ഭാഗം-6 മക്കാഉ -ഉറങ്ങാത്ത നഗരം
യൂറോപ്പില്‍ നിന്ന് വ്യാപാര ബന്ധങ്ങള്‍ക്കായി ചൈനയിലെത്തിയ ആദ്യ രാജ്യം പോര്‍ച്ചുഗലായിരുന്നു. 1514ല്‍ ഗ്വാണ്‍സോ തുറമുഖം കേന്ദ്രീകരിച്ച് പോര്‍ച്ചുഗീസുകാര്‍ വ്യാപാരം തുടങ്ങിയെങ്കിലും അവിടെ താവളമുറപ്പിക്കാനുള്ള ശ്രമം മിംഗ് രാജവംശം തടഞ്ഞിരുന്നു. എങ്കിലും വ്യാപാരരംഗത്ത് ഉണര്‍വ്വും ബന്ധങ്ങളുമുണ്ടാക്കിയ അവരെ പാടേ അവഗണിക്കാനും കഴിയുമായിരുന്നില്ല.
അന്ന് താരതമ്യേന ചെറിയ തുറമുഖമായിരുന്ന മക്കാഉ കേന്ദ്രമാക്കി വ്യാപാരം തുടരാന്‍ 1557ല്‍ ഇവര്‍ക്ക് അനുമതി ലഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഏഷ്യയില്‍ അവശേഷിച്ച ഒരേയൊരു യൂറോപ്യന്‍ കോളനിയും ഇതായിരുന്നു. 1999ല്‍ ഭരണാധികാരം പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനക്ക് കൈമാറിയെങ്കിലും പോര്‍ച്ചുഗീസ് സംസ്‌കാരവും ജീവിതരീതികളും ഇന്നും ഈ നഗരത്തെ പൊതിയുന്നു.
കാന്റണ്‍ ഫെയറിന് വേദിയായ ഗ്വാണ്‍സോയോട് അടുത്ത് കിടക്കുന്ന പ്രദേശമാണിത്. വടക്ക് ഗ്വാണ്‍സോംഗ് പ്രവിശ്യയും തെക്കുകിഴക്ക് തെക്കന്‍ ചൈനാ കടലും അതിരിട്ടുകൊണ്ട് പേള്‍ റിവര്‍ നദീതടത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതിചെയ്യുന്നു.
നദിയുടെ അടിഭാഗത്ത് പവിഴ നിറത്തിലുള്ള കക്കകള്‍ കാണുന്നതുകൊണ്ടാണ് നദിക്ക് പേള്‍ റിവര്‍ എന്നപേര് ലഭിച്ചതെന്ന പോലെ ഈ നദിയുടെ സാമീപ്യം മക്കാഉവിനും പവിഴ സൗന്ദര്യം നല്‍കുന്നു.
30.3 ചതുരശ്ര കി.മീ. മാത്രം വിസ്തൃതിയുള്ള നഗരം. 6.5 ലക്ഷത്തോളം ജനസംഖ്യ. ഹോങ്കോങ്ങിനെപ്പോലെ ചൈനയിലെ രണ്ടാമത്തെ പ്രത്യേക ഭരണ പ്രദേശം. സ്വന്തമായ നിയമസംവിധാനം, സുരക്ഷാ സന്നാഹങ്ങള്‍, വിദേശ നയങ്ങള്‍. പ്രധാന വരുമാന സ്രോതസ് ചൂതാട്ട കേന്ദ്രങ്ങളും വിനോദ സഞ്ചാരവും. ചെറിയ തോതില്‍ വസ്ത്രം, ഇലക്‌ട്രോണിക്‌സ്, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പാദന കേന്ദ്രങ്ങളും വരുമാനത്തിന് ആക്കം കൂട്ടുന്നു.
വിനോദ സഞ്ചാരികളുടെ പറുദീസയായ മക്കാഉവിന്റെ ഏകദേശ ചിത്രം ഇതാണ്.
കാന്റണ്‍ ഫെയറും ഗ്വാണ്‍സോ നഗരപ്രദക്ഷിണവും ഷുന്‍ഡേ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റ് സന്ദര്‍ശനവും കഴിഞ്ഞ് ചേംബര്‍ സംഘത്തിന് ചൈനയില്‍ അവശേഷിക്കുന്ന ഒരുദിനം ഇവിടെയാണ്. പിറ്റേദിവസം ഹോങ്കോങ്ങ് എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് മടക്കം. ഗ്വാണ്‍സോയിലെ ഹോട്ടലില്‍ നിന്ന് അഞ്ചാംദിവസം ഉച്ചയോടെ ചെക്ക് ഔട്ട് ചെയ്ത് മക്കാഉവിലേക്ക് ബസില്‍ യാത്ര തിരിച്ചു. സംഘാംഗങ്ങളുടെ നാടന്‍ പാട്ടും തമാശകളും യാത്രക്ക് ഹരം