കാന്‍സര്‍ വ്യാപനം ആധുനിക വൈദ്യശാസ്ത്രം മുട്ടുമടക്കുന്നുവോ
അര്‍ബുദത്തോട് തോറ്റുപോവുന്ന ആയിരങ്ങളുടെ കഥയുണ്ട് നമ്മുടെ നാട്ടില്‍. കാന്‍സര്‍ എന്ന രോഗം ദുരിത ജീവിതത്തിന്റെ മറ്റൊരു പേരായാണ് പലരും കാണുന്നത്. അതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. അര്‍ബുദം വന്നാല്‍ കീഴടങ്ങുകയല്ലാതെ മറ്റു പോംവഴി ഇല്ലെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. തുടക്കത്തിലെ ചികിത്സിച്ച് ഭേദമാക്കാനാവുമെന്ന് അറിയാതെയാണ് ഈ കീഴടങ്ങല്‍.
ലോകമെമ്പാടുമായി ഓരോ വര്‍ഷവും 127 ലക്ഷം പേര്‍ക്ക് അര്‍ബുദബാധ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. മരണസംഖ്യ 76 ലക്ഷം. കാന്‍സര്‍ വ്യാപനത്തിന് മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം മുട്ടുമടക്കുന്നുവോ എന്നത് ലോകത്തെമ്പാടും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കര്‍ശനമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ 2030 ആകുമ്പോഴേക്കും കാന്‍സര്‍ മരണങ്ങള്‍ 80 ശതമാനമായി വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന സൂചന.
ജീവിതശൈലിയിലെ വ്യത്യാസം തന്നെയാണ് പ്രധാനമായും ഇതിന് കാരണം. ആഹാര പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന വ്യാപക വിഷവസ്തുക്കളാണത്രെ കാന്‍സറിന് പ്രധാനമായും കാരണമാവുന്നതെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടുതല്‍ രുചി തേടിയുള്ള യാത്ര ചെന്നവസാനിക്കുന്നത് വലിയ രോഗത്തിലേക്കാണെന്നത് ആരും അറിയുന്നില്ല. അത്യന്തം ഭയപ്പെടുത്തുന്നതാണ് പച്ചക്കറികളിലെയും മറ്റു ആഹാര പദാര്‍ത്ഥങ്ങളിലെയും വിഷസാന്നിധ്യം.
പ്രാതല്‍ മുതല്‍ അത്താഴം വരെ നാം കഴിക്കുന്ന ഭക്ഷണ വസ്തുക്കളും പഴങ്ങളും പാനീയങ്ങളും ഹാനികരമായ അനവധി രാസവസ്തുക്കളെയാണ് നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടുന്നത്. വിഷം ഉള്ളില്‍ ചെന്നാല്‍ അത് ശരീരത്തിന്റെ സംവിധാനങ്ങള്‍ കൊണ്ട് നിര്‍വീര്യമാക്കാന്‍ കഴിയില്ല. എല്ലാ ദിവസവും ഇത്തരത്തില്‍ വിഷം കലര്‍ന്ന ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ അതിന്റെ പ്രത്യാഘാതം വലുതാകുന്നു. അമിതമായ പുകയിലയുടെ ഉപയോഗവും ചെന്നെത്തുന്നത് മാരകമായ കാന്‍സര്‍ പോലുള്ള അസുഖങ്ങളിലേക്കാണ് എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടായേ പറ്റൂ.
