ഒരു കലണ്ടര്‍ കൂടി അടര്‍ന്നുവീഴുന്നു
ഒരു ഡയറികൂടി എഴുതി തീരുന്നു... പുതിയ കലണ്ടറിനെ വരവേല്‍ക്കാന്‍ ചുമര് ഒരുങ്ങികഴിഞ്ഞു...ജീവിതം പിന്നെയും നമ്മെ പിന്നിലാക്കുമ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ മരണം നമ്മെ പിന്തുടരുന്നുണ്ട്...
ഓരോ കലണ്ടറും മരണത്തെ ഓര്‍മ്മിപ്പിക്കുന്നു...ഓരോ പുതുവര്‍ഷവും പ്രതീക്ഷകള്‍ക്കപ്പുറത്തെ നിരാശയാണ്...അലസതകള്‍ നിറഞ്ഞുപോയ ഇന്നലെകളാണ് മാറ്റിവെച്ച ഡയറിതാളിലത്രയും നിറഞ്ഞുനില്‍ക്കുന്നത്. സമയവും അവസരവും ഒരുപാട് തന്നിട്ടും നീ എന്തു ചെയ്തുവെന്ന് കാലം പിന്നെയും വിളിച്ചുചോദിക്കുന്നു. വാട്‌സ്ആപ്പിനുമുന്നില്‍ തലതാഴ്ത്തി നില്‍ക്കുന്നവനെ തട്ടിയുണര്‍ത്താന്‍ എനിക്കാവില്ലെന്നത് കലണ്ടറിന്റെ മുന്നറിയിപ്പാണ്. കഠിനാധ്വാനം ചെയ്യുന്നവന്റെ കൈപിടിക്കാമെന്നതും കാലത്തിന്റെ ഉറപ്പാണ്. എവിടെയാണ് പിഴച്ചുപോയതെന്നും എങ്ങനെയാണ് പിന്നിലായിപ്പോയതെന്നും ചിന്തിക്കുമ്പോഴേക്കും കാലം തീവണ്ടിപോലെ അകന്നുപോയിരുന്നു. പദ്ധതികളും സ്വപ്‌നങ്ങളും മനസ്സിനുള്ളില്‍ ബാക്കിയാണ്. എനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് കാലം ഓര്‍മ്മിപ്പിക്കുമ്പോള്‍ എന്നെ ഉണര്‍ത്തേണ്ടതത്രയും ഞാന്‍ തന്നെയാണെന്ന് മനസ്സ് പുതിയ സ്റ്റാറ്റസടിക്കുന്നു.
***
അതേ ഡിസംബര്‍, അതേ ജനുവരി... അതേ തണുപ്പാണ് ഈ പുലരിക്കത്രയും. മാറിയത് കലണ്ടര്‍ മാത്രമാണ്. നടന്നു നടന്ന് തീര്‍ന്നുപോയ ചെരുപ്പുകള്‍ ചില കണക്കുകള്‍ ബാക്കിവെക്കുന്നു. ബാല്യവും കൗമാരവും മടങ്ങിവരില്ലെന്നത് കാലത്തിന്റെ സത്യം. പക്ഷെ, അപ്പോഴും ആഗ്രഹിച്ചുപോകുന്നു അമ്മയുടെ കുഞ്ഞുമോനായി വീണ്ടും ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്.
