രവര്‍ത്തകരേയും മറ്റുമാണല്ലോ ഇക്കാര്യത്തില്‍ അവലംബിക്കേണ്ടത്. അത്‌പോലെ രചനകളും എഴുത്തുകുത്തുകളും പൊതുപരിപാടികളും രഹസ്യ കൂടിയാലോചനകളും എല്ലാം അദ്ദേഹത്തിന്റെ മനോനില വിലയിരുത്താന്‍ സഹായകമാകും. ഇത്തരമൊരു വിശകലനത്തിലൂടെ ഖാസി ആത്മഹത്യ ചെയ്യുമെന്ന നിഗമനത്തില്‍ എത്തിച്ചേരാനാവില്ലെന്ന് ഉറപ്പിച്ചു പറയാനാകും. ജീവിതം മുഴുക്കെ ഇലാഹി പ്രീതിക്ക് വേണ്ടിയുള്ള സേവനവും സമര്‍പ്പണവുമായി കരുതിയ, ഏത് വിഷയവും തികഞ്ഞ സമചിത്തതയോടെയും ജാഗ്രതയോടെയും മാത്രം കൈകാര്യം ചെയ്തിരുന്ന, നൂറുകണക്കിന് വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും തന്റെ പക്വവും ബുദ്ധിപരവുമായ വാക്കുകളിലൂടെയും ഉപദേശങ്ങളിലൂടേയും വഴികാട്ടിയായി നടന്ന മഹാവ്യക്തി, മാരകമായ അസുഖം ബാധിച്ച് മേജര്‍ ഓപ്പറേഷന് വിധേയനായി വിശ്രമിക്കേണ്ട വേളകള്‍ പോലും ഗ്രന്ഥരചനകളിലും പഠനങ്ങളിലും കഴിച്ചുകൂട്ടിയ ത്യാഗിയായ പണ്ഡിതവരേണ്യന്‍, നിസാരമായ മുട്ടുവേദനയുടെ പേരില്‍ ഇത്ര സാഹസികമായി ജീവിതം അവസാനിപ്പിച്ചുവെന്ന് വിശ്വസിക്കാന്‍ സാമാന്യബുദ്ധിക്ക് സാധിക്കില്ല.
ഇതെല്ലാം അപഗ്രഥിച്ചുള്ള പുതിയൊരു അന്വേഷണം ഈ കേസില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിക്കുമെന്നുറപ്പിക്കാം. സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എല്ലാം ആയെന്നും ഈ കേസില്‍ ഇതിലപ്പുറം ഒന്നും നടക്കില്ലെന്നും ആശ്വസിച്ചുകഴിഞ്ഞവര്‍ക്ക് കനത്ത പ്രഹരമായാണ് പുതിയ വിധി പുറത്തുവന്നത്.
തലമുറകള്‍ക്ക് അറിവും ആത്മാഭിമാനവും ഉത്തേജനവും നല്‍കി പ്രശോഭിച്ചു നിന്ന ആ മഹാമനീഷിയെ ഇരുളിന്റെ മറവില്‍ സംഹരിക്കുകയെന്ന ഹീനകൃത്യം ചെയ്തവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.
ഇനി മുമ്പോട്ടുള്ള അന്വേഷണം കുറ്റമറ്റതാക്കി സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി ജാഗ്രതയോടെ യത്‌നിക്കാന്‍, സത്യവും നീതിയും പുലര്‍ന്നുകാണാന്‍ ആശിക്കുന്നവരെല്ലാം കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


Comments
I WISH MURDERS IN QADI CASE WILL BE IMPRISONED SOON
- asifabdullah812 ,near tagore college, vidyanagar, kasaragod.
Siddique nadvi cheroor
writerOther Articles