വാട്‌സ്ആപ്പിനും വേണ്ടേ ഒരു ആപ്പ്?
സമയ-സ്ഥല-കാല വ്യത്യാസമില്ലാതെ വാര്‍ത്തകളും ഓഡിയോ-വീഡിയോകളും നിമിഷാര്‍ദ്ധത്തിന്നുള്ളില്‍ നിന്ന് ലോകത്തിന്റെ ഏത് കോണില്‍ നിന്നും മറ്റ് കോണുകളിലേക്ക് എത്തിക്കുന്ന ഏറ്റവും പുതിയ ഉപാധികളിലൊന്നാണ് വാട്‌സ്ആപ്പ്.
2009-ല്‍ yahoo വില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന ജോലി ഇട്ടെറിഞ്ഞ് വാട്‌സ്ആപ്പ് ഇന്‍ കോര്‍പറേഷന്‍ എന്ന കമ്പനി സ്ഥാപിക്കുമ്പോള്‍ ഉടമകളായിരുന്ന ബ്രിയാന്‍ ആക്ടനും ജാന്‍ കൗമും ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകം ഇത്രയേറെ ഈ ആപ്ലിക്കേഷനെ സ്വീകരിക്കുമെന്ന് മനസില്‍ ഒരുപക്ഷെ കണ്ടുകാണുക പോലുമില്ലായിരിക്കാം.
2013 ഡിസംബറില്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെയെണ്ണം 400 മില്യണായിരുന്നത് 2014 ഏപ്രിലോടെ 500 മില്യണായി ഉയര്‍ന്നു. പ്രതിദിനം 700 മില്യണ്‍ ഫോട്ടോകളും നൂറ് മില്യണ്‍ വീഡിയോകളും 10 ബില്യണ്‍ സന്ദേശങ്ങളും പ്രതിദിനം കൈമാറുന്ന ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയായി വാട്‌സ്ആപ്പ് ഉയര്‍ന്നു. പ്രതിമാസം 25 ദശലക്ഷം ആളുകളാണ് പ്രസ്തുത സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് പുതുതായി ചേരുന്നത്. ലോകത്തെ മൊത്ത ഉപഭോക്താക്കളില്‍ ഏതാണ്ട് പത്തുശതമാനം ഇന്ത്യയില്‍ നിന്നാണത്രെ!
സാധാരണക്കാര്‍ പോലും ഇപ്പോള്‍ മുന്തിയ ഇനം ഐ ഫോണുകള്‍ ഉപയോഗിക്കുകയും മൊബൈല്‍ഫോണ്‍ ഉപയോഗ സാങ്കേതികവിദ്യ കരസ്ഥമാക്കുകയും ചെയ്തതോടെ വാര്‍ത്തകളും സന്ദേശങ്ങളും ചിത്രങ്ങളും വ്യക്തികള്‍ തമ്മിലും പല ഗ്രൂപ്പുകള്‍ തമ്മിലും പരസ്പരം കൈമാറാന്‍ തുടങ്ങി. ഒരുപക്ഷെ, ഇത്രയും വേഗത്തില്‍ വാര്‍ത്തകളും വീഡിയോകളും പ്രചരിക്കുന്നത് വര്‍ത്തമാന പത്രങ്ങള്‍ക്കും ചിലപ്പോള്‍ ടി.വി. ചാനലുകള്‍ക്ക് പോലും ഒരു ഭീഷണിയായിക്കൂടെന്നില്ല.
ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ക്കും വ്യാപാരപരമായാലും, വിദ്യാഭ്യാസപരമായാലും, ആരോഗ്യകാര്യങ്ങളിലായാലും വിനോദ പരിപാടികളിലായാലും വാട്‌സ് ആപ്പ് അതിന്റെ ഉപയോഗം ഏറെ ഗുണം ചെയ്തുവരുന്നു എന്ന കാര്യം വിസ്മരിക്കാവതല്ല. പക്ഷെ, ഏറ്റവും വലിയ പരദൂഷണ ഉപാധികൂടിയാണ് ഇതെന്നറിയുമ്പോഴാണ് ഈസംവിധാനത്തിന് എന്തെങ്കിലും ഒരു മൂക്കുകയര്‍ വേണമെന്ന് ആളുകള്‍ ചിന്തിച്ചുതുടങ്ങിയത്.