നിറഞ്ഞ പച്ചപ്പില്‍ നിന്ന് പുഴയും മഴയുമില്ലാത്തൊരു കാലത്തേക്കാണ് ഞാനും നിങ്ങളും നടന്നുപോകുന്നത്. മനുഷ്യത്വം മരുഭൂമിപോലെ വരണ്ടുപോകുന്ന ദിക്കിലാണ് നമ്മള്‍ ജീവിക്കുന്നുള്ളത്. വര്‍ഗ്ഗീയത വിഷമായി ഒഴുകുന്ന നാവുകള്‍ക്കിടയില്‍ കാഴ്ച്ചക്കാരനായി നില്‍ക്കേണ്ട ഹതഭാഗ്യവാന്മാരാണ് നമ്മള്‍. മതവും ജാതിയും നോക്കി ജീവിതത്തിന് വിലയിടുന്നവര്‍ക്ക് മുന്നില്‍ പകച്ചുപോകുന്നു നമ്മുടെ ബാല്യവും കൗമാരവും. ചൂടുകൂടിയതും പുഴമെലിഞ്ഞതും മാത്രമല്ല വര്‍ഗ്ഗീയ വിഷം നിറഞ്ഞ് ചിലരുടെ മനസ്സ് കറുത്തുപോയതും കാലത്തിന്റെ ബാക്കിപത്രം. വര്‍ഗ്ഗീയ വാചകങ്ങളാണ് അധികാരത്തിലേക്കുള്ള എളുപ്പ വഴിയെന്ന് കണക്കുകൂട്ടിയവര്‍ നന്മകള്‍ക്കു മേലെ തിന്മവിതറി കാലത്തെയും കലണ്ടറിനെയും വികൃതമാക്കുന്നു. നമ്മള്‍ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോയെന്ന് കാലം സങ്കടത്തോടെ വിളിച്ചുപറയുന്നു. തോളില്‍ കയ്യിട്ടു നടന്ന മനുഷ്യരെ, ഉപ്പും മുളകും കടം വാങ്ങിയ അയല്‍ക്കാരെ പരസ്പരം തല്ലുകൂടിച്ചവര്‍ പുതിയ കലണ്ടറിനുമുന്നില്‍ ആയിരം ചോദ്യങ്ങള്‍ നിവര്‍ത്തുമ്പോള്‍ കാലം കണ്ണുപൊത്തി കരയുകയാണ്.
ആഹ്ലാദങ്ങളെക്കാളേറെ ദു:ഖവും സങ്കടവും ബാക്കിവെച്ചുകൊണ്ടാണ് ഈ കലണ്ടറും മാഞ്ഞുപോകുന്നത്. വയറിന്റെ പട്ടിണി മാറ്റാന്‍ വേണ്ടി വല്ലതും കഴിച്ചോ എന്ന് ചോദിക്കുന്നതിന് പകരം എന്തെങ്കിലും കഴിച്ചുപോയതിന്റെ പേരില്‍ അടിച്ചുകൊല്ലുന്ന കാഴ്ച പോയവര്‍ഷത്തെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായി മാറി. അതിന്റെ പ്രതിഷേധവും ഒച്ചപ്പാടുകളും ഇപ്പോഴും ബാക്കിയുണ്ട്. അഖ്‌ലാക്കിന്റെ മരണം നമ്മോട് ചോദിക്കുന്നു- ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമാണോ...
പാരിസ് ഭീകരാക്രണമത്തിന്റെ രക്തത്തുള്ളികള്‍ 2015-ന്റെ ഡയറിത്താളിനെ കണ്ണീരിന്റേതാക്കി തീര്‍ക്കുന്നു... മക്കയിലെ ക്രെയിന്‍ അപകടംകണ്ട് കരഞ്ഞുപോയതും പോയ വര്‍ഷമായിരുന്നു... ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ ജീവന്‍ ലബ്ബൈക്ക് വിളികളുടെ ധന്യതയ്ക്കിടയില്‍ പൊലിഞ്ഞുപോയപ്പോള്‍ മരണത്തിനിടയിലും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരായി അവര്‍ മാറി...
നേപ്പാളിലെ ഭൂകമ്പം ഒരു തുടര്‍ചലനമായി മനസ്സിനുള്ളില്‍ ഇപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട ഇര്‍ഷാദ് ഡോക്ടറും ദീപക് തോമസും മായാത്ത ദു:ഖമായി മനസ്സിനെ നോവിപ്പിക്കുന്നുണ്ട്.
ഐലാന്‍ കുര്‍ദി തുര്‍ക്കി കടലോരത്ത് മരിച്ചുകിടക്കുന്ന കാഴ്ച നെഞ്ചില്‍ നിന്ന് മാഞ്ഞുപോകുന്നേയില്ല. പിറന്ന മണ്ണില്‍ ജീവിക്കാനാവാതെ മറ്റൊരു ദിക്കില്‍ അഭയം തേടി പോകുന്നതിനിടയില്‍ മരിച്ചുപോയ ആ കുഞ്ഞുമോന്റെ മുഖം പിന്നെയും കരയിപ്പിക്കുന്നു. ആരുമല്ലാതിരുന്നിട്ടും അവന്‍ നമ്മുടെ ആരൊക്കെയോ ആയി മാറുന്നു.
കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ വേണ്ടി ഏതോ കെട്ടിടത്തിന് ഉറക്കമൊഴിച്ച് കാവലിരുന്ന ചന്ദ്രബോസ് എന്ന പാവം മനുഷ്യനെ കാറിടിച്ചുകൊന്ന നിഷാമുമാരുടെ ക്രൂരതകള്‍ കണ്ട് വിങ്ങിപ്പോയിരുന്നു മലയാളനാട്.
നൗഷാദിന്റെ മരണം 2015-നെ ഏറെ അഴകുള്ളതാക്കി മാറ്റി. ജീവിതത്തിന്റെ അരി തേടി ഏതോ നാട്ടില്‍ നിന്നെത്തിയ തൊഴിലാളികളെ അപകടത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാന്‍ഹോളില്‍ കുടുങ്ങി മരിച്ചുപോയ കോഴിക്കോട്ടുകാരന്‍ മരിക്കാത്ത മുഖമായി ആയിരങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു.
ചെന്നൈ ദുരന്തത്തിനിടയില്‍ ആഹ്ലാദത്തിന്റെ പ്രളയം തീര്‍ത്ത ഡോക്ടര്‍ യൂനുസും മോഹനനും ഭാര്യ ചിത്രയും മഴപോലെ മനസ്സിനെ തൊടുന്നുണ്ട്.
പൂര്‍ണ്ണഗര്‍ഭണിയായ ചിത്രയും ഭര്‍ത്താവ് മോഹനനും കഴുത്തോളം വെള്ളത്തില്‍ മുങ്ങിപ്പോയ നേരത്ത് ഡോ. യൂനുസ് അവര്‍ക്ക് രക്ഷകനായതും ആ കടപ്പാടിനുള്ള നന്ദിയായി മോഹനനും ചിത്രയും തങ്ങളുടെ പൊന്നുമോള്‍ക്ക് യൂനുസ് എന്ന പേര് നല്‍കിയതും നന്മയുടെ നല്ല ചിത്രമായി മാറി.
* * *
അസഹിഷ്ണുത പുകപടലം തീര്‍ക്കുമ്പോള്‍ തീരാത്ത കണ്ണീരായി ഡോ. കല്‍ബുര്‍ഗി മനസ്സിലുണ്ട്. ഷാരൂഖും അമീറും വേട്ടയാടപ്പെട്ട വര്‍ഷം...സുധീന്ദ്ര കുല്‍ക്കര്‍ണിക്കുനേരെ കരി ഓയില്‍ വീണതും ഇതേ വഴിയിലായിരുന്നു. ആരെന്തുപറഞ്ഞാലും ഈ മതേതരത്വം തകര്‍ന്നുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നെഞ്ചുറപ്പോടെ നിന്ന ഡോ. ഭഗവാനും അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയ സാംസ്‌ക്കാരിക നായകരും നന്മയുടെ കാവല്‍ക്കാരായി മാറുന്ന കാഴ്ചക്കും നമ്മള്‍ സാക്ഷിയായി.
* * *
കണ്ണീരിന്റെ നനവും വേര്‍പാടിന്റെ ശൂന്യതയും 2015നെ ദു:ഖത്തിന്റേതാക്കി മാറ്റുന്നു. നമ്മെ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച നമ്മുടെ സ്വന്തം എ.പി.ജെ അബ്ദുല്‍കലാം ഒരു യാത്രാമൊഴിപോലും പറയാതെ മടങ്ങിപ്പോയ വര്‍ഷം. കോളേജ് കുമാരന്മാര്‍ ചെകുത്താന്റെ രൂപത്തില്‍ അഴിഞ്ഞാടിയപ്പോള്‍ തസ്‌നി എന്ന കുഞ്ഞുപെങ്ങളുടെ ജീവനായിരുന്നു പൊലിഞ്ഞുപോയത്...