കാലം മാറിയതോടെ ഫാസ്റ്റ്ഫുഡ് യുഗത്തിലേക്ക് തിരിഞ്ഞ നമുക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ചിന്തയേ ഇല്ലാതായിരിക്കുന്നു. കാന്‍സറിന് പ്രധാന കാരണം ഭക്ഷണവും മാറിയ ജീവിത രീതിയുമെന്നൊക്കെ ഡോക്ടര്‍മാര്‍ പറയുമ്പോഴും നമുക്കതിന് ചെവികൊടുക്കാനോ പ്രാവര്‍ത്തികമാക്കാനോ സമയമില്ല. അജിനാമോട്ടോ പോലുള്ള നമ്മുടെ നാവിനെ രസിപ്പിക്കുന്ന രുചിയുള്ള ഭക്ഷണത്തോടാണ് നമുക്ക് പ്രിയം. കളര്‍മയമാണ് എല്ലാ ഭക്ഷണങ്ങളും. പാനീയങ്ങള്‍ പോലും പല തരം കളറിലാണ് ഇറങ്ങുന്നത്. ഇവയിലൊക്കെ ഉപയോഗിക്കുന്നത് വിഷമാണെന്ന സത്യം നാം തിരിച്ചറിയുന്നില്ല.
ലോകത്ത് 2000ത്തില്‍ മരണമടഞ്ഞ 56 ശതമാനം മനുഷ്യരില്‍ 12 ശതമാനവും അര്‍ബുദം മൂലമാണത്രെ മരിച്ചത്. വ്യാവസായിക പുരോഗതി കൈവരിച്ച വികസിത രാഷ്ട്രങ്ങള്‍ അധികവും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണിത്. അര്‍ബുദം പലതരമുണ്ട്. ഒന്നിനും ഫലപ്രദമായ ചികിത്സ ലഭ്യമാകുന്നില്ല, അതല്ലെങ്കില്‍ ചികിത്സ ഫലിക്കുന്നില്ല എന്നതാണ് ആശങ്ക പരത്തുന്നത്. അസുഖം ഭേദമായി എന്ന് പറയുമ്പോഴും വീണ്ടും രോഗം തിരിച്ച് വരികയും രോഗിമരണപ്പെടുകയും ചെയ്യുന്ന സംഭവങ്ങളാണ് ധാരാളമായി കേട്ടുകൊണ്ടിരിക്കുന്നത്.
അന്നനാള അര്‍ബുദം, കരളിനെ ബാധിക്കുന്ന അര്‍ബുദം, കിഡ്‌നിയെ ബാധിക്കുന്ന അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, ചര്‍മ്മ അര്‍ബുദം, നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദം, രക്താര്‍ബുദം, മസ്തിഷ്‌കാര്‍ബുദം, അണ്ഡാശയ അര്‍ബുദം, അസ്ഥികളെ ബാധിക്കുന്ന അര്‍ബുദം എന്നിങ്ങനെയാണ് ഈ രോഗത്തെ വേര്‍തിരിച്ചിരിക്കുന്നത്. തൊട്ട് നോക്കാനും കാണാനും സാധ്യമായിട്ടുള്ളതാണ് 30 ശതമാനം അര്‍ബുദങ്ങളും. ഇതിന് പുറമേ എന്‍ഡോസ്‌കോപ്പി മുഖേന പരിശോധിച്ചാല്‍ അറിയാവുന്ന തരം അര്‍ബുദങ്ങളുമുണ്ട്. എന്നിട്ടുമെന്തേ വൈദ്യശാസ്ത്രത്തിന് ഈ രോഗത്തിന് കീഴടങ്ങേണ്ടിവരുന്നു എന്ന ചോദ്യം ബാക്കിയാവുന്നു.
മരുന്നുപയോഗിച്ചുള്ള കീമോതെറാപ്പി, രശ്മികള്‍ ഉപയോഗിച്ചുള്ള റേഡിയേഷന്‍ തെറാപ്പി, രോഗം ബാധിച്ച ഭാഗത്തെ എടുത്തുമാറ്റുന്ന ശസ്ത്രക്രിയ എന്നിവയാണ് കാന്‍സറിനുള്ള ചികിത്സാ രീതികള്‍. ഇവയൊന്നും ഫലിക്കപ്പെടുന്നില്ല എന്നതാണ് കാന്‍സര്‍ രോഗികളുടെ മരണ കണക്ക് സൂചിപ്പിക്കുന്നത്.