ഈയിടെ നമ്മുടെ നാട്ടിലെ ആദരണീയനായ ഒരാളെക്കുറിച്ച് തെറ്റായ വാര്‍ത്ത സചിത്രം വാട്‌സ്ആപ്പില്‍ വന്ന കാര്യം നമുക്ക് മറക്കാവതല്ല. മുമ്പ് പലതവണ പല പണ്ഡിതരെക്കുറിച്ചും പ്രശസ്തരെക്കുറിച്ചും തെറ്റായ മരണവിവരം പരക്കാനിടയായിട്ടുണ്ട്.
നമുക്ക് കിട്ടുന്ന വിവരങ്ങളുടെയും വാര്‍ത്തകളുടെയും നിജസ്ഥിതി ബോധ്യപ്പെടുത്തിയിട്ടല്ലാതെ പ്രചരിപ്പിക്കുന്നതിന്റെ ദൂഷ്യഫലമാണിത്.
കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് വാട്‌സ്ആപ്പില്‍ പാവപ്പെട്ട രോഗിയായ ഒരു കുട്ടിയുടെ ചികിത്സക്ക് സഹായമഭ്യര്‍ത്ഥിച്ച് ഒരു സന്ദേശം വന്നു. നിജസ്ഥിതി മനസിലാക്കുന്നതിന് വേണ്ടി പ്രസ്തുത വീടുമായി ബന്ധപ്പെട്ടപ്പോഴാണറിയുന്നത് അത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വന്ന വാര്‍ത്തയെ പുനര്‍പ്രചാരണം നടത്തിയതാണെന്ന്! വീട്ടുകാര്‍ വളരെ വ്യസനത്തോടെ പറഞ്ഞു: 'നിങ്ങള്‍ വിളിച്ചതിന്, അന്വേഷിച്ചതിന് നന്ദി. പക്ഷെ, കുട്ടി മരിച്ചിട്ട് മാസം 5 കഴിഞ്ഞിരിക്കുന്നു.'
വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ പല നല്ല കാര്യങ്ങളും ചെയ്തുവരുന്നതിനുനേരെ കണ്ണടക്കുകയല്ല. പക്ഷെ, വാര്‍ത്തകളുടെ ഉറവിടം, വാര്‍ത്ത കിട്ടുന്ന ആളുകള്‍ക്ക് കണ്ടെത്താനാവില്ല. അതുകൊണ്ടുതന്നെ വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും നാമറിയാതെ പല ഇടങ്ങളിലേക്കും പ്രചരിച്ചുപോകും.
സംഘങ്ങള്‍ തമ്മിലും രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക സംഘടനകള്‍ തമ്മിലുമുള്ള അഭിപ്രായവ്യത്യാസങ്ങളും അതിനോടനുബന്ധിച്ചുള്ള പ്രസംഗങ്ങളും ഇന്ന് ഏറെ പ്രചാരം സിദ്ധിക്കുന്നത് വാട്‌സ്ആപ്പ് വഴിയാണ്. വര്‍ഗീയ-രാഷ്ട്രീയ സംഘട്ടനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. കേരളം പോലുള്ള ഇടങ്ങളില്‍ ഈ മാധ്യമത്തിന്റെ ദുഃസ്വാധീനം ഏറെ അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്നാല്‍ സൈബര്‍ ക്രൈം വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രചരിക്കുന്നതുമൊക്കെ കുറ്റകരമായി കാണുകയും കഠിനമായ ശിക്ഷകള്‍ ഉള്ള നിയമനിര്‍മ്മാണം നിലവില്‍ വരികയും ചെയ്തു.
മോശമായ, തെറ്റായ വാര്‍ത്തകളുടെ ഉപജ്ഞാതാവിനെ കണ്ടെത്തല്‍ എളുപ്പമല്ലാത്ത അവസരങ്ങളില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാരെ കണ്ടെത്തുകയും അവരെ നിയമത്തിന്റെ മുമ്പില്‍ എത്തിക്കുകയും ചെയ്യുന്നത് എളുപ്പമാണ്. ശിക്ഷാര്‍ഹമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകൊല്ലം തടവും മൂന്നുലക്ഷം രൂപ മുതല്‍ അഞ്ചുകോടി രൂപവരെ പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
P.M. Abdul khadhar
writerOther Articles