മരണമേ നീ പിന്നെയും കരയിപ്പിക്കുന്നല്ലോ....
മരണം വല്ലാത്തൊരു നോവാണ്... ആഹ്ലാദവര്‍ത്തമാനങ്ങള്‍ക്കിടയിലേക്കാണ് അത് ഒരു തീക്കാറ്റുപോലെ ആഞ്ഞടിക്കാറുള്ളത്...
മരണം ഒരു സത്യമാണ്... എത്ര മാറിനിന്നാലും പിടികൂടുന്ന അനിവാര്യതയാണത്...എല്ലാം ജയിക്കുമ്പോഴും മരണത്തിനുമുന്നില്‍ മാത്രം തോറ്റുപോകാന്‍ വിധിക്കപ്പെട്ടവരാണ് നാം... ചില മരണങ്ങള്‍ നമ്മെ വല്ലാതെ തളര്‍ത്തികളയും... കേള്‍ക്കുന്നതൊന്നും സത്യമാവരുതേയെന്ന് മനസ്സ് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും...
ഇഷ്ടപ്പെട്ടൊരാള്‍ കരയിപ്പിച്ചുകൊണ്ട് കടന്നുപോകുന്നത് കാഴ്ചക്കാരനായി നോക്കിനില്‍ക്കാന്‍ മാത്രമേ നമുക്ക് കഴിയുന്നുള്ളു...
ഈ വഴിയും ഈ ദിനങ്ങളും ദു:ഖത്തിന്റേത് മാത്രമാണ്... നമ്മള്‍ നമ്മുടെ ജീവനോളം സ്‌നേഹിച്ച് മനസുകൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ട എത്രയോ ആളുകളാണ് ഇവിടെ വെച്ച് വിടപറഞ്ഞകന്നത്... ഒരു മരണവാര്‍ത്ത കേട്ട് അതിന്റെ ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു മരണവാര്‍ത്ത കേട്ട് അതിശയിച്ചുപോകുന്ന സങ്കടകരമായ സാഹചര്യത്തിലാണ് നാമിപ്പോഴുള്ളത്...
അടുത്തടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ എത്രയോ പ്രമുഖ വ്യക്തികള്‍ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് നടന്നുപോകുന്നത് കാണേണ്ടി വന്നു നമുക്ക്...
* * *
നമ്മളൊക്കെ സുഖമായി മൂടിപ്പുതച്ചുറങ്ങുമ്പോള്‍ മൈനസ് 43 ഡിഗ്രി തണുപ്പില്‍ നമുക്ക് വേണ്ടി കാവലിരുന്ന് ഒടുവില്‍ അതേ മഞ്ഞുമലയിടിഞ്ഞ് മരിച്ചുപോയ ഹനുമന്തപ്പയെന്ന ധീരജവാന്‍ കണ്ണ് നിറയുന്നൊരു ഓര്‍മ്മയാണ്... മഞ്ഞുമലകള്‍ക്കിടയിലെ രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ആറു ദിവസം കഴിഞ്ഞപ്പോള്‍ പുറത്തെടുത്ത നേരത്ത് കാണപ്പെട്ട നേരിയ നിശ്വാസം ഞങ്ങള്‍ക്കു പകര്‍ന്നുതന്ന പ്രതീക്ഷയും ആഹ്ലാദവും ചെറുതായിരുന്നില്ല... പ്രിയപ്പെട്ട ഹനുമന്തപ്പ... പിന്നീടുള്ള ഞങ്ങളുടെ പ്രാര്‍ത്ഥനയും കാത്തിരിപ്പും നിന്റെ ജീവനുവേണ്ടിയുള്ളതായിരുന്നു... നിന്റെ ആരോഗ്യസ്ഥിതി അറിയാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരുന്നു... അടുത്തബന്ധുക്കളിലാരോ ഒരാള്‍ ആസ്പത്രിയില്‍ കഴിയുമ്പോഴുള്ള ദു:ഖവും ആകാംക്ഷയുമായിരുന്നു ഞങ്ങളുടെ മനസിലപ്പോള്‍... സിയാച്ചിനിലെ കൊടുംതണുപ്പിനെ ആത്മധൈര്യം കൊണ്ട് തോല്‍പ്പിച്ച് ആറുദിവസം ജീവനോടെ പിടിച്ചുനിന്ന നീ മരണത്തിനുമുന്നില്‍ അത്ഭുതം കാണിച്ചു ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ഞങ്ങള്‍ വെറുതെ മോഹിച്ചു...