പകര്‍ന്നു. നഗരപ്രദേശങ്ങള്‍ പിന്നിട്ട് മുന്നോട്ട് കുതിക്കുമ്പോള്‍ വികസനം ഇനിയും എത്തിനോക്കാത്ത ചൈനീസ് ഗ്രാമങ്ങളും ക്യാമറ ഫ്രെയിമില്‍ പതിഞ്ഞു. ഇടക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി ബസ് അല്‍പസമയം നിര്‍ത്തിയിട്ടപ്പോള്‍ ഗ്രാമീണ മനുഷ്യരുടെ നിഷ്‌കളങ്ക മനസും ആതിഥ്യമര്യാദയും കണ്ടു. ഒരു മേശയും ബെഞ്ചുമിട്ട് അത്യാവശ്യം ഉപകരണങ്ങളുമായി ടയര്‍ റിപ്പയറിങ്ങ് ജോലി ചെയ്യുന്ന മധ്യവയസ്‌കന്റെ അടുത്തേക്ക് ഒരു കൗതുകത്തിനെന്നോണം ചെന്നപ്പോള്‍ ഏറെ സന്തോഷത്തോടെ സ്വീകരിക്കുകയും ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ഹൃദയംകൊണ്ട് ആശയവിനിമയം നടത്തുകയുമായിരുന്നു. സ്റ്റീല്‍ ജഗ്ഗില്‍ നിറച്ചുവെച്ചിരുന്ന ഗ്രീന്‍ ടീ എല്ലാവര്‍ക്കും പകര്‍ന്നുനല്‍കി അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
മക്കാഉ അതിര്‍ത്തിയില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വേണം മുന്നോട്ടുള്ള പ്രയാണം. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സൗഹാര്‍ദ്ദപരമാണെങ്കിലും രേഖകളുടെ പരിശോധന വളരെ കര്‍ക്കശമാണ്. നേരത്തെ ഹോങ്കോങ്ങ് എയര്‍പോര്‍ട്ടില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ എടുത്തപ്പോള്‍ പാസ്‌പോര്‍ട്ടില്‍ സീല്‍ ചെയ്യുന്നതിന് പകരം ചെറിയൊരു സ്ലിപ്പിലാണ് എന്‍ട്രി പെര്‍മിറ്റ് പ്രിന്റ് ചെയ്ത് തന്നിരുന്നത്. സംഘത്തിലൊരാളുടെ സ്ലിപ്പ് നഷ്ടപ്പെട്ടുപോയതിനാല്‍ തിരിച്ചുപോകുന്നത് സംബന്ധിച്ച് മണിക്കൂറോളം ചോദ്യംചെയ്ത് നിജസ്ഥിതി ഉറപ്പുവരുത്തിയാണ് അകത്തേക്ക് കടത്തിവിട്ടത്. ഇവിടെയും ഓണ്‍ അറൈവല്‍ വിസ നല്‍കുന്നത് സ്ലിപ്പിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഹോങ്കോങ്ങിലും മക്കാഉവിലും ഇറങ്ങിയതും തിരിച്ചുപോയതും പാസ്‌പോര്‍ട്ടില്‍ കാണില്ലെന്നര്‍ത്ഥം!
എമിഗ്രേഷന്‍ കൗണ്ടറിന്റെ പുറത്ത് വിവിധ ഹോട്ടലുകളുടെ ലക്ഷ്വറി ബസുകള്‍ തങ്ങളുടെ അതിഥികളെ കാത്തിരിക്കുകയാണ്. ചേംബര്‍ സംഘത്തിന് താമസസൗകര്യമൊരുക്കിയിട്ടുള്ള വിനീഷ്യന്‍ മക്കാഉ ഹോട്ടലിന്റെ ബസില്‍ കയറി യാത്ര തുടര്‍ന്നു. ആകാശംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളുടെ വിസ്മയക്കാഴ്ചകള്‍, വെടിപ്പുള്ള റോഡുകള്‍, ഭീമാകാരമായ സൈന്‍ ബോര്‍ഡുകള്‍, രൂപഭംഗിയാര്‍ന്ന പാലങ്ങള്‍... മക്കാഉവിന്റെ സവിശേഷ ഭംഗി മനം കുളിര്‍ക്കെ ആസ്വദിക്കുകയായിരുന്നു.
