നാടകത്തിന്റെ പണിപ്പുരയില്‍ നിന്ന് നാടന്‍ പാട്ടു ഗവേഷണത്തിലെത്തിയ കലാകാരന്‍
കുട്ടികള്‍ക്ക് പാക്കനാരെ കുറിച്ചൊരു നാടകം ചെയ്യാന്‍ തീരുമാനിച്ചപ്പോഴാണ് പാക്കനാര്‍ പാട്ടുകള്‍ എന്ന ഒരു സാഹിത്യശാഖ ഉണ്ടെന്ന് അറിയാനിടയായത്. നാടകത്തിന്റെ ഉള്ളടക്കത്തെ പാക്കനാര്‍ പാട്ടുകള്‍ കൊണ്ട് വൈവിധ്യമാക്കാമെന്ന ചിന്തയില്‍ പാട്ട് തേടി കുട്ടനാട്ടിലെത്തി. കുട്ടനാടിന്റെ പാട്ടുകാരി രംഭ ചേച്ചിയെ പരിചയപ്പെട്ടു. രംഭചേച്ചിയില്‍ നിന്ന് കിട്ടിയ പാട്ടുകളും അവരുടെ അനുഭവങ്ങളും ഒരു പുതിയ ലോകത്തേക്ക് കൊണ്ടെത്തിച്ചു. ഇവിടെയാണ് ഒരു വലിയ കലാകാരന്റെ ഗവേഷണം പുറത്തുവരുന്നത്. നാടന്‍ പാട്ടുകള്‍ക്കായുള്ള തുടരന്വേഷണം. കുട്ടികള്‍ക്കായുള്ള നാടക നിര്‍മ്മാണത്തിന്റെ പണിപ്പുരയില്‍ നിന്ന് അന്വേഷണം വഴി തിരിഞ്ഞത് നാടന്‍ പാട്ടിന്റെ ലോകത്തേക്ക്. തുടര്‍ന്ന് നാടകം മാറ്റിവെച്ച് നാടന്‍ പാട്ടുകള്‍ക്ക് മാത്രമായുള്ള അലച്ചിലുകള്‍.
ഉദയന്‍ കുണ്ടംകുഴി എന്ന നാടന്‍ പാട്ടു കലാകാരന്റെ വിജയ ചരിത്രത്തിന്റെ ഏടുകള്‍ ഇങ്ങനെ പോകുന്നു. ഉദയന്‍ കുണ്ടംകുഴിക്ക് ഇന്ന് നാടന്‍ പാട്ട് ഒരു ജീവിത സമസ്യയാണ്. തീരാത്ത അന്വേഷണവും അനന്തമായ അനുഭവങ്ങളും ഈ കലാകാരനെ കൊണ്ടെത്തിച്ചത് ചരിത്രം സൃഷ്ടിക്കുന്നിടത്തേക്കായി. എണ്ണമറ്റ പഴമക്കാരില്‍ നിന്നും നാടന്‍ കലാകാരന്മാരില്‍ നിന്നും പാട്ടുകളും നാട്ടറിവുകളും സ്വന്തമാക്കി തന്റെ ജൈത്രയാത്രക്ക് മാറ്റുകൂട്ടി.
നാടന്‍ പാട്ടുകളുടെ കലവറ സൃഷ്ടിച്ച ഈ കലാകാരന്‍ മുപ്പത്തിയേഴായിരം അന്യം നിന്നുപോകുന്ന നാടന്‍ പാട്ടുകളുടെ അപൂര്‍വ്വശേഖരത്തിന്റെ ഉടമയാണിന്ന്. എല്ലാ വിഭാഗത്തിലുമുള്ള പാട്ടുകളും ഇക്കൂട്ടത്തിലുണ്ട്. കൃഷി പാട്ടുകള്‍, വടക്കന്‍ പാട്ടുകള്‍, തെക്കന്‍ പാട്ടുകള്‍, ആദിവാസി പാട്ടുകള്‍, കളിപ്പാട്ടുകള്‍, ആചാരപാട്ടുകള്‍, വിനോദ പാട്ടുകള്‍, അനുഷ്ഠാന പാട്ടുകള്‍, തോറ്റം പാട്ടുകള്‍, പടയണിപ്പാട്ടുകള്‍, മംഗലം പാട്ടുകള്‍, ഉഴുവ് പാട്ടുകള്‍, അരവ് പാട്ടുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടും. മാപ്പിള രാമായണവും പക്ഷിപ്പാട്ടും അടിച്ചുതൊറപാട്ടുകളും കൂടി ഈ കലാകാരന്റെ ശേഖരത്തിലുണ്ട്. കേരളത്തിലെ പാട്ടുകള്‍ മാത്രമല്ല, അന്യഭാഷാ പാട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ട്. മണിപൂരി, ആസാമി, രാജസ്ഥാന്‍, ഗുജറാത്തി എന്നിങ്ങനെ പോകുന്നു.