കേരളത്തിന്റെ കുളിരിനെ പോലും സഹിക്കാന്‍ പറ്റാത്ത ഞങ്ങള്‍ക്ക് നീ തോല്‍പ്പിച്ച കൊടുംതണുപ്പ് ഒരത്ഭുതം തന്നെയായിരുന്നു...
എട്ടു ദിവസത്തോളം നീ പ്രതീക്ഷ പകര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ ജീവിച്ച നീ കണ്ണീരു മാത്രം സമ്മാനിച്ച് മടങ്ങിപ്പോയപ്പോള്‍ രാജ്യത്തിന്റെ ഓരോ മണ്‍തരിയും നിന്നെ ഓര്‍ത്തു കരഞ്ഞു... കാലമെത്ര കഴിഞ്ഞാലും ആ ധീരതയെ ഈ നാട് മറക്കില്ല...
* * *
ഹനുമന്തപ്പയുടെ മരണത്തിന്റെ ദു:ഖത്തിനിടയിലേക്കാണ് ഒ.എന്‍.വി. കുറുപ്പിന്റെ വേര്‍പാടും നമ്മെ തേടിയെത്തിയത്... ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തേക്ക് നമ്മെ വീണ്ടും വീണ്ടും കൈപിടുച്ചു കൊണ്ടുപോയ അനുഗൃഹീത കവിയുടെ വേര്‍പാട് സങ്കല്‍പ്പിക്കാന്‍ പറ്റുന്നതിലും അപ്പുറത്തായിരുന്നു. മലയാളിയുടെ മനസ്സിനെ കാവ്യാത്മകമാക്കിമാറ്റി ഒരു നാടിനെ പാട്ടിന്റെ ലോകത്ത് കവിതയില്‍ ലയിപ്പിച്ച പ്രിയ കവിയായിരുന്നു ഒ.എന്‍.വി...
വിപ്ലവം കൊണ്ട് വിസ്മയം തീര്‍ക്കാന്‍ ഇനി ഒ.എന്‍.വി ഇല്ലെന്നറിയുമ്പോള്‍ ഓരോ മലയാളിയും വീണ്ടും പാടിപ്പോവുകയാണ് അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി... ഒ.എന്‍.വി. കുറുപ്പിന്റെ വേര്‍പാട് ഈ മാസത്തിന്റെ ഏറ്റവും വലിയ നഷ്ടം തന്നെയാണ്...
* * *
പാണ്ഡിത്യശോഭ കൊണ്ടും എളിമയും ലാളിത്യവും കൊണ്ടും ഏവരെയും വിസ്മയിപ്പിച്ച പ്രശസ്ത പണ്ഡിതന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗം വല്ലാത്തൊരു ആഘാതമായിരുന്നു. കര്‍മ്മശാസ്ത്ര രംഗത്ത് ഏറെ പ്രശസ്തനായിരുന്നു അദ്ദേഹം. പണ്ഡിതര്‍ക്കിടയിലെ പണ്ഡിതന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഉസ്താദിന്റെ ജീവിതം ഒരു മാതൃകയായിരുന്നു. പറയുക മാത്രമല്ല, ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകകൂടി ചെയ്താണ് അദ്ദേഹം തന്റെ പാണ്ഡിത്യത്തിന് തിളക്കം പകര്‍ന്നത്.