ഹോട്ടലിന് മുന്നിലിറങ്ങിയപ്പോള്‍ ഒരു മഹാസമ്മേളനത്തിനെന്ന പോലെ ആളുകള്‍ അകത്തേക്കും പുറത്തേക്കും വന്നും പോയും കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. മൈസൂര്‍ വൃന്ദാവന്‍ പാര്‍ക്കിലെ തിക്കും തിരക്കും ഓര്‍മ്മവന്നു. അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രം.
വിനീഷ്യന്‍ മക്കാഉ വെറുമൊരു ഹോട്ടല്‍ മാത്രമല്ല. ഷോപ്പിംഗ് -വിനോദ-കായിക കേന്ദ്രം കൂടിയാണ്. 1 കോടി ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന കെട്ടിട സമുച്ചയം. വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏഴാമത്തെ വലിയ കെട്ടിടം. 39 നിലകള്‍, 3000ലധികം മുറികള്‍, ലോകോത്തര ഷോപ്പിംഗ് സൗകര്യങ്ങള്‍, കൂറ്റന്‍ കണ്‍വെന്‍ഷന്‍ ഹാളുകള്‍, ബോട്ടിങ്ങോട് കൂടിയ തടാകം, കാസിനോ... തുടങ്ങി തദ്ദേശിയരേയും വിദേശീയരെയും ഒരു പോലെ ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി 2007ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ സമുച്ചയം മാറിയിരിക്കുന്നു.
അമേരിക്കയിലെ നെവാഡ ആസ്ഥാനമായുള്ള ലാസ് വെഗാസ് സാന്റ്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിനീഷ്യന്‍ മക്കാഉ ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രം കൂടിയായി അറിയപ്പെടുന്നു. ഇത് കൂടാതെ ഗാലക്‌സി, സിറ്റി ഓഫ് ഡ്രീംസ്, വിന്‍ റിസോര്‍ട്ട്, എം.ജി.എം, ഗ്രാന്‍ഡ് ലിസ്‌ബോ, സാന്റ്സ് തുടങ്ങി 30ലധികം കാസിനോകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളാണ് മക്കാഉവിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. 1850ല്‍ പോര്‍ച്ചുഗീസ് അധിനിവേശക്കാലത്ത് നിയമവിധേയമാക്കിയ ചൂതാട്ടം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പ്രദേശത്തിന്റെ നിയന്ത്രണം ചൈനക്ക് ലഭിച്ചപ്പോഴും മാറ്റമില്ലാതെ തുടര്‍ന്ന് വരികയായിരുന്നു. മക്കാഉ പെനിന്‍സുല, ടായ്പാ ദ്വീപ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചൂതാട്ട കേന്ദ്രങ്ങളുടെ നിയന്ത്രണം ലാസ് വേഗാസിലേയും ആസ്‌ത്രേലിയയിലേയും വന്‍കിട കുത്തകകളുടെ കൈകളിലാണ്. ഇവര്‍ നല്‍കുന്ന നികുതി സര്‍ക്കാറിന്റെ വരുമാനത്തിന്റെ 70 ശതമാനത്തോളം വരുമെന്നത് ഈ വ്യവസായത്തിന്റെ വ്യാപ്തി വെളിവാക്കുന്നു. രാപ്പകല്‍ ഭേദമില്ലാതെ കാസിനോകളിലേക്കൊഴുകുന്ന ജനങ്ങളുടെ നീണ്ടനിര ഉറങ്ങാത്ത നഗരം എന്ന വിശേഷണവും ഈ നഗരത്തിന് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. കാസിനോകളോട് ചുറ്റിപ്പറ്റിയുള്ള ലൈംഗിക വ്യാപാരവും മസാജ് പാര്‍ലറുകളും നഗരത്തിന്റെ മറ്റൊരു മുഖമാണ് തുറന്നുകാട്ടുന്നത്. കാസിനോകളിലെ ചൂതാട്ട ടേബിളിനരികിലോ ഷോപ്പിംഗ് കേന്ദ്രങ്ങളുടെ കോണുകളിലോ ഹോട്ടലുകളുടെ ഇടനാഴികളിലോ ഉപഭോക്താക്കളെ തേടിയിറങ്ങുന്ന സുന്ദരികളുടെ കാഴ്ച സാധാരണമാണ്.