നാടന്‍ പാട്ടിന്റെ സര്‍വ്വ മുഖങ്ങളും തിരിച്ചറിഞ്ഞ കലാകാരന്റെ പാട്ടുകള്‍ പുതിയ തലമുറക്ക് ആവേശത്തോടൊപ്പം വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വഴിയാണ് തുറന്നുകൊടുക്കുന്നത്. വെറുതെ പാടുകയല്ല, അനുഭവങ്ങളുടെയും ആശയ സമ്പത്തിന്റെയും വെളിച്ചത്തില്‍ നാടന്‍ പാട്ടുകളുടെ വാതില്‍ തുറക്കുകയാണ് ഉദയന്‍ കുണ്ടംകുഴി.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നാടക ക്യാമ്പും നാടന്‍ പാട്ടു ക്യാമ്പും ഒരുക്കാന്‍ ഈ കലാകാരന്‍ സഞ്ചരിച്ചു. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങളിലും സമ്മര്‍ വെക്കേഷന്‍ ക്യാമ്പുകള്‍ക്കും നാടക പരിശീലന ക്യാമ്പുകള്‍ക്കും നേതൃത്വം നല്‍കുന്നു. ഇതിനകം ആയിരത്തിലേറെ ക്യാമ്പുകള്‍, അതിലേറെ ക്ലാസുകള്‍ സംഘടിപ്പിച്ചു. നൂറുകണക്കിന് നാടന്‍ കലാസംഘങ്ങള്‍ക്ക് പരിശീലനം നല്‍കി.
ഈ നാടന്‍ പാട്ടു കലാകാരന്റെ തുടക്കം നാട്ടിന്‍ പുറത്തുനിന്നായിരുന്നു. കുറ്റിക്കോല്‍ കേന്ദ്രീകരിച്ച് പൊലിക നാട്ടറിവ് സംഘം എന്ന നാടന്‍പാട്ടു സംഘമായിരുന്നു തുടക്കം. ഇപ്പോള്‍ വടകര സഫ്ദര്‍ ഹാഷ്മി, കണ്ണൂര്‍ നാട്ടരങ്ങ്, അമ്പലത്തറ ജനനി, തൃശൂര്‍ ചിലമ്പ് എന്നീ നാടന്‍ കലാ സംഘത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാടക തീയേറ്റര്‍ കളിവീടിന്റെ ഡയറക്ടര്‍ കൂടിയാണ്.
കുട്ടികളുടെ തിയേറ്റര്‍ രംഗത്തും അമേച്വര്‍ നാടക രംഗത്തും സജീവമായ സാന്നിധ്യമാണ് ഉദയന്റേത്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തതിലൂടെ നാടകത്തിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ കഴിഞ്ഞു. സ്‌കൂള്‍ കലോത്സവ വേദിയില്‍ ഉദയന്‍ കുണ്ടംകുഴിയുടെ നാടകത്തിന് വിധി നിര്‍ണയത്തില്‍ മുന്നില്‍ എത്താന്‍ കഴിയുന്നു. കലോത്സവരംഗത്ത് വര്‍ഷങ്ങളായുള്ള വിജയം നാടക മേഖലയില്‍ ഈ കലാകാരന്റെ ജൈത്രയാത്രയുടെ തെളിവാണ്. നാടന്‍ പാട്ടു പഠനങ്ങളായ പാട്ടുകറ്റ, പൊലിക, എന്നീ പുസ്തകങ്ങള്‍ രചിച്ചു. നിരവധി നാടന്‍ പാട്ടുകളുടെ സി.ഡിയും പുറത്തിറക്കി. മംഗലം കളിയും അലാമിക്കളിയും തെയ്യവും ഉള്‍പ്പെടുത്തി പുറത്തിറക്കിയ നാടന്‍പാട്ട് ആല്‍ബം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
മേലേരി തെയ്യങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററിയും ചങ്ങമ്പുഴയെക്കുറിച്ചുള്ള ഡോക്യുഫിക്ഷന്‍ കാവ്യമോഹിതം, മാതൃഭൂമി സ്വീഡ് അവാര്‍ഡ് ലഭിച്ച 'ഒറ്റയില തണല്‍' പരിസ്ഥിതി സിനിമയും സംവിധാനം ചെയ്തത് ഉദയന്‍ കുണ്ടംകുഴിയാണ്. നാടന്‍ പാട്ടുരംഗത്ത് ഇനിയും ഏറെ യാത്ര ചെയ്യാന്‍ ഉണ്ടെന്നാണ് ഈ കലാകാരന്റെ അഭിപ്രായം. പഴമയുടെ സംസ്‌കാരം ഏറെ ആഴത്തിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
16 വര്‍ഷത്തിലേറെ നാടന്‍ പാട്ടുരംഗത്ത് സജീവ ഇടപെടലുകള്‍ നടത്തിവരുന്ന ഈ യുവകലാകാരനെ തേടി സംസ്ഥാന ഫോക്‌ലോര്‍ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരം എത്തിയത് അഭിമാനാര്‍ഹമാണ്.
Suresh Payyanganam
WriterOther Articles