ജര്‍മ്മന്‍ എഴുത്തുകാരന്‍ ഗുന്തറും മലയാളത്തിന്റെ കാവ്യസൗന്ദര്യം യൂസഫലി കേച്ചേരിയും നടന്നുപോയ വഴികളില്‍ പണ്ഡിത തേജസ് എം.എ. ഉസ്താദിന്റെ വേര്‍പ്പാടും നമ്മുടെ പ്രിയപ്പെട്ട കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ വിടവും സൗദി രാജാവിന്റെ മരണവും നികത്താനാവാത്ത നഷ്ടങ്ങളുടെ കണക്ക് പറയുന്നുണ്ട്...
പ്രകൃതിയെ ജീവനേക്കാളെറെ സ്‌നേഹിച്ച കല്ലേല്‍പൊക്കുടന്‍, ആദര്‍ശരാഷ്ട്രീയത്തിന്റെ തിളങ്ങുന്ന മുഖം ജി. കാര്‍ത്തികേയന്‍, സംഘ് പരിവാര്‍ സംഘടനയുടെ കരുത്തുറ്റ അമരക്കാരന്‍ അശോക് സിംഗാള്‍, കാരുണ്യത്തിന്റെ മനുഷ്യമുഖം സിസ്റ്റര്‍ നിര്‍മ്മല, അന്ധതയുടെ ഇരുട്ടില്‍ നിന്ന് ഈണങ്ങളുടെ വസന്തം തീര്‍ത്ത രവീന്ദ്ര ജയിന്‍... അങ്ങനെ അങ്ങനെ എത്രയോ നഷ്ടങ്ങള്‍.
സ്‌കൂള്‍ ബസിന് മുകളില്‍ മരം വീണ് മരിച്ചുപോയ കുഞ്ഞുങ്ങള്‍ തീരാത്ത നൊമ്പരമായി ഉള്ളില്‍ എവിടെയോ സങ്കടം പകരുന്നു.
പടന്നക്കാട്ട് ഉപേക്ഷിച്ചു കാറിനുള്ളില്‍ മരിച്ചുകിടന്ന ജെറിനും അഭിഷേകും മനുഷ്യത്വം മരിച്ചുപോയ മനുഷ്യരൂപം വെട്ടിവെട്ടി നുറുക്കി കൊന്നുകളഞ്ഞ ഫഹദും അച്ചന്റെ അടിയേറ്റു മരിച്ച രാഹുലും തോര്‍ന്നുപോവാത്ത കണ്ണീരിന്റെ നനവാണ്. കുമ്പളയിലെ ബസ് സ്റ്റാന്റില്‍ വെച്ച് ഒരു മകന്‍ അമ്മയെ കുത്തികൊല്ലുന്നതും നമുക്ക് കാണേണ്ടിവന്നു.
* * *
ബഹളങ്ങളുടെ വര്‍ഷത്തില്‍ സിഡിയും ക്രിക്കറ്റ് ഗ്രൗണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭവും ചുംബന സമരവുമെല്ലാം ചര്‍ച്ചയെ പൊള്ളിച്ചു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ നേരെ ഉയരുന്ന ആരോപണങ്ങള്‍ 2015-നെ സംഭവബഹുലമാക്കിയപ്പോള്‍ മുഖ്യമന്ത്രിക്കെതിരായ സിഡി വിവാദവും സരിതയും ശങ്കര്‍ പ്രതിമയും വെള്ളാപ്പള്ളിയുടെ യാത്രയും 2015നെ ചര്‍ച്ചകളില്‍ നിന്ന് ചര്‍ച്ചകളിലേക്ക് നയിച്ചു.
ചുംബന സമരം പുതിയ ഒച്ചപ്പാടുകള്‍ തീര്‍ത്ത വര്‍ഷം... ഒടുവില്‍ ഈ സമരം ചില്ലറ സമരമായിരുന്നില്ലെന്ന് നാം തിരിച്ചറിഞ്ഞതും സ്വന്തം ഭാര്യയെ കാഴ്ചവെച്ച് പണം വാരിയ പശുപാലന്മാരുടെ യഥാര്‍ത്ഥ മുഖം കാണിച്ചുതന്നതും ഈ കലണ്ടര്‍ താളുകള്‍ തന്നെ. പട്ടേല്‍ സമരവും ഹര്‍ദ്ദീക് പട്ടേലിന്റെ വരവും 2015നെ സംഭവ ബഹുലമാക്കി.