വികസിത രാജ്യങ്ങളായ ഇംഗ്ലണ്ട്, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ആരംഭിച്ച അര്‍ബുദ നിര്‍മ്മാര്‍ജന പദ്ധതിയില്‍ ഇപ്പോള്‍ ഇന്ത്യയും അംഗമാണ്. ലോക വ്യാപകമായി വികസിപ്പിച്ചെടുത്ത് പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. അര്‍ബുദ രോഗം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും, എക്‌സറേ പ്രവര്‍ത്തനങ്ങള്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേക പരിശീലനം പ്രസ്തുത പദ്ധതിയിലൂടെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനായി ലോകമെമ്പാടും ക്ലിനിക്കുകളും ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. കാന്‍സര്‍ ആസ്പത്രികള്‍ തന്നെ പല രാജ്യങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു. രാജ്യം പുരോഗതി കൈവരിക്കുമ്പോള്‍ ആരോഗ്യരംഗത്തെ വെല്ലുവിളി നേരിടാന്‍ കഴിയാത്തതാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ കാരണമായിട്ടുള്ളത്.
പ്രതിവര്‍ഷം ഇന്ത്യയില്‍ 10 ലക്ഷത്തോളം പേര്‍ കാന്‍സര്‍ രോഗികളായി തീരുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഓരോ വര്‍ഷവും 50,000 പുതിയ കാന്‍സര്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഇത് വലിയ വര്‍ധനവായാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് നല്‍കുന്ന സൂചന. ഇത്രയൊക്കെയായിട്ടും ശാസ്ത്രീയ പഠനങ്ങള്‍ക്കൊന്നും ആരോഗ്യ കേരളം രംഗത്ത് വരാത്തതും ആശങ്കയുണര്‍ത്തുന്നു.
കേരളത്തിലെ കാന്‍സര്‍ രോഗികളുടെ വര്‍ധനവില്‍ നമ്മുടെ ജില്ല മൂന്നാം സ്ഥാനത്താണ്. കാസര്‍കോട് ജില്ലയില്‍ 7 ശതമാനത്തോളം അര്‍ബുദരോഗികളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. തിരുവനന്തപുരത്തും തലശ്ശേരിയിലുമൊക്കെ റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ തന്നെ മനസിലാവുന്നതാണ്. രോഗികളെക്കൊണ്ട് ആസ്പത്രികള്‍ നിറയുന്ന കാഴ്ച ഭയാനകം തന്നെ. ഇത്തരം ആസ്പത്രികളിലെ അസൗകര്യം രോഗികള്‍ക്ക് ദുരിതമാവുന്നുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്.
സംസ്ഥാനത്ത് കാന്‍സര്‍ രോഗം വ്യാപകമാകുന്നതിന്റെ കാരണങ്ങളെയും പ്രതിരോധ മാര്‍ഗങ്ങളെയും കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതല്ലാതെ പദ്ധതി നടപ്പിലായിട്ടില്ല.
അര്‍ബുദ നിര്‍ണ്ണയത്തിനും ചികിത്സക്കും നമ്മുടെ ജില്ലയില്‍ ഒരു വഴിയുമില്ല. പരിശോധനയില്‍ സംശയം തോന്നിയാല്‍ ഡോക്ടര്‍മാര്‍ ഒരു കുറിപ്പെഴുതി മംഗലാപുരത്തോ മറ്റോ പോകാനാണ് നിര്‍ദ്ദേശിക്കുന്നത്.
കാന്‍സര്‍ രോഗത്തെ അതിജീവിക്കാന്‍ മരുന്ന് പോലെ മനസ്സും പ്രധാനമാണെന്നാണ് നടന്‍ ഇന്നസെന്റും (എം.പി) കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസും പറഞ്ഞത്. രോഗത്തിന്റെ ആഴം മനസിലാക്കി കൃത്യസമയത്ത് രോഗം കണ്ടുപിടിച്ച് മികച്ച ചികിത്സ നല്‍കാനായാല്‍ അസുഖം ഭേദമാവുമെന്ന് പറയപ്പെടുന്നു. എന്നാല്‍ സമൂഹത്തെയും ചികിത്സാ ചെലവിനെയും ഭയന്ന് അസുഖം മറച്ചുവെക്കുന്നവരുമുണ്ട്. ഇത് പലപ്പോഴും രോഗം ഗുരുതരാവസ്ഥയിലെത്താന്‍ കാരണമാവുന്നു.
