മൊബൈലില്‍ മതിമറക്കുന്ന യുവജനത
പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്. മിനുട്ട് സൂചിയുടെ നേരിയ ചലനം കാത്തിരിക്കുകയാണ് ഡ്രൈവര്‍. ആളുകള്‍ തിങ്ങിനിറഞ്ഞ ആ ബസിന്റെ മൂലയില്‍ നിന്ന് ഒരു കൈക്കുഞ്ഞ് നിര്‍ത്താതെ നിലവിളിക്കുകയാണ്. അസഹനീയമായ കരച്ചില്‍ നീണ്ടുനിന്നപ്പോഴാണ് കുട്ടിയെ ശ്രദ്ധിച്ചത്. കുട്ടി അമ്മയുടെ കയ്യില്‍ കിടന്നുതന്നെയാണ് കരയുന്നത്. പക്ഷെ, അമ്മയുടെ ശ്രദ്ധ മുഴുവനും മൊബൈലിലെ ഗെയിം കളിക്കുന്നതിലാണ്. ഗയിം ലഹരിയിലായിരുന്നതിനാല്‍ ആ അമ്മ തന്റെ കുട്ടിയുടെ നിലവിളി കേള്‍ക്കുന്നില്ല. സ്വന്തം കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഊണും ഉറക്കവും ഒഴിവാക്കിയ പഴയ അമ്മമാരില്‍ നിന്നും ഇവര്‍ വളരെ അധികം പുരോഗമിച്ചിരിക്കുന്നു. അതിന്റെ ഉദാഹരണമാണ് ഈയിടെ അബുദാബിയില്‍ ഷോപ്പിങ്ങിനിടെ ഒരു അമ്മ തന്റെ കുട്ടിയെ ഷോപ്പില്‍ നിന്ന് എടുക്കാന്‍ മറന്നുപോയത്. ഇത്തരം സംഭവങ്ങള്‍ ഇന്ന് ഒറ്റപ്പെട്ടവാര്‍ത്തയല്ല.
മൊബൈല്‍ഫോണ്‍ ഇന്ന് നമ്മുടെ കെകാലുകള്‍ പോലുള്ള ഒരു അവയവമായി മാറിയിരിക്കുന്നു. പാട്ട് കേള്‍ക്കാനും വീഡിയോ കാണാനും ചുറ്റുപാടുകളെ അപ്പടി പകര്‍ത്താനും ഇത്തരമൊരു പലകയുണ്ടെങ്കില്‍ ഇതിനപ്പുറം വേറെയെന്തുവേണം? പിന്നെ പത്തിരുപതുപേരോട് ഒന്നിച്ചു സല്ലപിക്കാനും വാട്‌സാപ്പുകള്‍ കുടെയുണ്ടെങ്കില്‍ ഈ പലകക്കഷ്ണത്തിന്റെ മാറ്റ് വര്‍ധിക്കുന്നു.
നമ്മളുടെ ലോകം ഇപ്പോള്‍ പുരോഗതിയുടെ വക്കിലാണത്രെ. മൊബൈല്‍ ഫോണ്‍ തന്നെയാണ് ഇതിന് പ്രധാന സാക്ഷി. കറക്കി കറക്കി കൈവിരലിന് തഴമ്പ് വച്ചിരുന്ന ഒരു കാലത്തുനിന്ന് ഒന്ന് തടവിയാല്‍ അത്ഭുത ലോകങ്ങള്‍ ദര്‍ശിപ്പിക്കുന്ന തരത്തില്‍ ഫോണുകള്‍ പരിവര്‍ത്തനപ്പെട്ടിരിക്കുന്നു. നാനോ ടെക്‌നോളജികളുടെ സംഭാവനകള്‍ നമ്മുടെ ജീവിതത്തിന്നും സംസ്‌കാരത്തിന്നും നിരന്തരം മാറ്റങ്ങള്‍ സമ്മാനിക്കുകയാണ്. മൊബൈല്‍ ഫോണ്‍ മുന്നോട്ടു വെക്കുന്ന സാധ്യതകള്‍ അനവധിയാണ്. എണ്ണിയാലൊടുങ്ങാത്ത മേന്‍മനിറഞ്ഞ ഈ മാന്ത്രികപ്പെട്ടി നമ്മുടെ സമൂഹത്തെ വളരെ അധികം സ്വാധീനിച്ചിരിക്കുകയാണ്. ഇവ നമുക്ക് ഭൗതികമായ അറിവുകളും ആനന്ദവും നല്‍കുന്നുണ്ടെങ്കിലും ഇവ വരുത്തിത്തീര്‍ക്കുന്ന ദോഷവും ചെറുതല്ല.
ഇന്ന് യുവാക്കള്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ സമ്മാനമായി നല്‍കുന്നത് വിലകൂടിയ എല്ലാ സാധ്യതകളുമുള്ള ഫോണുകളാണ്. പിന്നെ ഇവര്‍ക്ക് അനങ്ങാന്‍ പോലും സമയമില്ല. ഒരു പക്ഷെ ഇങ്ങനെ നല്‍കുന്ന ഫോണുകള്‍ തന്നെയാവാം പെണ്‍കുട്ടികളുടെ ഒളിച്ചോട്ടത്തിനും കുടുംബ ശിഥിലീകരണത്തിനും ഹേതുവാകുന്നത്. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോടുള്ള സ്‌നേഹം വെളിപ്പെടുത്തുന്നത് വലിയ വിലകൂടിയ ഫോണുകള്‍ നല്‍കിയാണ്. ഫോണുകളുടെ കമ്പനിയും വിലയും നോക്കി ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ സ്‌നേഹത്തെ അളന്നെടുക്കുന്നു. പരീക്ഷകളിലും മറ്റും ഉന്നതമാര്‍ക്കോടെ വിജയിച്ചാല്‍ മക്കള്‍ക്ക് ഓഫര്‍ ചെയ്യുന്നത് സ്മാര്‍ട്ട് ഫോണുകളാണ്. ഇത് അവരെ പഠനലോകത്തില്‍ നിന്ന് വഴിപിഴക്കാനും അന്യരിലേക്ക് ആകര്‍ഷിക്കപ്പെടാനും അവസരമൊരുക്കുന്നു.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ നമുക്ക് നല്‍കുന്ന സേവനങ്ങള്‍ ചെറുതല്ല. പക്ഷെ മൊബൈലുകള്‍ മനുഷ്യനിര്‍മ്മിതമാണെന്നും നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ശേഷി അതിനില്ലെന്നും അതിബുദ്ധിമാന്മാരായ നാം മനസ്സിലാക്കണം. മൊബൈലുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതോട് കൂടി നമ്മുടെ കൈകളില്‍ അതിരുകളില്ലാത്ത ലോകം കടന്നുവരികയായി. ആവശ്യമുള്ളവ കണ്ടെത്താന്‍ മാത്രം നാം ഇന്റര്‍നെറ്റിനെ ആശ്രയിക്കണം. ഒരു നല്ല മുന്‍വിധിയോ ധാരണയോ ഇല്ലാതെ നെറ്റില്‍ മേഞ്ഞുനടന്നാല്‍ ഒരുപക്ഷെ നാം വഴിപിഴക്കാനിടയുണ്ട്. നാം ജീവിക്കുന്നത് മൊബൈലിന്റെ യുഗത്തിലായതിനാല്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കുക അസാധ്യമാണ്. സ്വയം സൂക്ഷ്മത പുലര്‍ത്തുകയേ നമുക്കുമുന്നില്‍ മാര്‍ഗമുള്ളൂ...
Shakkir V.P.Kaikkottkadav
writter