മന്ത്രിക്കെതിരെയുള്ള പ്രതിഷേധം അസംബ്ലി ഹാളിനെ അടിച്ചു തകര്‍ക്കുന്ന രീതിയിലേക്ക് എത്തിയപ്പോള്‍ മലയാളികള്‍ക്ക് ലജ്ജിച്ച് തലതാഴ്‌ത്തേണ്ടിവന്നതും ഇവിടെവെച്ചു തന്നെയാണ്.
വ്യാപം മരണം പിന്നെയും നീളുമ്പോള്‍ തീരാത്ത ദുരൂഹതകള്‍ മാത്രം ബാക്കിയാവുന്നു.
പെണ്ണൊരുമൈ എന്ന പേരില്‍ മൂന്നാറിന്റെ മലഞ്ചെരുവില്‍ സ്ത്രീകള്‍ നയിച്ച പോരാട്ടം പുതിയ വിപ്ലവവീര്യമാണ് പകര്‍ന്നത്.
കാലിക്കറ്റ് വിമാനത്താവളത്തില്‍ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ യാത്രക്കാരനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതും ഇരയുടെ പക്ഷത്തുനിന്ന് ഒരു നാട് മുഴുവന്‍ പോരാടിയതും നീതി നേടിയെടുത്തതും അകന്നുപോകുന്ന കലണ്ടറിലെ അകലാത്ത അനുഭവമായി മാറി.
മാഗിയുടെ നിരോധവും മാഗി വര്‍ത്തമാനവും പൊരിഞ്ഞ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്.
ബാങ്കുകള്‍ കുത്തിത്തുറന്നതും ദിവസങ്ങള്‍കൊണ്ട് അതിലെ പ്രതികളെ കയ്യോടെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നതും പ്രതീക്ഷ പകര്‍ന്ന ഒന്നായിരുന്നു.
ഡല്‍ഹി മാനഭംഗ കേസിലെ കുട്ടികുറ്റവാളിയെ വെറുതെ വിട്ട തീരുമാനം ചര്‍ച്ചയും വിവാദവുമായി നിറഞ്ഞു നില്‍പ്പുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും കോടതി കയറിയതും വലിയ വാര്‍ത്തകളായി.
* * *
സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരായ വര്‍ഷം തന്നെയാണ് താമര തലപ്പത്ത് കുമ്മനം രാജശേഖരന്‍ എത്തിച്ചേര്‍ന്നതും.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി അത്ഭുതം കാട്ടിയ വര്‍ഷം ബി.ജെ.പിക്ക് നഷ്ടങ്ങളുടേതായിരുന്നു. ലാലുവും നിതീഷും ബീഹാറില്‍ പയറ്റിയ തന്ത്രം പുതിയ സമവാക്യമായി മാറി.
* * *
ചലച്ചിത്രങ്ങള്‍ ചലനങ്ങളില്ലാതെ പോകുന്ന വര്‍ത്തമാനകാലത്ത് പ്രേമവും മൊയ്തീനും പുതിയ തരംഗം തീര്‍ത്തു. കാത്തിരുന്ന് കാത്തിരുന്ന് മെലിഞ്ഞുപോയ പുഴ പാട്ടിന്റെ പാലാഴി തീര്‍ത്ത വര്‍ഷം കാഞ്ചനമാലയും മലരും പുതിയ കഥ പറഞ്ഞു.
* * *
കളിക്കളം വാര്‍ത്തകളുടെ പന്തുതട്ടിയ വര്‍ഷം... കാല്‍പന്തിന്റെ അധികാരം താഴവെക്കാതെ നടന്ന സെപ് ബ്ലാറ്ററും മിഷേല്‍ പ്ലാറ്റിനിയും വഞ്ചനയുടെ ചുവപ്പുകാര്‍ഡ് കണ്ട് അപമാനഭാരത്തോടെ മടങ്ങിപ്പോയതും ഐ.എസ്.എല്‍ ഫൈനല്‍ നാണക്കേടിന്റെ ചിത്രമായി മാറിയതും ചെന്നൈ നായകന്‍ എലാനോ പൊലീസ് സ്റ്റേഷന്‍ കയറിയതും ഇവിടെ നാം കണ്ടു.