* * *
ഒരു തമാശപറയുന്ന ലാഘവത്തോടെയായിരുന്നല്ലോ കല്‍പ്പനയുടെ മരണവാര്‍ത്ത നാം കേട്ടത്... മലയാളികളെ നിരന്തരം ചിരിപ്പിച്ചുകൊണ്ടിരുന്ന കല്‍പ്പന മരിച്ചുവെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നപ്പോള്‍ പകച്ചുനില്‍ക്കാനേ നമുക്ക് കഴിഞ്ഞുള്ളു...
* * *
പാവപ്പെട്ടവന്റെ ദു:ഖങ്ങളെയും അവന്റെ ഇല്ലായ്മകളെയും ഒരു കണ്ണാടിയിലൂടെ നോക്കിക്കണ്ട് മാധ്യമപ്രവര്‍ത്തനത്തെ സാമൂഹ്യപ്രവര്‍ത്തനമാക്കി മാറ്റിയ ഗോപകുമാറിന്റെ വിടവ് സമ്മാനിച്ച ശൂന്യതയും ചെറുതല്ല... ആ ശബ്ദഗാംഭീര്യവും ആ കാഴ്ചപ്പാടും ഓര്‍മ്മകള്‍ മാത്രമാകുമ്പോള്‍ അതും ഈ മാസത്തിന്റെ വലിയ നഷ്ടങ്ങളിലൊന്നായി മാറുന്നു...
* * *
ഹിറ്റ് സിനിമകളിലേക്ക് ക്യാമറ ചലിപ്പിക്കുകയായിരുന്നോ അല്ല ചലിപ്പിച്ച ക്യാമറക്കണ്ണുകളത്രയും ഹിറ്റുകളായി മാറുകയായിരുന്നോ എന്നറിയില്ല. ക്യാമറ കൊണ്ട് അത്ഭുതം തീര്‍ത്ത ആനന്ദക്കുട്ടന്‍ മടങ്ങിപ്പോയതും ഇതേ ദു:ഖങ്ങള്‍ക്കിടയിലൂടെയാണ്. ഒരുപാട് നല്ല പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകന്‍ രാജാമണിയും ഈവഴിയില്‍ വെച്ച് യാത്രപറഞ്ഞകന്നു.
ഒടുവിലിതാ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ അക്ബര്‍ കക്കട്ടിലും കഥകളില്ലാത്ത ലോകത്തേക്ക് പോയിരിക്കുന്നു... നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണമനുഷ്യന്റെ പച്ചയായ കഥ പറഞ്ഞ കക്കട്ടിലും ഓര്‍ത്തിരിക്കാത്തൊരു നിമിഷത്തില്‍ കണ്ണീരുമാത്രം സമ്മാനിച്ചുകൊണ്ടാണ് വിടപറഞ്ഞത്...
* * *
മരണം ചെരുപ്പിന്റെ വാറുപോലെ നിന്നോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നുവെന്ന സത്യം എന്തുമാത്രം അര്‍ത്ഥവത്താണ്... ഓര്‍ത്തിരിക്കാത്തൊരു നിമിഷത്തിലാണ് നമ്മുടെ ഉറ്റവരേയും കൊണ്ട് അത് കടന്നുകളയുന്നത്...
മരണത്തെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നീടൊരിക്കലും നമ്മള്‍ ആരോടും മോശമായി പെരുമാറുകയോ ആരെയും വെറുപ്പിക്കുകയോ ചെയ്യില്ല... സുഹൃത്തെ... ഏതു നിമിഷവും നിലച്ചുപോകുന്ന ഒരു നിശ്വാസം മാത്രമാണ് നമ്മള്‍... എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചുപോകുന്ന ഒരു മരണം നമ്മുടെ ജീവിതത്തിന്റെ ചുറ്റും വട്ടമിട്ടു കളിച്ചുകൊണ്ടിരിക്കുന്നു... ഇഷ്ടപ്പെട്ടവരെയൊക്കെ നഷ്ടപ്പെട്ടുപോകുമ്പോഴും എന്തേ നമുക്ക് നമ്മുടെ മരണത്തെക്കുറിച്ച് ഓര്‍ക്കുവാന്‍ കഴിയുന്നില്ല...
A.B.Kuttiyanam
journalist and writerOther Articles