പ്രദേശവാസികള്‍ക്കൊപ്പം ചൈനീസ്, ഹോങ്കോങ്ങ് നിവാസികളാണ് കാസിനോകളിലെ പ്രധാന ഉപഭോക്താക്കള്‍. പുലരും വരെ ചൂതാട്ടം നടത്തി കിടപ്പാടം പോലും പണയപ്പെടുത്തുന്നവരില്‍ കൂടുതലും ചൈനക്കാര്‍ തന്നെയാണെന്നതാണ് മറ്റൊരു വിരോധാഭാസം. ഇത് തിരിച്ചറിഞ്ഞ് അടുത്തിടെ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയത് കാസിനോകളുടെ പ്രവര്‍ത്തനത്തില്‍ മങ്ങലേല്‍പ്പിച്ചതായും പറയുന്നു. ചൂതാട്ടത്തിന്റെ പ്രലോഭനത്തില്‍ പണം അവിഹിതമായി സമ്പാദിക്കാനുള്ള ത്വര നിയന്ത്രിക്കാനും അഴിമതി തുടച്ചുനീക്കാനുമാണ് ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മക്കാഉവിലെ ഹോട്ടലുകളിലും കാസിനോകളിലും ജോലി ചെയ്യുന്നവരില്‍ ഇന്ത്യക്കാരും നേപ്പാളികളുമുണ്ട്. അതുകൊണ്ടു തന്നെ തിരക്കേറിയ ഇടങ്ങളില്‍ നടന്നു നീങ്ങുമ്പോള്‍ ചൈനീസിനും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും ഉയര്‍ന്ന് കോള്‍ക്കുന്നു. ബോളിവുഡ് അവാര്‍ഡ് നിശയായ ഐഫ അവാര്‍ഡ് സാധാരണ നടക്കാറുള്ളത് മക്കാഉവിലായതിനാല്‍ ബോളിവുഡ് സിനിമകള്‍ക്കും താരങ്ങള്‍ക്കും ഇവിടെ ആരാധകരേറെയാണ്.
ഇറ്റലിയിലെ വെനീസ് നഗരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് വിനീഷ്യന്‍ മക്കാഉവിലെ മൂന്നാം നിലയിലെ ഗ്രാന്റ് കനാല്‍ ഷോപ്പിങ്ങ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഷോപ്പിങ്ങിനൊപ്പം കനാലിലൂടെയുള്ള ബോട്ടിങ്ങ് അനുഭവവും ഇവിടെ പുനരാവിഷ്‌കരിക്കുന്നു. 'ഗോണ്‍ഡോല റൈഡ്' എന്നറിയപ്പെടുന്ന ബോട്ടിങ്ങിനൊപ്പം ശ്രവണ മധുരമായ സംഗീതവും അകമ്പടിയുണ്ടാവും. അഞ്ചുലക്ഷത്തിലധികം ചതുരശ്ര അടിയിലുള്ള ഷോപ്പിങ്ങ് കേന്ദ്രത്തിലെ കായലിന് കുറുകെ വെനീസിലുള്ളതുപോലെ പാലങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. വിശാലമായ ഗോള്‍ഫ് ഗ്രൗണ്ടും വിനീഷ്യനിലെ മറ്റൊരു ആകര്‍ഷണമാണ്.
1109 അടി ഉയരത്തിലുള്ള മക്കാഉ ടവറിന്റെ മുകളില്‍ നിന്നുള്ള നഗരവീക്ഷണം മക്കാഉവിന്റെ ത്രിമാന ചിത്രമാണ് സമ്മാനിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഉയരത്തില്‍ നിന്നുള്ള സ്‌കൈ ജംപ്, സ്‌കൈ വാക്ക് തുടങ്ങിയവ നവ്യാനുഭവമാണ് സമ്മാനിക്കുന്നത്. തിരിച്ച് കടല്‍മാര്‍ഗം നേരിട്ട് ഹോങ്കോങ്ങ് എയര്‍പോര്‍ട്ടിലേക്ക് മടങ്ങുമ്പോള്‍ ആറുദിവസത്തെ ചൈന സന്ദര്‍ശനത്തിന്റെ മധുരമാര്‍ന്ന അനുഭവങ്ങള്‍ മനസില്‍ കുളിര്‍മഴയായി പെയ്യുകയായിരുന്നു. (അവസാനിച്ചു)
udmujeeb@gmail.com
Mujeeb Ahmed
The author is the director of utharadesam dailyOther Articles