എം.എസ്. ധോനിയുടെ പ്രതാപം താണുപോയതും വീരാട്‌കോഹ്‌ലി വീരചരിതം സൃഷ്ടിക്കാന്‍ തുടങ്ങിയതും ഇവിടെ വെച്ചുതന്നെ. ബാറ്റിംഗിലെ വീരകാഴ്ചകള്‍ തീര്‍ക്കാന്‍ ഇനി ഞാനില്ലെന്ന് പറഞ്ഞ് സെവാഗ് പാഡഴിച്ചതും കൊച്ചു ദ്വീപുകാര്‍ക്കുവേണ്ടി ബാറ്റുകൊണ്ട് പര്‍വ്വതം തീര്‍ത്ത സങ്കക്കാര മടങ്ങിയതും നിരാശപകര്‍ന്ന വാര്‍ത്തയായിരുന്നു. പന്തുകൊണ്ട് തീ തുപ്പാന്‍ ഇനിയില്ലെന്ന് പറഞ്ഞ് സഹീര്‍ ഖാന്‍ പോയതും മഞ്ഞക്കുപ്പായക്കാരുടെ കുന്തമുന മിച്ചല്‍ ജോണ്‍സണ്‍ കളമൊഴിഞ്ഞതും ക്രീസിലെ നിശബ്ദപോരാളി ഷുഹൈബ് മാലിക് വിടപറഞ്ഞതും ക്രിക്കറ്റിനെ കൂടുതല്‍ അനാഥമാക്കി. ഒടുവിലിതാ പൊട്ടിത്തെറി ബാറ്റിംഗിന്റെ തമ്പുരാന്‍ ബ്രണ്ടന്‍ മക്കല്ലവും കളി മതിയാക്കിയിരിക്കുന്നു.
* * *
ഓരോ പുതുവര്‍ഷവും പ്രതീക്ഷകളുടെ ആയിരം ഡയറിത്താളുകള്‍ മറിച്ചുവെക്കുമ്പോഴും മടങ്ങിപ്പോകുന്ന കലണ്ടറിന് എന്നും പറയാനുള്ളത് നേട്ടങ്ങളേക്കാളേറെ നഷ്ടങ്ങളുടെ മാത്രം കണക്കുകളായിരിക്കും. കാലമേ കടന്നുപോകരുതേയെന്ന് പറയുമ്പോഴും ഓര്‍മ്മകള്‍ ബാക്കിവെച്ച് ഓരോ കലണ്ടറും അടര്‍ന്നുവീഴുന്നു. തൂക്കാന്‍ ചുമരുകളില്ലാത്ത എന്നെ നോക്കി കലണ്ടര്‍ പിന്നെയും ചിരിക്കുന്നു. ഡിസംബര്‍ ജനുവരിയായി മാറുന്നത് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. ഒഴിവാക്കാന്‍ ഒരു ദുശ്ശീലവും ഇല്ലാതെ പോയതാണ് പുതുവര്‍ഷത്തെ ഏറ്റവും വലിയ ദു:ഖമെന്ന് സ്റ്റാറ്റസടിച്ച കൂട്ടുകാരനും പറയാനുള്ളത് മാറേണ്ട മനസ്സിനെക്കുറിച്ചും മാറ്റിയെഴുതാനാവാത്ത സ്വഭാവത്തെക്കുറിച്ചുമാണ്.
കാലത്തിന്റെ പാച്ചിലിനുമുന്നില്‍ പകച്ചുപോകുമ്പോള്‍ മനസ്സ് പിന്നെയും പറയും ജീവിതത്തില്‍ നിന്ന് മരണത്തിലേക്കുള്ള ദൂരം അത്രയൊന്നും വിദൂരമല്ലെന്ന്...
A.B.Kuttiyanam
journalist and writerOther Articles