മൊബൈല്‍ ടവറുകളിലെ റേഡിയേഷനും ഒരു പരിധിവരെ കാസറിന് കാരണമാകുന്നുവെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയതായി പറയപ്പെടുന്നുവെങ്കിലും ശാസ്ത്രീയമായ പഠനം നടക്കാത്തതിനാല്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നാളിതുവരെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു വാട്ട് റേഡിയേഷന്‍ 6 മിനിറ്റ് കൊണ്ട് ഒന്നര കിലോഗ്രാം വരെ തലച്ചോറില്‍ ആഗിരണം ചെയ്യപ്പെടുന്നു. ഒരു എസ്.എ.ആര്‍ (സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ്) മൊബൈല്‍ ഫോണ്‍ ഉപയോഗം കൂട്ടുന്നതിനനുസരിച്ച് റേഡിയേഷന്‍ ആഗിരണം കൂടും. ഇത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനം സൂചിപ്പിക്കുന്നത്.
അര്‍ബുദ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നിന് വില കുറക്കാന്‍ കേന്ദ്രസര്‍ക്കാരും കാന്‍സര്‍ ചികിത്സക്ക് സംസ്ഥാന സര്‍ക്കാരും ഒട്ടേറെ പദ്ധതികളുമായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിക്ക് വേണ്ടത്ര ബോധവല്‍ക്കരണം നടക്കുന്നില്ല എന്നതാണ് ആശങ്കയുളവാക്കുന്നത്. നിരവധി തവണ ഫിസിയോ തെറാപ്പിക്കും, കീമോ തെറാപ്പിക്കും വിധേയരാകുന്നവരുടെ കാഴ്ച ഭയാനകം തന്നെയാണ്. സാമ്പത്തിക പ്രയാസം മൂലം കാരുണ്യത്തിനായി കേഴുന്നവരുമുണ്ട് ഈ കൂട്ടത്തില്‍.
കാന്‍സര്‍ എന്ത് കൊണ്ടാണ് ഉണ്ടാവുന്നത് എന്നതിന്റെ യഥാര്‍ത്ഥ കാരണളെപ്പറ്റി ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നേവരെ പൂര്‍ണ്ണമായി ഒരു നിഗമനത്തിലെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. അതേസമയം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതും ഇതിലേക്ക് നയിക്കുന്ന അനേക കാരണങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം.
രോഗനിര്‍ണ്ണയവും ചികിത്സയും തെറ്റിയാല്‍ അര്‍ബുദം മരണത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും. തെറ്റാതിരുന്നാല്‍ ജീവിതത്തിലേക്കുള്ള മടക്കയാത്രയും. ചികിത്സക്ക് വേണ്ടി ഉള്ള കിടപ്പാടം പോലും വിറ്റ് പെരുവഴിയിലായവരുമുണ്ട് നമ്മുടെ കൂട്ടത്തില്‍. കുടുംബ ഭദ്രത തകര്‍ന്നവരുമുണ്ട്. തുടര്‍ ചികിത്സക്ക് മാര്‍ഗമില്ലാതെ മരണത്തിന് കീഴടങ്ങിയവരുമുണ്ട്. കാന്‍സര്‍ രോഗം സമൂഹത്തിന് ഒരു ബാധ്യതയായി തീരുന്നു. ഇതിനുള്ള പരിഹാരമാണ് നാം സ്വയം കാണേണ്ടത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നാം തേടിയേ പറ്റൂ. അത്രയ്ക്കും ഗുരുതരാവസ്ഥയിലേക്കാണ് അനുദിനം നാം നടന്നുനീങ്ങിക്കൊണ്ടിരിക്കുന്നത്.
Hasher Kodiyamma
writterOther Articles