  കാസര്‍കോടിന്റെ മിന്നും താരങ്ങള്‍

  തോപ്പില്‍ മുഹമ്മദ് മീരാന്‍ ജീവിതത്തെ കഥയിലേക്ക് ചേര്‍ത്തുവെച്ച സാഹിത്യകാരന്‍

  ഭരണ നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്, തിരിച്ചുവരവിനായി ബി.ജെ.പി., ഇടംതേടി ജെ.ഡി.എസ്.

  ആകാശ സ്വപ്നങ്ങളുടെ ചിറകടിയൊച്ചകള്‍...

  ശിലാഫലകം ചോദിക്കുന്നു എന്ന് മോചനം?

  രോഗികളുടെ കൂട്ടുകാരന്‍

  തിരക്കുകള്‍ തപസ്യയാക്കിയ അനൂച്ച

  ബന്ധങ്ങള്‍ നട്ടുനനച്ച പി.സി.എം.

  സാഹിത്യകാരന്മാരെ കൈപിടിച്ച് കൊണ്ടുവരാന്‍ അക്ബര്‍ മാഷ് ഇനിയില്ല

  ഷുന്‍ഡെ മാര്‍ക്കറ്റ് -ലോക ഫര്‍ണിച്ചര്‍ തലസ്ഥാനം

  ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു രാവും പകലും

  കണ്ടു പഠിക്കാന്‍ മഹത്തായ ഈജിപ്ഷ്യന്‍ സ്വപ്‌നം

  ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു രാവും പകലും

  ഗ്വാണ്‍സോ നഗരത്തിലൂടെ ഒരു യാത്ര

  ചൈനീസ് ശില്‍പഭംഗിയുടെ വിസ്മയക്കാഴ്ചയായി 'ഷാബി മസ്ജിദ്''